Kerala

ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി വീണ്ടും ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിലായ സംഭവത്തിൽ സർക്കാരിനെ പരിഹസിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ‘മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളിൽ വിടണേ വിജയേട്ടാ’ എന്നാണ് സംഭവത്തിൽ പ്രതികരിച്ച് ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചത്. സുനിക്കൊപ്പം എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവെച്ചു.

കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. യുവാവിന്‍റെ കൈയിൽ നിന്ന് സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൊടി സുനി ഉൾപെടെ 20 പേർക്ക് എതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നത്.

യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്കാണ് തട്ടിക്കൊണ്ടു പോയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടർന്നു. ഇവരുടെ ഉമ്മ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ടി.പി വധക്കേസ് പ്രതി കുഞ്ഞനനന്തനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് കൊടിസുനി പരോളിലിറങ്ങി ക്വട്ടേഷനെടുത്ത് അറസ്റ്റിലാകുന്നത്.

പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ പി.സി.ജോര്‍ജ്. യു.ഡി.എഫില്‍ എത്തുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാല്‍ താനടക്കം കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പി.ജെ.ജോസഫിന് പുറത്തുവരേണ്ടിവരുമെന്നും അപ്പോള്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പി.സി.ജോര്‍ജ്

കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് താന്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പി.സി.ജോര്‍ജ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ കേരളജനപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും, അതുവഴി പാര്‍ട്ടിയുടെ ജനപിന്തുണ ബോധ്യപ്പെടുത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സിജോര്‍ജ്. പത്തനംതിട്ടയിലാകും പി.സി.ജോര്‍ജ് മല്‍സരിക്കുന്നത്.

പി.ജെ.ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നം തീരും. ജോസ് കെ.മാണിയെ അംഗീകരിച്ച് പി.ജെ.ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. മാണിയുമായി പിരിയാന്‍ ജോസഫ് തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കും.

അപമാനിതനാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് യുഡിഎഫിന് കത്തുനല്‍കാതെ കോണ്‍ഗ്രസിന് കത്തുനല്‍കിയത്. ഒ.രാജഗോപാലുമായി നിയമസഭയിലെ സഹകരണം തുടരുമെങ്കിലും തല്‍ക്കാലം എന്‍.ഡി.എയിലേക്ക് പോകുന്നത് ആലോചിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറയുന്നു.

തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് വ്യക്തമാക്കിയത്. ഇമാമായിരുന്ന ഖാസിമി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടും മൊഴിയും ശിശുക്ഷേമസമിതിപൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും .

കുട്ടിയെ എത്രയും വേഗം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. എന്നാല്‍ ഈ നീക്കത്തിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഈ അവസരത്തില്‍ കാര്യമാക്കുന്നില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു.

തുടര്‍ന്ന് വിവരം പള്ളിക്കാരെ അറിയിക്കുകയായിരുന്നു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയെത്തി ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഇയാള്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇമാം വണ്ടിയെടുത്ത് പോവുകയായിരുന്നു. പള്ളികമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.

 

ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെയാണെന്ന് തിരിച്ചറിഞ്ഞതിന് പുറമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയിലാണ് യൂസികോളേജിന് സമീപമുള്ള കുളിക്കടവില്‍ തൂണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 30 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന് യുവതിയെ കൊല ചെയ്ത ശേഷം കുളിക്കടവില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വായില്‍ തുണിതിരുകിയാണ് കൊലയെന്നാണ് സംശയം. കൊല്ലപ്പെട്ട് സമയത്ത് യുവതി ധരിച്ചിരുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പുമാണ്.

കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ്. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. 30 വയസ്സു തോന്നിക്കുന്ന ഇതര സംസ്ഥാന യുവതിയാണു മരിച്ചതെന്നും കൊലപാതക സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണു നിഗമനം. രാവിലെ ഒൻപതോടെ കരയ്ക്കെത്തിച്ച മൃതദേഹം 12 മണിയോടെ പോസ്റ്റ്‌മോർട്ടത്തിനു കളമശ്ശേരി മെഡിക്കൽ കോളജിലേയ്ക്ക് അയച്ചു. ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം ആലുവ യുസി കോളജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ കടവിനോട് ചേർന്നുള്ള ഭാഗത്താണു കണ്ടെത്തിയത്. വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്. രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങി. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. പുതപ്പിനുള്ളിൽനിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നിന്നിരുന്നു. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഒൻപതു മണിയോടെയാണു മൃതദേഹം പുറത്തെടുത്തത്. 10 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും റൂറൽ എസ്പി വരാൻ വൈകിയത് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു താമസമുണ്ടാക്കി. അഴുകിത്തുടങ്ങിയ മൃതദേഹം വെള്ളത്തിൽനിന്നു പുറത്തെടുത്തു കഴിഞ്ഞാൽ ഇരട്ടിവേഗത്തിൽ നശിക്കുമെന്നിരിക്കെ പോസ്റ്റ്‌മോർട്ടത്തിൽ കിട്ടാനിടയുള്ള തെളിവുകളെ ബാധിച്ചേക്കാം.

കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.

ബാഹ്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന്റെ സഹായത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൗതിക ശരീരം താമസ സ്ഥലമായ മുംബൈയിലേക്ക് കൊണ്ട് വരും.

ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് വില്‍സന്റെ മുംബൈയിലെ കുടുംബം. ഇവര്‍ മുംബൈയില്‍ കാന്തിവിലിയിലാണ് താമസം. 37 വയസ്സാണ് പ്രായം.

പതിറ്റാണ്ടുകള്‍ നീണ്ട പിണക്കം അവസാനിപ്പിച്ച് സംവിധായകന്‍ വിനയനും നടന്‍ മോഹന്‍ലാലും ഒരുമിക്കുന്നു. മോഹന്‍ലാലുമായി ചേര്‍ന്ന് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന് വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ന് രാവിലെ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. മാര്‍ച്ച് അവസാന വാരം ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തു ജോലികളിലേക്ക് കടക്കുമെന്നും വിനയന്‍ അറിയിച്ചു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

സിനിമയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ എക്കാലവും മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശകനായിരുന്നു വിനയന്‍. തിലകനെ അമ്മയില്‍ നിന്ന് പുറത്തക്കിയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിനയന്‍. സൂപ്പര്‍ താരങ്ങള്‍ക്കെതിരായ വിമര്‍ശനത്തില്‍ മമ്മുട്ടിയേയും വിനയന്‍ വിമര്‍ശിക്കാന്‍ വിനയന്‍ മടിച്ചിട്ടില്ല.

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കൊച്ചി ചേരാനല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി. ചേരാനല്ലൂര്‍ പനേലില്‍ നളിനിയമ്മയുടേയും മകന്‍ വിദ്യാസാഗറിന്റേയും സംസ്കാരം ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പില്‍ നടക്കും. മകള്‍ ജയശ്രീയുടെ മൃതദേഹം വൈകിട്ട് നാലിന് ചോറ്റാനിക്കരയില്‍ വീട്ടുവളപ്പിലും സംസ്കരിക്കും. ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളുമടക്കം നൂറ് കണക്കിന് ആളുകളാണ് മൂവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനായെത്തിയത്.

കൃത്യം ഒരാഴ്ച മുന്‍പാണ് നളനിയമ്മയും മക്കളും ബന്ധുക്കളുമടങ്ങുന്ന 13 അംഗ സംഘം ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ കളിചിരികളോടെ ഇതേ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്. പക്ഷേ എല്ലാ സന്തോഷവും കെടുത്തി കളഞ്ഞു കഴിഞ്ഞ പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ ഹോട്ടല്‍ മുറി വിഴുങ്ങിയ അഗ്നിനാളങ്ങള്‍. എയര്‍ ഇന്ത്യ വിമാനത്തിലാണ് അമ്മയുടെയും മക്കളുടേയും മൃതഹേദങ്ങള്‍ രാവിലെ എട്ടരയോടെ നെടുമ്പാശേരിയിലെത്തിച്ചത്.

ഹൈബി ഈഡന്‍ എംഎല്‍എ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് മൃതദേഹങ്ങളും ചേരാനല്ലൂരിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ക്ക് പുറമേ നാട്ടുകാരുടേയും വലിയ പ്രവാഹമായിരുന്നു.

11 മണിയോടെയാണ് ഇവര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ മടങ്ങിയെത്തിയത്. ഹോട്ടലിലെ തീപിടിത്തതില്‍ നിന്ന് ്പരുക്കേല്‍ക്കാതെ ഇവരെല്ലാം രക്ഷപ്പെട്ടിരുന്നു. നളനിയമ്മയും കുടുംബവും താമസിച്ചിരുന്ന ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വിനോദസഞ്ചാരത്തിനായി ഹരിദ്വാറിലേക്ക് പോകാനിരിക്കെയായിരുന്നു ദാരുണ ദുരന്തം.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡ‌ലമായ തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പി പി മുകുന്ദൻ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്. ഘടക കക്ഷികളുമായി ഏകദേശ ധാരണയായെന്നും ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്.

സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്‌ണദാസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരിൽ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്‌ണനുമാണ് സാധ്യത. ഈ മണ്ഡലത്തിൽ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.

തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.

അതേസമയം കേരള രാഷ്ട്രീയത്തിലേക്കുള്ള തന്റെ തിരിച്ചു വരവിന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പെട്ടന്ന് വലിച്ചെറിഞ്ഞു രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ല നിലവിൽ താനാണ് കൈകാര്യം ചെയ്യുന്നതെന്നും അതിനായി ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണമെന്നും ,കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണ മെന്നും കുമ്മനം പറഞ്ഞു. എല്ലാറ്റിലുമുപരി തനിക്കു പകരക്കാരനെ കണ്ടെത്തണമെന്നും കുമ്മനം വ്യക്തമാക്കി.

താൻ ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്നമാണ് എന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത് എത്തിയിരുന്നു. വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്റെ പേര് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി അംഗങ്ങളുടെ വിലയിരുത്തൽ. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സ്വീകരിച്ച നിലപാടും പ്രതിഷേധ സമരങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്തെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ.

പെരിയാറില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിലാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ് റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലില്‍കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടില്‍ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ബുധനാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

 

 

തിരുവനന്തപുരം: പോക്‌സോ പ്രകാരം കേസെടുത്തതിന് പിന്നാലെ ഷഫീഖ് അല്‍ ഖാസിമി ഒളിവില്‍. ഇദ്ദേഹത്തിന്റെ സ്വദേശമായി ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും പോലീസ് തെരച്ചില്‍ നടത്തിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഉടന്‍ പോലീസില്‍ കീഴടങ്ങണമെന്ന് പ്രതിയുടെ അഭിഭാഷകനെ പോലീസ് അറിയിച്ചതായിട്ടാണ് സൂചന.

തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ആയിരുന്ന ഷഫീഖ് ഖാസിമി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകത്തതിനാല്‍ മഹല്ല് കമ്മറ്റി പ്രസിഡന്റാണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാളെ ഇമാം കൗണ്‍സില്‍ പുറത്താക്കിയിരുന്നു.

മൊഴി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ നേരത്തെ പോലീസും ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ശ്രമിച്ചെങ്കിലും കുടുംബം വിയോജിപ്പ് പ്രകടിപ്പിച്ചതോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved