Kerala

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച അറുപത്തി നാലുകാരന്‍ അറസ്റ്റില്‍. 13 കാരിയെ പീഡിപ്പിച്ചതിന് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഡി.ശശിധരനെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവാണു പരാതി നൽകിയിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. മാതാവിനോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. ഇതേതുടര്‍ന്നാണ് ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയപ്രകാരവും കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തിരുന്നു.പ്രതി ശശിധരനെ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേസമയം കേസില്‍ നിന്നും പിന്‍മാറാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രാഷ്ടീയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

എല്ലാവരും ചേര്‍ന്ന് തന്‍റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്ബതു മാസമായി മധുവിന്‍റെ താമസം കാട്ടിലാണ്. അവിടെ അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും മല്ലി കണ്ണീരോടെ പറഞ്ഞു.മകന് മാനസിക പ്രശ്നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മധുവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടു പോയി. മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ പ്രതികളെ ബന്ധുക്കള്‍ക്ക് കാണുവാന്‍ അവസരം നല്‍കുമെന്നും ആദിവാസികള്‍ക്കെതിരായ അട്രോസിറ്റി ആക്റ്റ് പ്രകാരം കൊലപാതകത്തിന് കേസെടുക്കുമെന്നുമുള്ള പൊലീസ് ഉറപ്പിന്‍റെ പശ്ചാത്തലത്തിലാണ് മൃതദേഹം വിട്ടു നല്‍കിയത്.

എന്നാൽ മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ നിര്‍ണായകമായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. മധു ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചിരുന്നതായും നാട്ടുകാര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസിനോട് മധു മൊഴി നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. മധുവിന് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കേസില്‍ ഏഴു പ്രതികളാണുള്ളത്.ഹുസൈന്‍, മത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, എ.പി ഉമ്മന്‍, അബ്ദുള്‍ കരീം തുടങ്ങിയവരാണ് പ്രതികളെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികളെ ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി നിര്‍ദേശിച്ചത് അനുസരിച്ചാണ് അട്ടപ്പാടിയില്‍ എത്തിയത്. രണ്ടു പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. 12 പേരെ കൂടി പോലീസ് തെരയുന്നുണ്ടെന്നും ഐ.ജി അറിയിച്ചു.

തിരുവനന്തപുരം: ആദിവാസി യുവാവായ മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജേക്കബ് തോമസ്. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെയെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

അഴിമതിയും അസമത്വവും: കേരളമോഡല്‍

2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരല്‍ചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. State capture അഥവാ പണമുള്ളവന്‍ ഭരണത്തില്‍ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങള്‍ ഏറെയും. ഒരു ഇന്ത്യന്‍ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങള്‍ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് കട്ടുമുടിക്കാന്‍ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികന്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചര്‍. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെ എത്തി ? വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് 156 വര്‍ഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കുമെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരം ശാസ്തമംഗലത്ത് ആറ് കമ്പനികളാണ് ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പങ്കാളിത്തത്തില്‍ 28 സ്വകാര്യ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 28 കമ്പനികളില്‍ ആറ് കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്താന്‍ ഇത്രയും സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്ന 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയിലാണ് ഈ കമ്പനികളില്‍ അധികവും പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ഉന്നയിച്ചു.

ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ കെ ബാലന്‍. അന്വേഷണത്തിനായി മണ്ണാര്‍ക്കാട് തഹസീല്‍ദാരെ ചുമതലപ്പെടുത്തിയതായും മന്ത്രി എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ആദിവാസികളുടെ ശരീരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എ കെ ബാലന്‍ പറഞ്ഞു. അതേ സമയം മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു. ക്രൂരമായി ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് നീതി ലഭ്യമാക്കുക. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം നടക്കുക.

അതിനിടെ മുക്കാലി പാക്കുളത്തെ വ്യാപാരിയായ കെ. ഹുസൈന്‍ അക്രമി സംഘത്തിലുണ്ടായിരുന്ന കരീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനായി അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ ആംബുലന്‍സ് നാട്ടുകാരും മധുവിന്റെ ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞു.

മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആദിവാസി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അഗളി ആശുപത്രി വളഞ്ഞിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകാനുള്ള അധികൃതരുടെ നീക്കം ഇവര്‍ തടഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഗളി ആനക്കട്ടി റോഡ് ഉപരോധിച്ച് സമരം ആരംഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മധുവിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നിലപാടിലുറച്ചു നില്‍ക്കുന്ന ബന്ധുക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം നടന്നു വരികയാണ്. വിഷയത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്താന്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അഗളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്കിനെ വിമര്‍ശിക്കുന്ന കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എസ്.എഫ്.ഐ വനിതാ നേതാവിനുനേരെ സൈബര്‍ ആക്രമണം. പെണ്‍കുട്ടിയുടെ സഹോദരിയെ ബൈക്കിലെത്തിയവരുടെ സംഘം ആക്രമിച്ചു.

പത്തനംതിട്ട ചെങ്ങരൂര്‍ചിറ സ്വദേശിനിയും നിയമവിദ്യാര്‍ഥിനിയുമായ നവമി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളില്‍

ആര്‍ത്തവ സമയത്തുള്ള വിലക്കിനെതിരെ പോസ്റ്റിട്ടത്. പിന്നാലെ വിവിധതലങ്ങളില്‍നിന്നുള്ള സൈബര്‍ ആക്രമണം ആരംഭിച്ചു. ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്‍റുകൂടിയായ നവമിയെ സ്വഭാവദൂഷ്യംമൂലം കോളജില്‍നിന്ന് പുറത്താക്കിയെന്ന മട്ടിലായിരുന്ന പ്രചരണം. ഇതിന് പിന്നാലെ നവമിയുടെ സഹോദരിയും പത്താംക്ലാസുകാരിയുമായ ലക്ഷ്മി തിങ്കളാഴ്ച സ്കൂളില്‍നിന്ന് മടങ്ങിവരുന്നവഴി ബൈക്കിലെത്തിയ രണ്ടംഗസംഘം വധഭീഷണി മുഴക്കി. ബുധനാഴ്ച രാവിലെ പാലുവാങ്ങാനായി പോയ കുട്ടിയെ പിന്നിലൂടെ ബൈക്കിലെത്തിയവര്‍ അടിച്ചുവീഴ്ത്തിയെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Image may contain: 3 people, people sitting and indoor

  ആക്രമണത്തിന് ഇരയായ സഹോദരി ആശുപത്രിയിൽ

സംഘടിതമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്നതെന്ന് കുടുംബവും പറയുന്നു. ഭീഷണികള്‍ക്കുമുന്നില്‍ നിലപാടുകള്‍ അടിയറവുവയ്ക്കില്ലെന്ന് നവമിയും പറയുന്നു. സംഘടനാതലത്തില്‍ സജീവമായ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി പറഞ്ഞു. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ പിടിയില്‍. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കടയുടമ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത് തൃശൂര്‍ ഐജിയാണെന്നും ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു.

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കേസ് വലിയ വിവാദം സൃഷ്ടിച്ചതോടെ ഐജി എംആര്‍ അജിത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. അതേ സമയം മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. എന്നാല്‍ മധുവിനെ നാട്ടുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചു കൊന്നതാണെന്നും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അഗളി ആശുപത്രിയില്‍ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിനെ മോഷണക്കേസ് പ്രതിയാക്കി മുഖ്യധാരാ മാധ്യമങ്ങള്‍. പോലീസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി മരിച്ചുവെന്നാണ് മാതൃഭൂമി പത്രത്തിലെ വാര്‍ത്ത. മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചുവെന്ന് മലയാള മനോരമയും എഴുതുന്നു. വനാതിര്‍ത്തിയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് മറ്റു ചില മാധ്യമങ്ങളിലെ വാര്‍ത്ത.

അഗളിയില്‍ മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മധു (27) എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അവശനായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പോലീസ് വാഹനത്തില്‍ വെച്ച് ഒന്നിലേറെത്തവണ മധു ഛര്‍ദ്ദിച്ചിരുന്നെന്നും വിവരമുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് മധുവിനെ തടഞ്ഞുവെക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും വീഡിയോയും മര്‍ദ്ദിക്കുന്നതിനിടയില്‍ എടുത്ത സെല്‍ഫികളും പുറത്തു വന്നിട്ടുണ്ട്.

മധുവിന്റെ മൃതദേഹം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിനു മുമ്പ് മധു പോലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അഗളി പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved