ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ് രോഗബാധിതനായി ഐസിയുവിലായപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് പാക്ക് ക്രിക്കറ്റ്താരം മുഹമ്മദ് റിസ്‌വാൻ കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ചു.
ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ തൊണ്ടയിലെ അണുബാധയുമായി ചൊവ്വാഴ്ച എത്തിയ റിസ്‌വാനെ തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. സഹീർ സൈനുലാബ്ദീനാണു ചികിത്സിച്ചത്.
തൊണ്ടയിലെ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണെന്നും ഭേദമാകാൻ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടു മറികടന്നാണു റിസ്‌വാൻ ടീമിനൊപ്പം ചേർന്നതെന്നും ഡോ. സഹീർ പറഞ്ഞു.
വെള്ളിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ ഓപ്പണറായി ഇറങ്ങി പാക്ക് ടീമിലെ ടോപ് സ്കോററുമായി. ‘എനിക്ക് ടീമിനൊപ്പം ചേർന്നു കളിക്കണം..’ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും പാക്ക് താരം മുഹമ്മദ് റിസ്വാൻ ഇതാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ഡോ. സഹീർ.
35 മണിക്കൂർ ഇവിടെ കഴിഞ്ഞശേഷം ക്രീസിലെത്തി തകർപ്പൻ പ്രകടനം നടത്തിയ റിസ്വാനെക്കുറിച്ച് സഹീർ പറയുന്നു “അവിശ്വസനീയം”. ഭേദമാകാൻ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടാണ് റിസ്വാൻ മറികടന്നതെന്നും ഡോ.സഹീർ സൈനുലാബ്ദീൻ ചൂണ്ടിക്കാട്ടുന്നു.
യുവ ഫുട്‌ബോളര്‍ ആദര്‍ശ് യാതൊരു ആശങ്കളുമില്ലാതെ സ്‌പെയിനിലേയ്ക്ക് പറക്കും. ആര്‍ശിന് വേണ്ട വിമാനടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് മലയാള മണ്ണിന്റെ സ്വന്തം സഞ്ജു സാംസണ്‍ രംഗത്തെത്തി.
സ്പെയിനിലെ മൂന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡിപ്പോര്‍ട്ടീവോ ലാ വിര്‍ജെന്‍ ഡെല്‍ കാമിനോവില്‍ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദര്‍ശിന് അവസരം ലഭിച്ചു. എന്നാല്‍ പരിശീലനത്തിനായി സ്‌പെയിനില്‍ എത്തിച്ചേരാന്‍ സാമ്പത്തികം തടസ്സമായി. ഇതറിഞ്ഞതോടെയാണ് സഞ്ജു വിമാനടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് രംഗത്തെത്തിയത്.
മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ബിരുദവിദ്യാര്‍ഥിയാണ് ആദര്‍ശ്. സഞ്ജുവിനു പുറമേ ചെങ്ങന്നൂര്‍ എംഎല്‍എയും സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി തുക സംഘടിപ്പിക്കുന്നതില്‍ ആദര്‍ശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ് 50000 രൂപ സമാഹരിച്ച് നല്‍കിയെന്നും ബാക്കി വന്ന തുക താന്‍ ആദര്‍ശിന് കൈമാറിയെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം…
ഒരാഴ്ച്ച മുൻപാണ് മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് എന്ന ചെറുപ്പക്കാരൻ എന്നെ കാണാൻ വരുന്നത്. തിരുവല്ല മാർത്തോമ്മ കോളേജിലെ ബിരുദവിദ്യാർത്ഥിയായ ആദർശ് ഫുട്ബോൾ താരമാണ്. ആദർശിന് വലിയൊരു അവസരം ലഭിച്ചിട്ടുണ്ട്, എന്നാൽ സാമ്പത്തികം എന്ന കടമ്പയിൽ തട്ടി ആ അവസരം നഷ്ടപ്പെടും എന്ന പ്രതിസന്ധിഘട്ടത്തിലാണ് എം.എൽ.എ എന്ന നിലയിൽ എന്നെ കാണാൻ വന്നത്.
സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശിന് അവസരം ലഭിച്ചു. അഞ്ചോളം മത്സരങ്ങളും ഈ കാലയളവിൽ കളിക്കുവാൻ സാധിക്കും. പ്രകടനം ക്ലബിനോ മറ്റ് ക്ലബുകൾക്കോ ഇഷ്ടപ്പെടുകയാണെങ്കിൽ കോണ്ട്രാക്റ്റ് ലഭിക്കുവാനും സാധ്യതയുണ്ട്. സ്‌പെയിൻ പോലെയുള്ള ഫുട്ബാൾ രംഗത്തെ അതികായ രാജ്യത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുവാൻ അവസരം ലഭിക്കുക എന്നത് നമ്മുടെ നാട്ടിലെ ഫുട്ബാൾ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവസരമാണ്. എന്നാൽ ഇതിന് ആവശ്യമായ ചിലവ് നമ്മൾ സ്വയം കണ്ടെത്തണം. ഇതായിരുന്നു ആദർശിന്റെ പ്രതിസന്ധി.
ഇക്കാര്യം അറിഞ്ഞ നമ്മുടെ പ്രിയ താരം Sanju Samson ആദർശിന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്. നാട്ടിലെ അഭ്യുദയകാംഷികളും പഠിച്ച വിദ്യാലയവുമൊക്കെ അവരാൽ കഴിയുന്ന സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വേണ്ടി വന്ന തുക നൽകുവാൻ കായികവകുപ്പിന്റെ സാധ്യതകൾ പരിശോധിച്ചെങ്കിലും ആദർശിന് ഉടനെ പോകേണ്ടതിനാൽ അതിന് മുമ്പ് ലഭിക്കുവാൻ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദർശിന് കൈമാറി. ബാക്കി ആവശ്യമായ തുക ഞാൻ ആദർശിന് കൈമാറി. മറ്റന്നാൾ ആദർശ് മാഡ്രിഡിലേക്ക് യാത്ര തിരിക്കും.
ലെഫ്റ്റ് വിങ് ഫോർവേഡാണ് ആദർശ്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ. നാളെ ആദർശ് നമ്മുടെ അഭിമാനതാരമാകും എന്നെനിക്ക് ഉറപ്പുണ്ട്. അതിന് ഈ അവസരം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു.
അടുത്ത 12 മണിക്കൂറിനുള്ളിൽ അൻഡമാനിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളിൽ മധ്യ – കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം എത്തിച്ചേരും. ഇത് ശക്തികൂടി തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പുതിയ ന്യൂനമർദം രൂപപ്പെട്ടതിൻെറ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ കനത്ത മഴയുണ്ടാകും. ഞായറാഴ്ച പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ചെറുതോണി ഡാം ശനിയാഴ്ച തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ 2400 അടിവരെ ജലനിരപ്പ് ആകുന്നത് വരെ കാത്തുനിൽക്കില്ലെന്നും അതിന് മുമ്പ് തന്നെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി
എം.ബി.ബി.എസ്. ഡിഗ്രി ഉള്ളവര്‍ എം.ബി.ബി.എസ് ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന സഭയിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയില്‍ ഷംസീര്‍ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
എം.ബി.ബി.എസ് ബോര്‍ഡും വെച്ച് പീടിയാട്രിക്‌സും ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണമെന്നാണ് ഷംസീര്‍ സഭയില്‍ പറഞ്ഞത്. അവര്‍ ജനറല്‍ മെഡിസിനോ, നെഫ്രോളജിയോ, സൂപ്പര്‍ സ്പെഷ്യാലിറ്റിയോ നേടിയ ചികിത്സാ രീതികള്‍ നല്‍കാന്‍ പാടില്ലെന്നും അത് തടയപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ സംഭവിച്ചത് നാക്കു പിഴയാണെന്നും അതുണ്ടാക്കിയ വേദനയില്‍ താന്‍ മാപ്പു പറയുന്നുവെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോകര്‍മാരെ ആക്ഷേപിക്കുന്ന തരത്തില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ കടന്നുവന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നിയമസഭാ രേഖകളില്‍ തിരുത്താന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പിജിയുണ്ടെന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രീതിയിലുള്ള പല കേസുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തടയണമെന്നുമാണ് താന്‍ ഉദ്ദശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
”പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍” എന്ന ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 2012ല്‍ ആണ് റിലീസ് ചെയ്തത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.
ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.
പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.
തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മുൻ മിസ് കേരള ജേതാക്കൾ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. മരിക്കുന്നതിന് മുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.
നവംബർ ഒന്നാം തീയതിയാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ 2019ലെ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങൾ മാറ്റി.
