ബിനോയി ജോസഫ്
കോട്ടയത്തിന്റെ ജനകീയ നായകൻ ജോസ് കെ മാണി എം.പി മണ്ഡലത്തിൽ നടത്തിയ പുരോഗമന പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ നടത്തിയ വിവിധ മേഖലയിലെ പദ്ധതികളുടെ വിശദവിവരങ്ങൾ “കോട്ടയം പാർലമെൻറ് മണ്ഡലം – പുരോഗതിയുടെ നാഴികക്കല്ലുകൾ” എന്ന പേരിലാണ് ജനങ്ങൾക്ക് സമർപ്പിച്ചത്. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് ആവേശമായിരുന്നു. ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ജനങ്ങളാണ് കോട്ടയത്തിന്റെ ന്യൂ ജനറേഷൻ എം.പിയായ ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് എ ഐ സിസി സെക്രട്ടറി ഉമ്മൻ ചാണ്ടി വികസന രേഖ പ്രകാശനം ചെയ്തു.
റബർ വിലയിടിവ് അടക്കമുള്ള ജനകീയ വിഷയങ്ങളിൽ ജോസ് കെ മാണി പാർലമെന്റിൽ നടത്തിയ ഇടപെടലുകളെ ഉമ്മൻ ചാണ്ടി മുക്തകണ്ഠം പ്രശംസിച്ചു. ജോസ് കെ മാണി രാജ്യത്തിന് തന്നെ മാതൃകയായ ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി എം.എൽ.എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധിയ്ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും ജനങ്ങൾക്കായ് ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളുടെ അറിവിലേയ്ക്ക് എത്തിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന കടമയാണ് ജോസ് കെ മാണി നിർവ്വഹിക്കുന്നതെന്നും കെ.എം മാണി പറഞ്ഞു. മുൻ മന്ത്രി എം.എൻ ഗോവിന്ദൻ നായർ ഉമ്മൻ ചാണ്ടിയിൽ നിന്ന് വികസനരേഖ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ്, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ മുൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ അടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ ജോസ് കെ മാണി ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.
സ്ത്രീ പ്രവേശനമെന്ന ചരിത്രവിധിയിലേയ്ക്ക് സുപ്രീംകോടതി വഴിതുറന്നു. പുരുഷന്റെ ബ്രഹ്‌മചര്യത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ അടിച്ചേല്‍പ്പിക്കരുതെന്നും ഒരു ദൈവവുമായുള്ള ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങൾ വച്ചല്ല നിർവചിക്കേണ്ടതെന്നും സ്പ്രീംകോടതി വിധിച്ചു. ഒരു ഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന രാജ്യത്താണ് മറുവശത്ത് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എഎം ഖാൻവിൽക്കർ എന്നിവരുടെ വിധിന്യായം.
ചരിത്രപരമായ വിധിപ്രസ്താവം വന്നപ്പോൾ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും ശ്രദ്ധേയമാകുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് 2016 സെപതംബർ 2ന് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിന് ഇപ്പോഴും വിമർശകർ ഏറെ. അഭിനന്ദിക്കുന്നവരും ട്രോളുന്നവരും കുറവല്ല. നിങ്ങൾ ഞങ്ങളുടെ നേതാവാണെന്ന് പറയാൻ ഞങ്ങൾക്ക് ലജ്ജ തോന്നുവെന്ന് കമന്റുകളും ധാരാളമായി കാണാം.
‘ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്..’സുരേന്ദ്രൻ പോസ്റ്റിൽ പറഞ്ഞുവെക്കുന്നു.
കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം..
ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്. പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്.
പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.
പാലക്കാട്∙ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ കേസെടുക്കാനാകില്ലെന്നു പൊലീസ് റിപ്പോർട്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതിയോ മൊഴിയോ നൽകാത്ത സാഹചര്യത്തിലാണ് ഇത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചത്. കെഎസ്‌യു, യുവമോർച്ച സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
അതേസമയം, പീഡനപരാതി ഗൂഢാലോചനയാണെന്ന വാദവുമായി കൂടുതല്‍പേര്‍ പാർട്ടി നേതൃത്വത്തെ സമീപിച്ചു. ഗൂഢാലോചനയില്‍ പങ്കുളള പാലക്കാട്ടെ സിപിഎം നേതാക്കളുെട പേരുകൾ എഴുതിയ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്ക് നല്‍കി. എന്നാൽ ഇത് ശശിക്കെതിരെയുളള നടപടി ദുര്‍ബലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.
യുവജനസംഘടനയിലെ രണ്ടു നേതാക്കൾ, തൊഴിലാളി സംഘടനയിലെ ഒരു പ്രധാന ജില്ലാ ഭാരവാഹി, ഒരു കർഷകസംഘം നേതാവ്, മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പാര്‍ട്ടി ഭാരവാഹി എന്നിവരാണ് പി.കെ.ശശിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നാണ് ചില നേതാക്കളും പ്രവര്‍ത്തകരും അന്വേഷണ കമ്മിഷനെയും പാര്‍ട്ടി സംസ്ഥാന നേതാക്കളെയും ബോധിപ്പിച്ചത്.
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹവും ഭാര്യയും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും മരുന്നുകളോട് ഇരുവരും നേരിയ തോതില്‍ പ്രതികരിക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചികിത്സയ്ക്കായി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം വിദഗ്ദ്ധ സംഘമെത്തുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. നേരത്തെ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ലക്ഷ്മിയുടെയും ഡ്രൈവറുടെയും നിലയിലും പുരോഗതിയുണ്ട്. ലക്ഷ്മിക്കും പ്രധാനമായും പരിക്കേറ്റിരിക്കുന്നത് നട്ടെല്ലിനാണ്. തൃശ്ശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുന്ന വഴിക്കാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ 2 വയസുകാരിയായ ഇവരുടെ മകള്‍ കൊല്ലപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എ്ട്ടു ദിവസം നീണ്ട വാദത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
കേസില്‍ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറിയും ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. പത്തു വയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന നിലവിലുള്ള രീതി തുടരണമെന്നാണ് അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.
കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വിരുദ്ധ നിലപാടുകളാണ് ഉള്ളത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.
വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് വേണ്ടി മലയാളികളെല്ലാവരും പ്രാര്‍ത്ഥനയിലാണ്. അതിനിടെ ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ തീവ്ര ശ്രമവും നടക്കുകയാണ്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യതയുണ്ട്. ബാലഭാസ്‌കറിന്റെ രോഗവിവരം ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ എയിംസ് സംഘം എത്തുമെന്നാണ് അറിയുന്നത്.
അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍നിന്നും ഇന്ന് മാറ്റിയേക്കും.
അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചത്.
കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാലഭാസ്‌കറും മകളും ഇരുന്നിരുന്നത്. കാറിന്റെ ചില്ലുതകര്‍ത്താണു പൊലീസ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സുക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
സെപ്തംബര്‍ 25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷ്മി അരയ്ക്കു താഴേക്കാണു പരുക്കേറ്റത്. ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കന്യാസ്‌സ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഒക്ടോബര്‍ മൂന്നാം തീയതി ബുധനാഴ്ചത്തേക്കാണ് വിധി പറയുന്നത് മാറ്റിവച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടയില്‍ പറഞ്ഞു.
അതേസമയം, ഇത് കള്ളക്കേസാണെന്നും കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനഹരിതമാണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കും. നിലവില്‍ ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലവധി. പാലാ സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടും അറസ്റ്റുചെയ്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഫ്രാങ്കോയെ കുടുക്കാന്‍ പൊലിസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യ ഹരജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ സഹോദരിയും കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ബിഷപ്പിനെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് സമര രംഗത്ത് ഇറങ്ങിയിരുന്നു.
ജനങ്ങളുടെ പ്രിയങ്കരനായ കോഴിക്കോടിന്റെ പഴയ ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ ഐ.എ.എസ് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം പ്രശാന്ത് നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയര്‍ങ് ലോസ് എന്ന അപൂർവ രോഗമാണ് പ്രശാന്ത് നായര്‍ക്ക്. രോഗം അപൂര്‍വമാണ്. നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പലവിധ പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങ്ങും കഴിഞ്ഞെന്നും ഇപ്പോള്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
“കുറച്ചു ദിവസമായി പലരും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ജീവിതം എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു” പ്രശാന്ത് നായര്‍ ഐ. എ. എസ് കുറിച്ചു.
ഒപ്പം മകള്‍ തന്റെ ചിത്രം പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ‘കളക്ടര്‍ബ്രോ’ മറന്നില്ല. മകള്‍ അമ്മുവാണു ആശുപത്രിക്കിടക്കയിലുള്ള പ്രശാന്തിന്റെ ചിത്രം എടുത്തത്. മകള്‍ നന്നായി ഫോട്ടോയെടുത്തു. രോഗിയുടെ അയ്യോ പാവം ലുക്ക് ഫോട്ടോയില്‍ കിട്ടിയിട്ടുണ്ടെന്നും കളകടര്‍ ബ്രോ കുറിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് യുവാക്കളുടെ കൈയടി നേടിയ നടപ്പാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ക്ക് കളക്ടര്‍ ബ്രോ എന്ന പേരു ലഭിച്ചത്.