കാര്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പുരോഹിതന്‍ മരിച്ചു. തലശേരി അതിരൂപതയിലെ വികാരിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് (35) മരിച്ചത്. കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ മുക്കാളിയിലാണ് അപകടം നടന്നത്. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന അച്ചന്‍മാര്‍ സഞ്ചരിച്ച കെ.എല്‍-59 യു 85 നമ്പര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാ.മനോജിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എടൂര്‍ സ്വദേശിയാണ് മരിച്ച ഫാ.മനോജ് ഒറ്റപ്ലാക്കല്‍.
കമ്പം ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തമിഴ്‌നാട്. തമിഴ് നാട്ടിലെ കമ്പത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ അതിന് ശേഷം ഇപ്പോള്‍ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടില്‍ ശാന്തനായി ഒളിച്ചു നില്‍ക്കുകയാണ്.
ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വെയ്ക്കൂ.
ഇന്ന് രാവിലെയായിരുന്നു അരികൊമ്പന്‍ കമ്പത്തെ നഗരത്തില്‍ ഇറങ്ങിയത്. ആന നില്‍ക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ലോവര്‍ പെരിയാര്‍ മേഖലയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരികൊമ്പന്‍ ഇവിടെയെത്തിയത്. നഗരത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ അരികൊമ്പന്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തിരുന്നു. അതിന് ശേഷം ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുകയും ചെയ്തതോടെയാണ് ആന പുളിമരക്കാട്ടിലേക്ക് കയറിയത്.
ആനയിടഞ്ഞ സാഹചര്യത്തില്‍ കമ്പത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കാര്‍ ആരും തന്നെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പം നഗരത്തിലേക്ക് ആള്‍ക്കാര്‍ കടന്നുവരാന്‍ സാഹചര്യവുമുള്ള ചെറിയ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.
അഫ്‌സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്‌ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്‌സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.
ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്.
അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും സെക്സ് ചാറ്റുകൾ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച് പണവും എ.ടി.എം. കാർഡും തട്ടിയെടുത്തു. ഹെൽമെറ്റുകൊണ്ട് മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന് 4500 രൂപയും പിൻവലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
കളമശ്ശേരിയില്‍ പതിനേഴുകാരനെ കമ്പി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും അമ്മൂമ്മയും സുഹൃത്തും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ അമ്മ രാജേശ്വരി, മുത്തശ്ശി വളര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരാണ് പിടിയിലായത്. മൂവരും ചേര്‍ന്ന് കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. അസഭ്യം പറയല്‍, അധിക്ഷേപം എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ 7 വര്‍ഷം തടവും കുറഞ്ഞ ശിക്ഷ 6 മാസവുമാണ്.
നിയമത്തിന്റെ സംരക്ഷണം നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. നിയമത്തില്‍ പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. ഡോക്ടര്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന ഓര്‍സിനന്‍സ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിരമായി പുറത്തിറക്കിയത്.
ഓര്‍ഡിനന്‍സിലെ പ്രധാന വിവരങ്ങള്‍
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും
ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും.
എല്ലാവരെ പോലെയും ഓടിച്ചാടി നടന്നിരുന്ന ഷെറിന്‍ ഷഹാനയെ വീല്‍ചെയറിലാക്കിയത് ആറ് വര്‍ഷം മുമ്പ് അശ്രദ്ധമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാല്‍, അപ്രതീക്ഷിത ദുരന്തത്തില്‍ പരിതപിച്ച് ഷെറിന്‍ വെറുതേ ഇരുന്നില്ല. വിധിയെ തോല്‍പ്പിച്ച് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടംപറ്റി ആശുപത്രി കിടക്കയില്‍ സര്‍ജറി കാത്ത് കിടക്കവെ ഷെറിനെ തേടി ആ വാര്‍ത്ത എത്തി, താൻ സിവില്‍ സര്‍വീസുകാരി ആയിരിക്കുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ റൂം നമ്പര്‍ 836-ലെ കട്ടിലില്‍ നിന്ന് രണ്ട് കൈകളുമുയര്‍ത്തി ഒന്ന് ചാടണമെന്നുണ്ടായിരുന്നു ഷെറിന്. എന്നാല്‍ ശരീരം അതിനനുവദിച്ചില്ല.
വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങല്‍ വീട്ടില്‍ ഷെറിന്‍ ഷഹാന ദേശീയ തലത്തില്‍ 913-ാം റാങ്കുകാരിയായാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്.
അഞ്ചു വര്‍ഷം മുമ്പുള്ള ഒരു അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. അശ്രദ്ധമായൊരു ചുവടുവെപ്പില്‍ വീടിന്റെ ടെറസില്‍ നിന്ന് ഷെറിന്‍ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. മഴ പെയ്ത് കുതിര്‍ന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സണ്‍ഷെയ്ഡില്‍ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകള്‍ പൊട്ടി.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നുതന്നെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിന്‍ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോള്‍ സിവില്‍ സര്‍വീസും നേടുന്നതിലേക്ക് എത്തിച്ചത്.
പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളില്‍ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയില്‍ വെച്ച് ഷെറിന്‍ മറ്റൊരു അപകടത്തില്‍പ്പെട്ടു. ഈ അപകടത്തില്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോൾ. അവിടെവെച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്. ഈ അപകടത്തില്‍ ഷോള്‍ഡറിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ജറിയാണ് നടക്കാനിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആദ്യ അപകടത്തില്‍ രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണമായും കിടക്കയില്‍ത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത് കൊണ്ട് പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടില്‍ പോയി വരാനുള്ള സൗകര്യാര്‍ഥവുമാണ് പൊളിറ്റികല്‍ സയന്‍സ് തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടേയും പിന്തുണ ഷെറിന് ലഭിച്ചിരുന്നു. സഹോദരി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ജോലി ചെയ്യാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷന്‍, പൊളിറ്റിക്കല്‍ അനലൈസ് തുടങ്ങിയ ജോലികള്‍ അദ്ദേഹം ഷെറിനെ ഏല്‍പിച്ചിരുന്നു. എന്തും ചെയ്യാന്‍ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നല്‍കി. പിന്നീട് അയല്‍പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. ഇതിനിടെ നാഷണണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിന്‍ പാസായി. തുടര്‍ന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണ ഷെറിന് ലഭിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട് ഷെറിന്‍.
‘കണ്ണുചിമ്മി തുറക്കുന്ന നേരംകൊണ്ട് അപകടങ്ങള്‍ സംഭവിക്കാം. അനന്തരം കൂടുതല്‍ മെച്ചപ്പെട്ട ഒരാളായി മാറാനാണ് നമുക്ക് കഴിഞ്ഞതെങ്കിലോ’, അപകടത്തില്‍ ശരീരം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുന്ന പാകിസ്താനി സാമൂഹിക പ്രവര്‍ത്തക മുനിബ മസരിയുടെ ഈ വാക്കുകള്‍ തനിക്ക് പ്രചോദനമായെന്നും ഷെറിന്‍ പറയുന്നു.
2017-ല്‍ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വര്‍ഷം മുമ്പാണ് പിതാവ് ഉസ്മാന്‍ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു.
‘ഞങ്ങള് പെണ്‍കുട്ടികളെ തനിച്ചാക്കി 2015-ല്‍ ഉപ്പച്ചി യാത്രയായതുകൊണ്ട് കാര്യങ്ങള്‍ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലില്‍ ആയിരുന്നെന്ന് വേണം ചുരുക്കി പറയാന്‍. നമ്മള്‍ പഠിച്ചതൊക്കെ സര്‍ക്കാര്‍ സ്‌കൂളിലാണ്, ഷെറിന്‍ പിജി വരെ ചെയ്തത് ബത്തേരി സെന്‍മേരിസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍. വല്യ കാര്യമായി ഫിനാഷ്യല്‍ ഇന്‍വെസ്‌റ്‌മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാന്‍ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാന്‍’, ഷെറിന്റെ മൂത്ത സഹോദരി ജാലിഷ ഉസ്മാന്‍ ഷെറിന്റെ സിവില്‍ സര്‍വീസ് വിജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്.
കണിയാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തായാക്കിയത്. അബ്‌സല്യൂട്ട് അക്കാദമി, പെരിന്തല്‍മണ്ണയിലെ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അക്കാദമി, കേരള സിവില്‍ സര്‍വീസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് ഷെറിന്‍ സിവില്‍ സര്‍വീസ് പഠനം നടത്തിയത്.
കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വർഷമായി ഫയർ സർവീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.
നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പുക ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തി ദേവികയെ കൊലപ്പെടുത്തിയെന്നറിയിച്ചത്. ജീവിക്കാനനുവദിക്കാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്ന് പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടൻ ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോൾ ദേവിക രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്.
കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത് വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.
തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.
ഉച്ചയ്ക്ക് 2.45-ഒാടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്.
ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭർത്താവും മക്കളുമുണ്ട്.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി തുടങ്ങി ഹൈക്കോടതി. ഇതിന് മുന്നോടിയായി പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വധ ശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും.ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യൂ എന്നിവർക്ക് വധ ശിക്ഷയിൽ ഇളവ് വേണമോയെന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധ ശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.
കുറ്റകൃത്യം നടത്തുന്നതിന് മുന്പുള്ള കുറ്റവാളികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ടിട്ടുളള പീഡനം എന്നിവ അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും. ദേശീയ നിയമ സർവകലാശാലയിലെ പ്രൊജക്ട് 39 എയിലെ വിദഗ്ധരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാ വിഷയമാകും. ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷാ ഇളവിൽ തീരുമാനം എടുക്കുക.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളായ സായ് പല്ലവി, മിത്താ സുധീന്ദ്രൻ എന്നിവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.. ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും