പി.സി. ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപിയുടെ കേന്ദ്രനേതാക്കളുമായി ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കും. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി.സി. ജോര്‍ജ് ഞായറാഴ്ച പ്രഖ്യാപിക്കും.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.സി. ജോര്‍ജും കൂട്ടരും. എന്‍ഡിഎ പ്രവേശന ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയി. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും കേന്ദ്ര നേതാക്കളുമായാണ് ഇത്തവണ ചര്‍ച്ചകള്‍ നടന്നത്. അവസാനവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ പി.സി. ജോര്‍ജിനെ കാണും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് പി.സി. ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചതും സൂചനയാണ്.

പി.സി. ജോര്‍ജിന്‍റെ വരവ് പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു. പക്ഷെ മുന്നണി പ്രവേശ ചര്‍ച്ചകളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് കാര്യമായ സ്വാധീനമില്ല. ഇടത് വലത് മുന്നണികളില്‍ ഇടം നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് എന്‍ഡിഎ പ്രവേശന ചര്‍ച്ചകള്‍ ജോര്‍ജ് ഊര്‍ജിതമാക്കിയത്.