Kerala

കൊച്ചി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന കേരളഘടകം. പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിക്കണം എന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് അറിയിച്ചു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ റാണാവത്ത് അറിയിച്ചു.

പത്മാവതിനെതിരെ അതി രൂക്ഷമായ അക്രമങ്ങളും പ്രതിഷേധങ്ങളുമാണ് ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം പത്മാവതിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് കര്‍ണി സേന അറിയിച്ചു. കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പത്മാവത് റിലീസ് ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു പത്മാവതിയെന്ന പേര് മാറ്റി പത്മാവത് എന്നാക്കിയത്. ചിത്രം റിലീസ് ചെയ്ത ബലേഗാവിലെ തീയേറ്ററിന് നേരെ കര്‍ണി സേന പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാര്‍ടനറായ രാകുല്‍ കൃഷ്ണയുമായി ഗണേഷ്‌കുമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മധ്യസ്ഥനായി ഗണേശിനെ നിയോഗിച്ചതെന്നാണ് വിവരം.കൊട്ടാരക്കരയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാകുല്‍ കൃഷ്ണ ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങള്‍ ഉണ്ട്. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഗണേഷ്‌കുമാര്‍ തയാറായില്ല.

ലണ്ടന്‍ : ഹൃദയം തകര്‍ന്നു പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത്. മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പാവം കുഞ്ഞ്. കൈകള്‍ പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. അലമുറയിട്ട് കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ് തുണി കെട്ടി അടച്ചിരിക്കുന്നു. മാരകമായ ഏതോ ആയുധം ഉപയോഗിച്ച് ക്രുരനായ എതോ ഒരു കാപാലികന്‍ ആ പാവം കുരുന്നിന്റെ ശരീരം മുഴുവനും മുറിവുകള്‍ ഉണ്ടാക്കുന്നു. മറ്റൊരു നികൃഷ്ടനായ വ്യക്തി ഈ ക്രുരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു.. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങള്‍  കണ്ടാല്‍ ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലച്ചു പോകും. അത്രയ്ക്ക് വലിയ ക്രൂരതയാണ് ഈ പൈശാചിക ജന്മങ്ങള്‍ ഈ പാവം കുഞ്ഞിനോട് ചെയ്യുന്നത്.  ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങളുടെ ഹൃദയം തകര്‍ക്കും.

ഇനിയെങ്കിലും കേരള സമൂഹമേ നാം ഭിക്ഷകൊടുക്കൽ നിർത്തില്ലെങ്കിൽ ഇതിലും വലിയ വിപത്തുകൾ നേരിൽ കാണേണ്ടി വരും. നമ്മുടെ സ്വന്തം മക്കളെ തട്ടികൊണ്ട് പോയി ശരീരമാസകലം മുറിവുകളും, ഇലട്രിക്ക് ഷോക്കും നൽകി ശരീരത്തെ നശിപ്പിച്ചു ഭിക്ഷയാചിക്കാൻ ഉപയോഗിക്കുന്നു. ഈ ക്രൂരകൃത്യം നിർമ്മാർജ്ജനം ചെയ്യാൻ ഭിക്ഷാടനമുക്ത കേരളത്തിനായി നാം ഒന്നാകെ കൈ കോർക്കണം. ഇവർ ഇന്ത്യയിലെ ഒരു വലിയ ബിസ്സിനെസ്സാണ് നടത്തിക്കൊണ്ടിരിക്കുന്നത്.. നിർത്തു ഭിക്ഷ നല്‍കുന്നത്… രക്ഷിക്കൂ നമ്മുടെ മക്കളെ … ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിച്ച് ഈ നീചന്മാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുവാന്‍ ശ്രമിക്കുക.

തിരുവനന്തപുരം: കേരള പോലീസിന് ഇനി മുതല്‍ ലാത്തിചാര്‍ജ് നടത്തിന്നതിന് പുതിയ സ്റ്റൈല്‍. ബ്രിട്ടിഷുകാര്‍ പഠിപ്പിച്ച പഴഞ്ചന്‍ രീതിയിലുള്ള ലാത്തിചാര്‍ജ് ഇനി പഴങ്കഥയാവും. പുതിയ സ്റ്റൈലില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി.

പ്രതിഷേധകരെ വയറ്റിലും തലയ്ക്കും കഴുത്തിനുമൊക്കെ യാതൊരു ദയയുമില്ലാതെ പെരുമാറുന്ന ബ്രിട്ടിഷ് രീതി ഇനി മാറും. ഹെല്‍മെറ്റും ഷീല്‍ഡും ഉപയോഗിച്ച് പ്രതിഷേധകരെ പ്രതിരോധിക്കുന്ന പുതിയ രീതി യൂറോപ്പിയന്‍ സ്റ്റൈല്‍ ലാത്തിചാര്‍ജാണ്. പുതിയ പരിശീലന മുറപ്രകാരം ആക്രമണത്തേക്കാള്‍ പ്രതിരോധത്തിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കളരിയും ചൈനീസ് ആയോധന കലയുമൊക്കെ ഉള്‍ച്ചേര്‍ന്ന പരിശീലനമാണ് പുതിയ ബാച്ചിന് നല്‍കിയിരിക്കുന്നത്.

യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാതൃകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. പുതിയ രീതിക്ക് പെട്രോള്‍ ബോംബും പാറച്ചീളുകളും ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടാകുമോയെന്ന് കണ്ടറിയാം. സേതുരാമന്‍ വികസിപ്പിച്ചെടുത്ത് ശൈലിയിലാകും ഇനി വരുന്ന ബാച്ചുകളിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുക.

വീഡിയോ കാണാം.

 

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക വെട്ടിപ്പ് ആരോപണത്തില്‍ ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഏജന്‍സി ഇന്റര്‍പോളാണെന്നു കരുതി പ്രമുഖ സംഗീത ബാന്റായ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ബാന്റിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകള്‍ക്ക് തീഴെയാണ് ചീത്തവിളിയും പരിഹാസവുമായി മലയാളി ഫേക്ക് ഐഡികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല ഐഡികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി മുദ്രാവാക്യം മുതല്‍ തെറിവിളിയും ഭീഷണിയും വരെ ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നുണ്ട്.

രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ഫേക്ക് ഐഡികള്‍ തെറിവിളിയും ബഹളവുമായി എത്തിയിരുന്നു. സിപിഎം അണികളെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു തെറിവിളിയും പരിഹാസവും. ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നതും സമാന സൈബര്‍ ആക്രമണമാണ്.

ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിനോയ്‌ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് ദൂബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു.

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാകത്തിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേദലിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി തുടരവെയാണ് അപകടമുണ്ടായത്.

കേദലിന് തുടരുന്ന ചികിത്സയെ സംബന്ധിച്ച് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ വിലയിരുത്തല്‍ നടത്തി. മരുന്നുകളോട് കേദല്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. വെന്റിലേറ്ററില്‍ കിടത്തി തന്നെ ചികിത്സ നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും.

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് കേദല്‍. അച്ഛനും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെയാണ് കേദല്‍ ദാരുണമായി കൊലപ്പെടുത്തിയത്.

നെടുമങ്ങാട് : പച്ചില മരുന്നുകളുടെ കാവലാളിന് രാജ്യത്തിന്റെ ആദരം. ആദിവാസി ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്. ലക്ഷ്മികുട്ടി അമ്മയ്ക്ക് നാട്ടു വൈദ്യത്തിനാണ് പത്മശ്രീ ലഭിച്ചത്.

പൊന്മുടി റോഡില്‍ വിതുരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെ നിന്ന് വീണ്ടും രണ്ടുകിലോമീറ്റര്‍ താണ്ടിയാല്‍ ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുകയായി. ആദിവാസി സെറ്റില്‍മെന്റല്‍ കൊടുംകാട്ടില്‍ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട്. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്.

പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭ, ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി തുടങ്ങി നിരവധിയാണ് ഇവരുടെ വിശേഷങ്ങള്‍. ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്ബോഴാണ് കൗതുകം.

1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിയെത്തി. വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു അത്. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്ബുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നത് ഏറെ പ്രശസ്തമായി.

ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കരിന്തേള്‍, കടുവാചിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ട്. ഒന്നും നട്ടുപിടിപ്പിക്കുന്നതല്ല. എല്ലാം വനത്തില്‍നിന്നും എടുക്കുന്നതു തന്നെ.

ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഗന്ധവും, സുഗന്ധവും മാത്രമല്ല അതിന്റെ പ്രായോഗികരീതികളും ലക്ഷ്മിക്ക് കാണാപ്പാഠമാണ്.
അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി ‘കാട്ടറിവുകള്‍’ എന്ന പുസ്തകമിറങ്ങിയത്.

തിരൂര്‍: മലപ്പുറം തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുര്‍ പറവണ്ണ സ്വദേശി കാസിമിനാണ് അജ്ഞാതരുടെ വെട്ടേറ്റത്. മാരകമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പാലക്കാട്: ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് സംഭവം. സര്‍ക്കുലര്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് നടപടി.

വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്ക് കീഴിലായത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഇന്നലെ വൈകീട്ട് പാലക്കാട് എത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ പാലക്കാട് നടക്കുന്ന നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ നടപടി വിവാദമായിരുന്നു. മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമെന്ന നേരത്തെ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് 14ന് രാത്രി ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് വകവെക്കാതെ സ്‌കൂള്‍ അധികൃതര്‍ മോഹന്‍ ഭഗവതിനെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ നടത്തി. നോട്ടീസ് ലംഘനം നടത്തിയ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.

കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടന്ന റിപബ്ലിക്ക് ദിന ചടങ്ങില്‍ മോഹന്‍ ഭഗവതിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചേര്‍ത്തല: പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ മുട്ട് മടക്കാതെ നീതിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന അനുപമ… വാർത്തകളിൽ അല്ല മറിച്ച് പ്രവർത്തനങ്ങളിൽ മറ്റുള്ളവക്ക് മാതൃകയായ പെൺപുലി കളക്ടർ അനുപമ… ഇങ്ങനെ ഒരുപാട് പേരുടെ ആരാധനാപാത്രമായ കളക്ടർ… എന്നാൽ കെവിഎം ആശുപത്രിയില്‍ നേഴ്‌സുമാരുടെ സമരത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപയ്ക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്. സമരത്തില്‍ പങ്കെടുക്കുന്ന ജിജി ജേക്കബാണ് കളക്ടര്‍ക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. അത് ഇങ്ങനെ..

