തിരുവനന്തപുരം ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. രണ്ട് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് നായയുടെ കടിയേറ്റു. നായ്ക്കൾക്ക് വാക്സിനേഷൻ ചെയ്യുന്നതിനിടയിലാണ് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് കടിയേറ്റത്. കല്ലറയിലേയും വർക്കലയിലേയും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ ക്യാമ്പിൽ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെൻ്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
മിതൃമ്മല സ്നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ നൽകുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്. ഓടി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും കൈകളിൽ കടിയേൽക്കുകയായിരുന്നു. വാക്സിൻ യജ്ഞത്തിൻ്റെ ഭാഗമായി നാൽപ്പതോളം നായകകൾക്ക് ഇവിടെ വച്ച് വാക്സിനേഷൻ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ ആരമാഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം വർക്കല ചെമ്മരുതി പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കും നായയുടെ കടിയേറ്റിരുന്നു. ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്സിൻ നൽകാൻ ശ്രമിക്കുന്നതിനിടയിൽ വിപിൻ്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണ സംഭവങ്ങൾ വർദ്ധിക്കുകയാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു ഭക്ഷണം നൽകിയ സീരിയൽ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്ത(64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുമ്പോഴാണു സംഭവം.
വലതു കൈപ്പത്തിക്കും വിരലുകൾക്കും പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരതന്നൂർ മാർക്കറ്റും ജംക്‌ഷനും കേന്ദ്രീകരിച്ച് 50 ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി ഭരതന്നൂർ ശാന്ത വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്. ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്.
കല്ലറ കുറ്റിമൂട്ടിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. അഭയ എന്ന കോളേജ് വിദ്യാർഥിനിയെയാണ് വീടിനുള്ളിൽ കയറി നായ കടിച്ചത്.
ഓടികൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചു വീണ് രണ്ട് മരണം. കൺമുൻപിൽ നടന്ന ദാരുണ അപകടത്തിന്റെ ആഘാതത്തിലാണ് നാട്ടുകാർ. പുന്നയൂർക്കുളം അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണു ദാരുണമായി മരിച്ചത്. ഒരു സ്‌കൂട്ടറും അപകടത്തിൽ തകർന്നിട്ടുണ്ട്.
ഇന്ന് രാവിലെ 7ന് അകലാട് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ഇവിടെ എത്തിയപ്പോൾ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം, ലോറിയുടെ പിറകിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാജിയുടെയും പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ദേഹത്തേയ്ക്ക് ഷീറ്റുകൾ വന്ന് അടിക്കുകയായിരുന്നു.
ഇരുവരും തൽക്ഷണം ആണ് മരണപ്പെട്ടത്. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് രക്ഷപ്രവർത്തനം നടത്തിയത്. മലപ്പുറത്തുനിന്നു ചാവക്കാടേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. മതിയായ സുരക്ഷയില്ലാതെയാണു ഷീറ്റുകൾ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ കടന്നുകളഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർക്കായുള്ള അന്വേഷണം നടത്തി വരികയാണ്.
തെരുവുനായകള്‍ക്ക് ഭക്ഷണം നൽകുന്നതിനിടയിൽ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് തെരുവ് നായ കടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്ക് ഉണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംങ്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ആണ് സംഭവം. വലതു കൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേരാണ് കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്.
ഇതിനിടെ, തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം. ഓരോ എസ്എച്ച്ഒമാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിജിപി പറയുന്നു.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത.
എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇങ്ങനെ ഒരു വാര്‍ത്ത വരാറുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.ഇലക്ഷന് നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് അതില്‍ ഒട്ടും താത്പര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.
ജനങ്ങളെ സേവിക്കാനുള്ള ഒരു വഴിയാണെന്ന രീതിയില്‍ തോന്നിയാലോ എന്ന് ചോദ്യത്തിന്”അങ്ങനെയല്ലാത്ത രീതിയില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യാറില്ല.പൊതുവായിട്ടുള്ള ബേസിക്ക് കാര്യങ്ങളൊക്കെ അറിയാം, നേതാക്കന്മാരെ എല്ലാമറിയാം” എന്നായിരുന്നു മഞ്ജു ഈ ചോദ്യത്തിന് നല്‍കിയ മറുപടി.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.
അതേസമയം, ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മള്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.
കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.
യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. എന്നാല്‍ തന്റെ സഹോദരിക്ക് ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ മരിച്ച ഐശര്യയുടെ സഹോദരന്‍ പരാതി നല്‍കി. തുടര്‍ന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കണ്ണന്‍ നായര്‍ അഭിഭാഷകനാണ്.
മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.
മലയാള സിനിമയിലെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ മലയാളത്തിലെ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു.
നടന്‍ ദിലീപിനെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും വലിയ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്.
ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.
ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇത് എന്നെ കണ്ടിട്ട് വേണമെങ്കില്‍ അവര്‍ പഠിക്കട്ടെ. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ല.
അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് പടങ്ങള്‍ക്ക് ഞാന്‍ എഴുതി. അയാള്‍ക്ക് അത് ഭയങ്കര ഇഷ്ടമായി. ഇറങ്ങാന്‍ പോകുന്ന പടത്തില്‍ ഒരു താരാട്ട് പാട്ടുണ്ട്. അടുത്ത പടത്തിലും ഞാന്‍ നാല് പാട്ട് എഴുതിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്.എനിക്ക് അത്യാര്‍ത്തിയില്ല. ചെയ്യേണ്ടത് ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്. ഇനി ചെയ്യാനും ആത്മവിശ്വാസമുണ്ട്, കൈതപ്രം പറഞ്ഞു.
തിളക്കം എന്ന സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും അഭിമുഖത്തില്‍ കൈതപ്രം പറയുന്നുണ്ട്. ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമക്കാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുമുണ്ടെന്നും കൈതപ്രം പറഞ്ഞു.
ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.
എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.
എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോടിയേരി. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായത്. നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ഓഗസ്റ്റ് 29 നാണ് കാന്‍സറിനെ തുടർന്നുള്ള വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.
സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ്.
വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെ പീരുമേട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജോബിഷിന്റെ ഭാര്യ ഷീജയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികള്‍ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീധന ബാക്കിയായ രണ്ടു പവന്‍ സ്വര്‍ണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാന്റ് ചെയ്തു.