Kerala

നെയ്യാറ്റിന്‍കര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാര്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. ഹരികുമാറിനായി തമിഴ്നാട്ടിലും കേരളത്തിലുമായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരണം.

അതേസമയം, എല്ലാം ദൈവത്തിന്റെവിധിയെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്.

ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കെന്നും സമിതി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡി‌വൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നgവെന്നും കാണിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.

സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു.

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. റിട്ട് ഹര്‍ജികള്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. നാല് റിട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 49 ഹര്‍ജികള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. ഇവ ഉച്ചക്കു ശേഷം മൂന്നു മണിക്ക് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചേംബറിലായിരിക്കും ഇവ പരിഗണിക്കുക.

ചേംബറില്‍ വെച്ചുതന്നെ ഹര്‍ജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. ശബരിമലക്കേസില്‍ കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രമേ തുറന്ന കോടതിയിലേക്ക് കേസ് മാറ്റുകയുള്ളു. അപ്രകാരമാണെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കുകയും തുറന്ന കോടതിയില്‍ വാദത്തിനുള്ള ദിവസം കോടതി നിശ്ചയിക്കുകയും ചെയ്യും. വിധിയില്‍ മാറ്റം വരുത്തണമെങ്കില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശന വിധഘിയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം. സുപ്രീം കോടതി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

മലപ്പുറം വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവന്തപുരം നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.

ദേശീയപാത വട്ടപ്പാറയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട ബസ്സ് റോഡരികിലേക്ക് തലകീഴായി മറിഞ്ഞതെന്നാണ് സൂചന. നാല്‍പതിനടുത്ത് യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഇതിൽ 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന എ.ആര്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാരും, പോലീസും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കൊച്ചി: ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാറില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടല്‍. ആചാരപരമോ മതപരമോ ആയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു.

ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലം പറയുന്നു.

നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയുടെ പാരമ്പര്യം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

അഗളി: ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയില്‍ മര്‍ദിച്ചു കൊന്ന കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് നടപടിയെന്നാണ് വിശദീകരണം.

പാലക്കാട്ടുകാരനായ പി.ഗോപിനാഥിനെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തതു കൊണ്ടാണ് നിയമനം റദ്ദാക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. പകരം മണ്ണാര്‍ക്കാട് എസ്‌സി എസ്ടി സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാക്കുമെന്നാണ് കഴിഞ്ഞമാസം 22 ന് പുറത്തിറങ്ങിയ ഉത്തരവിലുളളത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്.

16 പേര്‍ അറസ്റ്റിലായ കേസില്‍ അഗളി ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ തുടങ്ങാനിരിക്കെയുളള സര്‍ക്കാര്‍ നടപടി കേസിനെ ബാധിക്കും. കോടതിയിലെ മറ്റ് നിരവധി കേസുകള്‍ക്കൊപ്പം മധു കേസും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. കേസില്‍ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതാണ്. ഇതുപ്രകാരം നിയമമന്ത്രി എ.െക.ബാലന്‍ നല്‍കിയ ഉറപ്പും മന്ത്രിസഭാ തീരുമാനവുമെല്ലാം ഇപ്പോള്‍ വെറുതെയായി.

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.

വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീബിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

മുസ്ലിം ലീഗും യൂത്ത് ലീഗും വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന്  വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്‍റെ ബന്ധു അദീബിന്‍റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ  തന്‍റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പറേഷന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.

സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ  തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും  പ്രതികരിച്ചത്. ഇങ്ങനെ വിവാദങ്ങള്‍ തുടരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെയാണ് അദീബ് രാജിക്കത്ത് നല്‍കിയത്.

നിയമന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ ഡയരക്ടര്‍ തസ്തികയില്‍ നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറാണ് ജൂബിലി. ജി. സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായും അവര്‍ ആരോപിച്ചു.

പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെയും ജി. സുധാകരനെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നു. തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

കേരള സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിക്കുന്നതിനു വഴിയൊരുങ്ങിയതു സര്‍വകലാശാലാ ബജറ്റ് മുതല്‍. ഈ നീക്കത്തിനു തുടക്കമിട്ടതു സിപിഎം പ്രതിനിധികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും. മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും നിലവില്‍ ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നു. സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന പ്രഫസര്‍മാരെയാണ് ഈ തസ്തികയില്‍ നിയമിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ സര്‍വകലാശാലാ ബജറ്റില്‍ മൂന്നു വിഭാഗവും ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ സിപിഎം നേതാവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ കെ.എച്ച്.ബാബുജാനാണു ബജറ്റ് അവതരിപ്പിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്നുവെന്നല്ലാതെ, ആര്‍ക്കെങ്കിലുമുള്ള വഴിയൊരുക്കമാണെന്ന് അന്ന് ആരും കരുതിയില്ല.

തുടര്‍ന്നു സ്വാശ്രയ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള കമ്മിറ്റി ചേര്‍ന്നു ബജറ്റ് തീരുമാനം നടപ്പാക്കണമെന്നു സിന്‍ഡിക്കേറ്റിനു ശുപാര്‍ശ നല്‍കി. തുടര്‍ന്നാണു നിയമന നടപടി ആരംഭിച്ചത്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി തസ്തികകളില്‍നിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്നു നിശ്ചയിച്ചു. സര്‍വകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി എന്നീ പദവികളില്ല. കോളജുകള്‍ അവിടത്തെ ഭരണസൗകര്യാര്‍ഥം സ്വന്തം നിലയ്ക്കു നല്‍കുന്ന സ്ഥാനമാണിത്. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ഉള്‍പ്പെടെ എട്ടുപേരാണു ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വൈസ് പ്രിന്‍സിപ്പലും കൊമേഴ്‌സ് അധ്യാപികയുമായിരുന്നു ഇവര്‍.

മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി വിഭാഗങ്ങളെ നയിക്കാന്‍ കൊമേഴ്‌സ് അധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ചു സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള മൂന്നു ഡയറക്ടര്‍മാര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നും അവര്‍ അനൗദ്യോഗികമായി പറഞ്ഞു. ഡയറക്ടര്‍ക്കു സര്‍വകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാല്‍ മതിയെന്നു സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിമുഖം നടത്തി ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു.

തൊടുപുഴ: അവന്റെ മാത്രമായിരുന്ന സ്വപ്നം ഒരു നാടാകെ ഒന്നിച്ചു ചേര്‍ന്ന് നടത്തിയതു അവന്‍ കാണുന്നുണ്ടാകും. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നാടും സുഹൃത്തുക്കളും പാര്‍ട്ടിയും ഒന്നിച്ചു നിന്നു നടത്തി. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 10.30നായിരുന്നു വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍.

വൈദ്യുതി മന്ത്രി എംഎം മണിയുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിനെത്തി. സിപിഎമ്മാണ് വിവാഹ ചിലവുകള്‍ വഹിച്ചത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുന്‍പ് നിശ്ചയിച്ചതാണ് വിവാഹം. അഭിമന്യു വിടപറഞ്ഞതോടെ സഹോദരന്‍ പരിജിത്ത് വിവാഹകാര്യങ്ങളെല്ലാം നോക്കി. വട്ടവട-കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിലാണ് അഭിമന്യുവിന്റെ കുടുംബം. ഉടന്‍ തന്നെ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീട്ടിലേയ്ക്ക് താമസം മാറും. പഠിച്ചു ജോലി വാങ്ങുക, സഹോദരിയുടെ കല്ല്യാണം എന്നിവയൊക്കെ അഭിമന്യുവിന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. ഇതാണ് കത്തി മുനയില്‍ നരാധമന്മാര്‍ തീര്‍ത്തത്.

പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയും അതില്‍ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വയറില്‍ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു.

 

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നത് 15,000 പോലീസുകാര്‍. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഇത്രയും വലിയ സന്നാഹമൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. പലഘട്ടങ്ങളിലായിട്ടായിരിക്കും 15000 പോലീസുകാരെ നിയമിക്കുക. 55 എസ്.പി.മാര്‍/എ.എസ്.പി.മാര്‍, 113 ഡിവൈ.എസ്.പി.മാര്‍, 1450 എസ്.ഐ./എ.എസ്.ഐ എന്നിവരും 60 വനിത എസ്.ഐമാരും പോലീസ് സംഘത്തിലുണ്ടാകും.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് സായുധ സേനാവിഭാഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തക്കതായി സുരക്ഷാ സംവിധാനങ്ങളായിരിക്കും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കുക. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സുരക്ഷയൊരുക്കാന്‍ പ്രേരണയായിട്ടുണ്ട്.

ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്വേറുകളും ഉപയോഗിക്കും. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളും സന്നിധാനത്തുണ്ടാകും. ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള രഹസ്യ സേന വിഭാഗങ്ങളും ഭക്തര്‍ക്കിടയിലുണ്ടാകുമെന്നാണ് സൂചന. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തില്‍ ആകാശനിരീക്ഷണം ഉണ്ടാകും.

സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.

സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.

റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.

RECENT POSTS
Copyright © . All rights reserved