കളക്ടര്‍ മാഡത്തിനു ഒരു തുറന്ന കത്ത്,

പെണ്‍ പുലിയായിരുന്ന കളക്ടര്‍ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ? ഉള്ളില്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു പേരാണ് അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരു പേരാണ് കളക്ടര്‍ അനുപമ ! കുത്തകകളുടെ ഭക്ഷ്യ മായം കണ്ടു പിടിച്ചു നടപടി എടുത്ത വീര ശൂര ,മന്ത്രിയെ കസേരയില്‍ നിന്ന് വലിച്ചു വാരി താഴെയിടാന്‍ പോന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ധീര ,ചുരുക്കി പറഞ്ഞാല്‍ ആരുടെ മുന്നിലും തലകുനിക്കാത്ത പെണ്‍ പുലി ,..ഇതൊക്കെയാണ് എന്റെയും എന്നെ പോലത്തെ ഒരുപാട് പേരുടെയും മനസ്സില്‍ അനുപമ എന്ന ആലപ്പുഴ ജില്ലാ കളക്ടറെ കുറിച്ചുള്ള സങ്കല്പം …

ഇപ്പൊ എന്ത് പറ്റി എന്നാണ് ചോദ്യമെങ്കില്‍ പറയാന്‍ ചിലതൊക്കെ എന്റെ കയ്യിലുണ്ട്. ചേര്‍ത്തല കെവിഎമ്മില്‍ നേഴ്‌സുമാര്‍ സമരം തുടങ്ങിയിട്ടിപ്പോ നൂറ്റമ്പത്തഞ്ചു ദിവസം ആവുകയാണ് .ഈ മാഡത്തിന്റെ അധികാര പരിധിയിലാണ് സമരം നടക്കുന്ന ആശുപത്രി .ഉള്ളത് പറയണമല്ലോ ആദ്യ നാളുകളില്‍ കളക്ടര്‍ മാം അല്ലെങ്കില്‍ കളക്ടര്‍ ചേച്ചി കട്ട സപ്പോര്‍ട്ടും ആയിരുന്നു. ഞങ്ങളുടെ സമര പന്തല്‍ സന്ദര്ശിച്ചപ്പോ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു …

സമരത്തില്‍ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയര്‍മാര്‍ തല ഉയര്‍ത്തി തന്നെ ഇരുന്നു. കാരണം ജില്ല ഭരിക്കുന്നത് ഞങ്ങളില്‍ ഒരാളാണ് …പെണ്‍ പുലി ..ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ല എന്ന് പറയുന്നതാണ് സത്യം. ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീര്‍ക്കാന്‍ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചര്‍ച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാന്‍ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു

സമരം തീര്‍ക്കാന്‍ ശക്തമായ നിലപാട് മാഡം ആ യോഗത്തില്‍ എടുത്തു .എന്നാല്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ മാഡത്തിന്റെ മേശയില്‍ ആഞ്ഞടിച്ചു ഞങ്ങള്‍ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാന്‍ പറഞ്ഞു വെല്ലു വിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടര്‍ക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരല്‍ അനക്കാന്‍ പിന്നീട് കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല ..

കുറച്ചു കാലം അടച്ചിട്ടവര്‍ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങള്‍ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങള്‍ പെണ്‍ പുലിയില്‍ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചം. ഇപ്പൊ ചരിത്ര പുസ്തകത്തിലെ ,അല്ലെങ്കില്‍ വായിച്ചു മറന്ന ഫാന്റസി കഥകളിലെ ചിതലരിച്ച കഥാപാത്രങ്ങളായി ഇവരൊക്കെ ഞങ്ങളുടെ മനസ്സില്‍ രൂപ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴില്‍ നിയമങ്ങള്‍ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതര്‍ക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല ,ഉത്തരവിടുന്ന പേന മഷി ചുരത്തുന്നില്ല …

അപ്പൊ മാഞ്ഞു പോയ മന്ത്രിയെക്കാള്‍ ബലമുള്ള ആരോ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇതിലിടപെടുന്നുണ്ട് ! കുറച്ചു കൂടെ സ്വാധീനമുള്ള ഒരാള്‍ ..കളക്ടര്‍ക്കും മീതെ ,കളക്ടര്‍ക്ക് പേടിക്കാവുന്ന ഒരാള്‍ ..അതാരാവും …? മാഡം ,താങ്കളെ പോലുള്ളവര്‍ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാല്‍ ഞങ്ങളെ പോലുള്ളവര്‍ ആരെ ആശ്രയിക്കും വിശ്വസിക്കും ..അത് കൂടി പറഞ്ഞു തരൂ …മാഡം വീണ്ടും ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് ആ പഴയ പെണ്‍ സിംഹമായി ഉയിര്‍ത്തെഴുനേറ്റിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ …

Copyright © . All rights reserved