Kerala

കൊച്ചി∙ നയതന്ത്ര സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ വെറുമൊരു സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറത്തേക്ക് തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആവര്‍ത്തിച്ചിരിക്കുന്നത്.

വിദേശത്തുനിന്നു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ഗൂഢാലോചനയാണു പ്രതികള്‍ നടത്തിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതില്‍ നിന്നുള്ള പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത നീക്കങ്ങള്‍ക്ക് യുഎഇയുടെ നയതന്ത്ര ബാഗേജ് ഉപയോഗിക്കാനുള്ള പ്രതികളുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തില്‍ മറ്റുള്ളവരുടെ പങ്കും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട്. പ്രതികളില്‍നിന്നു പിടിച്ചെടുത്തു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് കെ.ടി റമീസാണ് കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്നാണ് വ്യക്തമായിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കുമ്പോള്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം കടത്താന്‍ നിര്‍ദേശം നല്‍കിയത് റമീസാണ്. റമീസാണ് ഉത്തരവുകള്‍ നല്‍കുന്നത്. ഒരു സംഘം ആളുകള്‍ക്കൊപ്പമാണ് റമീസ് സഞ്ചരിക്കുന്നതെന്നും വിദേശത്തു വലിയ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റമീസിനെയും ഉടന്‍ തന്നെ കേസിന്റെ ഭാഗമാക്കും.

അടുത്തഘട്ടത്തില്‍ വിദേശത്തുനിന്നു കടത്തിയ കിലോക്കണക്കിനു സ്വര്‍ണം എത്തിച്ചേര്‍ന്നവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എന്‍ഐഎ. ഇവര്‍ക്കു ഭീകരസംഘനകളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യാപകമായി അന്വേഷിക്കും. പ്രതിയായ സന്ദീപ് നായരുമായി തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വിഡിയോ റെക്കോഡര്‍ (ഡിവിആര്‍) നിര്‍ണായക തെളിവാകുമെന്നാണ് എന്‍ഐഎ കരുതുന്നത്. പ്രതികള്‍ കൂടിക്കാഴ്ച നടത്തിയ ആളുകളെക്കുറിച്ചും നടത്തിയ നീക്കങ്ങളെക്കുറിച്ചും ഡിവിആറിലെ ദൃശ്യങ്ങളില്‍നിന്നും വിവരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കസ്റ്റംസ് സ്വര്‍ണം പിടിച്ചതു മുതല്‍ പ്രതികള്‍ അറസ്റ്റിലാകുന്നതു വരെ ടെലഗ്രാമില്‍ നടത്തിയ ചാറ്റിന്റെ വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുപ്രധാന സന്ദേശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതു തിരിച്ചെടുക്കാന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സ്വപ്‌നയില്‍നിന്ന് ആറു മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുമാണു പിടിെച്ചടുത്തത്. ഫെയ്‌സ്‌ലോക്ക് ഉണ്ടായിരുന്ന രണ്ടു ഫോണുകള്‍ സ്വപ്‌നയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുകയും ചെയ്തതായി എന്‍ഐഎ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു  .ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1038 പേർക്ക്.   785 പേർക്ക് സമ്പർക്കത്തിലൂടെ രോഗികൾ

കേരളത്തിൽ 1038 പേർക്ക്​ കൂടി കോവിഡ്​. ഇവരിൽ 782പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. സമ്പർക്കരോമികളിൽ 57 പേരുടെ സമ്പർക്ക ഉറവിടം അറിയില്ല. ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരിൽ 87പേർ വിദേശത്ത്​ നിന്നും 109 പേർ മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്നും എത്തിയവരാണ്​ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരിൽ പേർ ആരോഗ്യപ്രവർത്തകരാണ്​.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്​:
തിരുവനന്തപുരം 226 ,
കൊല്ലം133 ,
പത്തനംതിട്ട 49 ,
ആലപ്പുഴ 120 ,
കോട്ടയം 51 ,
ഇടുക്കി 43 ,
എറണാകുളം 92 ,
തൃശൂർ 56
പാലക്കാട്​ 34 ,
മലപ്പുറം 61
,കോഴിക്കോട്​ 25,
കണ്ണൂർ 43
, കാസർ​േകാട് 101,
വയനാട്​ നാല്​.

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന അഭിപ്രായം ഉയരുന്നു; പരിഗണിക്കേണ്ടിവരും – മുഖ്യമന്ത്രി

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വിദഗ്ധരടക്കം മുന്നോട്ടു വെക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എങ്കിലും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് തിക്കും തിരക്കുമുണ്ടായതിന്റെ ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ ഗേറ്റിലൂടെ ഒന്നിച്ച് പുറത്തേക്കിറങ്ങി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അക്കാര്യം മുന്നില്‍ക്കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച സംഭവിച്ചത്. അക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരേ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുക്കുന്ന കാര്യവും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വിളിച്ച് അന്വേഷണം നടത്തുന്ന കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിന്‍

നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഇവരെക്കൊണ്ട് ജോലി ചെയ്യിക്കുന്ന, തൊഴിൽ ദാതാക്കൾ പല നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

 

അകാലത്തിൽ വിടവാങ്ങിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് ഗാനാഞ്ജലിയുമായി ഏ.ആർ.റഹ്മാനും ബോളിവുഡ് ഗായകരും. സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബേച്ചരായുടെ ട്രാക്കാണ് ആദര സൂചകമായി പാടിയിരിക്കുന്നത്. അവരവരുടെ വീടുകളിലിരുന്ന് ചിത്രീകരിച്ച വിഡിയോയുടെ സമന്വയമാണ് ടീം പങ്കുവച്ചത്. ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് റഹ്മാൻ ആയിരുന്നു. റഹീമയ്ക്കും മകൻ അമീനും ഹിരാലിനും ഒപ്പമായിരുന്നു ടൈറ്റിൽ ട്രാക്ക് റഹ്മാൻ അവതരിപ്പിച്ചത്.

ദിൽ ബേച്ചരായുടെ സംഗീതം ഞങ്ങൾക്കേറെ പ്രിയപ്പെട്ടതായി നിൽക്കും. ചിത്രത്തിനായി തയ്യാറാക്കിയ ഒൻപതു ട്രാക്കുകൾക്കും ഇന്ന് പുതിയൊരു അർഥമുണ്ട്. സംവിധായകൻ മുകേഷ് ഛബ്രയ്ക്കും എല്ലാവർക്കും ആശംസകൾ. ഈ ദുർഘട സമയത്തെ അതിജീവിക്കാൻ നമുക്കെല്ലാം കരുത്തുണ്ടാവട്ടെയെന്നും സുശാന്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഗാനങ്ങൾ സമർപ്പിക്കുന്നുവെന്നും വിഡിയോയുടെ തുടക്കത്തിൽ റഹ്മാൻ പറയുന്നു.

സുനീതി ചൗഹാൻ, ഹൃദയ് ഗട്ടാനി, മോഹിത് ചൗഹാൻ, ശ്രേയ ഘോഷാൽ, അർജീത് സിങ്, സാഷ ത്രിപാഠി,ജോണിത ഗാന്ധി തുടങ്ങിയവർ ഗാനാർച്ചയിൽ പങ്കുചേർന്നിട്ടുണ്ട്. ഹോട്ട്സ്റ്റാറിൽ ജൂലൈ 24 നാണ് ചിത്രം റിലീസ് ചെയ്യുക.

സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്ന സർക്കാർ വാദത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ജൂലൈ ഒൻപതിന് സിസിടിവികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അന്ന് പ്രകടിപ്പിച്ച സംശയങ്ങൾ ബലപ്പെടുന്നതായും രേഖ പങ്കുവച്ച് സുരേന്ദ്രൻ പറയുന്നു. എല്ലാം ഉമ്മൻചാണ്ടിയുടെ അവസാന കാലത്തെ തനിയാവർത്തനങ്ങൾ തന്നെയെന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ വന്‍ തോതില്‍ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്ര വഴി മിന്‍റ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെയും ആരോഗ്യവകുപ്പ മന്ത്രിയുടെയും നേതൃത്വത്തിൽ ഇരുപത്തിരണ്ടിനു നടത്താനിരുന്ന തദ്ദേശഭരണ അധ്യക്ഷ/ന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇരുപത്തിമൂന്നാം തീയതിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് 2.30 നായിരിക്കും യോഗം നടത്തുക. വാർ‍ഡ് സമിതികൾ/ റാപ്പിഡ് റെസ്പോൺസ് ടീമുകൾ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ നടത്തുന്നതാണ്.

സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സങ്കേതത്തിലൂടെയായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തിൽ പങ്കെടുക്കുക.

തദ്ദേശഭരണ സമിതി അധ്യക്ഷ/അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാർ, ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, പ്രാഥമിക/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ആയുഷ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർ,

സി ഡി എസ് ചെയർപേഴ്സന്മാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ എന്നിവർ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുക്കും. ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവർ കമ്പ്യൂട്ടർ ഉപയോഗിച്ചോ മൊബൈൽ ഫോൺ വഴിയോ യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിലയുടെ ഫേസ് ബുക്ക് പേജിലും യൂട്യൂബിലും യോഗം ലൈവ് ആയി കാണുന്നതിനു ക്രമീകരണം ചെയ്തിട്ടുണ്ട്.

രണ്ടു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കൽ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.

സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ‘വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാർഥത്തിൽ സംഭവിക്കുന്നത്. അതിർത്തികൾ അടച്ചപ്പോൾ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നിൽക്കുകയായിരുന്നു’ – വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധൻ ഡോ. ലാൽ സദാശിവൻ ബിബിസി ലേഖകനോടു പറഞ്ഞു.

വുഹാനിൽനിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതൽ കേസുകളുടെ എണ്ണം വർധിക്കുകയായിരുന്നു. മാർച്ചിൽ മറ്റു സംസ്ഥാനങ്ങളിൽ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകൾ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം ‘കർവ് ഫ്ലാറ്റൻ’ ചെയ്യുകയാണെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ‘വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു’ – പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയിൽ പറഞ്ഞു.

എന്നാൽ അതു നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താൻ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാൽ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളായിരിക്കുന്നു. 43 മരണവും റിപ്പോർട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനിൽ കഴിയുന്നത്.

കേരളത്തിലെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗൾഫിൽനിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നും ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതിൽ 7000ല്‍ അധികം രോഗികൾക്കും യാത്രാപശ്ചാത്തലമുണ്ട്. ‘എന്നാൽ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്കെത്തി. രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.’ – തിരുവനന്തപുരം എംപി ശശി തരൂർ ബിബിസിയോടു പറഞ്ഞു.

ഗൾഫ് നാടുകളില്‍നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ച കാര്യവും തരൂർ കൂട്ടിച്ചേർക്കുന്നു. രോഗികളായവർക്കൊപ്പം വിമാനത്തിൽ വരുന്നവർക്കുകൂടി രോഗം പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായി തരൂർ വ്യക്തമാക്കി.

മേയ് ആദ്യം മുതൽ ഈ ജനപ്രവാഹം പ്രാദേശികമായ സമൂഹവ്യാപനത്തിനു വഴിയിട്ടെന്നാണ് വിലയിരുത്തൽ. യാത്രാ പശ്ചാത്തലം ഇല്ലാത്തവരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 821ൽ 640 കേസുകളും സമ്പർക്കം വഴിയാണ്. ഇതിൽ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.

ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ കൃത്യമായ മുൻകരുതലുകളില്ലാതെ ജനങ്ങൾ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങൾ വഷളാക്കി. ‘ഇളവ് നൽകിയപ്പോൾ കൂടുതൽ ആളുകളും ജോലിക്കു പോകാൻ തുടങ്ങുന്നതുകൊണ്ട് അശ്രദ്ധമൂലം ഒരളവു വരെ കേസുകൾ വർധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’ – വൈറസ് പ്രതിരോധ നടപടികൾക്കു സർക്കാരിന് ഉപദേശം നൽകാനുള്ള വിദഗ്ധ സമിതിയുടെ തലവൻ ഡോ. ബി. ഇക്ബാൽ ബിബിസിയോടു പറഞ്ഞു.

കേസുകൾ കുറഞ്ഞപ്പോൾ പരിശോധന കുറച്ചുവെന്ന് വിമർശകർ പറയുന്നു. ഈ നാളുകളിൽ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലിൽ ഇത് 663 ആയിരുന്നു. എന്നാൽ ജനസംഖ്യയുടെ ദശലക്ഷം കണക്കിൽ വച്ചുനോക്കുമ്പോൾ കേരളത്തിലെ പരിശോധനകൾ കുറവാണെന്ന് വ്യക്തമാണ്. കേസുകൾ വളരെയധികം വർധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോൾ കേരളത്തിൽ പരിശോധന കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതൽ പരിശോധന കേരളം നടത്തുന്നുണ്ട്.

‘കേരളത്തിലെ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല’ – എറണാകുളം മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞു.

മൊത്തത്തിൽ കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാനുള്ളത്.

കർവ് ഫ്ലാറ്റൻ ചെയ്യുക എന്നത് ദീർഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. ‘കോവിഡിനെ നേരിടുക എന്നാൽ ട്രെഡ് മില്ലിൽ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാൻ വളരെ വേഗത്തിൽ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല, ഇതു സഹിഷ്ണുതയെ പരീക്ഷിക്കും’ – വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം മുൻ പ്രഫസർ ടി. ജേക്കബ് ജോൺ പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്‍റെ വീട്ടില്‍ വച്ചെന്നും ബെന്നി ബെഹ്നാന്‍ ആരോപിച്ചു. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹ്നാന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.

ഗണ്‍മാന്‍ ജയഘോഷിനെ നിയമിച്ചത് ഉന്നതരുടെ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍സല്‍ pനറലിന് ഗണ്‍മാന്‍ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കോണ്‍സുലേറ്റിന് സുരക്ഷയ്ക്കായി പൊലീസ് വേണമെന്നായിരുന്നു കേന്ദ്രനിര്‍ദേശമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തരവകുപ്പിനും ഐടി വകുപ്പിനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ആലുവ ചുണങ്ങംവേലിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. സെന്റ് മേരീസ് പ്രൊവിന്‍സിലെ അംഗങ്ങള്‍ക്കാണ് രോഗം. രണ്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 20 േപരുടെ പരിശോധനാഫലംകൂടി വരാനുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്. തിരുവനന്തപുരത്ത് കീം എന്‍ട്രസ് എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കുന്നത് രണ്ടു ദിവസത്തേക്ക് നീട്ടി.

ഈ മാസം പതിനാലിന് തമിഴ്നാട്ടിലെ കമ്പത്ത് പോയി മടങ്ങിവന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതടുങ്ങിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് സ്ഥിരീരിച്ചത്. ഇദ്ദേഹത്തോടൊപ്പം കമ്പത്തുപോയി മടങ്ങിയ മകനും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും വിളിച്ച മല്‍സ്യവ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. ചെയര്‍മാനും സെക്രട്ടറിയും ഉള്‍പ്പെടെ ക്വാറന്‍റീനിലേക്ക് മാറി.

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർ അവധിയിലായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ പാലക്കാട്, മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. കണ്ടക്ടര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് KSRTC പുനലൂർ ഡിപ്പോ പൂട്ടി.

സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം ശക്തമായതോടെ ആശങ്കയേറുകയാണ്. തീരപ്രദേശങ്ങളിലല്ലാതെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നുവെന്നാണ് കണക്കുകള്‍.

ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.

ചങ്ങനാശേരി മാർക്കറ്റിലും ആന്റിജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
അതേസമയം, ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.

ചങ്ങനാശേരി നഗരസഭ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18–ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46–ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ 8–ാം വാർഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.

പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Copyright © . All rights reserved