ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്താണ് നിര്‍ത്തിവയ്ക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെത്തുമ്പോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം.

തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ബുറേവി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.