തിരുവനന്തപുരം: ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ, അതിന് പിന്നിലെ നിർണായക നീക്കങ്ങളുടെ വിശദാംശങ്ങളും പുറത്തുവന്നു. ട്വന്റി 20യെ ബിജെപി മുന്നണിയിലേക്ക് എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് സൂചന. തിരുവനന്തപുരം നഗരസഭയിലെ ചരിത്രവിജയം ആഘോഷിക്കാൻ അടുത്തിടെ കേരളത്തിലെത്തിയ അമിത് ഷാ, ട്വന്റി 20 നേതാവ് സാബു ജേക്കബുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബുമായി തുടർച്ചയായ ചർച്ചകൾ നടത്തി.
ഈ ചർച്ചകളുടെ അന്തിമ ഘട്ടമായിരുന്നു ഇന്ന് കൊച്ചിയിൽ നടന്ന കൂടിക്കാഴ്ച. അവിടെയുണ്ടായ ധാരണയ്ക്കു ശേഷമാണ് ട്വന്റി 20 എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് സാബു ജേക്കബ് രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സാബു ജേക്കബും വേദിയിൽ ഉണ്ടാകും. മോദിയുടെ സാന്നിധ്യത്തിലാണ് ട്വന്റി 20 ഔദ്യോഗികമായി എൻഡിഎയിൽ ചേരുക.
കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20യുടെ എൻഡിഎ പ്രവേശനം എറണാകുളം ജില്ലയിൽ ബിജെപിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നിലവിൽ കിഴക്കമ്പലം, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ എന്നീ നാല് പഞ്ചായത്തുകളിലാണ് ട്വന്റി 20 ഭരണം നടത്തുന്നത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ നേരിടാനാണ് എൻഡിഎയിലേക്കുള്ള ചുവടുമാറ്റമെന്ന വിലയിരുത്തലിനൊപ്പം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കവും.
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മന്ത്രി ഗണേഷ് കുമാർ ശക്തമായ ഭാഷയിൽ മറുപടി നൽകി. ഉമ്മൻചാണ്ടി തന്നെ പലതവണ ദ്രോഹിച്ചിട്ടുണ്ടെന്നും തന്റെ കുടുംബം തകർന്നതിലും മക്കളിൽനിന്ന് തന്നെ അകറ്റിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നുമാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചാണ്ടി ഉമ്മന്റെ പരാമർശങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
തന്റെ കുടുംബജീവിതം തകർന്നതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന ആരോപണം ആവർത്തിച്ച ഗണേഷ് കുമാർ, ആവശ്യമായാൽ പഴയ കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുവരെ പറയാതിരുന്ന കാര്യങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമുണ്ടെങ്കിൽ നേരിട്ട് പറയണമെന്നും കൂലിത്തല്ലുകാരെപ്പോലെ ഇറങ്ങിത്തിരിക്കരുതെന്നും ഗണേഷ് കുമാർ വിമർശിച്ചു.
ഇതിന് മറുപടിയായി, പിതാവ് ജീവനില്ലാത്തതിനാൽ ഇരുവരും തമ്മിൽ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഗണേഷ് കുമാർ ചെയ്ത കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ മനസ്സാക്ഷിയോട് തന്നെ ചോദിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കുടുക്കിയത് ഗണേഷ് കുമാറാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചത്.
കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. കോടതിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ഷിംജിത ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.
ബസിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ 23 ലക്ഷം പേർ വീഡിയോ കണ്ടു. ഇതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തത്. കേസെടുത്തതിന് ശേഷം ഒളിവിൽ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണായക തെളിവുകൾ ലഭിച്ചിട്ടില്ല. യാത്രയ്ക്കിടെ ഉപദ്രവം ഉണ്ടായതായി ആരും പരാതി നൽകിയിട്ടില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്.
കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം നിർണായക കണ്ടെത്തലുകൾ നടത്തി. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ കൊച്ചി സോണൽ ഓഫീസിൽ നിന്നുള്ള അന്വേഷണം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ വ്യാപക പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള നടപടികളിലാണ് റെയ്ഡ് നടപ്പാക്കിയത്. പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന പരിശോധനയിൽ ഏകദേശം 1.3 കോടി രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കളും 100 ഗ്രാം സ്വർണ്ണക്കട്ടയും പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ പവിത്രമായ സ്വർണവും വസ്തുക്കളും ഔദ്യോഗിക രേഖകളിൽ ‘ചെമ്പ് തകിടുകൾ’ എന്ന് തെറ്റായി രേഖപ്പെടുത്തി അനധികൃതമായി നീക്കം ചെയ്തതായി കണ്ടെത്തി. 2019 മുതൽ 2025 വരെ ഈ സ്വത്തുക്കൾ ചെന്നൈ, കർണാടക എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി രാസപ്രക്രിയകളിലൂടെ വേർതിരിച്ചെടുത്തതായി റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ഭരണാധികാരികൾ, സ്വകാര്യ ജ്വല്ലറികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് ഇഡിയുടെ കണ്ടെത്തലിൽ വെളിച്ചത്തിലായത്.
റെയ്ഡിനിടെ വിവിധ ഔദ്യോഗിക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ക്ഷേത്ര വഴിപാടുകളുമായി ബന്ധപ്പെട്ട അനധികൃത പണം കൈമാറ്റം, വരുമാനം വകമാറ്റൽ, വിശദീകരിക്കാത്ത സ്വത്തുക്കളുടെ ശേഖരണം തുടങ്ങിയ ക്രമക്കേടുകളും അന്വേഷണ പരിധിയിലാണെന്ന് ഇഡി വ്യക്തമാക്കി. ഒന്നിച്ച് സിആർപിഎഫ് ഭടന്മാരടക്കം നൂറോളം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. രാസവസ്തുക്കൾ ഉപയോഗിച്ച സ്വർണം വേർതിരിക്കൽ, പുനർനിർമ്മാണം എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പത്മകുമാറിനൊപ്പം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും സ്വർണ്ണ വ്യാപാരി ഗോവർദ്ധനും നൽകിയ ഹർജികളിലാണ് തീരുമാനം. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പത്മകുമാർ നൽകിയ മൊഴിയും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും എസ്.ഐ.ടി സത്യവാങ്മൂലം നൽകി. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
നവംബർ 20 നാണ് ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ബോർഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. കേസിൽ പ്രതികൾക്ക് പങ്കില്ലെന്ന നിലപാടാണ് പത്മകുമാർ ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നത്.
ഇതിനിടെ, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മറ്റൊരു സ്വർണ്ണ മോഷണക്കേസ് കൂടി നിലനിൽക്കുന്നതിനാൽ ഇയാൾക്ക് ഉടൻ ജയിൽ മോചനം ലഭിക്കില്ല. ആ കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയൂ.
ചെങ്ങന്നൂരിൽ രണ്ടുവയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. പുലിയൂർ തോട്ടിയാട്ട് പള്ളിത്താഴെയിൽ ടോംതോമസ്–ജിൻസി തോമസ് ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണ സംഭവം.
കുഞ്ഞിനെ കിടപ്പുമുറിയിൽ ഇരുത്തിയ ശേഷം അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. പിന്നീട് തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ് എന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ എസ്എൻഡിപി യോഗത്തെ പൊതുവേദികളിൽ അവഹേളിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സവർണ ഫ്യൂഡൽ മാടമ്പി മനോഭാവമാണ് സതീശന്റേതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മത–സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് കൊണ്ടുപോകുകയാണ് സതീശൻ ചെയ്യുന്നതെന്നും, ഇതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിയുടെ നിലപാടുകളെ തന്നെ സതീശൻ ചോദ്യം ചെയ്യുകയാണോ ഇതിലൂടെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. സമുദായ നേതാക്കളുടെ പിന്നാലെ പോകില്ലെന്ന് പറയുന്ന സതീശൻ എൻ.എസ്.എസ് ആസ്ഥാനത്ത് സമയം ചെലവിട്ട സംഭവവും, സീറോ മലബാർ സഭാ സിനഡ് നടന്നപ്പോൾ രഹസ്യമായി എത്തിയതും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പറവൂർ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെരുവാരം കാടാശ്ശേരി ഉഷ (64)യുടെ എട്ടുപവൻ തൂക്കം വരുന്ന സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുത്തു കടന്നു. നഗരസഭ 21-ാം വാർഡിലെ പെരുവാരം ഞാറക്കാട്ട് റോഡിന്റെ കിഴക്കുവശത്തുള്ള അങ്കണവാടി റോഡിൽ തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.
ദേശീയപാതയിലെ പെരുവാരം പൂശാരിപ്പടി റോഡിലൂടെ നടന്ന് അങ്കണവാടിക്ക് സമീപത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ സ്കൂട്ടറിൽ പിന്തുടർന്നെത്തി. സ്കൂട്ടറിൽ നിന്ന് ഒരാൾ ഇറങ്ങി ഉഷയുടെ സമീപത്തേക്ക് ചെന്നപ്പോൾ മറ്റേയാൾ സ്കൂട്ടർ കുറച്ച് മുന്നോട്ടു മാറ്റി നിർത്തി. പിന്നാലെ പിന്നിൽ നിന്നിറങ്ങിയ യുവാവ് ബലമായി മാല പൊട്ടിച്ചെടുത്തു.
മാല പിടിക്കാനുള്ള ശ്രമത്തിനിടെ ഉഷ റോഡിലേക്ക് വീണു. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്നയാൾ അടുത്തേക്ക് വാഹനം എത്തിക്കുകയും മാല പൊട്ടിച്ചയാൾ പിന്നിൽ കയറി ഇരുവരും രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ ഉഷയെ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലാണെന്ന സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തിരച്ചിൽ ശക്തമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവത്തെ കുറിച്ച് വടകര പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന യുവതിയുടെ വാദം പൊലീസ് തള്ളിയിട്ടുണ്ട്. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തു.
കേസിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതാണ് ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിയതെന്ന് കുടുംബം ആരോപിച്ചു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം സംഭവത്തിൽ നീതി തേടി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. ബസിൽ യാത്രയ്ക്കിടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. വിഷയം ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പു നൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.
ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ജോലിയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച തിരക്കേറിയ ബസിൽ യാത്ര ചെയ്യുമ്പോഴാണ് യുവതി വീഡിയോ എടുത്തതും പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.
സംഭവത്തിന് ശേഷം യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ആദ്യ വീഡിയോയ്ക്ക് പിന്നാലെ പങ്കുവെച്ച രണ്ടാം വീഡിയോ യുവതി പിന്നീട് നീക്കം ചെയ്തതായാണ് വിവരം. എന്നാൽ ബസിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോഴും അക്കൗണ്ടിൽ ഉണ്ടെന്ന് പറയുന്നു. അതേസമയം, യുവതിക്കെതിരെ വലിയ സൈബർ ആക്രമണവും നടക്കുകയാണ്. സംഭവത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് സംഘടനയുടെ അറിയിപ്പ്.