കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി. ഇന്ന് വിമാനത്തില്‍ നടന്ന സംഭവം ആര്‍ജെ സൂരജാണ് വെളിപ്പെടുത്തിയത്. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. അദ്ദേഹം എംപിയെ ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ആര്‍ജെ സൂരജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആര്‍ജെ സൂരജ് പറഞ്ഞത്: നേരില്‍ കണ്ട കാര്യം സത്യസന്ധമായി പറയാന്‍ മടിക്കേണ്ടതില്ലല്ലോ.. ഒക്ടോബര്‍ 24 ന് വൈകിട്ട് കൊച്ചി കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ 20 A സീറ്റ് യാത്രക്കാരനായിരുന്നു ഞാന്‍..വിമാനത്തിലേക്ക് ഏറ്റവും അവസാനമായി MP ശ്രീ സുധാകരന്‍ കടന്നു വന്നു.. അദ്ദേഹത്തിനൊപ്പം കറുപ്പു ഷര്‍ട്ടും വെള്ള ഷര്‍ട്ടുമിട്ട രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.. വിമാനത്തില്‍ 19 FD & 18 FD സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.. ബാക്കില്‍ നിന്ന് വരുമ്പോള്‍ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. അദ്ദേഹം MP ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ് പറഞ്ഞു ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ല..
അദ്ദേഹം അല്‍പം രോഷത്തോടെ ചോദിച്ചു നിങ്ങള്‍ എപ്പോഴും ഇതൊക്കെ നോക്കിയാണോ പോകാറുള്ളത്.. ഞാന്‍ ഈ വിമാനത്തില്‍ ഒരു സ്ഥിരം യാത്രക്കാരനാണ്..
എയര്‍ഹോസ്റ്റസ് മറുപടി നല്‍കി, സ്ഥിരം യാത്രക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയുമല്ലോ സാര്‍..
തുടര്‍ന്ന് അദ്ദേഹം അസ്വസ്ഥതയോടെ ഒഴിഞ്ഞു കിടന്ന 18 D സീറ്റില്‍ ഇരുന്നു.. ഏറ്റവും ബാക്കിലെ സീറ്റായിരുന്നു എന്റേത് അവിടെയായിരുന്നു ഈ സംഭവങ്ങള്‍ നടക്കുന്നത്..ഇതിനിടയില്‍ എന്റെ സീറ്റിനടുത്തിരുന്ന ഒരാള്‍ എയര്‍ ഹോസ്റ്റസിനോടും, ഫ്‌ലൈറ്റ് ഡോറിനടുത്ത് ഒരു കണ്‍ഫ്യൂഷന്‍ കണ്ട് പുറത്തുനിന്ന് കയറി വന്ന മലയാളിയായ ഗ്രൗണ്ട് സ്റ്റാഫിനോടുമായി പറഞ്ഞു അദ്ദേഹം MP ആണെന്ന്..
അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു ഫ്‌ലൈറ്റില്‍ MP ആയാലും സെയിം തന്നെ എന്ന്..ഇതു കേട്ടുകൊണ്ട് കടന്നു വന്ന MP ക്കൊപ്പ വെള്ള ഷര്‍ട്ടുകാരന്‍ ഫുള്‍ ബഹളം തുടങ്ങി..’നീ നിന്റെ പേരു പറയെടാ..’ എന്നൊക്കെ പറഞ്ഞ് ഫുള്‍ ഒച്ചപ്പാട്.. എയര്‍ ഹോസ്റ്റസ് ആകെ ടെന്‍ഷനായപോലെ.. ഫ്‌ലൈറ്റിലെ മറ്റൊരു യാത്രക്കാരും ഇങ്ങനൊരു സംഭവമേ അറിയുന്നില്ലാത്ത പോലെ..!
