Kerala

തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.

അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്‍കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും.

അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.

കൊട്ടാരക്കയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ആശുപത്രിക്ക് സമീപവും ആശുപത്രിക്ക് അകത്തും വെച്ച് ഇരുപതോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍പരമായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. ആക്രമണത്തില്‍ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പോലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ഭാര്യ മായ പനച്ചൂരാന്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായ ഇക്കാര്യം അറിയിച്ചത്. കായംകുളം എംഎല്‍എ പ്രതിഭ ഉള്‍പ്പടെയുള്ളവര്‍ തനിക്ക് ജോലിയും കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതെല്ലാം വാഗ്ദാനങ്ങളായി ഒടുങ്ങുക മാത്രമാണ് ചെയ്തത് എന്ന് മായ പറയുന്നു. പ്രതിഭ എംഎല്‍എ അനുശോചന യോഗങ്ങളില്‍ പൊട്ടിക്കരഞ്ഞതും തന്റെ ശ്രദ്ധയില്‍പ്പെട്ടു.

‘ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്, വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും’ മായ കുറിച്ചു.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ജോലിയൊന്നും ഇല്ല എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പും മായ പങ്കുവെച്ചിട്ടുണ്ട്.

പൂർണ്ണരൂപം എങ്ങനെ…

‘നമസ്തേ🙏🏼
അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.
മായ പനച്ചൂരാൻ’

തൃക്കൊടിത്താനം കിളിമല ഭാഗത്ത് അയിത്തമുണ്ടകം പാടശേഖരത്തിനു സമീപം അയൽക്കാരും സുഹൃത്തുക്കളുമായ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തൽ ദുരൂഹത. കോട്ടമുറി അടവിച്ചിറ സ്വദേശികളായ ചിറയിൽ സത്യൻ (47), കുന്നത്ത് സുനിൽ കുമാർ (42) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

സത്യന്റെ മൃതദേഹം പാടത്തിനു സമീപമുള്ള തോട്ടിലാണു കണ്ടെത്തിയത്. സുനിൽ അടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

അപ്‌ഹോൾസ്റ്ററി ജോലികൾ ചെയ്തിരുന്ന ആളാണ് സത്യൻ. മരം വെട്ട് തൊഴിലാളിയാണ് സുനിൽ കുമാർ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്നും സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്.

തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.

അതേസമയം, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടിലുള്ള ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രം ഉള്‍പ്പടെ നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിനായി കാത്തിരിക്കുന്നത്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ഉച്ച കഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യത.  10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക.  വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.   അതീവ ജാഗ്രത തുടരണം എന്നാണ് സർക്കാർ നിർദേശം. തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്‍ബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ചേർപ്പ് : രക്തദാതാക്കളുടെ കൂട്ടായ്‌മയായ ബ്ലഡ് ഡോണേഴ്സ് കേരള നടത്തിയ ബിരിയാണി ചലഞ്ചിൽ പാകംചെയ്ത് വിതരണം ചെയ്തത് പതിനാറായിരത്തിലധികം ബിരിയാണി. മൂന്നുപേരുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നടത്തിയ ബിരിയാണി ചലഞ്ച് വലിയൊരു കാരുണ്യപ്രവർത്തനമായി. കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ മുന്നൂറ്റമ്പതോളംപേർ നേരിട്ട് പങ്കാളികളായി. ദിവസങ്ങൾ നീണ്ട പ്രയത്നമായിരുന്നു ഈ ചലഞ്ച്.

രക്താർബുദം ബാധിച്ച് രക്തമൂലകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ആവശ്യമുള്ള തിരൂരിലെ അജോ (37), മണലൂരിലെ അർബുദരോഗിയായ അമ്പിളിയെന്ന വീട്ടമ്മയുടെ മകൻ ഓട്ടോ ഇമ്യൂൺ രോഗം ബാധിച്ച അതുൽ (20) എന്ന ബിരുദവിദ്യാർഥി, നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ച്‌, വൃക്കകൾ തകരാറിലായി വാടകവീട്ടിൽ കഴിയുന്ന നെടുപുഴ പനമുക്കിലെ ബാബു എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ചെറുവത്തേരിയിലെ കമ്യൂണിറ്റി ഹാളിലായിരുന്നു ബിരിയാണി പാകം ചെയ്തത്.

2,200 കിലോ അരി, 4,000 കിലോ കോഴി, 2,200 കിലോ സവാള എന്നിവ വേണ്ടിവന്നു. 40 ചെമ്പുകളിലായാണ് ബിരിയാണി വെച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ആയിരങ്ങൾ അംഗങ്ങളായ സംഘടനയുടെ തൃശ്ശൂർ ജില്ലാഘടകമായിരുന്നു ചലഞ്ച് നടത്തിയത്. സംഘടനയുടെ സ്ഥാപകനടക്കം തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽനിന്നായി പ്രവർത്തകരെത്തി.

