സ്വന്തം ലേഖകൻ 

കൊച്ചി: സിനിമാ ആരാധകർ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഡിഎൻഎഫ്ടി. ജനുവരി 18ന് ബോൾഗാട്ടി പാലസിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കിയ ആളുകൾക്ക് ദൃശ്യ വിരുന്നിൽ പ്രവേശനം നൽകുന്നു. ഇതിനായി www.dnft.global എന്ന വെബ്സൈറ്റിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കാം.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎൻഎഫ്ടി. വെർച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കാനുള്ള മാർഗമാണ് ഡിഎൻഎഫ്ടി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഡിഎൻഎഫ്ടിയാണ് ലോകത്താദ്യമായി ഡിഎൻഎഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റിൽസും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടൻ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകൾ ചിത്രങ്ങൾ, നിർമ്മാണ വീഡിയോ എന്നിവയും മറ്റു ചില പതിപ്പുകളും ഏതാനും ചിലർക്ക് മാത്രം ഒരു നിശ്ചിത വിലയിൽ സ്വന്തമാക്കാം.

ഈ ഡിഎൻഎഫ്ടി പ്രോഡക്ടുകൾ വാങ്ങുന്നവരുടെയും ആവശ്യക്കാരുടെയും ചെയിൻ ബ്ലോക്കുകളിൽ ലഭ്യമാകും. അവ മറ്റേതു പ്രൊഡക്റ്റുകളെയും പോലെ കൈമാറ്റം ചെയ്യുവാനും ലാഭമുണ്ടാക്കാനും സാധിക്കും. കൂടാതെ ഡിഎൻഎഫ്ടിയുടെ അനേകം വിനോദ പരിപാടികൾ, താരങ്ങൾക്കൊപ്പമുള്ള പ്രത്യേക ഇന്ററാക്ഷൻ തുടങ്ങിയവയ്ക്കുള്ള പ്രവേശന പാസ്സ് ആയും ഈ പ്രോപ്പർട്ടി ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎൻഎഫ്ടി പ്രോപ്പർട്ടിയുടെ നിലവിലെ വിലയിൽ നിന്നും കുറയും.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ് എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യ കരാറാണ് മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബനുമായി നടത്തിയത്. ചിത്രത്തിലെ എക്സ്‌ക്ലൂസ്സീവ് കണ്ടന്റുകളാണ് ഡിഎൻഎഫ്ടിയിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ ഓസ്‌കാർ ഒഫീഷ്യൽ എൻട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകർപ്പവകാശങ്ങൾക്ക് പിന്നാലെ മറ്റൊരു സാമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വർഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡിഎൻഎഫ്ടി നീക്കം.