Kerala

എറണാകുളം ജില്ലയിൽ മുസ്ലിം ഏകോപന സമിതി നടത്തുന്ന ഹ​ർത്താൽ പുരോ​ഗമിക്കുന്നു. പൊതുവെ സമാധാനപരമായാണ് ഹർത്താൽ. ചിലയിടങ്ങളിൽ വാഹനം തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

എറണാകുളം, പെരുമ്പാവൂർ, ആലുവ, പരവൂർ, കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താലനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല. ദീർഘദൂര കെഎസ്ആർടിസി ബസ്സുകളും സിറ്റി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. ചുരുക്കം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.

മതം മാറിയ ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദാക്കിയ വിധിയിൽ പ്രതിഷേധിച്ചു ഇന്നലെ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്സ് കോളേജിനു മുന്നില്‍ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പൊട്ടിച്ചു. എന്നാല്‍ പിന്മാറാന്‍ തയാറാവാതെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തിന് വഴിവച്ചു. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഇതിൽ നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

തുറന്ന കത്തില്‍ റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമിക്ക് വായടക്കുന്ന മറുപടി നല്‍കിയ എം.ബി.രാജേഷ് എംപിക്ക് വി.ടി.ബല്‍റാമിന്റെ അഭിനന്ദനം. മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം അര്‍ണാബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ സൈന്യത്തെ കോടിയേരി ബാലകൃഷ്ണന്‍ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ട് റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പാനലിലുണ്ടായിരുന്ന എം.ബി.രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റുള്ള അതിഥികളിലേ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു അര്‍ണാബ്. ഈ വിഷയത്തില്‍ എം.ബി രാജേഷ് എന്തിനാണ് ചര്‍ച്ചയ്ക്ക് പോയത് എന്ന വിധത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിലുള്ള വിശദീകരണവുമായാണ് രാജേഷ് ഇന്നലെ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.

രാജേഷിനെക്കാളും മുതിര്‍ന്ന നേതാക്കളെ താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അര്‍ണാബ് ചര്‍ച്ചയില്‍ പറഞ്ഞത്. മെയ് 26ന് നടന്ന ചര്‍ച്ചയില്‍ ഇതു മാത്രമേ അര്‍ണാബ് പറഞ്ഞതില്‍ സത്യമുള്ളൂ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അഹങ്കാരം, അസഹിഷ്ണുത,വിലകുറഞ്ഞ സംസ്‌കാരം എന്നിവയാണ് ഈ പ്രസ്താവന കാണിക്കുന്നത്. താനൊരു വലിയ നേതാവല്ലെന്ന് സമ്മതിക്കുന്നു എന്നാല്‍ മറ്റ് അവതാരകരില്‍ നിന്ന് എനിക്ക് സത്യസന്ധവും മാന്യവും അറിവ് നിറഞ്ഞതും സംസ്‌കാരം നിറഞ്ഞതമായുള്ള പെരുമാറ്റം ലഭിച്ചിട്ടുണ്ടെന്നും രാജേഷ് പറയുന്നു.

താങ്കള്‍ക്ക് വിഷയത്തെ കുറിച്ചുള്ള ജ്ഞാനം, വിശ്വാസ്യത, മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മവിശ്വാസം പോലുമില്ലെന്നാണ് തനിക്ക് താങ്കളെ കുറിച്ച് തോന്നുന്നത്. അത് കൊണ്ടാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നും രാജേഷ് അര്‍ണാബിനെ പരിഹസിച്ചു. താന്‍ കണ്ടതില്‍ ഏറ്റവും ധാര്‍മ്മികത കുറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബം എന്നും കത്തില്‍ രാജേഷ് പരിഹസിക്കുന്നു.

മോഡി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നെ റിപ്പബ്ളിക്ക് ചാനലില്‍ നിന്ന് വിളിക്കുന്നത്. 10 മണിമുതല്‍ 10: 15 വരെയാണ് ചര്‍ച്ച എന്നായിരുന്നു അറിയിച്ചത്. 9.50 ന് ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയിലെത്തിപ്പോഴാണ് ചര്‍ച്ച മാറ്റിയെന്നും കോടിയേരി നടത്തി എന്ന് പറയുന്ന പ്രസംഗത്തെ കുറിച്ചുമാണ് ചര്‍ച്ച എന്ന് പറഞ്ഞത്. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് പോവാമായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്ന് പ്രചരിപ്പിക്കും എന്നത് ഓര്‍ത്താണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തിനെതിരെയല്ല, മറിച്ച് അഫ്സ്പ നിയമത്തിന്റെ മറവില്‍ നടക്കുന്ന അക്രമണങ്ങളെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ ഒരു ചാനലില്‍ പോലും സൈന്യത്തിനെതിരെയെന്ന പേരില്‍ വാര്‍ത്ത വന്നിട്ടില്ല. ഏഷ്യാനെറ്റില്‍ പോലും ഈ വിധത്തില്‍ വാര്‍ത്ത വന്നില്ല. ഇക്കാര്യം മറച്ചുവെച്ച് ഒരു സംഘഭക്തനെപ്പോലെയാണ് താങ്കള്‍ പെരുമാറിയതെന്നും രാജേഷ് അര്‍ണാബിനോട് പറയുന്നു.

ഒരു സൈനിക ആശുപത്രിയില്‍ ജനിക്കുകയും സൈനിക കേന്ദ്ര പരിസരങ്ങളില്‍ ജീവിക്കുകയും ചെയ്ത ആളാണ് ഞാന്‍. ഒരു സൈനികന്റെ മകനാണ് ഞാന്‍. താങ്കള്‍ സത്യസന്ധമായി സൈന്യത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? സമയമുണ്ടെങ്കില്‍ താങ്കളുടെ ചര്‍ച്ചകളുടെ വീഡിയോകള്‍ ഒന്നു കൂടി കാണണമെന്നും മറ്റ് ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കണമെന്നും രാജേഷ് പറയുന്നു.

മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 നിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടണമെന് അഭ്യര്‍ത്ഥിക്കുന്നു.

വേദി:
Whiston Town Hall
Old Colliery Road
Liverpool
L 35 3QX

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760, 07727253424

ബിനോയി പൊന്നാട്ട്

ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്നത് അവരവരുടെ മൗലിക അവകാശമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണ്. കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും വാങ്ങാനും കഴിയൂ. ഇത് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്.

കര്‍ഷകരില്‍ തീരെ ചെറിയ ശതമാനത്തിന് മാത്രമേ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ പറ്റുകയുളളൂ മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നത്. മാംസകയറ്റുമതിയില്‍ ആഗോളവിപണിയില്‍ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമുണ്ട്. നിരോധനം മാംസകയറ്റുമതിയെയും അതുവഴി ഇന്ത്യക്ക് ലഭിക്കുന്ന വിദേശനാണ്യത്തെയും ബാധിക്കും.

കേരളാ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യാ ഉള്‍പ്പെടെ ഈ രംഗത്തുളള പൊതുമേഖലാ മാംസസംസ്‌കരണ വ്യവസായങ്ങളെയും ഇത് തകര്‍ക്കും. കേരളത്തില്‍ വലിയ വിഭാഗം ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കു സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലിറങ്ങുന്നു. ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന അറിയിപ്പ് തന്റെ ഓഫീസിനു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ ഈ മാസം ഈമാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് നിർവ്വഹിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ഉദ്​ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു നിർദേശം ഉയർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം നടത്താൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തിയ്യതി മാറ്റിവച്ചത്. മേയ് 29 മുതൽ ജൂൺ മൂന്നുവരെ വിദേശ പര്യടനത്തിലായതിനാലാണ് പ്രധാനമന്ത്രിക്ക് ഇന്ന് എത്താനാവില്ലെന്ന് അറിയിച്ചിരുന്നത്.

ഈ മാസം രണ്ടാം വാരം നടന്ന പരീക്ഷണ ഓട്ടം മെട്രോ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പൈലറ്റുമായി ഏഴു വനിതകളും ഇടംപിടിച്ചിരിക്കുന്നു എന്നതാണ് കൊച്ചി മെട്രോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. എന്നാൽ ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണുള്ളത്.

ഒൻപതു ട്രെയിനുകളാണ് ആദ്യഘട്ട സർവീസിന് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. പത്തു മിനിറ്റ് ഇടവിട്ടാകും സർവീസ് നടക്കുക. 10 രൂപയായിരിക്കും മിനിമം യാത്രാക്കൂലി. അതേസമയം, ടിക്കറ്റ് നിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവുണ്ടാകും.

ആലുവ കമ്പനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകൾ. ആലുവയിൽനിന്ന് കമ്പനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപയും ഇടപ്പള്ളി വരെ 40 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. രാത്രി 10 മണി വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുക.

മൂന്നു കോച്ചുകളുള്ള കൊച്ചി മെട്രോയിൽ ഓരോന്നിലും 136 പേർക്കു വീതം ഇരുന്നു യാത്ര ചെയ്യാം. നിൽക്കുന്നവരുടെ കൂടി കണക്കെടുത്താൽ ഇത് 975 ആയി ഉയരും.

കൊച്ചി മെട്രോ റെയിൽ‌വേ അഥവാ കോമെറ്റ് (Komet) എന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ നാമം. 2011-ൽ തുടങ്ങാനിരുന്ന പദ്ധതി പല കാരണങ്ങൾ കൊണ്ടു വൈകുകയായിരുന്നു. ഡെൽഹി മെട്രോ നടത്തുന്ന ഡിഎംആർസിയാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് കോമെറ്റിന്റെ ചുമതല നിർവ്വഹിക്കുന്നത്.

17ന് ഉദ്ഘാടനം നടക്കുന്നതോടെ, രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

ചെന്നൈ : സംശയങ്ങൾ ബാക്കി വച്ച്, സജീവമായ ഓണ്‍ലൈന്‍ തെരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. ഗാനം നിരാശ ബാധിച്ച അവസ്ഥയിലാണെന്നും കാണാതാകലിനുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ ഗാനം നായരെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഓഫീസിലേക്ക് കറുത്ത ഹോണ്ട സ്‌കൂട്ടറില്‍ പോയ ഗാനത്തെ പിന്നീട് കാണാതാവുകയായിരുന്നു.

എന്നാല്‍ ഓഫീസിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ പോലീസ് വേണ്ടത്ര ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കാണാതായെന്ന് തിരിച്ചറിഞ്ഞതു മുതല്‍ ഗാനത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും അവരില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഒടുക്കം താരം വീട്ടിൽ തിരിച്ചെത്തിയത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരം.

തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരെ മാടിനെ പരസ്യമായി അറുത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം മൂന്നുപേര്‍ക്കെതിരെ നടപടി. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. റിജില്‍ മാക്കുറ്റിയെ കൂടാതെ ജോസി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.

ബീഫ് നിരോധനത്തെ തുടര്‍ന്ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ത്തന്നെ വാര്‍ത്തയാകുകയും വലിയ പ്രതിഷേധത്തിന് ഇടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ നടപടിവേണമെന്ന് എഐസിസി കെപിസിസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കെപിസിസി നടപടി സ്വീകരിച്ചത്.

കാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ മാറ്റു കുറയ്ക്കാന്‍ കണ്ണൂരിലെ സംഭവം കാരണമായി. ഇത്‌ കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിക്കുന്നതല്ല. അതിനാലാണ് നടപടിയെടുക്കുന്നതെന്ന് എം.എം ഹസന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചിരുന്നതായും ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി മൂന്നുപേരോടും വിശദീകരണം തേടിയേക്കും.

ബിജെപിയുടെയും സംഘപരിവാറിന്റെയും വര്‍ഗ്ഗീയ ഫാസിസം അടുക്കളയില്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ഹസന്‍ പറഞ്ഞു. നിയമസഭ വിളിച്ചുകൂട്ടി പുതിയ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved