Kerala

വിഴിഞ്ഞത്തുനിന്ന് കാണാതായ പതിമൂന്നുകാരി വിമാന മാർഗം ഡൽഹിയിലേയ്ക്ക് പോയതായി പൊലീസ് കണ്ടെത്തി. കുടുംബാംഗങ്ങൾ പൊലീസിനെ വിവരം അറിയിച്ച ശേഷം നടത്തിയ അന്വേഷണത്തിലൂടെ ആണ് പെൺകുട്ടിയെ കണ്ടെത്തിയത് .

ഡൽഹിയിൽ നിന്നുള്ള പൊലീസ് സംഘം പെൺകുട്ടിയെ ബന്ധപ്പെടുകയും, കുടുംബത്തിനൊപ്പം മടക്കിക്കൊണ്ടുവരാൻ ഒരുക്കമാകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാരോപിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എംപി ഷാഫി പറമ്പിലിനെതിരെ തുറന്നടിച്ചു. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തിയത് .

ഷാഫിയും രാഹുലും സ്ത്രീ വിഷയത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും, രാഹുലിന്റെ ഹെഡ് മാഷ് ഷാഫി പറമ്പിലാണെന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട സംഭവങ്ങളിൽ ഷാഫി പറമ്പിൽ പ്രതികരിക്കാത്തത് ഇത്തരത്തിലുള്ള ബന്ധത്തിന്റെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെ സസ്പെൻഡ് ചെയ്ത നടപടി വിഡി സതീശൻ എടുത്തത് നിർബന്ധിതമായ സാഹചര്യത്തിലാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിൽ ഉയർന്ന തലത്തിലുള്ള ചില നേതാക്കളുടെ സംരക്ഷണം കൊണ്ടാണ് ഇരുവരും ഇത്രകാലം രക്ഷപ്പെട്ടതെന്നും, പാർട്ടിയിൽ തന്നെ വലിയ അധ്യാപകരാണ് മുകളിൽ ഇരിക്കുന്നതെന്നും സുരേഷ് ബാബു വിമർശിച്ചു.

വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജി സമർപ്പിച്ചു. കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ രൂക്ഷമായതും നേതൃതലത്തിൽ ചേരിതിരിവ് ശക്തമായതുമാണ് രാജിയിലേക്ക് നയിച്ചത്. അപ്പച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്.

വയനാട്ടിലെ കോൺഗ്രസിൽ നടന്ന ചില ആത്മഹത്യാ സംഭവങ്ങൾ പാർട്ടി തലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനത്തിനിടെയാണ് പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യയും തുടർന്ന് ഡിസിസി ഭാരവാഹിയുടെ ബന്ധുവിന്റെ ആത്മഹത്യാശ്രമവും ഉണ്ടായത്. ഇതോടെ ഹൈക്കമാൻഡ് അടക്കം ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു.

പ്രിയങ്കാ ഗാന്ധി പര്യടനം അവസാനിച്ച് മടങ്ങിയ ദിവസങ്ങൾക്കകം അപ്പച്ചന്റെ രാജിയുണ്ടായി. ഇതേ സമയം ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ പേരിലുള്ള ബാങ്ക് വായ്പ കെപിസിസി അടച്ചുതീർത്ത് പ്രശ്നങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, രാജിക്കുശേഷവും വയനാട്ടിലെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നുവെന്നാണ് സൂചന.

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊമ്മേരി സ്വദേശിയും കാട്ടികുളങ്ങര സ്വദേശിയുമായ ഹരിദാസനെയാണ് (64) നടക്കാവ് പൊലീസ് പിടികൂടിയത്. 15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിനിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, സിപിഒ സുബൈർ എന്നിവരുടെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തെ തുടർന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സമൂഹവും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനൊപ്പം വികസനം നടത്താനുള്ള ഇടതുമുന്നണി സർക്കാരിന്റെ സമീപനത്തിനെതിരെ വിമർശനമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഒൻപതാണ്ട് വിട്ടു നിന്ന ശേഷം എൻഎസ്എസ് വീണ്ടും ‘സമദൂരത്തിലേക്ക്’ തിരിച്ചെത്തി, ശബരിമലയുടെ വിഷയത്തിൽ സർക്കാർ നിലപാടിന് പിന്തുണ അറിയിച്ചു.

കോൺഗ്രസിനെ വിമർശിച്ചും സർക്കാരിന്റെ നിലപാടിനെ അംഗീകരിച്ചും പ്രശംസിച്ചു ആണ് സുകുമാരൻ നായർ ഇടതുപക്ഷത്തിന് രാഷ്ട്രീയ പിന്തുണ നൽകിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇതിനെ അംഗീകരിച്ച്, ആഗോള അയ്യപ്പസംഗമം ഇടതുപക്ഷത്തിന് പ്രധാന സാമുദായിക പിന്തുണയായി മാറിയതായി പറഞ്ഞു.

എൻഎസ്എസ് സർക്കാർ സത്യവാങ്മൂലം പാലിക്കുന്നതിനും വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ടതായും, കോൺഗ്രസ് കള്ളക്കളി കളിക്കുകയാണെന്നും സുകുമാരൻ നായർ നിർവചിച്ചു. സർക്കാർ നിലപാടിനെ വിശ്വസിക്കാമെന്ന് അദ്ദേഹം പറഞ്ഞു, യുവതീപ്രവേശ കാര്യത്തിൽ സർക്കാർ ഏതെങ്കിലും നടപടിക്രമം തിരുത്തിയില്ലെന്നും, കേസുകൾ പിൻവലിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് സംരക്ഷണത്തിലാണ് ആലുവയിൽ ചോദ്യം ചെയ്യൽ നടന്നത്.

