Kerala

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.

താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികിൽ നിൽക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്.കാനഡയിലുള്ള മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഗസ്‌റ്റിന് വെടിയേറ്റതെന്ന് ബന്ധുക്കൾ കേരളത്തിലെ ടിവി ചാനലുകളോട് പറഞ്ഞു. ദാരുണമായ സംഭവം നടക്കുമ്പോൾ ഇയാൾ വീടിനുള്ളിലായിരുന്നു. സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഗസ്‌റ്റിൻ.

ആൽബർട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്‍റെ പിതാവ് അഗസ്റ്റിൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇന്ത്യൻ പൗരന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൽബർട്ട് അഗസ്‌റ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ പിതാവുമായും മന്ത്രി സംസാരിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറയുന്നു. സുഡാനിൽ ഒപ്പമുണ്ടായിരുന്ന അഗസ്‌റ്റിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സുഡാനിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ ഖാർത്തമിലാണ് സംഘർഷം കൂടുതൽ. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാനമായ ഖർത്തൂം, മർവ, അൽ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർഎസ്എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അർഎസ്എഫിന്റെ അവകാശവാദം. എന്നാൽ ഇത് സുഡാൻ സൈന്യം നിഷേധിച്ചു. ഈജിപ്തും ദക്ഷിണ സുഡാനും മധ്യസ്ഥതയ്ക്ക് സന്നധത അറിയിച്ചെങ്കിലും ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായില്ല.

വഴിയരില്‍ കൊന്നപ്പൂവ് വില്‍ക്കുന്നതിനിടെ മിനി ലോറിയില്‍ നിന്ന് തടി തെറിച്ചുവീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബാലന്‍ മരിച്ചു.

കൊറ്റമ്ബള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജിതയുടെ മകന്‍ മഹേഷി(13) നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച് വില്‍പ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.

രോഗിയായ അമ്മുമ്മയ്ക്ക് ചികിത്സയ്ക്ക് കൂടിയുള്ള പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു. കൊന്നപ്പൂവ് വില്‍ക്കുന്നതിലൂടെ കുറച്ചു പണം കണ്ടെത്താമെന്ന സുഹൃത്തുക്കളോട് പറഞ്ഞ് ആണ് മഹേഷ് കൊന്നപ്പൂവ് പറിച്ച് വില്‍ക്കാന്‍ റോഡരുകില്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

 

വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ ഗാര്‍ഹിക പീ‍ഡനമെന്ന് പൊലീസ്. റാത്തിക്കൽ സ്വദേശി നെബീനയാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തിൽ ഗൾഫുകാരനായ ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്‍സലിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കാണ് കേസിനാസ്പദമായ സംഭവം. വർക്കല റാത്തിക്കൽ സ്വദേശി 23 വയസുള്ള നെബീന സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പിന്നാലെ, ഭർത്താവിനും ഭർതൃകുടുംബത്തിനുമെതിരെ ആരോപണവുമായി സെബീനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയെന്നുമായിരുന്നു നെബീനയുടെ മാതാപിതാക്കളുടെ പരാതി.

കുടുംബപ്രശ്നം കാരണം അഫ്സൽ റാത്തിക്കലിലെ നെബീനയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി മടങ്ങി. മൊഴി ചൊല്ലുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനു പിന്നാലെയാണ് നെബീന തൂങ്ങിമരിച്ചത്. നെബീനയെ അഫ്സൽ ബൈൽറ്റ് ഊരി മര്‍ദ്ദിച്ചിരുന്നതായും ആരോപണമുയരുന്നുണ്ട്. സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നെബീനയുടെ മാതാപിതാക്കളുടെ പരാതിയിൽ അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

യുവതിയെ ചികിത്സിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ  യുവാവും യുവതിയും അറസ്റ്റിലായി. ഗൂഡല്ലൂര്‍ സ്വദേശിനി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.രഹസ്യഭാഗത്ത് വേദനയെന്ന പേരിൽ , നസീമയെ ചികിത്സിക്കുന്ന ഡോക്ടറെ ഇവര്‍ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി കുടുക്കില്‍ പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും ഡോക്ടര്‍ ആദ്യം പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ പ്രതികള്‍ വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെയാണ് പരാതിയുമായി ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.

നസീമ അവശ നിലയിലാണെന്നും ചികിത്സിക്കാന്‍ വീട്ടില്‍ വരണമെന്നും പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍ വീട്ടിലെത്തിയപ്പോള്‍ നസീമ അടുത്തിടപഴകുകയും ഇവരുടെ സഹായിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അമീന്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടില്‍ വെച്ച് ഗൂഗിള്‍ പേ വഴി 45,000 രൂപ കൈക്കലാക്കി. ഡോക്ടര്‍ രക്ഷപ്പെട്ട് പുറത്തിറങ്ങിയപ്പോള്‍ കാറിന്റെ താക്കോല്‍ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഒടുവില്‍ പിറ്റേ ദിവസം അഞ്ച് ലക്ഷം രൂപ എത്തിച്ചു നല്‍കിയ ശേഷമാണ് കാര്‍ വിട്ടു നല്‍കിയത്.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇടുക്കിയിലായിരുന്ന പ്രതികള്‍ തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ പെടുത്തിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

തൃശൂര്‍ വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ കണ്ണില്ലാത്ത ക്രൂരത കാണിച്ചയാളെ പോലീസ് പിടികൂടി. വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ മാല അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിന്നിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയില്‍പ്പെട്ടത്. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ്  വലപ്പാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും ഇന്നു രാവിലെ കൂട്ടിയിടിച്ചാണ് പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ ഇയാള്‍ മാല കൈക്കലാക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ബാബുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല താന്‍ എടുത്ത വിവരം പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബാബുവിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു വലപ്പാട് പോലീസ് പറഞ്ഞു.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറുമാണ് ഇന്നു രാവിലെ കൂട്ടിയിടിച്ചത്. ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവര്‍ മരിച്ചപ്പോള്‍ ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ദുബായിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം പത്തോളം പേര്‍ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. പാകിസ്ഥാന്‍, സുഡാന്‍ സ്വദേശികളും മരിച്ചിട്ടുണ്ട്.
അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം.

ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. 16 പേര്‍ മരിച്ചതായും മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിരിച്ചിരിക്കുകയാണ്.
ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

അല്‍ റാസ് ഏരിയയിലെ ഫിര്‍ജ് മുറാറിലെ നാലു നില കെട്ടിടത്തില്‍ ശനി ഉച്ചക്ക് 12.35 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ ദുബായ് സിവില്‍ ഡിഫന്‍സും പൊലിസും സ്ഥലത്തെത്തുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉച്ചക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് വന്‍ പുകയും തീയും പടരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.  പുകശ്വസിച്ചാണ് റിജേഷിന്റെയും ഭാര്യയുടെയും മരണം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അപകടകാരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചു.സിവില്‍ ഡിഫന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് സയീദ് ഫയര്‍ സ്റ്റേഷന്‍, ഹംരിയ ഫയര്‍ സ്റ്റേഷന്‍ എന്നിവടങ്ങളിലെ ടീമുകള്‍ രണ്ട് മണിക്കൂര്‍ കഠിനമായി പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും വക്താവ് അറിയിച്ചു.

മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി ചേപ്പുംപാറ നമ്പുരക്കല്‍ സാനിയ മാത്യു (അക്കു-21) മരിച്ചു. നാഗമംഗലം ബി.ജി.എസ്.നഴ്സിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

പൊന്‍കുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു. ഹെഡ് ലോഡിങ് തൊഴിലാളി നമ്പുരക്കല്‍ സാബുവിന്റെയും നിഷയുടെയും മകളാണ്. നാട്ടിലേക്ക് വരുന്നതിന് ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നവഴി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരപരിക്കേറ്റ സാനിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്. സഹോദരന്‍: സിബിന്‍. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വാഴൂര്‍ 19-ാംമൈല്‍ മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.

മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. ആടുമാന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് പിടിയിലായത്. മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞായിരുന്നു മര്‍ദനം.

പിഞ്ചുകുട്ടികളുടെ മുന്നിലിട്ടായിരുന്നു രാമചന്ദ്രന്‍ മകന്‍ സ്റ്റീഫന്റെ ഭാര്യ എ.എല്‍.പ്രേമലതയെ മര്‍ദിച്ചത്. തടി കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേല്‍പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. സംഭവസമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളിയായ സ്റ്റീഫന്‍ കൊല്ലത്ത് പണി സ്ഥലത്തായിരുന്നു.

യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം മകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പരിക്കേറ്റ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാമചന്ദ്രനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പമാണ് താമസം.

മുന്‍പും പ്രേമലതയെ രാമചന്ദ്രന്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രേമലത പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണ് പരിക്കേറ്റ ജിസ ഫാത്തിമയാണ് മരിച്ചത്.

തിരുവട്ടൂർ സ്വദേശിയായ അറാഫത്തിന്റെ വീടിന്റെ ചുമരിനടിയിൽ പെട്ടായിരുന്നു ബന്ധുവായ ജിസ ഫാത്തിമയ്ക്ക് പരിക്കേൽക്കുന്നത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും പരിക്കേറ്റിരുന്നു. ജിസ ഫാത്തിമയുടെ നില ഗുരുതരമായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്.

വിഷുവിന് കണിയൊരുക്കാൻ കൊന്നമരത്തിൽ നിന്ന് പൂ പറിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. ഇടുക്കി രാജകുമാരി മില്ലുംപടി സ്വദേശി കരിമ്പൻകാലയിൽ എൽദോസ് ഐപ്പാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

സുഹൃത്തുക്കൾക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്നയിൽ നിന്നു പൂവ് പറിക്കുന്നതിനിടെ മരച്ചില്ലയൊടിഞ്ഞ് എൽദോസ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഷിജിയാണ് ഭാര്യ. മക്കൾ: പ്രയോണ, ബേസിൽ.

RECENT POSTS
Copyright © . All rights reserved