ആദ്യമായി ഇങ്ങനൊരു സീന്‍ കാണുന്ന ഞാന്‍ ഇതിനിടയില്‍ 18 D യില്‍ ഇരിക്കുന്ന MP യോട് സൗഹാര്‍ദ്ദപൂര്‍വ്വം പറഞ്ഞു.. സാര്‍ ഫ്‌ലൈറ്റില്‍ ഇതുപോലെ ഒരു സീന്‍ ഉണ്ടാക്കിയാല്‍ അതിന്റെ നാണക്കേട് താങ്കള്‍ക്ക് തന്നെയാണ്.. എല്ലാവരും ഒരുപോലെയുള്ള യാത്രക്കാരല്ലേ ഇവിടെ.. ബാക്കില്‍ താങ്കളുടെ പേരിലാണ് ബഹളം നടക്കുന്നത് എന്ന്.. ഉടന്‍ കാര്യം മനസിലാക്കിയ MP എഴുന്നേറ്റ് ബാക്കില്‍ ചെന്ന് ആ കയറു പൊട്ടിച്ചു നിന്ന ചേട്ടനോട് ‘മതി.. വിട്ടേക്ക് ‘ എന്ന് പറഞ്ഞു.. എന്നിട്ടും അയാള്‍ ചൂടാകുന്നുണ്ടായിരുന്നു..!! ഇടയില്‍ ആ ചെറുപ്പക്കാരന്‍ എയര്‍ ഹോസ്റ്റസിനോട് പറയുന്നത് കേട്ടു.. താന്‍ MP യോട് ക്ഷമ പറയണം എന്നാണ് വെള്ളഷര്‍ട്ടുകാരന്‍ ആവശ്യപ്പെടുന്നതെന്ന്..! ഗ്രൗണ്ട് സ്റ്റാഫായതിനാല്‍ ആ ചെറുപ്പക്കാരന്‍ ഉടന്‍ തന്നെ കൊച്ചിയില്‍ ഇറങ്ങി..!
വെള്ള ഷര്‍ട്ടുകാരന്‍ എയര്‍ ഹോസ്റ്റസിനോട് പറഞ്ഞു അവന്റെ ഡീറ്റെയില്‍സ് പറഞ്ഞു തരാതെ കണ്ണൂരിലെത്തിയാല്‍ താന്‍ ഈ ഫ്‌ലൈറ്റില്‍ നിന്ന് ഇറങ്ങില്ല എന്ന്..! (ഈ ഫ്‌ലൈറ്റ് പറക്കുമ്പോഴാണ് ഞാന്‍ ഈ ഭാഗം വരെ എഴുതുന്നത്.. അയാള്‍ കണ്ണൂരില്‍ ഇറങ്ങുമോ ഇല്ലയോ എന്ന് ലാസ്റ്റ് കണ്ടിട്ട് പറയാം..)
അത്ഭുതമെന്തെന്നാല്‍ എല്ലാ സീറ്റിലും നിറഞ്ഞിരിക്കുന്ന ഒരു മനുഷ്യന്‍ പോലും ഈ സംഭവമൊന്നും കേട്ടതോ കണ്ടതോ ആയ ഭാവം പോലും നടിക്കുന്നില്ല.. ഞാന്‍ നാട്ടില്‍ അധികം ഇല്ലാത്തതു കൊണ്ടും വല്ലപ്പോഴും മാത്രം ഡൊമസ്റ്റിക് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നതുകൊണ്ടും ഇവിടെ ഇതൊക്കെ സ്ഥിരം ഇങ്ങനെയാണോ എന്നെനിക്കറിയില്ല.. ഒരുപക്ഷേ അതാവാം ആരും ഒരക്ഷരം മിണ്ടാത്തത്..!
ഒടുവില്‍ ഞാന്‍ തന്നെ അയാളോട് പറഞ്ഞു.. ‘സഹോദരാ ഇത്രേം യാത്രക്കാരുടെ മുന്നില്‍ ഇങ്ങനെ ഷോ കാണിച്ച് നിങ്ങള്‍ എന്തിനാണ് MP യുടെ വില കളയുന്നത്..? അയാള്‍ ചെയ്തതില്‍ എന്താണ് തെറ്റ്..? അയാള്‍ അയാളുടെ ജോലിയല്ലേ ചെയ്തത്..?’
അതു കേട്ടപ്പൊ എന്നെ രൂക്ഷമായി നോക്കി അയാള്‍ മുന്നിലേക്ക് പോയി..കൂടെ MP യും മുന്നിലേക്ക് പോയി ഒരു സീറ്റില്‍ ഇരുന്നു..
ഇതൊക്കെ കണ്ടപ്പൊ എനിക്ക് പറയാനുള്ളത് ഇത്രേയുള്ളൂ.. ജനങ്ങളെക്കാള്‍ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധികള്‍.. അത് കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ബി ജെ പി എന്നൊന്നുമില്ല.. ജനങ്ങള്‍ക്കുള്ള പ്രിവിലേജിനപ്പുറം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ പോലും അതേ ജനങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നിടത്ത് തനിക്ക് മാത്രം പ്രിവിലേജ് വേണമെന്ന് വാശി പിടിക്കുന്നത് മോശം..
അടുത്തകാര്യം, അദ്ദേഹം ചെയ്തത് ശെരിയല്ലെന്ന് വ്യക്തമായി മനസിലായിട്ടും അദ്ദേഹം ആ വിഷയം ഒഴിവാക്കി സീറ്റില്‍ ചെന്ന് ഇരുന്നിട്ടും തന്റെ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താന്‍ കൂടെയുള്ള വെള്ള ഷര്‍ട്ടുകാരനും കറുപ്പു ഷര്‍ട്ടുകാരനും കാണിച്ച പെരുമാറ്റം വറും തെമ്മാടിത്തരം..
അവര്‍ മനസിലാക്കേണ്ടതെന്തെന്നാല്‍ അവര്‍ MP യുടെ കൂടെ നടക്കുനവരും പാര്‍ട്ടിക്കാരുമൊക്കെയായിരിക്കും പക്ഷേ നിങ്ങളും ഞങ്ങളെ പോലെ സാധാരണ പൊതുജനം മാത്രമാണ്.. MP ജനപക്ഷത്ത് നിന്ന് എളിമകാണിക്കേണ്ടതിലും പത്തിരട്ടി എളിമ അദ്ദേഹത്തിന്റെ കൂടെ ഉള്ളവര്‍ കാണിക്കണം.. അല്ലെങ്കില്‍ അത് നിങ്ങളെ കൊണ്ടു നടക്കുന്നവര്‍ക്ക് തന്നെ നാണക്കേടാകുന്ന കാര്യമാകും..!
ഒരു കാര്യം കൂടി.. അത് ആ ഫ്‌ലൈറ്റിലുള്ള മറ്റു പൊതു ജനങ്ങളോടാണ്.. ശെരിയല്ലാത്ത കാര്യം മുന്നില്‍ കണ്ടാല്‍ നേരില്‍ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കെവിടെ നിന്ന് നഷ്ടപ്പെട്ടു..?
ഫേസ്ബുക്കില്‍ കമന്റ് ബോക്‌സില്‍ ഘോരഘോരം എഴുതുന്നവരും വാഗ്വാദം നടത്തുന്നവരും ഈ വിമാനത്തിലുണ്ടാകാം.. ഒരാളു പോലും ഇങ്ങനൊരു സംഭവം മൈന്റ് ചെയ്തില്ല..! നാട്ടില്‍ വന്ന മാറ്റത്തിലും സ്വഭാവത്തിലും അതിശയം തോന്നുന്നു..!
ഒന്നുകൂടി പറയട്ടേ ഈ എഴുത്ത് രാഷ്ട്രീയപരമല്ല.. എനിക്കൊരു രാഷ്ട്രീയം ഉണ്ടെങ്കിലും ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമല്ല.. എന്റെ കണ്മുന്നില്‍ കണ്ടത് കുറിച്ചു അത്രേയുള്ളൂ.. ജനങ്ങള്‍ക്കുള്ള അതേ അവകാശങ്ങളാണ് ജനപ്രതിനിധികള്‍ക്കും അവരുടെ കൂടെ ഉള്ളവര്‍ക്കും വേണ്ടതെന്ന് മാത്രം.. ഏത് രാഷ്ട്രീയത്തിലുള്ളവരായാലും അവര്‍ ചുരുങ്ങിയത് പൊതു ഇടങ്ങളിലെങ്കിലും പെരുമാറേണ്ട നല്ല രീതി ഓര്‍മ്മിപ്പിച്ചെന്ന് മാത്രം..
NB: ഒടുവില്‍ 13 DF സീറ്റിലെ മറ്റൊരു യാത്രക്കാരനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി MP യെ ഒറ്റക്കിരുത്തി എയര്‍ ഹോസ്റ്റസ് പ്രശ്‌നം പരിഹരിച്ചു.. ഒടുവില്‍ ഈ വിഷയത്തില്‍ ഇടപെട്ടതുകൊണ്ടാവണം അവള്‍ എന്നോട് വന്ന് ചോദിച്ചു..
‘Sir are you ok sir..?’
ഞാന്‍ പറഞ്ഞു ‘I don’t have any issue dear.. Its my first time I am facing such a situation in flight, Thats why interrupted..! ‘
അതായത് ഞാന്‍ പറഞ്ഞു.. ‘ഡിയര്‍ എനിക്കൊരു പ്രശ്‌നവുമില്ല.. ഞാന്‍ വിമാനത്തില്‍ ആദ്യമായാണ് ഇങ്ങനൊരു സാഹചര്യം കണ്മുന്നില്‍ കാണുന്നത്.. അതുകൊണ്ടാണ് ഇടപെട്ടത്..! ‘
അതു കേട്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി..! അതായത്..
‘ഞങ്ങള്‍ക്ക് ഇത് ശീലമാണ് സര്‍..!’
വാലറ്റം : ഇത് കണ്ണൂരില്‍ എത്തിയ ശേഷമുള്ള കഥ, ആ ഫ്‌ലൈറ്റ് ഇറങ്ങിയ ശേഷം കൈയില്‍ ഗോള്‍ഡന്‍ ചങ്ങലയിട്ട വെളുത്ത ഷര്‍ട്ടുകാരന്‍ പുറത്തിറങ്ങുമ്പോള്‍ എയര്‍ഹോസ്റ്റസിനോട് നേരത്തെ പറഞ്ഞ ഗൗണ്ട് സ്റ്റാഫിന്റെ ഡീറ്റെയില്‍സ് ചോദിച്ചു.. അവര്‍ അറിയില്ലെന്ന് പറഞ്ഞു.. പിന്നീട് എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുമ്പൊ കണ്ട കാഴ്ച MP എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥരോടും ഇന്‍ഡിഗോ ഉദ്യോഗസ്ഥനോടും സംസാരിക്കുന്നു.. ശേഷം ബോഡിംഗ് പാസ് കാണിച്ച് ഹെല്‍ത്ത് ക്ലിയറന്‍സ് സ്ലിപ്പ് വാങ്ങേണ്ട ക്യൂവില്‍ എല്ലാരും നില്‍ക്കുമ്പോള്‍ ക്യൂ ശ്രദ്ധിക്കാതെ അധികൃതര്‍ക്കൊപ്പം മൂന്നു പേരും പുറത്തേക്ക്.. അത് സാരമില്ല ആ പ്രിവിലേജ് നമ്മുടെ ജനപ്രതിനിധിക്ക് നമുക്ക് നല്‍കാം.. പക്ഷേ പിന്നീട് എയര്‍പ്പോര്‍ട്ടിന് പുറത്ത് അദ്ദേഹത്തിന്റെ കാറില്‍ ഇരുന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥന്റെ ഫോണില്‍ ആരെയോ വിളിച്ച് ഈ പ്രശ്‌നങ്ങള്‍ വിവരിക്കുന്നു..
ഇത്രയും എഴുതിയെങ്കിലും ഇത് പോസ്റ്റ് ചെയ്യാന്‍ തോന്നിപ്പിക്കുന്നത് പിന്നീടുണ്ടായ സംഭവമാണ്.. MP ഫോണില്‍ സംസാരിക്കവേ വെള്ള ഷര്‍ട്ടുകാരനോട് ഞാന്‍ പറഞ്ഞു നിങ്ങള്‍ ഈ കാണിക്കുന്ന ഷോ ബോറാണ്.. കാരണം ആ പയ്യന്‍ അവന്റെ ജോലിയാണ് ചെയ്തത്..
‘അവനെ സസ്പന്റ് ചെയ്യാന്‍ പോകുകയാണ് ഭായി’ എന്ന് ആ വെള്ള ഷര്‍ട്ടുകാരന്‍ വളരെ സിമ്പിളായി പറഞ്ഞു.!!
‘അയാള്‍ ചെയ്ത തെറ്റെന്താണ്..?’ ഞാന്‍ ചോദിച്ചു..
‘അവന്‍ പറഞ്ഞതെന്താണെന്ന് നിങ്ങള്‍ കേട്ടോ..?’
‘ആ കേട്ടു.. ഞാനായിരുന്നു ലാസ്റ്റ് സീറ്റില്‍.. MP ആയാലും ഫ്‌ലൈറ്റില്‍ സെയിം ആണെന്ന് പറഞ്ഞു..’
‘അല്ല.. MP കോപ്പാണെന്ന് പറഞ്ഞു..’
