Kerala

വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റിലായി. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.

ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ വയനാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്‍റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.

അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയില്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വിഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍‌ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.

കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി. ഹനാന്റെ കേസിന് പുറമേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാൻ പൊലിസ് നടപടി തുടങ്ങുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് ഹനാനും രംഗത്തെത്തിയിരുന്നു.

ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.

കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.

അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.

സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.

 

കൊച്ചി: ഹനാനെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തിന് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളാണ് ഹനാന്റെ മത്സ്യ വ്യാപാരം ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണെന്ന് ആദ്യമായി പ്രചരിപ്പിക്കുന്നത്. ഇയാള്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഹനാന് നേരെ അസഭ്യ വര്‍ഷമുണ്ടായത്.

ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ഹനാനെതിരെ അപവാദ പ്രചരണവും തെറിവിളിയും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള അസി.കമ്മീഷണര്‍ ലാല്‍ജി വ്യക്തമാക്കി.

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയവരെ പിടികൂടണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു.

പ്രണവ് രാജ്

കൊച്ചി : ഹനാനെ കണ്ണീരു കുടിപ്പിച്ചത് ഞാനും , ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയും ചേര്‍ന്നാണ്. സത്യം തുറന്ന് പറഞ്ഞ് ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷേയ്ഖ് . ഷാജന്റെ ഭാര്യയ്‌ക്കെതിരെ വാര്‍ത്തയിട്ട മാതൃഭൂമിയോടുള്ള പക തീര്‍ക്കാന്‍ കാത്തിരുന്ന ഷാജനും , റിപ്പോര്‍ട്ടറും  നൂറുദ്ദീന്‍ ഷേയ്ഖ് എന്ന വ്യക്തിയെ കരുവാക്കുകയായിരുന്നു . അവസാനം പിടിക്കപ്പെട്ടപ്പോള്‍ എല്ലാം നൂറുദ്ദീന്‍ ഷേയ്ഖിന്റെ മേല്‍ ആരോപിച്ച് വാര്‍ത്തയിട്ട് രക്ഷപെട്ടു. എല്ലാത്തിന്റെയും തെളിവുകള്‍ പുറത്ത്. ഇതുമൂലമായിരുന്നു ഹനാന്‍ എന്ന ആ പാവം പെണ്‍കുട്ടി തകര്‍ന്നു പോയതും കേരളീയ സമൂഹത്തില്‍ തട്ടിപ്പുകാരിയായി മാറിയതും .

ഹനാനെ കണ്ണീരു കുടുപ്പിച്ചതും ക്രൂരമായി അക്രമിച്ചതും ആരായിരുന്നു. ഇത് ആരു പ്‌ളാന്‍ ചെയ്തതായിരുന്നു? എങ്ങിനെയാണ് ആ ഫേക്ക് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടത് ? ആരായിരുന്നു ഇതിന്റെ പിന്നില്‍?. ഇതാ വസ്തുതകള്‍ മറനീക്കി പുറത്തേക്ക് വരുന്നു. മലയാളികളെ മുഴുവന്‍ ചതിച്ച ഫേക്ക് വാര്‍ത്തക്കും തെറ്റായ ലൈവ് വീഡിയോക്കും പിന്നില്‍ ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയായിരുന്നെന്ന് തെളിയുന്നു.

മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറും ഞാനുമായിരുന്നു ഇതിന്റെ പിന്നിലെന്നും , എന്നെ അവർ തെറ്റിദ്ധരിപ്പിച്ചു എന്നും തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്. നൂറീന്റെ ലൈവ് വീഡിയോ ആയിരുന്നു ഹനാനെതിരേ ആദ്യം വിമർശനം ഉയർത്തിയത്. 40 ലക്ഷം പേർ കണ്ട ആ വീഡിയോ പെട്ടെന്ന് വൈറലായി കടുത്ത സൈബർ അക്രമണത്തിലേക്ക് നീങ്ങി. മാത്രമല്ല നൂറുദ്ദീൻ ഇസ്ളാം നാമധാരി ആയതിനാൽ സൈബർ അക്രമണത്തിന്റെ മുഴുവൻ പേരു ദോഷവും ആ സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കാൻ പിന്നീട് മൽസരമായി. ഇസ്ളാമിക പ്രസ്താനങ്ങളേയും ഫേസ്ബുക്ക് ഗ്രൂപ്പുകളേയും എല്ലാം ടാർജറ്റ് ചെയ്തത് നൂറുദ്ദീന്റെ ഒറ്റ വീഡിയോ വരുത്തിയത് വലിയ ദുരന്തമായിരുന്നു.

എന്നാൽ ഞാൻ ആ വീഡിയോ ഇറക്കിയത് മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറുമായി ആലോചിച്ചായിരുന്നു എന്ന് നൂറുദ്ദീൻ പറഞ്ഞു. ഹനാന്റെ വാർത്ത പെയിഡ് വാർത്തയാണ്‌ . അവളുടെ കൈയ്യിലെ മോതിരം വജ്രമോതിരമാണ്‌. ഇത് മാതൃഭൂമിയുടെ പെയിഡ് ന്യൂസ് എന്ന് വരുത്തി തീർക്കണം. ഈ വിധത്തിൽ നീ ഒരു 2 മിനുട്ട് വീഡിയോ തരാമോ. ഈ ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടർ നിർബന്ധിച്ചു. അങ്ങിനെ ഞാൻ വീഡിയോ കൊടുത്തു. തുടർന്ന് ഈ റിപോർട്ടർ എന്നെ ചതിക്കുകയായിരുന്നു. ഈ പോർട്ടലിന്റെ റിപോർട്ടർ ആയിരുന്നു ഈ വിധത്തിൽ എന്നോട് പറഞ്ഞതും പ്രേരിപ്പിച്ചതും. ഞാൻ കൊടുത്ത വീഡിയോ അവരുടെ കൈയ്യിൽ ഉണ്ട്. മാത്രമല്ല തമ്മനത്തേക്ക് പെൺകുട്ടി നിന്ന സ്ഥലത്തേക്ക് ബൈക്കിന്‌ ഈ ഓൺലൈൻ മാധ്യമത്തിന്റെ ഇതേ റിപോർട്ടറും ഞാനും ഒന്നിച്ചാണ്‌ പോയത്. എല്ലാത്തിനും തെളിവുകളുണ്ട്. ഈ ഓൺലൈൻ മാധ്യമത്തിന്റെ മൈക്ക് വീഡിയോക്ക് പിടിച്ച് കൊടുത്തത് ഞാനാണ്‌. എല്ലാത്തിനും കൃത്യമായ വീഡിയോ, ഓഡിയോ, ഫോൺ രേഖാ തെളിവും ഉണ്ട്.

ഹനാൻ എന്ന പെൺകുട്ടിക്കെതിരെ നൂറുദീന്റെ ലൈവ് വീഡിയോ വന്നതോടെ സമാനതകളില്ലാത്ത സൈബർ ആക്രമണം ആണ് അവളുടെ ഫേസ്ബുക് പേജിൽ കമെന്റുകളായും , ആ പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കൊണ്ടും ആളുകൾ അഴിച്ചുവിട്ടത് .ഹനാന്റെ കഥ വെറുമൊരു പെയ്ഡ് ന്യൂസ് ആണെന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു    ലൈവ് ഇടാൻ കാരണമായതെന്നും നൂറുദ്ധീൻ പറയുന്നു . എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് അവരായിരുന്നു. എന്നിട്ട് തന്നെക്കൊണ്ട് തന്നെ എല്ലാം ചെയ്യിപ്പിച്ചിട്ട് കഥ തിരിഞ്ഞപ്പോൾ അവര്‍ തന്നെ കുറ്റക്കാരനാക്കുന്ന കള്ളക്കളിക്കെതിരെയാണ് ഇയാൾ ലൈവ് വീഡിയോയിലൂടെ പ്രതികരിക്കുന്നത് . ഒടുവിൽ ഞാൻ പ്രതിയും എനിക്കൊപ്പം എല്ലാം ആസൂത്രണം ചെയ്ത ഓൺലൈൻ മാധ്യമം രക്ഷപെടുകയും ചെയ്തു. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. പോലീസിനും സൈബർ സെല്ലിനും എല്ലാം കൈമാറും. എന്റെ ഫോൺ കോളുകളും ആ ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോകളും പരിശോധിക്കണം. ഓഡിയോ റെക്കോഡും ഉണ്ട്.

പണം നേടാന്‍ പലര്‍ക്കും വേണ്ടിയും വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അവസാനം കേസ്സുകളില്‍ പെട്ട് കുടുങ്ങുമ്പോള്‍ ആരും അറിയാതെ കാലുപിടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയുമാണ് ഷാജന്റെ പതിവ് രീതി. ഇവിടെയും  റിപ്പോര്‍ട്ടറെ ബലിയാടാക്കി രക്ഷപെടാന്‍ ഷാജന്‍ സ്കറിയ ശ്രമിക്കുമെന്ന് ഉറപ്പാണ്‌.

ആഷ്ലി സജി എന്ന പതിനാറു വയസ്സുകാരന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും ആഷ്ലിന്റെ മാതാപിതാക്കളും എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി. നന്നായി നീന്തല്‍ അറിയാവുന്ന കടലിലും കായലിലും പരിശീലിക്കപ്പെട്ട ആഷ്ലി, കുറച്ചുനാള്‍ മുമ്പ് ചെളിവാരി വൃത്തിയാക്കിയ അമ്പലക്കുളത്തില്‍ ആണ് ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ ആഷ്‌ലിന്റെ പാന്റും ഷര്‍ട്ടും കുളത്തിന് അരികില്‍ അല്ലാതെ സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ ആണ് കണ്ടെത്തിയത്.

ഈ സംഭവത്തിന് ഉദ്ദേശം രണ്ടുമാസം മുമ്പ് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കവും അന്നേദിവസം കുളത്തിനു സമീപം നടന്ന അടിപിടിയും മരണശേഷമുള്ള ചില കുട്ടികള്‍ സ്‌കൂളില്‍ വരാത്തതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു ഇതെല്ലാം അന്വേഷിച്ചും കുളത്തിന് സമീപമുള്ള കടകളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
എറണാകുളം പാര്‍ലമെന്റ് കണ്‍വീനര്‍ ശ്രീ ഷക്കീര്‍ അലി, മണ്ഡലം കണ്‍വീനര്‍മാരായ ജോണ്‍ ജേക്കബ്, ഫോജിജോണ്‍, സിസിലി ജോസ്, ഷംസുദ്ദീന്‍ എന്‍.എസ് എന്നിവരും പരാതി നല്‍കിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ആലപ്പുഴ: കാണാതായ യുവതിയുമായി മടങ്ങുകയായിരുന്ന പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കണ്ടെത്തിയ യുവതി ഹസീന (30), കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ശ്രീകല (30), സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.

അമ്പലപ്പുഴയ്ക്ക് സമീപം കരൂരിലാണ് സംഭവം. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലിയില്‍ നിന്ന് ഹസീനയെ കണ്ടെത്തി വരും വഴി വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൊച്ചി: സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്ന് ഹനാന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍. ‘ എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.’ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആണ് ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോളേജ് യൂണിഫോമില്‍ മീന്‍വിറ്റ് വൈറലായ ഹനാൻന്റെ അഭ്യർത്ഥന. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ തകര്‍ന്നാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഹനാന്‍ വൈറലാകുകയായിരുന്നു. അക്കൗണ്ട് നമ്പര്‍ കൊടുത്ത് കാശുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം വന്നതിനു പിന്നാലെയാണ് ഹനാന്‍ വിശദീകരണം നല്‍കിയത്.

അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് താന്‍ അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. തന്റെ അക്കൗണ്ടിലേക്കും ആരും പണം അയയ്ക്കരുതെന്നും ആ പണം ആരാണോ അയച്ചത് അവര്‍ക്ക് തിരികെ നല്‍കാമെന്നും ക്രൂശിക്കരുതെന്നും ഹനാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ ജോലിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി. 21 വയസുകാരിയായ തന്നെ മാനസികമായി പീഡിപ്പിക്കരുതെന്നും ഹനാന്‍ പറഞ്ഞു.  കുടുംബപ്രശ്‌നങ്ങള്‍കൊണ്ട് ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞു.

അതേസമയം തമ്മനത്ത് മീന്‍ വില്‍ക്കാനെത്തിയ തന്നെ പോലീസ തടഞ്ഞുവെന്നും ഹനാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കച്ചവടം തുടരുമെന്നും ഹനാന്‍ വ്യക്തമാക്കി. താന്‍ ഇതുവരെ കച്ചവടം നടത്തിയെടുത്ത് കച്ചവടം തുടരാനാകില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്നാല്‍ ഒരു കടമുറി ഇട്ടിട്ടായാലും താന്‍ മീന്‍ കച്ചവടം തുടരുമെന്ന് ഹനാന്‍ പറഞ്ഞു.

അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 83 ശതമാനം കവിഞ്ഞതോടെ സമീപത്തെ പുരാതന ക്ഷേത്രവും പ്രദേശങ്ങളും വെള്ളത്തിലായി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലത്തിലും വെള്ളംകയറി. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.ഇപ്പോള്‍ ഇടുക്കി അണ്ക്കെട്ടിലെ ജലനിരപ്പ് 2388.36. ജലനിരപ്പ് ഉയരുകയാണ്, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് വെള്ളം കയറി തുടങ്ങി.

ഇടുക്കി അണക്കെട്ട് നിറയാന്‍ ഇനി 15 അടി വെള്ളം കൂടി മതിയെന്നാണ് കണക്ക്. മഴനിറുത്താതെ 10 ദിവസം പെയ്താല്‍ ഇടുക്കി ഡാം പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തും. ജലനിരപ്പ് ഇത്രയും ഉയരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 13.246 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പാദിപ്പിച്ചത്. ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവിലിലെ പുരാതന ക്ഷേത്രവും പരിസരവും വെള്ളത്തിലായി.

മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നുവിട്ടു. ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലേക്ക് വെള്ളമെത്തുന്ന അറക്കുളം, മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ തോടുകളും പുഴകളും നിറഞ്ഞാണ് ഒഴുകിയെത്തുന്നത്. 42 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. 41.30 മീറ്റര്‍ വെള്ളമെത്തിയാല്‍ തൊടുപുഴ കാഞ്ഞാര്‍ ലക്ഷം വീട് കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറും. അതൊഴിവാക്കുന്നതിന്റെ ഭാഗമായികൂടിയാണ് ഷര്‍ട്ടറുകള്‍ തുറന്നിരിക്കുന്നത്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.

ഹൈറേഞ്ചിലെ കനത്തമഴയും ഇടമലയാര്‍ ഡാമില്‍ നിന്നുളള വെളളവും വന്നതോടെ പെരിയാര്‍ വീണ്ടും കരകവിഞ്ഞു. പത്തു ദിവസത്തിനിടെ രണ്ടാം തവണയും പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ കനത്ത ആശങ്കയിലാണ് പുഴയുടെ തീരത്തെ ജനങ്ങള്‍ .

ആകാശത്തു നിന്ന് ആലുവയിലേക്കുളള ഈ കാഴ്ചയിലുണ്ട് പെരിയാറില്‍ നിറഞ്ഞ വെളളത്തിന്‍റെ ആഴം . ശിവക്ഷേത്രവും ശിവരാത്രി മണപ്പുറവും ചെറുതുരുത്തുകളും തുടങ്ങി പെരിയാര്‍ തീരത്തത്രയും വെളളം കയറി. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പെരിയാറിങ്ങനെ കരകവിഞ്ഞൊഴുകുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ആദ്യമുണ്ടായ ജലനിരപ്പിന് മഴ കുറഞ്ഞതോടെ കുറവുണ്ടായിരുന്നു. എന്നാല്‍ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും മഴ പെയ്തതും ഇടമലയാര്‍ ഡാമില്‍ വൈദ്യുതോല്‍പ്പാദനത്തിനു േശഷം വെളളം ഒഴുക്കുകയും ചെയ്തതോടെയാണ് പെരിയാര്‍ വീണ്ടും നിറഞ്ഞത്.ജലനിരപ്പുയര്‍ന്നതോടെ ഇരുകരകളിലെയും താമസക്കാരായ ജനങ്ങളും ബുദ്ധിമുട്ടിലാണ്.

കോട്ടയം: പീഡനക്കേസ് പിന്‍വലിക്കാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍. വൈക്കം ഡി.വൈ.എസ്.പിയോടാണ് സഹോദരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പിന്റെ സുഹൃത്ത് വഴിയാണ് നിര്‍ണായക നീക്കത്തിന് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയെന്നും സഹോദരന്‍ വ്യക്തമാക്കി.

പരാതിക്കാരിയായ കന്യാസ്ത്രീയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് സഹോദരന്‍ മാധ്യങ്ങളോട് വ്യക്തമാക്കുകയും ചെയ്തതോടെ സമ്മര്‍ദ്ദിത്തിലായ ബിഷപ്പ് കാലടിയിലെ സുഹൃത്ത് വഴി അനുനയത്തിന് ശ്രമിച്ചത്. പീഡന വിഷയം ഇനി മാധ്യങ്ങളോട് സംസാരിക്കരുത്, തെളിവുകള്‍ പുറത്തുവിടരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഇടനിലക്കാരന്‍ മുന്നോട്ടുവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. 5 കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും കന്യാസ്ത്രീക്ക് നല്‍കാമെന്നും ഇടനിലക്കാരന്‍ പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കുന്നു.

കര്‍ദിനാളുമായുള്ള സംഭാഷണം താനാണ് പോലീസിന് കൈമാറിയത്. കന്യാസത്രീയെ ബിഷപ്പ് ലൈംഗികമായി ഉപദ്രവിച്ച കാര്യം തനിക്കറിയില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവിടേണ്ടി വന്നതെന്ന് സഹോദരന്‍ പറഞ്ഞു. നിലവില്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് കന്യാസ്ത്രീയും സഹോദരനും.

ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള

തിരുവനന്തപുരം: ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കേരളത്തിലെ സാമൂഹിക സമരമണ്ഡലങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കെ.ഇ മാമ്മന്‍ സാറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 2017 ജൂലൈ 26ന് രാവിലെ പത്തു മണിക്ക് കെ.ഇ. മാമ്മന്‍ സാര്‍ (97) ലോകത്തോട് വിട പറഞ്ഞത്. ഔദ്യോഗിക ബഹുമതികളോട് തന്റെ ആഗ്രഹപ്രകാരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തി.

1921 ജൂലായ് 31നാണ് കണ്ടത്തില്‍ കെ.ടി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ആറാമത്തെ മകനായി കെ.ഇ. മാമ്മന്‍ സാര്‍ ജനിച്ചത്. തിരുവല്ലയിലായിരുന്നു ജനനം. സ്വന്തം ജന്മദിനം ആഘോഷിക്കാന്‍ ആരെയും സമ്മതിക്കാതിരുന്ന മാമ്മന്‍ സര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെയും ഗാന്ധിജിയെ നേരില്‍ കണ്ടു സംസാരിച്ചതിന്റെയും തീക്ഷ്ണമായ ഓര്‍മകളും പേറി കേരളത്തിന്റെ ധാര്‍മിക മനഃസാക്ഷിയായി തലസ്ഥാന നഗരിയില്‍ അവസാന ശ്വാസം വരെയും നിറഞ്ഞു നിന്നിരുന്നു. ഗാന്ധിയനും സമാധാന വാദിയുമായ അദ്ദേഹം തിരുവനന്തപുരത്ത് നടന്ന മദ്യ വിരുദ്ധ സമരങ്ങളിലടക്കം മുന്നണിയില്‍ ഉണ്ടായിരുന്നു. ഭൂസമരങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി സമര രംഗത്തുണ്ടായിരുന്ന ഇദ്ദേഹം ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ എന്നും ജനപക്ഷത്ത് നിലയുറപ്പിച്ചിരുന്നു.

അഴിമതിക്കെതിരെ എല്ലാ കാലത്തും ശക്തമായി നിലകൊണ്ട അദ്ദേഹം സ്വാതന്ത്ര്യ സമര പെന്‍ഷന്റെ നല്ല പങ്ക് അഗതികളുടെ ജീവിതച്ചിലവിനാണ് നീക്കിവച്ചത്. വാക്കിലും പ്രവൃത്തിയിലും എക്കാലവും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവ തലമുറയെ പ്രചോദിപ്പിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയെയാണ് നഷ്ടമായതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കെ.ഇ മാമ്മന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞ് അനുസ്മരിച്ചത്.

ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് പൊതുസമൂഹത്തിന് മാതൃകാപരമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കെ ഇ മാമ്മന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും
കെ ഇ മാമ്മന്‍ തനിക്ക് ഗുരുതുല്യനാണെന്നും ഈ വിയോഗം കേരളീയ സാമൂഹ്യ ജീവിതത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ അപൂര്‍വ വ്യക്തിയായിരുന്നു കെ ഇ മാമ്മനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാഷ്ടീയത്തിലെയും സാമൂഹ്യ ജീവിതത്തിലെയും ആശ്വാസമല്ലാത്ത പ്രവര്‍ണതകള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന് അവസാന നിമിഷംവരെ ധീരമായ പോരാട്ടങ്ങള്‍ നടത്തിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കെ ഇ മാമ്മനെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരക്ഷേമത്തിനും നന്മയ്ക്കും വേണ്ടി ഒരു ജീവിതകാലമാകെ സമര്‍പ്പിത സേവനം നിര്‍വഹിച്ച അസാധാരണ ത്യാഗീവര്യനായിരുന്നു കെ ഇ മാമ്മനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവസാനത്തെ സ്വാതന്ത്ര്യസമര പോരാളിയെയാണ് മാമ്മന്റെ വേര്‍പാടോടെ കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് എം എം ഹസനും കെ.ഇ മാമ്മന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞ് അനുസ്മരിച്ചത്.

ജനകീയ സമിതിയുടെ പ്രസിഡന്റ് എന്ന നിലയിലും സമൂഹത്തില്‍ വിവിധ ഇടപെടലുകള്‍ നടത്തി ഭരണ കൂട അഴിമതികള്‍ക്കും നീതി നിഷേധങ്ങള്‍ക്കും എതിരെയുള്ള പോരാളിയായിരുന്നു മാമ്മന്‍ സാര്‍ എന്ന് ഒന്നാം ചരമ വാര്‍ഷികത്തില്‍ ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് അനുസ്മരിച്ചു.

സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മന്‍ സാറിന്റെ മരിക്കാത്ത സ്മരണകള്‍ക്കു മുമ്പില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മാവേലിക്കര ഗുരു നിത്യ ചൈതന്യയതി റഫറന്‍സ് ലൈബ്രറി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജോര്‍ജ് തഴക്കര അദ്ധ്യക്ഷത വഹിക്കുമെന്ന് ജനകീയ സമിതി കോര്‍ഡിനേറ്റര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അറിയിച്ചു.

RECENT POSTS
Copyright © . All rights reserved