ബിനോയ് കോടിയേരി സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസില്‍ തെറ്റായ വാര്‍ത്ത നല്കിയ മാതൃഭൂമി മാപ്പ് പറഞ്ഞു. ദുബായിലെ വ്യവസായ പ്രമുഖന് അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ മര്‍സൂഖിയുടെ കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.
തന്റെ ചിത്രം മാറ്റി നല്‍കിയെന്ന് ആരോപിച്ച് അബ്ദുള്ള അല്‍ മര്‍സൂഖി ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ചിത്രം മാറ്റി നല്കിയ മാതൃഭൂമി നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പ് പറയണമെന്നുമാണ് മര്‍സൂഖി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് പറഞ്ഞിരിക്കുന്നത്.
ചാവക്കാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ തുണിക്കടയിലെ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചാവക്കാടുള്ള ബ്യൂട്ടിക്ക് സ്ഥാപനമായ സെലിബ്രേഷന്‍സിലെ തൊഴിലാളിയായ യുവാവിനാണ് ഉടമയില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഉടമ ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിലാകം വലിയ ചര്‍ച്ചയ്ക്ക വഴിവെച്ചിരിക്കുകയാണ്.
തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സെലിബ്രേഷന്‍സ് ഉടമ മുഹമ്മദ് റാഷിദ് പ്രമുഖനായ കോണ്‍ഗ്രസ് നേതാവും ഡിസിസി നേതാവുമായ ജബ്ബാര്‍ ലാമിയയുടെ മകനാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകോപിതനായ മുഹമ്മദ് റാഷിദ് അയാളെ അക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയ റാഷിദ് അദ്ദേഹത്തെ നിലത്തിട്ട് അകാരണമായി ചവിട്ടുന്നത് സിസിടി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇടയ്ക്ക് റാഷിദ് കടയുടെ ഷട്ടറിടാന്‍ മറ്റൊരാളോട് ആജ്ഞാപിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. കടയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ഇയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നവ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു.
ടെക്സ്റ്റൈല്‍സ് ഉടമ മുഹമ്മദ് റാഷിദ് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ.
അതിരപ്പിള്ളി: കുടുംബത്തോടപ്പം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പിതാവിനോട് പിണങ്ങി കാടുകയറി. ഏറെ നേരത്തെ തെരച്ചിലിനു ശേഷം യുവാവിനെ വനംവകുപ്പ് കണ്ടെത്തി മാതാവിനൊപ്പം തിരിച്ചയച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ യുവാവും കുടുംബവും വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടെയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയത്. സന്ദര്‍ശനത്തിനിടയില്‍ പിതാവുമായി വഴക്കിട്ട ഇയാള്‍ ആരോടും പറയാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന മാറി കാട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.
അതിരപ്പള്ളി ഒഴിവാക്കി മറ്റൊരിടത്തേക്ക് സന്ദര്‍ശനം നടത്താമെന്ന പിതാവിന്റെ നിര്‍ദേശമാണ് ഇയാളെ ചൊടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് പിതാവുമായി വഴക്കിട്ട യുവാവ് കാട്ടിലേക്ക് നടന്നു പോയി. കുടുംബാംഗങ്ങള്‍ ഏറെ നേരം യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം സമീപത്തെ വനംവകുപ്പ് ഓഫീസിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏറെനേരം തെരച്ചില്‍ നടത്തിയ ശേഷമാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്.
യുവാവിനെ കണ്ടെത്തിയ സമയം ഇയാളുടെ പിതാവ് മൂത്ത മകനുമായി തിരിച്ചു പോയിരുന്നു. സമീപത്തെ ഹോട്ടലില്‍ മകന് വരുന്നതും കാത്ത് കരഞ്ഞുകൊണ്ട് കാത്തിരിക്കുകയായിരുന്നു ഇയാളുടെ അമ്മ. മാതാവിനൊപ്പം പോകാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്കു വിടുകയായിരുന്നു.