അതേസമയം, അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഒരു ഔഡി കാർ ഇവരെ പിന്തുടർന്നിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡിജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.
എന്നാൽ ഡിജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡിവിആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡിജെ പാർട്ടിക്ക് ശേഷം രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാർട്ടി നടന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാറിന്റെ 12 കോടിയുടെ തിരുവോണം ബംപറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.
കണ്ണൂര്‍ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലന്‍ മരട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.
പോപ്പുലര്‍ ഫ്രണ്ട്, കണ്ണൂര്‍, കേരള എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. തിരുവോണം ബംപറില്‍ ലഭിച്ച പണത്തില്‍ നിന്നും 65 ലക്ഷം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കത്തില്‍ പറയുന്നു.
കത്തിന്റെ കാര്യം മൂന്നാമത് ഒരാള്‍ അറിയരുത് എന്നും ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം അതല്ലെങ്കില്‍ പണം അനുഭവിക്കാന്‍ അച്ഛനേയും മക്കളേയും അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നതായി ജയപാലന്‍ വ്യക്തമാക്കി.
അലുവാ കഷണം പോലെ ഒരു സ്ഥലം ഉണ്ടെന്നും അതില്‍ അര ഏക്കര്‍ വാങ്ങണമെന്നും അതിന്റെ വിലയാണ് 65 ലക്ഷമെന്നും കത്തിലുണ്ട്. ജീവിതം വഴിമുട്ടിയ എഴുപതുകാരനും ഭാര്യയ്ക്കും സഹായത്തിന് ആരുമില്ലെന്നും കത്തില്‍ പറയുന്നു.
കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ”മുതല്‍ ജപ്തിയിലാണ്. വീണ്ടെടുക്കാന്‍ ഓനെക്കൊണ്ടും ഓളെ കൊണ്ടും കഴിയില്ല. ഓനാണെങ്കില്‍ മാനസിക രോഗിയാണ്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഞമ്മടെ ജാതിയിലെ ഒരു നായിന്റെ മോന്‍ ചതിച്ച ചതിയാണ്. നിങ്ങള്‍ക്ക് പടച്ചോന്‍ കനിഞ്ഞതാണ്. നിങ്ങള്‍ അധ്വാനിച്ചതല്ലല്ലോ. ആ പടച്ചോനോട് നന്ദികേട് കാട്ടരുത്. ഇവര്‍ നിങ്ങള്‍ കാരണം രക്ഷപ്പെടണം. 7 കോടിയില്‍ നിന്ന് ഈ പണം നഷ്ടപ്പെടുന്നില്ലല്ലോ. നിങ്ങളുടെ പിന്നാലെ ഞങ്ങളുടെ ആള്‍ക്കാരുണ്ട്. നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട”.
ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവഎഞ്ചിനീയർ നാട്ടിൽവെച്ച് മരിച്ചു. അണുബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. എലിപ്പനിയാണന്ന് സംശയിക്കുന്നു. പുനലൂർ ഇടമൺ ആനപെട്ട കോങ്കൽ അശോക ഭവനിൽ നന്ദു അശോകൻ (27) ആണ് മരണമടഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഒമാനിലെ അൽ ഖുറൈറിലെ ആർക്ക് ഹോം എഞ്ചിനീയറിങ് കൺസൽറ്റൻസിയിലെ എഞ്ചീനിയറായിരുന്നു നന്ദു. രണ്ടാഴ്ച മുൻപ് ഒമാനിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും നന്ദുവും പങ്കാളിയായിരുന്നു.
പിന്നീട് ഒരാഴ്ച മുൻപ് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ 7 ന് രാവിലെ നാട്ടിലെത്തി. തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ആന്തരാവയവങ്ങൾക്കെല്ലാം അണുബാധയേറ്റിരുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.
നന്ദുവിന്റെ കൂടെ അന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ സഹപ്രവർത്തകർക്കും അസ്വസ്ഥതകളുണ്ട്. 2019 ഫെബ്രുവരി 23 നാണ് ഇയാൾ ഒമാനിലേക്ക് പോയത്. ആനപെട്ടകോങ്കൽ എസ്എൻഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ മുൻ പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു.
ആനപെട്ടകോങ്കൽ സി കേശവൻ മെമ്മോറിയൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരൻ സനന്തു അശോകൻ.
യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.