‘ഞാന്‍ അങ്ങനൊന്ന് കേട്ടില്ല.. പക്ഷേ ഈ നിസ്സാരകാര്യത്തിന് നിങ്ങളീ കാണിക്കുന്ന പെരുമാറ്റം MP ക്ക് തന്നെ മോശമാണ്..’
ഞാന്‍ പിന്നെയും സംസാരിച്ചപ്പോള്‍..
‘നിങ്ങളോട് ഇതൊന്നും സംസാരിക്കേണ്ട കാര്യം എനിക്കില്ല’ എന്ന് അയാള്‍ പറഞ്ഞു..
ഇത് ശ്രദ്ധിച്ച MP ഇടപെട്ട് അയാളോട് പറഞ്ഞു..
‘വേണ്ടാത്ത സംസാരം ഒഴിവാക്ക്..’
തുടര്‍ന്ന് വെള്ള ഷര്‍ട്ടുകാരന്‍ വണ്ടിയുടെ ബാക്ക് സീറ്റില്‍ കയറിയിരുന്ന് എന്നെ രൂക്ഷമായിത്തന്നെ നോക്കി ഒന്ന് തലയാട്ടി കടന്നു പോയി..!
രാഷ്ട്രീയം ഓരോരുത്തര്‍ക്കും നല്ലത് തന്നെയാണ് പക്ഷേ ഏതു രാഷ്ട്രീയം ഉള്ളയാളായാലും അല്‍പം മയത്തിലാകാം ഇടപെടലുകള്‍.. ഈ എഴുത്തില്‍ എന്റെ രാഷ്ട്രീയം ചികയുന്നവര്‍ക്ക് വ്യത്യസ്ഥമായ രാഷ്ട്രീയം കണ്ടെത്താം പക്ഷേ ഒരു രാഷ്ട്രീയത്തിനും ഞാന്‍ എന്നെ പണയം വച്ചിട്ടില്ല അതില്‍നിന്ന് ആദായവും പറ്റുന്നില്ല.. സൊ കണ്മുന്നില്‍ കണ്ട ശെരിയല്ലാത്ത കാര്യം തുറന്നെഴുതിയെന്ന് മാത്രം.. അതാരു ചെയ്യുന്നത് നേരില്‍ ബോധ്യപ്പെട്ടാലും പറയാന്‍ മടിയില്ലതാനും..
സ്വന്തം ജോലി ചെയ്തതിന്റെ പേരില്‍ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ.. പൊതു പ്രവര്‍ത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അല്‍പം കൂടി മയത്തോടെ പെരുമാറട്ടേ.. അത്രേള്ളൂ ഈ എഴുത്തിന്റെ ചുരുക്കം.
ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ചാമരാജ് നഗർ ജില്ല ആശുപത്രിയിൽ ആവശ്യപ്പെട്ടത് 25,000 രൂപ! തൃശൂർ പുല്ലട്ടി പാവറട്ടി സ്വദേശി ശ്രീജിത്താണ് (30) കഴിഞ്ഞദിവസം ഗുണ്ടൽപേട്ട് ബേഗൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. യുവാവ് സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ചാണ് അപകടം.
തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചാമരാജ് നഗർ ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹം യുവാവിെൻറ ജന്മനാടായ തൃശൂരിലെത്തിക്കാൻ സുൽത്താൻ ബത്തേരിയിൽനിന്ന് ബന്ധുക്കൾക്കൊപ്പം ആംബുലൻസ് അയച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി ജീവനക്കാരനും ഡോക്ടറും 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരന് 5,000 രൂപ നൽകിയെങ്കിലും ബാക്കി തുക നൽകാതെ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇൗ സമയമത്രയും മൃതദേഹം ആശുപത്രി മോർച്ചറിയിലായിരുന്നു.
ആംബുലൻസിലെത്തിയവർ വിവരം നാട്ടിലുള്ള ബന്ധുക്കളെ ധരിപ്പിച്ചു. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് ആർ.എസ്.എസ് പ്രവർത്തകർ ചാമരാജ് നഗറിലെ യൂനിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 5,000 രൂപ ആശുപത്രി ജീവനക്കാരൻ തിരികെ നൽകി. സംഭവമറിഞ്ഞ് ഡിെെവ.എസ്.പി പ്രിയദർശിനി സാനെകൊപ്പയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഇതോടെ കൈക്കൂലി നൽകാതെ തന്നെ ഡോക്ടർ പോസ്റ്റ്േമാർട്ടം നടത്തി മൃതദേഹം വിട്ടുനൽകി.
കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറുടെ പേര് മരിച്ചയാളുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ചാമരാജ് നഗർ ജില്ല ആശുപത്രി അഴിമതിയുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും പ്രതിഷേധക്കാരിലൊരാളായ ഋഷഭേന്ദ്രപ്പ പറഞ്ഞു. നിസ്സാര കാര്യങ്ങൾക്കുപോലും ആശുപത്രി ജീവനക്കാർ ൈകക്കൂലി ആവശ്യപ്പെടുകയാണ്. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ അസിസ്റ്റൻറ് സ്റ്റാഫാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പ്രശ്‌നം പരിഹരിച്ചതായും ചാമരാജ് നഗർ ജില്ല ആശുപത്രിയിലെ റസിഡൻറ് മെഡിക്കൽ ഒാഫിസർ ഡോ. കൃഷ്ണപ്രസാദ് പറഞ്ഞു. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. എന്നാൽ വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല സർജൻ ഡോ. ശ്രീനിവാസ് വ്യക്തമാക്കി.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കൂത്തുപറമ്പില്‍ നിന്ന് തില്ലങ്കേരിയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. റോഡരികിലുള്ള സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മത്സരയോട്ടം സംശയിക്കുന്നുണ്ട്. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പരിക്കേറ്റ ആകാശ് തില്ലങ്കേരിയെയും സുഹൃത്തുക്കളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളില്‍ അശ്വിന്റെ
നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. മറ്റൊരു സുഹൃത്തായ അഖില്‍ ഐസിയുവിലാണ്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.
രണ്ട് കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരുന്ന ഇയാള്‍ മൂന്ന് മാസത്തോളം പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നത്.
ആശുപത്രിയിലായതിനെ തുടര്‍ന്ന് ജാമ്യം തേടി കോടതിയെ സമീപിച്ച കണ്ണന് ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവധിച്ചതോടെ പോലീസ് പിന്‍മാറിയിരുന്നു.6 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്റെ താല്‍ക്കാലിക ജാമ്യം റദ്ദ് ചെയ്യുകയും സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.
കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണന്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയിരിക്കുന്നത്. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണന്‍ മുങ്ങിയിരിക്കുന്നത്.
ഇതിനിടെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പട്ടാമ്പിയിലെ വനിത ഡോക്ടറുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനെ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും ഈ കേസില്‍ പ്രതികളാണ്.
ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മേക്കൊഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ലോറിക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരില്‍നിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
തടിയുടെ കെട്ട് അയഞ്ഞുപോയതിനാല്‍ അഗ്‌നിരക്ഷാസേനയെത്തിയിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായി. പത്തനംതിട്ടയില്‍നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തിനിര്‍ത്തി അഗ്‌നിരക്ഷാസേനയുടെ കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളിലും ഇടുക്കിയിലും ശക്തമായ മഴ. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാനിര്‍ദേശം നല്‍കും. ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയത്തെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പുയരുന്നു.
എരുേലി ചെര്‍ളയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴയുണ്ട്. തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു. പത്തനംതിട്ടയുടെ മലയോര മേഖലകളിലും ശക്തമായ മഴയാണ്. ആങ്ങാമൂഴി വനത്തില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.
ഓറഞ്ച് അലര്‍ട്ട് – 21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ .മഞ്ഞ അലര്‍ട്ട് -21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്. 22/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 23/10/2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് 25/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.
സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ് തട്ടിപ്പിനിരയായത്.
ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിച്ചത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.
പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ് ഒഴിവാക്കിയതായി സി.കെ. ഗോൾഡ് ഉടമകൾ പറഞ്ഞു.
1996 മുതല്‍ സിനിമാ രംഗത്ത് സജീവമായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്.
എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്.
എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു.
സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്്നമാണോ മറ്റുള്ളവര്‍ക്ക്. അവര്‍ പറഞ്ഞു.
കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മസാജ് സെന്ററില്‍ ഒളിക്യാമറ സ്‌ഥാപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
മോണ്‍സണിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്‌ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം.
തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്‍കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും.
അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.