Kerala

കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.

സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.

വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.

അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്തരിച്ച കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷമാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് അലി അക്ബർ ആണെന്നും. മണിച്ചേട്ടന്റെ മരണത്തിന് ഇപ്പുറവും അദ്ദേഹം തന്നെ മറന്നിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ധാരാളം സിനിമ സംവിധായകർ ഉണ്ടെങ്കിലും ഇത്പോലെ ചേർത്ത് നിർത്തലും സമാശ്വാസവും ഉണ്ടായത് അലി അക്ബറിൽ നിന്ന് മാത്രമാണെന്നും ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെയാണ് ആർഎൽവി രാമകൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ

ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.

നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു’. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല. ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല.

ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു. എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.

ഷെറിൻ പി യോഹന്നാൻ

ഡി ഫാം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന വിനു, അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. അമ്മ ആശ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ട്. കിടപ്പിലായ അമ്മൂമ്മ മരണപ്പെടുന്നതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ ആ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുന്നു. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലത്തേക്കുള്ള വാതിലായിരുന്നു അത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. ഇടയ്ക്കിടെ ഹൊറർ എലമെന്റുകളും വന്നു പോകുന്നു. ആ വാടക വീടും വിനുവും അമ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പല പ്രശ്നങ്ങൾ അലട്ടുന്ന, സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു പേരെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ലോ പേസിൽ നീങ്ങുന്ന കഥ ആദ്യ പകുതിയുടെ അവസാനം ആകാംഷ സമ്മാനിക്കുന്നുണ്ട്. പിന്നീട് കൃത്യമായ സൈക്കോളജിക്കൽ മൂഡ് നിലനിർത്തുന്ന ചിത്രം അവസാന പതിനഞ്ചു മിനിറ്റിൽ ഞെട്ടിക്കുന്ന ഹൊറർ ത്രില്ലറായി രൂപം മാറുകയാണ്. നിസ്സഹായരായി, പരസ്പരം പഴിചാരുന്ന അമ്മയും മകനും പ്രേക്ഷകനുമായി കണക്ട് ആവുന്നിടത്ത് കഥ എൻഗേജിങ്‌ ആവുന്നു.

കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകനുള്ളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ രേവതിയും ഷെയിൻ നിഗവും മികവ് പുലർത്തുന്നു. ക്ലൈമാക്സ്‌ സീനിലെ ഇരുവരുടെയും പ്രകടനം അതിഗംഭീരമാണ്. പതിവ് ജമ്പ് സ്കയറുകളും ഗിമ്മിക്കുകളും ഒഴിവാക്കിയുള്ള കഥപറച്ചിൽ രീതിയാണ് ‘ഭൂതകാല’ത്തെ വ്യത്യസ്തമാക്കുന്നത്.

കഥയുടെ സിംഹഭാഗവും ഒരു വീടിനുള്ളിലാണ് നടക്കുന്നത്. എന്നാൽ ആവർത്തന വിരസതയില്ലാതെ സീനുകളെ ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ഒരേയൊരു ഗാനം മനോഹരമാണെങ്കിലും പ്ലേസ്മെന്റ് അത്ര ഉചിതമായി തോന്നിയില്ല. ഏതാനും ചില കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെപ്പറ്റിയും സിനിമ തീവ്രമായി സംസാരിക്കുന്നു.

Last Word – ഹൊറർ ചിത്രങ്ങളിൽ കണ്ടുവരുന്ന ക്‌ളീഷേകൾ പരമാവധി ഒഴിവാക്കിയാണ് ‘ഭൂതകാലം’ കഥപറയുന്നത്. സ്ലോ പേസിൽ നീങ്ങുന്ന ചിത്രം പ്രകടന മികവിലൂടെയും വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെയും എൻഗേജിങ്ങായി മാറുന്നു. ഉദ്വേഗജനകമായ ക്ലൈമാക്സും ഗംഭീരം. വലിയ സ്‌ക്രീനിൽ, നല്ല സൗണ്ട് സിസ്റ്റത്തിന്റെ സഹായത്തോടെ കണ്ടാൽ മികച്ച അനുഭവം ലഭിക്കുമെന്നുറപ്പ്.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മേപ്പടിയാൻ തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്ന് വരുന്നുണ്ട്. സംഘപരിവാർ അജണ്ടകളാണ് ഒളിഞ്ഞും തെളിഞ്ഞും ചിത്രം പറയുന്നതെന്നാണ് പ്രധാന ആരോപണം. സേവാഭാരതിയുടെ ആംബുലൻസ് മുതൽ ചിത്രത്തിലെ നായകൻ കറുപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്നത് വരെ വിമർശനത്തിന് കാരണമാകുന്നു.

ഇപ്പോഴിതാ മേപ്പടിയാൻ പച്ചയായ വർഗീയത പറയുന്ന ചിത്രമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ. ജനം ടിവിക്കും സേവാഭാരതിക്കും നന്ദി പറഞ്ഞ് തുടങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തോന്നിവാസമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് പറയുന്നു. സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുന്നതാണെന്നും ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത്. പച്ചയായി തന്നെയാണ്. ഫിലിം ആരംഭിക്കുന്നതിന് മുൻപ് നന്ദി പറയുന്ന മീഡിയകൾ മാതൃഭൂമിയോടും ജനം ടി വി യോടും ആണ്.. സേവാഭാരതി യോടും ഉണ്ട് നന്ദി. പി സി ജോർജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോൾ ജനം ടി വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാൻ.. ഉണ്ണി മുകുന്ദൻ്റെ ഫിലിം പ്രാഡക്ഷൻ കമ്പനി ആയ UMF നിർമ്മിച്ച ചിത്രമായത് കൊണ്ട് തൻ്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്.

വിഷ്ണു മോഹൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്.. കഥയിൽ ഇന്ദ്രൻ സ് അ വ ത രിപ്പിക്കുന്ന അഷറഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപെടാത്ത കഥാപാത്രമാക്കി തീർക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. തികഞ്ഞ മതവിശ്വാസിയാണ് അഷറഫ് ഹാജി.. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം.. അഷറഫ് ഹാജിയെ കാണിക്കുമ്പോഴല്ലാം പുട്ടിന് പീര പോലെ നിസ്ക്കരിച്ചിട്ട് വരാം, പള്ളിയിൽ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷനിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാൻ ചേർക്കുന്നതാണ് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പോകരുത്.അഷറഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്..അവതരിപ്പിക്കുന്നത്.

നായകൻ തികഞ്ഞ ഹിന്ദു മത വിശ്വാസി. നിഷ്ക്കളങ്കൻ.. അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി..ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്കുവായ.. കറുത്ത മുണ്ടും കറുത്ത ഷർട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണൻ..കൃഷ്ണൻ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം. രണ്ട്… കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത .. ധനാഡ്യനായ.. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത… വെളള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന ..ഉപ്പുറ്റിയുടെ മുകളിൽ ആണ് മുണ്ട് നിൽക്കുന്നത്.. മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി.. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേർ.. അവരുടെ വേഷവും സമാനം.. ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം..

നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര് ശബരി.. കഥയിൽ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാൻ പോകുന്ന നൻമയുടെ പ്രതീകമായ റെയിൽവേ ലെയിൻൻ്റെ പേര് ശബരി..നായകനെ സഹായിക്കാനായി വരുന്ന ആംബുലൻസിൻ്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താൻ ഉപയോഗിച്ച അതേ ആംബുലൻസിൻ്റെ പേര്.. സേവാഭാരതി.. അവസാനം ഗബരി റെയിൽ പാത വരുന്നു.. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നു.. നൻമ നിറഞ്ഞ ജയകൃഷ്ണൻ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയിൽ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് ശബരി റെയിൽ വന്നത് കൊണ്ട് തകരുന്നതായും നമ്മൾ സങ്കൽപിക്കണം.. അവസാന സീൻ.. കറുത്ത മുണ്ട്.. കറുത്ത ഷർട്ട്.. കാലിൽ ചെരുപ്പടാതെ ജയകൃഷ്ണൻ.. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയിൽ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം..

ജയകൃഷ്ണൻ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുന്നു.. ഇരുമുടിക്കെട്ട്.. കാണിക്കുന്നു.. ബി ജി എം ഇടുന്നു.. മലയ്ക്ക് പോയി വന്നതിന് ശേഷം.. അടുത്ത സീൻ… അതാണ് സീൻ… ജയകൃഷ്ണൻ്റെ വീടിൻ്റെ പാർക്കൽ.. അന്നത്തെ പത്രത്തിലെ വാർത്ത.. കേന്ദ്ര സർക്കാർ ശബരി റെയിലിനായി 164 2 കോടി അനുവദിച്ചിരിക്കുന്നു… ഹൈന്ദവ മത വിശ്വാസിയായ..നൻമ മരമായ ജയകൃഷ്ണൻ വിജയിക്കുന്നു.. ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു.. മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ… താങ്കൾ ഭംഗിയായ് വർഗ്ഗിയത പറയുന്നതിൽ വിജയിച്ചിരിക്കുന്നു.. ആർ എസ് എസ് കാർ ചെയ്ത രണ്ട് നൻമകളും കൂടി കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോഡീജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു.. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്… നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് RSS സും.. ഭൂരിപക്ഷ വർഗ്ഗീയതയും.. കേരളത്തിൻ്റെ മണ്ണിൽ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്.. ഉണ്ണി മുകുന്ദൻ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്.. തുടരുക.

ഒന്നറിയുക.. ഇത് കേരളമാണ്… നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്..

വർഗ്ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്. അവിടെയൊക്കെ സിനിമ വേവണമെങ്കിൽ ഇത്തരം വർഗ്ഗീയതയ്ക്ക് കുട പിടിക്കരുത്.. അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിൻ്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാൻ.. എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ.. ഗ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്.. കാഞ്ഞ ബുദ്ധിയായ് പോയ്.. ഉണ്ണിയേ.. ഒരു വർഗ്ഗീയതയും ഇവിടെ പുലരില്ല.. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ… അന്തസ്സും അഭിമാനത്തോടെയും കൂടി നല്ല സിനിമകൾക്ക് കാശ് ചില വാക്കൂ.. ഉണ്ണി മുകുന്ദൻ.. ഞങ്ങൾ പ്രോത്സാഹിപ്പിക്കാം..എന്നാൽ..ഇതൊന്നും ഇവിടെ നടക്കില്ല.. ഇത് താങ്കൾ വിചാരിക്കുന്ന പോലത്തെ മണ്ണല്ല…

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിന് എതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി.

അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. അവധിദിവസമായ നാളെ പ്രത്യേകമായി പരിഗണിക്കും.

നേരത്തെ, ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും ബലാത്സംഗം ചെയ്യൻ ക്വട്ടേഷൻ നൽകിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പൊടി മില്ല് തുടങ്ങാൻ തീരുമാനിച്ച യുവതി സർക്കാർ ഓഫീസിൽ നിന്ന് നേരിട്ട ദുരനുഭവം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്‌ലോർ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവർക്ക് അല്ല. ഗവൺമെൻറ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണമെന്നും മിനി കുറിക്കുന്നു.

ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ഒടുവിൽ മനംമടുത്ത് സ്വരുകൂട്ടിയ പേപ്പറുകളെല്ലാം ഉദ്യോഗസ്ഥരുടെ മുൻപിലിട്ട് കീറിയെറിഞ്ഞ ശേഷമായിരുന്നു മിനി മടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

എന്റെ പ്രവാസി സഹോദരൻ സഹോദരിമാരോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്, ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു പൊടി മില്ല് ഇടാൻ തീരുമാനിച്ചു അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷനിൽ പോയി.

അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു അവിടെ 5പേർക്ക് 5000വെച്ചു 25000 രൂപ കൊടുക്കണം അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട് കേട്ടോ അവിടെ നല്ല സർമാരും ഉണ്ട്. അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈക്കൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം അവസാനം ഞാൻ 16000രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്.

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവർക്ക് അല്ല. ഗവൺമെൻറ് ജോലിക്കാർക്ക് ആണ്. ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത് ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട്‌മെൻറിലെ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ

എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെയാണ് വിഎസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും പോസിറ്റീവായത്. മകൻ വി എ അരുൺ കുമാർ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ.

നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്ന് അരുൺ കുറിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ജനുവരി 23,30 തീയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.

സ്കൂളുകൾ പൂർണ്ണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്.

മേഖലകൾ തിരിച്ച് നിയന്ത്രണം കർശനമാക്കും. തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രം മറ്റിടങ്ങളിൽ 50 പേർ. രോഗവ്യാപനതോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം’ അതാത് കളക്ടർമാർക്ക് തീരുമാനിക്കാം.

കേരളത്തിലെത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ ഗോരഖ്പൂരിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉത്തര്‍പ്രദേശ് പോലീസിന്റെ റെയ്ഡ്. റെയ്ഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പോലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം.

പ്രായമായ മാതാവും ബന്ധുവായ സ്ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും അവരെ ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ യുപി പോലീസ് റെയ്ഡ് നടത്തുന്നതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.

വീട്ടില്‍ റെയ്ഡ് നടത്തുന്ന പോലീസുകാരുടെ ചിത്രം പങ്കുവച്ച് കഫീല്‍ ഖാന്‍ കുറിച്ചു:

”70 വയസ് പ്രായമുള്ള മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാന്‍ സാധിക്കില്ല. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്. അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ. ചെയ്തോളൂ. പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. മനുഷ്യത്വം ബാക്കിയുണ്ടാവണം.”

തന്റെ ‘എ ഡോക്ടേഴ്സ് മെമയിര്‍ ഓഫ് എ ഡെഡ്ലി മെഡിക്കല്‍ ക്രൈസിസ്: ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് കഫീല്‍ ഖാന്‍ ഇപ്പോഴുള്ളത്. മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എംഎ ബേബി തുടങ്ങിയവരുമായി കഫീല്‍ ഖാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുള്ള കഫീല്‍ ഖാന്‍ യുപിയിലെ സാഹചര്യങ്ങളെക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

പാന്‍ മാക്മില്ലനാണ് കഫീല്‍ ഖാന്റെ പുസ്തകത്തിന്റെ പ്രസാധകര്‍. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്സിജന്‍ പ്രതിസന്ധിയും വിഷയത്തില്‍ ഇടപ്പെട്ടതിന് പിന്നാലെ താന്‍ നേരിട്ട ഭീഷണിയും ദുരനുഭവങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് കാണിക്കുന്നതാണ് കഫീല്‍ഖാന്റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പുസ്തകം.

സത്യം തുറന്ന് കിട്ടിയതിന്റെ പേരില്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന പീഡനവും കഫീല്‍ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുസ്തകം മലയാളത്തില്‍ ഉള്‍പ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യുപി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved