കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ കുരുങ്ങി ഹര്‍ഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. അഞ്ച് വര്‍ഷമാണ് ശാരീരിക അസ്വസ്ഥതകളും കഠിനമായ വേദനയും ഹര്‍ഷിന അനുഭവിച്ചത്. ഒടുവില്‍ മൂത്രത്തില്‍ പഴുപ്പിനെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ബ്ലാഡറില്‍ തട്ടിനില്‍ക്കുന്ന നിലയില്‍ സര്‍ജിക്കല്‍ കത്രിക കണ്ടെത്തിയത്.

”ഇനി മറ്റൊരാള്‍ക്കും ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ ദുരിതമാണ് അനുഭവിച്ചത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാന്‍ നേരിട്ട പ്രയാസത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം”-എന്നാണ് നോവ് മാറാത്ത ഹര്‍ഷിന പറയുന്നത്.

കോഴിക്കോട്അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ കാസിം-റാബിയ ദമ്പതിമാരുടെ മകളും പന്തീരാങ്കാവ് മലയില്‍കുളങ്ങര അഷ്റഫിന്റെ ഭാര്യയുമാണ് മുപ്പതുകാരി ഹര്‍ഷിന. 2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ വെച്ചായിരുന്നു ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയകള്‍ നടന്നത്.

മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചുനടത്തി. പിന്നീട് നിരന്തരം ഹര്‍ഷിനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ആയിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ സിടി സ്‌കാന്‍ പരിശോധനയാണ് യൂറിനറി ബ്ലാഡറിലെ തടസത്തെ തുറന്നുകാണിച്ചത്. വിശദപരിശോധനയില്‍ ബ്ലാഡറിനോട് ചേര്‍ന്ന് 6.1 സെന്റീമീറ്റര്‍ നീളമുള്ള ലോഹഭാഗം കുത്തിനില്‍ക്കുന്നതായി കണ്ടെത്തി.

ഇതോടെ ശസ്ത്രക്രിയക്കിടെ സംഭവിച്ചതാവാമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കുതന്നെ റഫര്‍ചെയ്യുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റിലുണ്ടായിരുന്നത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയാണെന്ന് വ്യക്തമായത്. അപകടകരമായ നിലയില്‍ കുത്തിനില്‍ക്കുന്ന സ്ഥിയിലായിരുന്നു ആ കത്രിക.

സെപ്റ്റംബര്‍ 28-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ തന്നെ ഉടന്‍തന്നെ ആരോഗ്യമന്ത്രിക്കും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് പോലീസിലും പരാതിനല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി മൂന്നംഗ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇവി ഗോപി പറഞ്ഞു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി, സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുക. അന്വേഷണറിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.