ഇന്നലെ ലോകത്തിന്റെ കണ്ണ് ചന്ദ്രന്റെ നേര്‍ക്കായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമുണ്ടായ അത്ഭുത പ്രതിഭാസത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. എന്നാല്‍ ഓറഞ്ച് നിറത്തില്‍ തെളിഞ്ഞു നിന്ന ചന്ദ്രനിലൂടെ സംഘപരിവാര്‍ നേതാവ് കണ്ടത് കേരളത്തിന്റെ ഭാവിയാണ്.
യുവ മോര്‍ച്ച മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ല നേതാവ് ലസിത പലക്കലാണ് ചന്ദ്രനെ കാവി വല്‍ക്കരിച്ചത്. ചന്ദ്രന് കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്പെഷ്യല്‍ ഫേയ്സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന് കാവിയായി മാറി. അധികം താമസിയാതെ കേരളവും. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ -ഫേയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ സംഘ നേതാവിന്റെ പോസ്റ്റ് ബിജെപിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ലസിതയുടെ പോസ്റ്റിനെ വെച്ച് ബിജെപിയേയും കുമ്മനത്തേയും ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ചന്ദ്രഗ്രഹണത്തെ കമ്മനടിയായി മാറ്റിയാണ് ട്രോള്‍. ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നാണ് ട്രോളന്മാര് പറയുന്നത്. ഗ്രഹണ ചിത്രത്തില്‍ കുമ്മനത്തിന്റെ പടം വെച്ചാണ് പരിഹസിക്കുന്നത്.
ഡ്രൈവറും സഹായിയുമില്ലാതെ ഓടുന്ന പാചകവാതക ലോറി തടയാൻ എംഎൽഎയുടെ നിർദേശം. മണിക്കൂറുകൾക്കംതന്നെ ദേശീയപാത വഴി സഹായിയില്ലാതെ ഓടിയെത്തിയ ടാങ്കർലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇവയിലെ ഡ്രൈവർമാർക്കു താക്കീതു നൽകി വിട്ടു. കാവുംപുറത്ത് ഇന്നലെ ഉച്ചയ്ക്ക്, എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ, വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനു യോഗം വിളിച്ചുകൂട്ടിയിരുന്നു.
യോഗത്തിൽ പ്രസംഗിച്ച ഐഒസി ഉദ്യോഗസ്ഥൻ ക്യാപ്സ്യൂൾ ടാങ്കർ അടക്കമുള്ള പാചകവാതക ലോറികളിൽ ഡ്രൈവർക്കൊപ്പം സഹായിയും നിർബന്ധമാണെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലിൽ പാചകവാതക ലോറികളിൽ ഡ്രൈവർ മാത്രമാണെന്നു കണ്ടാൽ അവ നാട്ടുകാർക്കു തടയാമെന്ന് എംഎൽഎ അറിയിച്ചിരുന്നു.
യോഗതീരുമാനങ്ങൾക്കുശേഷം പുറത്തിറങ്ങിയ നാട്ടുകാർ വട്ടപ്പാറ അടിയിൽനിന്നു ഡ്രൈവർ മാത്രമായി ഓടിയെത്തിയ രണ്ടു ലോറികൾ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ട്രാൻസ്പോർട്ടിങ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനു മിക്കപ്പോഴും ടാങ്കർലോറികളിൽ ഒരാളെ മാത്രമാണു നിയോഗിക്കുന്നത്.
കൊച്ചി: പ്രമുഖ ദളിത് ചിത്രകാരന് അശാന്തന്റെ മൃതദേഹത്തെ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം അപമാനിച്ചു. എറണാകുളത്തപ്പന് ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് ആചാര പ്രകാരം അനുവദനീയമല്ല എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ പൊതുദര്‍ശന ചടങ്ങ് തടയുകയായിരുന്നു. അയിത്തം കല്‍പ്പിക്കപ്പെട്ട മൃതദേഹം ഒടുവില്‍ ദര്‍ബാര്‍ ഹാളിന്റെ തിണ്ണയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ചടങ്ങിനായി കെട്ടിയ പന്തലും പ്രതിഷേധവുമായി എത്തിയവര്‍ അഴിപ്പിച്ചു.
ലളിത കലാ അക്കാദമിയുടെ ഔദ്യോഗിക തീരുമാന പ്രകാരം ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തി ദര്‍ബാര്‍ ഹാളിനു സമീപം വെച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പ്രതിഷേധവുമായി എത്തിയവര്‍ കീറിയെറിഞ്ഞു. മൃതദേഹം ഇവിടെ പൊതു ദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആള്‍ക്കൂട്ടം കൂടുതല്‍ ആളുകളെ വിളിച്ച് പ്രശ്നമുണ്ടാക്കുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തി.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്‍വശത്തെ വഴിയിലൂടെ മൃതദേഹം കൊണ്ടുവരുകയും വരാന്തയില്‍ പൊതുദര്‍ശനത്തിനു വെക്കുകയും ചെയ്തു. നേരത്തെ ചടങ്ങുകള്‍ക്കായി നിര്‍മ്മിച്ച പന്തല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സംഘാടകര്‍ പൊളിച്ച് മാറ്റിയിരുന്നു. ഇടപ്പള്ളിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മഹേഷ് എന്ന അശാന്തന് രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള ശ്രദ്ധേയനായ കലാകാരനാണ്.
കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ മൂലം നീതി ലഭിക്കുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സി. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും സിപിഎം സംസ്ഥാന ഓഫീസായ എകെജി ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരീ ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായതെന്ന് സുനിത പറയുന്നു.
ഇക്കഴിഞ്ഞ ജനുവരി 9ന് അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ ഭര്‍ത്താവ് യാതൊരു പ്രകോപനങ്ങളുമില്ലാതെ തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍. ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് സുനിത പറയുന്നു.
ഇന്റിമേഷന്‍ പോയി രണ്ടു നാള് കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്. എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്. സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ് മറുപടി ലഭിച്ചതെന്നും സുനിത തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സുനിതയുടെ ഫേസ്ബുക്ക് കുറിപ്പ്;
ശ്രീജീവിന്റെ കസ്റ്റഡിമരണത്തില്‍ സഹോദരന് ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴിയെടുത്തതിനെത്തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെയാണ് ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തത്. കേരളത്തിന്റെയാകെ ശ്രദ്ധ നേടിയ സമരത്തിനാണ് തലസ്ഥാനത്ത് ഇതോടെ സമാപനമായത്. വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരുമെന്നായിരുന്നു ശ്രീജിത്തിന്റെ തീരുമാനം. ഇപ്പോള്‍ മൊഴിയെടുക്കലും പൂര്‍ത്തിയായതോടെ സമൂഹമാധ്യമങ്ങളിലൂടെ ജീവന് നേടിയ സമരം ശ്രീജിത്ത് അവസാനിപ്പിക്കുകയാണ്.
സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് വർഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് കേരള ജനതയും പിന്തുണ നല്കി. സഹോദരന്റെ ലോക്കപ്പ് മരണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. കുറ്റക്കാരായ പൊലീസുകാര്‍ ഇപ്പോഴും പൊലീസിൽ നിർണായക സ്ഥാനത്ത് തുടരുന്നതും ശ്രീജിത്ത് ഉന്നയിച്ചിരുന്നു ഇവർക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുകള്‍ നല്കി.
ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് ,2014 മെയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി . ഇവർക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നൽകണമെന്നും അതോറിറ്റി നിർഭ ശിച്ചിരിന്നു. ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചെങ്കലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തിൽ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരിൽ സി.ബി.ഐ അന്ന് കയ്യൊഴിഞ്ഞത്.
2014 മെയ്യിൽ പാറശാല സി.ഐ അയിരുന്ന ഗോപകുമാർ, എ. എസ്.ഐ ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എസ്.ഐ.ഡി.ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ. ഇവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് 735 ദിവസമായി അധികാര കേന്ദ്രത്തിന്റെ ചുവട്ടിൽ കിടക്കുന്നത്. എന്നാൽ ഗോപകുമാർ ചവറ സി.ഐയായും ബിജുകുമാർ കാട്ടാക്കട എസ്. ഐയായും ഫിലിപ്പോസ് സ്പെഷ്യൽ ബ്രാഞ്ചിലും തുടരുന്നു. ഇവർക്കെതിരായ നടപടിക്കും അന്വേഷണത്തിനും തടസം ഹൈക്കോടതിയുടെ സ്റ്റേയാണെനാണ് സർക്കാർ വാദം. എന്നാൽ ആ സ്റ്റേ ഒഴിവാക്കാൻ ഒരു നിയമ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ കെവലം സ്ഥലം മാറ്റത്തിലൊതുക്കി സർക്കാർ രക്ഷിച്ചെടുത്തു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ കേരളകോണ്‍ഗ്രസ് നേതൃത്വം രണ്ടുതട്ടില്‍. കോണ്‍ഗ്രസ് കര്ഷകവിരുദ്ധപാര്ട്ടിയല്ലെന്ന് വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണവും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ഷകരെ ഏറ്റവുമധികം വഞ്ചിച്ചത് കോണ്‍ഗ്രസാണെന്ന പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്ട്ടിമുഖപത്രത്തിലൂടെ കെ.എം.മാണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിരോധിച്ച് പി.ജെ.ജോസഫിന്റെ പ്രതികരണം. കോണ്‍ഗ്രസ് കര്ഷകവിരുദ്ധപാര്ട്ടിയാണോ എന്ന ചോദ്യത്തോട് ജോസഫിന്റെ മറുപടി ഇങ്ങനെ.
മലയോരകര്‍ഷകരുടെ പട്ടയപ്രശ്നത്തില്‍ കേരളകോണ്‍ഗ്രസ് സ്വീകരിച്ച അനുകൂലനിലപാടിന് എതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും കെ.എം.മാണി ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പട്ടയം നല്‍കിയിട്ടുണ്ടല്ലോയെന്ന് പി.ജെ.ജോസഫ് ചൂണ്ടിക്കാണിക്കുന്നു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചര്‍ച്ചചെയ്തതിനുശേഷം നിലപാട് സ്വീകരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. മാണിയെ യു.ഡി.എഫിലേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിച്ഛായയിലെ അഭിമുഖത്തില്‍ മാണി ഇടത് ആഭിമുഖ്യത്തിന്റെ സൂചനകള്‍ നല്‍കിയത്. എന്നാല്‍ ഇടതുമുന്നണിയുമായി അടുക്കാനുള്ള മാണിയുടെ നീക്കത്തോട് താല്പര്യമില്ലെന്ന് പി.ജെ.ജോസഫിന്റെ പ്രതികരണം വ്യക്തമാക്കുന്നു.
ജിദ്ദ : പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി സംവരണം ചെയ്തു. ഇത് കര്‍ശനമായി നടപ്പാക്കുമെന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പ്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കട , ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ , ഫര്‍ണിച്ചര്‍ കടകള്‍ എന്നിവിടങ്ങളിലാണ് നിതാഖാത് നടപ്പാക്കുക. രണ്ടാം ഘട്ടം നവംബര്‍ ഒന്‍പതിന് ആരംഭിക്കും. വാച്ച് കടകള്‍ , കണ്ണട കടകള്‍ , ഇലക്ട്രിക് , ഇലക്ട്രോണിക് കടകള്‍ , എന്നിവ സ്വദേശിവല്‍ക്കരിക്കും. 2019 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന ഘട്ടത്തില്‍ മധുര പലഹാരക്കടകള്‍ , മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ , കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ , ഓട്ടോ സ്പെയര്‍പാര്‍ട്സ് കടകള്‍ , പരവതാനി കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.
നേരത്തെ മൊബൈല്‍ ഫോണ്‍ കടകള്‍ , ജ്വല്ലറികള്‍ , സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 11 നാണ്. അതിനാലാണ് അന്നേദിവസം മുതല്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് ആണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. ഇത് നടപ്പാകുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും.