നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. നിരന്തരം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനാണ് നടപടി. ചാലക്കുടി ഡി. സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി. ചിലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി. സിനിമാസ് തിയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് ഭൂമി കയ്യേറിയാണെന്ന ആരോപണം ഉയര്‍ന്നുവന്നത്.

ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചാലക്കുടി ഡി. സിനിമാസ് എന്ന തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഡി. സിനിമാസ് കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം നടന്നത്. ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭഊമി വര്‍ഷങ്ങള്‍ക്കു മുമ്പ് കൊട്ടാരം വകയായിരുന്നെന്നും പിന്നീട് ദേവസത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ദിലീപിന് മുമ്പ് സ്ഥലം വാങ്ങിയയാള്‍ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.