പ്രളയക്കെടുതിൽ വലയുന്ന സംസ്ഥാനത്ത് മഴ കുറയുന്നത് ആശ്വാസമാകുന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു.
അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ ദ്രുതഗതിയിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടും പിൻവലിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടാണ് പിൻവലിച്ചത്. ഏഴ് ജില്ലകളിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെ കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളിലും ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹെലികോപ്റ്റര്‍ വഴി ഭക്ഷണപ്പൊതികള്‍ എത്തിക്കാനും അസുഖ ബാധിതരായവരെ ആശുപത്രികളിലേക്ക് മാറ്റാനുമാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ഏതാണ്ട് 2 ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. സന്നദ്ധപ്രവര്‍ത്തകരാണ് മിക്കയിടങ്ങളിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്. പത്തനംതിട്ട, എറണാകുളം, വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയാറായിട്ടില്ലെന്നും വിവരമുണ്ട്. അതേസമയം ചാലക്കുടി, തൃശൂരിലെ മറ്റു പ്രളയബാധിത പ്രദേശങ്ങള്‍, അതിരപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവലെ മുതല്‍ എറണാകുളം ജില്ലയില്‍ മഴയുണ്ടായിട്ടില്ല.
തിരുവനന്തപുരം: തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്ന് രക്ഷാപ്രവര്‍ത്തകരോട് തൃശ്ശൂരിലെ മൃഗസംരക്ഷകയായ യുവതി. ഉപേക്ഷിക്കപ്പെട്ടതും തെരുവില്‍ അലഞ്ഞതുമായ നായകളെ കണ്ടെത്തി സംരക്ഷിക്കുന്ന യുവതിയാണ് സ്വന്തം ജീവനൊപ്പം തന്റെ വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത്. തന്റെ 25 പട്ടികളെക്കൂടി രക്ഷിക്കാതെ മാറി താമസിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോള്‍ വെള്ളം കെട്ടിക്കിടന്ന വീട്ടിനകത്ത് പുതപ്പിച്ച നിലയിലായിരുന്നു പട്ടികള്‍.
സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇവര്‍ സംരക്ഷിച്ചത് മുഴുവന്‍ തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു. നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി, തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പട്ടികള്‍ മുഴുവന്‍ അവശനിലയിലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ ഒരു പ്രത്യേക ദുരിതാശ്വാസ കേന്ദ്രത്തിലാണ് സുനിതയും ഭര്‍ത്താവും നായ്ക്കളും കഴിയുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം സുനിതയുടെ നായ്ക്കള്‍ക്ക് കൂട് പണിയാനായി പണം കണ്ടെത്തുമെന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണല്‍ അറിയിച്ചു.
പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദയവു ചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. നേവിയുടെ രക്ഷാപ്രവര്‍ത്തനത്തിനിടെ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയും മര്‍ദ്ദിച്ചും നാട്ടുകാരായ സ്ത്രീകളാണ് ആക്രമണം അഴിച്ചുവിട്ടത്. ചെങ്ങന്നൂര്‍ എരമല്ലൂര്‍ അയ്യപ്പ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളെയാണ് നാട്ടുകാര്‍ സംഘടിതമായി ആക്രമിച്ചത്. കോളജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികളെയാണ് മനുഷ്യത്വരഹിതമായി നാട്ടുകാര്‍ കായികമായി ആക്രമിച്ചത്. ഹെലികോപ്റ്റര്‍ വഴി വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആതിര മാധ്യമങ്ങളോട് പറഞ്ഞത്.
രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീടുകള്‍ തകരുമെന്നും അടുത്തുള്ള മരങ്ങൾ നഷ്ടപ്പെടും എന്നും പറഞ്ഞാണ് സ്ത്രീകള്‍ ആക്രമിച്ചതെന്ന് ആതിര പറഞ്ഞു. സംഘടിച്ചെത്തിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇന്ന് വൈകിട്ട് 6.30 നാണ് 13 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തത്. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലില്‍ ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ നാളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും. രക്ഷപെടുത്തിയ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്തെത്തിച്ചു. ജീവൻ പണയപ്പെടുത്തി ഇവരെ രക്ഷിക്കാൻ വരുമ്പോൾ ഉള്ള നാട്ടുകാരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് സൈനീകൻ മാധ്യമങ്ങളോട് പറഞ്ഞത്.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് കൂടുതല്‍ മുങ്ങുന്നു. ആലപ്പുഴ നഗരത്തിലേക്കും വെള്ളംകയറി തുടങ്ങി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാഭരണകൂടം കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു
വേമ്പനാട്ടു കായലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് ആലപ്പുഴ നഗരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന വാടക്കനാലും വാണിജ്യകനാലും നിറഞ്ഞത്. മാതാ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും വെള്ളം കയറിത്തുടങ്ങി. ദേശീയപാതയ്ക്ക് സമാന്തരമായുള്ള ആലപ്പുഴ–ചേര്‍ത്തല കനാലും നിറഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കനാലുകളില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
അതേ സമയം കുട്ടനാട്ടില്‍ നിന്നുള്ള പലായനം തുടരുകയാണ്. പള്ളാത്തുരുത്തി മുതല്‍ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ എ.സി.റോഡിന് ഇരുകരകളിലുമുള്ള താമസക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയാണ്. ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കിടങ്ങറ, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളികളാണ് മുന്നില്‍ . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മോട്ടോര്‍ ബോട്ടുകളും വഞ്ചിവീടുകളും വിട്ടുനല്‍കാത്ത ഉടമകളെ അറസ്റ്റുചെയ്യാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
നിമിഷങ്ങള്‍ കടന്നുപോകും തോറും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കൈമെയ് മറന്ന് എല്ലാവരും ഇറങ്ങിയെങ്കിലും ആയിരക്കണക്കിനാളുകള്‍ ഇനിയും ഒറ്റപ്പെട്ട വീടുകളില്‍ സഹായത്തിന് കേഴുകയാണ്. ചെറുവള്ളങ്ങളും കൂടുതല്‍ ഹെലികോപ്റ്ററുകളും അടിയന്തരമായി ചെങ്ങന്നൂരിലേക്ക് വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന എം.എല്‍.എ സജി ചെറിയാന്റെ വിലാപത്തെ തുടര്‍ന്ന് രാവിലെ മുതല്‍ ഊര്‍ജസ്വലമായി രക്ഷാപ്രവര്‍ത്തനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും കൊല്ലത്തുനിന്നുള്ള പത്ത് വലിയ മല്‍സ്യബന്ധനബോട്ടുകളും ഇന്നിറങ്ങി. ദുരന്തനിവാരണസേനയും എത്തി. കല്ലിശേരി ഭാഗത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം 23 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. ചെന്നെത്താന്‍ ബുദ്ധിമുട്ടായ ഈ പ്രദേശത്ത് ഇനിയും നിരവധി പേരുണ്ടെന്നാണ് വിവരം. എന്നാല്‍ മതിലുകളില്‍ തട്ടിയും ചെറുവഴികളില്‍ കുടുങ്ങിയും വലിയ ബോട്ടുകള്‍ പലയിടത്തും എത്തുന്നില്ല. ചെറിയ ബോട്ടുകളുടെയും വ്യോമസേനയുടെയും സഹായം അടിയന്തരമായി വേണം.
നാലുദിവസം പിന്നിട്ട സാഹചര്യത്തില്‍ ഒരു രാത്രി കൂടി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കാനുള്ള ശേഷി എത്രപേര്‍ക്കുണ്ടാകുമെന്നാണ് അറിയേണ്ടത്. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും വസ്ത്രവും വെള്ളവും കൂടുതല്‍ വേണ്ട സാഹചര്യവും ചെങ്ങന്നൂരിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
കനത്ത മഴയ്ക്കിടയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. വൈപ്പിനില്‍ നിന്ന് പുറപ്പെട്ട ബോട്ട് ആലുപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് മുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേന ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷിച്ചു.
മഴയെതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പിനെ വകവയ്ക്കാതെ പോയ ബോട്ട് തിരയിലും കാറ്റിലും അകപ്പെട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങിയതിന് പിന്നാലെ നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. തുടര്‍ന്ന് നാവികസേനയുടെ അവസരോചിത ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷിച്ച നാല് പേരെയും ഹെലികോപ്ടര്‍ മാര്‍ഗം കരക്കെത്തിച്ച് ചികിത്സ നല്‍കി. അതേസമയം, കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ചകളും അവ്യക്തമാണ്.
പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുളള ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണം. മൂന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുച്ഛിച്ചു തളളി. എന്നെ പുച്ഛിച്ചോട്ടെ. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ലെന്നും ജനങ്ങളെ രക്ഷിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അത് സൈന്യത്തെ ഏൽപ്പിക്കണം. തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികൾ രൂക്ഷമാണ്. കേരളം ഒന്നിച്ചു കൈകോർത്തിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
കുടിവെളളവും മരുന്നും കിട്ടാതെ നിരവധി പേർ പലയിടങ്ങളിൽ കഴിയുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സൈന്യത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം ഞാൻ നേരിട്ട് കണ്ടതാണ്. ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും സേനയെ വിളിക്കാൻ സർക്കാർ തയ്യാറാവണം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽ കണ്ടും ഫോണിലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടും ഇക്കാര്യം ആവർത്തിച്ചു. ഇതിലൊന്നും രാഷ്ട്രീയമില്ല. ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയം മാറ്റിവച്ചാണ് ഇതൊക്കെ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ജീവനുകളാണ് പൊലിയുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കാലാവസ്ഥ അല്‍പം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പന്ത്രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ഒഡിഷ-ബംഗാള്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് കനത്ത മഴയുണ്ടാകുമെന്ന പ്രവചനം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയിരിക്കുന്നത്.
കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനമായി. ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നൽകാനും പ്രത്യേക നിർദ്ദേശവും കേന്ദ്രം നല്‍കി.
തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ ദേശീയ പാത അതോറിറ്റിക്ക് പ്രത്യേക നിർദ്ദേശം നൽകിയ കേന്ദ്രം കേരളത്തിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും വ്യക്തമാക്കി. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിലെത്തണം. തകർന്ന വീടുകൾ പുനർനിർമ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി.
പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇത്രയും തുക അനുവദിച്ചത്. കേരളത്തിലുണ്ടായ ജീവനാശത്തിൽ പ്രധാനമന്ത്രി അതിയായ ദുഖം രേഖപ്പെടുത്തി . കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടിക്ക് പുറമെയാണ് 500 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത് . രാജ്യത്തിന്‍റെ മറ്റ് മേഖലകളിൽ നിന്ന് ഭക്ഷ്യധാന്യം , മരുന്നുകൾ എന്നിവ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുട്ടനാട്ടിൽ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകൾ വെള്ളത്തിലായതിനെത്തുടർന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല. റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്. വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തിൽ വെള്ളം കുത്തി ഒഴുകുന്നതിനാൽ ഇവർക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല. മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഇന്ധനക്ഷാമത്തെത്തുടർന്ന് ബോട്ടുകളും വളളങ്ങളും മുൻദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയിൽ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഉയരുന്നത്. ഹെലികോപ്ടർ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവർത്തനങ്ങളും കുട്ടനാട്ടിൽ അടിയന്തിരമായി നടത്തണം.