സവാള നന്നാക്കുന്നതുമുതൽ പാത്രം കഴുകുന്നതുവരെ പ്രവർത്തകർ ചെയ്തു. കൊമ്പിടിയിലെ തമാം കാറ്ററിങ്ങിന്റെ ഫെബിൻ സൗജന്യസേവനമായാണ് ബിരിയാണി പാകംചെയ്തത്.

ബി.ഡി.കെ. മുമ്പ് 3000, 6500 എന്നിങ്ങനെ നടത്തിയ ചലഞ്ചിലും ഫെബിൻ സൗജന്യമായാണ് ബിരിയാണി വെച്ചത്. എട്ട് സഹായികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പണം സംഭാവനയായി നൽകിയവരുടെ ആവശ്യപ്രകാരം അനാഥാലയം, വൃദ്ധസദനം, രോഗികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കും ബിരിയാണി എത്തിച്ചുകൊടുത്തു. 150 പേരടങ്ങിയ ടീമാണ് വിവിധ വാഹനങ്ങളിലായി ബിരിയാണി വിതരണം ചെയ്തത്. ചലഞ്ച് വഴി ലഭിച്ച പണം രോഗികൾക്ക് കൈമാറും.

കെപിസിസി ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി അഡ്വ.: പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു.

23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. മൂന്ന് വനിത ജനറല്‍ സെക്രട്ടറിമാര്‍. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍.

അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി.

കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയിരുന്നതായി അനുപമ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ പിതാവ് ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.

സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച തന്റെ കുഞ്ഞിനെ മൂന്ന് ദിവസത്തിനു ശേഷം പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമ പരാതിപ്പെട്ടത്. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു.

അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നു.

പാട്ടിലൂടെ എല്ലാവരെയും കൈയിലെടുത്ത പാട്ടുക്കാരിയാണ് സിതാര. മനോഹരമായ ഒരുപാട് ഗാനങ്ങളാണ് സിതാര ഇതുവരെ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ കിടിലൻ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീരം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. ക്ലാസ്സിക്കൽ നൃത്തത്തിലാണ് ഇത്തവണ പ്രെത്യക്ഷപെട്ടിരിക്കുന്നത്. ഗാനത്തിനു തരുണിയെന്നാണ് പേര് നൽകിയിരിക്കുന്നത്.

സിതാര തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഗാനം പാടി നൃത്തം ചെയുന്നത്. അത് നടപ്പിലാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സിതാര ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തരുണി എനിക്കിത് തികച്ചും വൈകാരികമായ ഒരു അനുഭവമായിരുന്നു!! അവനവനുവേണ്ടി സ്വപ്നം കാണുന്നത് നമുക്ക് പരിചയമുള്ള തോന്നലാണ്!! എന്നാൽ എന്റെ വീട്ടുകാർക്കും പഴയ കൂട്ടുകാർക്കും പ്രിയ ഗുരുക്കന്മാർക്കും എല്ലാം വേണ്ടി, എന്റെ ഉള്ളിൽ മിഥുൻ ജയരാജ്‌ നിർബന്ധപൂർവം കൊണ്ടുവന്നു നട്ട സ്വപ്നമാണ് “തരുണി” !!

കാരണം അവനോളം എന്നെ അറിയുന്നവർ കുറവാണ്!! വയ്യെന്നു തോന്നുന്ന നേരം ഇല്ലാത്ത ശക്തി തന്ന് നിവർന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ശക്തിയാണ് അവൻ!! ഇതൊരു സമർപ്പണമാണ്, കരുതലും, തിരുത്തലുകളും, കൊണ്ട് കാവലായി ഇന്നോളം കൈവിടാതെ കൂടെ നിന്ന ഗുരുക്കന്മാർക്കും , സ്വന്തം സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും പലതും മകൾക്കായി മാറ്റിവച്ച എന്റെ പൊന്നച്ഛനും പൊന്നമ്മയ്ക്കും!!! നമ്മുടെ ഏത് കുഞ്ഞു തോന്നലിനെയും കവിതയായി മാറ്റുന്ന ശ്രീ.ഹരിനാരായണൻ ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരൻ ബിജു ധ്വനിതരംഗ് ഏത് സ്വപ്നത്തിനും ചിറകു തുന്നിപ്പിടിപ്പിക്കാൻ കൂടെ നിൽക്കുന്ന സുമേഷ് സർ ,വണ്ടർവാൾ ഫാമിലി പിന്നെ ആവശ്യത്തിലേറെ ഊർജവുമായി കൂടെ നിന്ന എന്റെ സ്വന്തം ആളുകൾ ഏട്ടൻ, ലച്ചു, ഇന്ദുമണി, സുജിത്തേട്ട, ശ്രീജേഷേട്ടൻ” അങ്ങനെ ആയിരുന്നു സിതാരയുടെ വാക്കുകൾ. വീഡിയോ കാണാം

RECENT POSTS
Copyright © . All rights reserved