സോണി കെ. ജോസഫ്

മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണ തേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.

സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹജമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം.

ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാനാവാതെ ഇയാള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്. കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യന്‍. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ : 9447825748, 9446743873, 9447523540.