‘പ്രതിപക്ഷം’ എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചുവെന്ന ഷൈനിന്റെ പരാതിയിലാണ് കേസ്. എന്നാൽ, താൻ അവഹേളിച്ചിട്ടില്ലെന്നാണ് ഷാജഹാന്റെ മറുപടി. ഇതോടൊപ്പം, ഒന്നാം പ്രതിയായ സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

അതേസമയം, തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപണം ഉന്നയിച്ചു . പറവൂർ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള മൂന്നാം പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

പാലക്കാട്: ലൈംഗികാരോപണ വിവാദത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തി. വളരെ അടുത്ത കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് യാത്രാ വിവരം അറിയിച്ചത്.

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ എം.എൽ.എ ബോർഡ് വെച്ചാണ് അദ്ദേഹം എത്തിയതെന്ന് പറയുന്നു. പാലക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സേവ്യറിന്റെ മരണത്തിൽ അനുശോചിക്കാൻ കുടുംബത്തെ സന്ദർശിച്ച ശേഷം മുൻ കോൺഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാർക്കാട്ടെ വസതിയിലും പോയി.

ഇന്നും ജില്ലയിൽ ചില സ്വകാര്യ സന്ദർശനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. എന്നാൽ മാധ്യമങ്ങളെയോ പൊതുപരിപാടികളെയോ എം.എൽ.എ അറിയിക്കാതെ എത്തിയാൽ തടയും എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. കോൺഗ്രസിന് അനുകൂലമായി സഹതാപ തരംഗം ഉണ്ടാക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും അടുത്ത ഘട്ട നടപടികളെന്നും അവർ വ്യക്തമാക്കി.

എം.എൽ.എ എത്തുമെന്ന വിവരം പുറത്തു വന്നതോടെ, പുലർച്ചെ മുതൽ പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് മുന്നിൽ പൊലീസ് കാവൽ ശക്തമാക്കിയിരുന്നു .

കേരള സർക്കാർ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രൂക്ഷമായ ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായി, 29-ന് വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിലാണ് ഐക്യദാർഢ്യ പരിപാടി. മുഖ്യാതിഥിയായി ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ് പങ്കെടുക്കും. അദ്ദേഹം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

മാധ്യമോത്സവത്തിന്റെ ഭാഗമായി ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും ഒരുക്കും. കൊല്ലപ്പെട്ടവർ പകർത്തിയ ചിത്രങ്ങളും അവർ തയ്യാറാക്കിയ വാർത്തകളും പ്രദർശനത്തിലേയ്ക്ക് ഉൾപ്പെടുത്തുന്നതായും മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഐക്യദാർഢ്യ സദസ്സിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച്‌ അർജന്റീന ടീം മാനേജർ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. മത്സരം നവംബറില്‍ തന്നെ നടക്കുമെന്നും കബ്രേര അറിയിച്ചു. കൂടുതല്‍ ഒരുക്കങ്ങള്‍ വിലയിരുത്താൻ കൂടുതല്‍ സംഘം ഉടൻ അർജന്റീനയില്‍ നിന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് ‍പ്രതികരിച്ചു .

ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കും. ലോക റാങ്കിംഗില്‍ 50 താഴെയുള്ള ടീം വേണം എന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. ഒടുവിലാണ് റാങ്കിംഗില്‍ 25 ആം സ്ഥനത്തുള്ള ഓസ്‌ട്രേലിയയെ തീരുമാനിച്ചത്.ഖത്തര്‍, സൗദി അറേബ്യ ടീമുകളേയും അര്‍ജന്റീനയുടെ എതിരാളികളായി പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് അവസാനം ഓസ്‌ട്രേലിയക്ക് വീഴുകയായിരുന്നു.സ്‌പോണ്‍സര്‍ കമ്ബനിയും ഓസ്‌ട്രേലിയയും തമ്മില്‍ കരട് കരാര്‍ കൈമാറി. ഖത്തര്‍ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു.

സന്ദർശനത്തില്‍ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാനും പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിന് പുറമെ എല്ലാ മലയാളി കായിക പ്രേമികള്‍ക്കും മെസ്സിയെയും അർജന്റീന ടീമിനെയും കാണാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പങ്കുവെച്ചു.

കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ കടത്തിയ കേസിൽ സംസ്ഥാനത്ത് വൻ പരിശോധന നടത്തി 36 കാറുകൾ പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മിഷണര്‍ ടി. ടിജു അറിയിച്ചു.

കാറുകൾ ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന ശേഷം കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ സൈന്യം, എംബസി, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവയുടെ സീലുകൾ പോലും വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പരിവാഹൻ വെബ്‌സൈറ്റിലും വ്യാജ രേഖകൾ ചേർത്തുവെന്നുമാണ് കസ്റ്റംസ് വിവരം.

വാഹനങ്ങൾ വാങ്ങിയതും വിറ്റതും നിയമവിരുദ്ധ ഇടപാടുകളിലൂടെയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. അറിഞ്ഞും അറിയാതെയും വാഹനങ്ങൾ വാങ്ങിയവർ ഉണ്ടെന്നും താരങ്ങളുടെ പങ്ക് അന്വേഷണം പൂർത്തിയായാൽ മാത്രമേ വ്യക്തമാവൂ എന്നും അറിയിച്ചു. ഉടമകൾ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് കസ്റ്റംസ് നിർദേശിച്ചു.

RECENT POSTS
Copyright © . All rights reserved