പൂഞ്ഞാര്‍: ശബരിമല സമരത്തില്‍ ബിജെപിയുമായി കൈകോര്‍ക്കുന്ന ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് തിരിച്ചടികള്‍ എന്ന് സൂചന. സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ നിന്നുമാണ് പി.സിയുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന എസ്ഡിപിഐ ഇനി സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

2016ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോര്‍ജിന് മുസ്ലിം വിഭാഗത്തിന്റെ വോട്ടുകളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ നല്‍കിയ പിന്തുണ ഇനി വേണോ എന്ന് ആലോചിക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായി നിലപാട് എടുത്ത പി.സി.ജോര്‍ജിനെ സ്വാഗതം ചെയ്യുന്നതില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൂര്‍ണ തൃപ്തിയില്ല. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ ശബരിമലക്ക് വേണ്ടി സംസാരിക്കാന്‍ കറുപ്പണിഞ്ഞാണ് പി.സി ജോര്‍ജ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27821 വോട്ടുകള്‍ക്കാണ് മൂന്ന് മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് പി.സി.ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ വിജയിച്ചത്.