Kerala

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് േകസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി. നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു..

ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതും. നിയമത്തിലെ അറിവില്ലായ്മയാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി കുറച്ചടയ്ക്കാനും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 2016ല്‍ വാങ്ങിയ കാറിന്റെ പിഴ അടച്ചു. നിയമപ്രകാരം അടക്കേണ്ട പിഴ 16 ലക്ഷമായിരുന്നെങ്കില്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ പിഴ അടച്ചതിന്റെ രേഖകളും ഹാജരാക്കി. നികുതിവെട്ടിക്കാനോ വഞ്ചിക്കാനോ യാതൊരു ഉദേശ്യവുമില്ലായിരുന്നൂവെന്ന് ആവര്‍ത്തിച്ച ഫഹദ് രണ്ടാമത്തെ കാറിനും പിഴ അടക്കാന്‍ തയാറാണെന്നും അറിയിച്ചു. ഇതോടെയാണ് ഫഹദിന്റെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്താന്്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

അറസ്ററ് രേഖപ്പെടുത്തിയാല്‍ രണ്ട് ആളിന്റെയും അമ്പതിനായിരം രൂപയുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും എസ്.പി. കെ.വി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍.

തിരുവനന്തപുരം: അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത് കുറച്ചു കാലം മുമ്പാണ്. സീരിയല്‍ നടി ഉമ നായര്‍ ഒരു ചാനല്‍ ഷോയില്‍ കയറി വല്ല്യച്ചനെന്നാണ് ജയനെ വിളിക്കുന്നതെന്ന് പറഞ്ഞതിനെ എതിര്‍ത്ത് ജയന്റെ അനുജന്റെ പുത്രി ലക്ഷ്മി ശ്രീദേവി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയതാണ് വിവാദമായത്. ഈ വിഷയം ഏറ്റുപിടിച്ച് ലക്ഷ്മിയുടെ ജ്യേഷ്ഠനും സീരിയല്‍ താരവുമായ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇവര്‍ പരസ്പ്പരം ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ആദിത്യന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ ഫേസ്ബുക്ക് വീഡിയോയില്‍ മുമ്പൊരാള്‍ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

ജയന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ് രംഗത്തെത്തിയ തേവള്ളി പുത്തന്മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ എന്ന മുരളിയെയാണ് ആദിത്യന്‍ ഉദ്ദേശിച്ചിരുന്നത്. ആദിത്യന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടതോടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് മുരളി ജയനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മുരളി രംഗത്തെത്തിയത്. ജയന്‍ തന്റെ അച്ഛനാണെന്ന് തെളിയിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ജയന്റെ ബന്ധുത്വ തര്‍ക്കം മുറുകുന്നതിനിടെ ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ അവകാശപ്പെട്ട് രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആദിത്യന്‍ പറഞ്ഞിരുനന്ത്. ഇതിനാണ് മുരളി ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്.

എന്റെ അച്ഛന്റെ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചുവെന്നും മുരളി പറയുന്നു.

മുരളിയുടെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചന്‍ വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരില്‍ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതില്‍ നിന്നും ഈ സമൂഹത്തിന് മനസ്സിലാക്കാം, ഞാന്‍ പറഞ്ഞ കഥയില്‍ സത്യമുണ്ടെന്ന്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്.
ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു. നിങ്ങളും നിങ്ങളുടെ കുടുംബവും ചേര്‍ന്ന് വലിയ സത്യത്തെ കുഴിച്ചുമൂടുകയാണ്.ഏതോ ഒരുത്തന്‍ എന്ന് നിങ്ങള്‍ പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.
നമ്മുടെ പ്രശ്‌സതമായ കെപിഎസിയുടെ നാടാകത്തില്‍ ബഷീറിന്റെ കഥയില്‍ എനിക്ക് ഒരു വേഷം ലഭിച്ചിരുന്നു. ഈ നാടകത്തിന് കേരള സര്‍ക്കാറിന് ആറ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആ ചടങ്ങില്‍വെച്ച് മാമുക്കോയ സാറിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. അന്ന് മാമുക്കോയ സാറിനോട് ഞാന്‍ മരിച്ചു പോയ ജയന്റെ മകനാണെന്ന് മകനാണെന്ന് പറയുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നെ നോക്കി ചോദിച്ചു അതിന് ഓന്‍ കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന്. ഇതു കേട്ട ഞാന്‍ എന്തു പറയണം എന്നറിയാതെ വിഷമിച്ചു പോയി. അവസാനം ഞാന്‍ എന്നോടു തന്നെ ചോദിച്ചു പോയി ഒരു കുഞ്ഞു ജനിക്കാന്‍ വിവാഹം കഴിക്കണോ എന്ന്.
മോനോ ആദിത്യാ മലയാള സിനിമയുടെ സൂര്യ തേജസാണ് എന്റെ അച്ഛന്‍. ആ സൂര്യ തേജസിനെ അച്ഛനാണെന്ന് ചൂണ്ടിക്കാട്ടിയ സത്യത്തെയാണ് 44 കൊല്ലമായി നിങ്ങളുടെ കുടുംബക്കാര്‍ കുഴിച്ചു മൂടുന്നത്. അതേ എന്നെ കുറിച്ച് ഏതോ ഒരുത്തന്‍ എന്നല്ലേ പറഞ്ഞ്. ആ നിങ്ങളെ കൊണ്ട് ഞാന്‍ പറയിക്കും നിങ്ങളുടെ വല്ല്യച്ഛന്‍ ആണെന്ന്. മക്കളേ, ആദിത്യാ ഇനി ഈ വിഷയത്തില്‍ ഒരു ഡിഎന്‍എ ടെസ്റ്റിന്റെ ആവശ്യമേയൂള്ളൂ. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നെ ഉമ നായര്‍ക്ക് നന്ദി പറയുന്നു. എന്തായാലും ഞാന്‍ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ..

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തു വരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു അവകാശപ്പെട്ടാണ് മുരളി നേരത്തെ രംഗത്തെത്തിയിരുന്നത്. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന്‍ തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സമയത്ത് ജയന്‍ സിനിമയില്‍ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണ് മരണം വരെ ജയന്‍ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.

25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള്‍ ഒരിക്കല്‍ ജയന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓര്‍ത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. മുരളീധരന്‍ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയരുന്നത്.
ഈ വിവാദം മാധ്യമങ്ങളില്‍ അന്ന് വാര്‍ത്തയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെയോ അവരുടെ മൃതദേഹങ്ങളോ സൗദി സമുദ്ര മേഖലയിലോ തീരത്തോ കണ്ടെത്താനായിട്ടില്ലെന്ന് സൗദി തീരദേശസുരക്ഷാ അധികൃതര്‍ അറിയിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ക്ഷേമവിഭാഗം കോണ്‍സല്‍ അനില്‍ നോട്ടിയാല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു റിയാദിലെ എംബസി സൗദി അധികൃതരുടെ സഹായം തേടുകയായിരുന്നു. അതിനുള്ള മറുപടിയിലാണ് സൗദി കോസ്റ്റല്‍ ഗാര്‍ഡ് ഇതുവരെയുള്ള സ്ഥിതി എംബസിയെ അറിയിച്ചത്.

തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി സമുദ്ര മേഖലയിലും തീരത്തും കൂടി ഓഖി ഇരകളെ കണ്ടെത്തുന്നതില്‍ എംബസി മുഖേന സൗദി അധികൃതരുടെ സഹകരണം വിദേശകാര്യ മന്ത്രാലയം തേടിയത്. ദമാം, അല്‍ഖോബാര്‍, അല്‍ഖഫ്ജി, ജുബൈല്‍ എന്നീ സൗദി തീരങ്ങളിലെ അധികൃതരുടെ സഹകരണം എംബസി തേടിയതായും അവിടങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച് അത്തരം യാതൊരു മൃതദേഹവും സൗദി കടലില്‍നിന്നോ തീരത്തുനിന്നോ കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചതെന്നും കോണ്‍സല്‍ നോട്ടിയാല്‍ പറഞ്ഞു.

ഇനിയും ഓഖി ഇരകളായ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടുകള്‍ നിയന്ത്രണം വിട്ട് ഗള്‍ഫ് തീരങ്ങളിലേയ്ക്കു നീങ്ങിപ്പോകാനും മൃതദേഹങ്ങള്‍ അവിടങ്ങളിലെ കരയ്ക്കണയാനുമുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം, സൗദി തീരങ്ങളില്‍ ഏതാനും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു സൗദി തീര്‍ത്ത് തിരച്ചില്‍ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത തേടിയതും. ഓഖി ഇരകള്‍ക്കായുള്ള സൗദി തീര്‍ത്തെ തിരച്ചിലും ഇക്കാര്യത്തില്‍ സൗദി കോസ്റ്റ് ഗാര്‍ഡുമായുള്ള തുടര്‍ നടപടികളും അവരില്‍ നിന്നുള്ള വിവര ശേഖരണവും എല്ലാ ദിവസവും തുടരുന്നതായും ഇന്ത്യന്‍ കോണ്‍സല്‍ പറഞ്ഞു.

ഹോസ്റ്റലില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആര്‍ത്തവ പരിഹാസങ്ങള്‍ വരെ ഉപയോഗിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും സര്‍വകാലശാല മാറണം. വിദ്യാര്‍ത്തിനികളുടെ സമരം സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന കന്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കുറ്റക്കാര്‍ക്കെതിരെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡനം, സ്ത്രീ പീഡനം എന്നീ നിയമ പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല തന്നെ മുന്‍കയ്യെടുത്ത് ആറു ദിവസമായി നിരാഹാരം തുടരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇടതുപക്ഷമാണ് ഭരണത്തില്‍ എന്ന ധാര്‍ഷ്ട്യത്തിലാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ ആക്രമണത്തിനു മുതിരുന്നത്. കാമ്പസുകളില്‍ ജനാധിപത്യം വേണമെന്ന കോടിയേരിയുടെ ഉപദേശം കേവലം രാഷ്ട്രീയ കസര്‍ത്ത് മാത്രമാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ തെളിയിക്കുന്നു. ജനകീയ സമരങ്ങളെയും, ദളിത് ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സി.പി.എം അജണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പോലെയുള്ള യുവ സംഘടനകളിലൂടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്നത്.

വിദ്യാര്‍ത്ഥികളില്‍ പോലും വളരുന്ന ഈ ഫാസിസ്റ്റ് മനോഭാവം ചെറുക്കേണ്ടത് അനിവാര്യമാണ്. നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യവും നീതിയും സര്‍വകലാശാലയുടെ മാത്രം ഉത്തരവാദിത്വമല്ല, സര്‍ക്കാരിന്റെ കൂടിയാണ്.

കോഴിക്കോട് : പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’. കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. എന്നാല്‍, സ്വന്തം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചു മാസം പിന്നിട്ടിട്ടും കറാച്ചി പോലീസ് അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

നാളുകള്‍ക്ക് ശേഷം പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കറാച്ചി പോലീസ് വിവരം അറിഞ്ഞത്. കറാച്ചി പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കലാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു. സിഐഡി മൂസയിലെ സലീംകുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.

ഇതോടെ പാക് ഇന്റലിജന്‍സിന്റെ വന്‍ പരാജയത്തെ കുറിച്ച് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഉത്തര കേരളത്തിലെ കമ്മാടം ഭവതി ക്ഷേത്രത്തിലെ ലക്ഷം ദീപം സമര്‍പ്പണത്തിനാണ് മണ്ഡപം സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ക്ഷേത്ര നടയിലെ കല്‍വിളക്കില്‍ ദീപം കൊളുത്തി ക്ഷേത്രാങ്കണം മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയാക്കിയത്. കാസര്‍കോട് കിഴക്കന്‍ മലയോരത്തെ കമ്മാടം ക്ഷേത്രത്തില്‍ നാടിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും വേണ്ടിയാണ് ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായി ലക്ഷം ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.

ഒരുനാടിന്റെ ഉത്സവമായ ചടങ്ങില്‍ വ്രത ശുദ്ധിയില്‍ സ്ത്രീകളും കുട്ടികളും അമ്മമാരും ദീപം തെളിച്ചു കൊണ്ടിരിക്കെയാണ് പുരോഹിത വേഷമണിഞ്ഞ് കയ്യില്‍ ദീപവുമായി ഫാ.ജോണ്‍ മുല്ലക്കരയും ക്ഷേത്ര നടയില്‍ നിലകൊണ്ടത്. മണിക്കൂറുകള്‍ നീണ്ട ക്ഷേത്ര ചടങ്ങുകളെല്ലാം കഴിഞ്ഞാണ് ഇടവക വികാരി മടങ്ങിയത്. ലക്ഷം ദീപം സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷേത്ര ഭാരവാഹികള്‍ ഇടവക വികാരിയെയും ക്ഷണിച്ചിരുന്നു.

ക്ഷണിക്കാനെത്തിയവരോട് ലക്ഷം ദീപം സമര്‍പ്പിക്കുന്ന ചടങ്ങിനെ കുറിച്ച് ചോദിച്ചറിഞ്ഞ ജോണ്‍ മുല്ലക്കരയച്ചന്‍ അന്നേദിവസം നേരത്തെ തന്നെ കമ്മാടം ക്ഷേത്രത്തിലെത്തി. ഭാരവാഹികള്‍ സ്വീകരിച്ചിരുത്തിയ വികാരിയോട് പൗരാണിക ക്ഷേത്രത്തിലെ കല്‍വിളക്ക് തന്നെ തിരിയിട്ട് തെളിയിക്കാന്‍ അവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര മുറ്റം ഒരു ലക്ഷം ദീപം തെളിയുന്നത് വരെ ഫാ.ജോണ്‍ മുല്ലക്കര, കമ്മാടം ഭവതിയുടെ മുന്നിലായിരുന്നു. തിരിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചാണ് ഇടവക വികാരി മടങ്ങിയത്.

പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് പുറത്തുനിന്ന് മദ്യം എത്തുന്നത് പതിവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം അവിടെ ഒരു ലോഡ് മദ്യവുമായി എത്തിയ ലോറി നാട്ടിലെങ്ങും പെട്ടെന്ന് ചര്‍ച്ചാ വിഷയമായി. ലോറിയല്ല, ലോറി ഡ്രൈവറായിരുന്നു വാര്‍ത്താ കേന്ദ്രം. 45 വയസ്സു പ്രായമുള്ള യോഗിത രഘുവംശി എന്ന സ്ത്രീ. രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍. 14 ടയറുകളുള്ള ലോറിയില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടിയാണ് യോഗിത കൂളായി പാലക്കാട്ടെത്തിയത്.

വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ക്ക് മാത്രം പറ്റിയതെന്നു കാലാകാലങ്ങളായി പറഞ്ഞു വരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലേക്ക് യോഗിത എത്തിയത് 2000ലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോഴാണ്, രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ദുര്‍ഘടം പിടിച്ച ജോലി തെരഞ്ഞെടുത്തത്. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നു വരാത്ത ഈ വഴിയിലേക്ക് പിന്നെ ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗിത പറയുന്നു.

Related image
ചില്ലറക്കാരിയല്ല യോഗിത. ഉത്തര്‍പ്രദേശില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ യുവതിക്ക് കൊമേഴസിലും നിയമത്തിലുമായി രണ്ട് ബിരുദങ്ങളുണ്ട്. അഭിഭാഷകയാവാനായിരുന്നു മോഹം. അങ്ങിനെയാണ് അഭിഭാഷകനായ ഭോപ്പാല്‍ സ്വദേശിയുടെ വിവാഹാലോചന സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത് അയാള്‍ അഭിഭാഷകനല്ല. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് മക്കളെ പോറ്റുന്ന കാര്യം യോഗിതയുടെ ചുമലില്‍ വന്നു. ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി. ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷക വൃത്തി ചെയ്യാം. എന്നാല്‍, രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരാ. അതിനാല്‍, ട്രക്കിന്റെ വളയം പിടിക്കാന്‍ യോഗിത തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം.

Image result for India's First Lady Truck Driver - YOGITA RAGHUVANSHI

യോഗിതയുടെ മാതൃകയെ ഉശിരനൊരു ട്രക്ക് നല്‍കിയാണ് മഹീന്ദ്ര കമ്പനി ആദരിച്ചത്. ആദ്യമൊക്കെ തുറിച്ചു നോട്ടവും മോശം കമന്റുകളുമെല്ലാം നേരിടേണ്ടി വന്നിരുന്നുവെന്ന് യോഗിത പറയുന്നു. വൈകാതെതന്നെ ആണുങ്ങളുടെ മാത്രമായിരുന്ന ഈ ജോലിയെ വരുതിയിലാക്കാന്‍ താന്‍ പഠിച്ചതായും യോഗിത പറയുന്നു.

തിരുവനന്തപുരം പള്ളിവളപ്പിൽ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പെ‍ാലീസിനെ ഒരു മണിക്കൂറേ‍ാളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടർന്നു രാത്രി 10.30ഒ‍ാടെ ചർച്ചകൾക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചതു ലാത്തിചാർജിന് ഇടയാക്കി.

മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാൻ പട്രോ‍ളിങ്ങിനു പേ‍ാകുകയായിരുന്ന പെ‍ാലീസ് ശ്രമിക്കവെ ഒരാൾ പള്ളിവളപ്പിലേക്ക് ഒ‍ാടിക്കയറിയതാണു സംഭവങ്ങൾക്കു തുടക്കം. പിന്തുടർന്നെത്തിയ എസ്ഐയും സംഘവും പള്ളിവളപ്പിൽ കയറി പിടികൂടാൻ ശ്രമിച്ചു. ക്രിസ്മസ് പരിപാടികൾക്കായി പള്ളിവളപ്പിൽ പുൽക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കിൽ പേ‍ായതെന്ന് അറിയിച്ചെങ്കിലും വിടാൻ പെ‍ാലീസ് തയാറായില്ല.

ഇതിനിടെ പള്ളിവളപ്പിൽ അകാരണമായി പെ‍ാലീസ് കടന്നതിനെ വന്നുകൂടിയവർ ചേ‍ാദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികർ പെ‍ാലീസുകാരെ കമ്മിറ്റിഒ‍ാഫിസിലേക്ക് എത്തിച്ചതേ‍ാടെ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഒ‍ാഫിസ് വളഞ്ഞതു സ്ഥിതിഗതികൾ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പേ‍ാകാൻ ആരും തയാറായില്ല.
പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പിൽ പെ‍ാലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികൾ. രാത്രി 10.30ഒ‍ാടെ എസ്ഐ മാപ്പു പറയാൻ തയ്യാറായതിനെ തുടർന്നാണു രംഗം ശാന്തമായത്.
കൂടുതൽ പെ‍ാലീസെത്തി എസ്ഐയെ ജീപ്പിലെത്തിച്ചു റേ‍ാഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതേ‍ാടെ സ്ഥലത്തുണ്ടായിരുന്ന പെ‍ാലീസ് സംഘം ലാത്തി ചാർജ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വിൽപന നടത്തുവെന്ന് ആരേ‍ാപിച്ചു പെ‍ാലീസ് പിടികൂടി മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

കോഴിക്കോട്: ചാരക്കേസില്‍ കരുണാകരന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത് എ.കെ.ആന്റണിയുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ടായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കരുതെന്നും അപ്രകാരം ചെയ്താല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അത് വകവെക്കാതെ താനും ഉമ്മന്‍ ചാണ്ടിയും കരുണാകരനെതിരെ നിലപാടെടുക്കുകയായിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ കുറ്റബോധമുണ്ട്. ആത്മകഥ എഴുതുമ്പോള്‍ ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയത്. കരുണാകരന്‍ അനുസ്മരണത്തില്‍ ഇത് പറയാതെ പോകാന്‍ കഴിയില്ലെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.

1995ല്‍ ചാരക്കേസ് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ സമ്മര്‍ദ്ദമാണ് കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

മലപ്പുറം വണ്ടൂര്‍ ഏറിയാണ് തൊണ്ടിയില്‍ കൊടക്കാന്‍ ഷറഫലിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഷറഫലിയെ പിന്തുടര്‍ന്ന പൊലീസിനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.നൂറുകണക്കിന് കൊച്ചുകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാനിയെ പൊലീസ് പിടികൂടി. പെട്ടന്നാരും പിടികൂടാതിരിക്കാന്‍ ടെലിഗ്രാം വഴി നൂറിലധികം ചാനലുകള്‍ ആരംഭിച്ചാണ് കൊടക്കാടന്‍ ഷറഫലി ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് കൊച്ചു കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

വിചിത്രമായ രീതികളായിരുന്നു ഇയാൾ പിന്തുടർന്നു കൊണ്ടിരുന്നത്. മറ്റ് ഗ്രൂപ്പ് അംഗങ്ങളും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണമെന്ന് ഷറഫലി ശഠിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാത്തവരെയും കുട്ടികളുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ഇടുന്നവരേയും ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഷറഫലി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. പ്രതി അയച്ച നൂറു കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്. ഷറഫലിയുടെ ഫോണിലും ഒട്ടേറെ അശ്ലീല രംഗങ്ങളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ടെലിഗ്രാം ആപ്പു വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം. ഷറഫലിക്കൊപ്പം ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

എം.സി.എ പഠനം പഠനം പൂര്‍ത്തിയാക്കിയ പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പഠിക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെ സഹപാഠികള്‍ക്കും പതിവായി ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിലെ സൈബര്‍ ഡോം മുന്‍കയ്യെടുത്താണ് പ്രതിയെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി…എം. പി. മോഹനചന്ദ്രന്‍, സി.ഐ മാരായ, കെ.എം. ബിജു, ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Copyright © . All rights reserved