സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ ചുനക്കര നസീര് ഉസ്മാന്‍ കുട്ടി (47) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 8 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ബിഎസ്എഫ് ഐടിബിപി 2, സിഐഎസ്എഫിലെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
183 പേര്‍ക്കാണ് ഇന്നു രോഗമുക്തി. രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 201, കൊല്ലം 23, ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44 എന്നിങ്ങനെയാണ്. നെഗറ്റീവ് ആയവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്] ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ഇന്ന് ആശുപത്രിയില്] പ്രവേശിപ്പിച്ചത്. 4454 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതി സൂരജ് പരസ്യമായി കുറ്റം സമ്മതിച്ചിരിക്കുകയാണ്. മെയ് ഏഴിനാണ് കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. പാമ്പുകടിയേറ്റ് ചികിൽസയിലരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഉത്രയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.
മേയ് 25 ന് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ ഉത്രയുടെ അച്ഛനോട് കരഞ്ഞുകൊണ്ടാണ് ‘ഞാൻ ചെയ്തിട്ടില്ല അച്ഛാ’ എന്ന് സൂരജ് പറഞ്ഞത്. പിന്നീട ്പൊലീസ് തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അവകാശപ്പെട്ടു. സൂരജിന്റെ വീട്ടുകാരും മകൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് ആണയിട്ടു. ക്രിമിനൽ ബുദ്ധിയുള്ള ആളല്ലെന്നും നാട്ടിലും പരിസരത്തും അന്വേഷിച്ചു നോക്കൂവെന്നും അവർ പറഞ്ഞു. എന്നാൽ പിന്നീട് മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെയും ക്രൂര കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു.
മേയ് ഏഴിന് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സൂരജ് പൊലീസിനോട് വെളിപ്പെടുത്തി. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനായി യൂട്യൂബിന്റെയും സുരേഷിന്റെയും സഹായം സൂരജ് തേടിയിരുന്നു.
തലേന്ന് ഉത്രയുടെ വീട്ടിൽ പാമ്പുമായെത്തിയ സൂരജ് ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് സൂക്ഷിച്ച് വച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം സൂരജ് മുറിയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. ആറരയോടെ മുറിയിലെത്തിയ അമ്മയായിരുന്നു ഉത്രയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണത്തിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.
10,000 രൂപയ്ക്ക് സൂരജിന് പാമ്പിനെ വിറ്റ സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ കുരുക്കുകൾ കൂടുതൽ മുറുകി. മാസങ്ങൾ പിന്നിട്ടപ്പോൾ വനംവകുപ്പിന്റെ തെളിവെടുപ്പിനിടയിലാണ് സൂരജ് പരസ്യമായി കുറ്റം സമ്മതിക്കുന്നത്. ഞാനാണ് ചെയ്തതെന്നും വേറെ ആരുമല്ലെന്നും. കൊല്ലാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും സൂരജ് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. മാർച്ച് രണ്ടിനും ഉത്രയെ പാമ്പ് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെങ്കിലും ഉത്ര ഇതിനെ അതിജീവിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ കഴിയവേയാണ് സൂരജ് കൊലപ്പെടുത്തിയത്.
നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു. അഗ്‌നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
സംസ്ഥാന എക്‌സൈസ് വകുപ്പിലെ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടറായി ചുമതലയേറ്റ് ഇതുവരെയുള്ള എക്‌സൈസ് വകുപ്പിന്റെ ചരിത്രം തിരുത്തി ഒ സജിത. വനിതകൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഷൊർണൂർ ചുഡുവാലത്തൂർ അഭിനം വീട്ടിൽ ഒ സജിതയാണ് ഇന്ന് തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റത്.
എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസറായി 2014ലാണു സജിത ജോലിയിൽ പ്രവേശിക്കുന്നത്. എക്‌സൈസിൽ ആദ്യമായി വനിതകളെ നിയമിച്ചപ്പോൾ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 24 പേരിൽ ഒരാളായിരുന്നു സജിത. കഴിഞ്ഞ വർഷം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു പൊതു പരീക്ഷ നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയുമായി. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ ഡപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഇന്നലെ സജിത സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് സാഹചര്യത്തിൽ പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
സജിതയ്ക്ക് എക്‌സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫീസിലായിരുന്നു അവസാനം. റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഔതപ്പിള്ളി ദാമോദരൻ നായരുടെയും ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെയു മീനാക്ഷിയുടെയും മകളായ സജിത ഷൊർണൂർ സ്വദേശി അജി ഗംഗാധരന്റെ ഭാര്യയാണ്. ഷൊർണൂർ കാർമൽ സിഎംഐ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇന്ദുവാണ് മകൾ.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അഞ്ചാം വാർഡിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലൊട്ടാകെയായി നിരവധി പേരോട് സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ നേരത്തേ കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു.
കഴിഞ്ഞ ദിവസം പുളിങ്കുന്ന് കണ്ണാടി കൊണത്തു വാക്കാൽ ചിറ കുഴഞ്ഞു വീണു മരിച്ച ബാബു (52) വയസു കോവിഡ് സ്ഥിതീകരിച്ചിരിന്നു
അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ വഴിയാത്രക്കാർ വാഹനം നിർത്തി ഇറങ്ങുവാനോ ഇവിടെനിന്ന് ആളുകളെ കയറ്റുവാനോ പാടുളളതല്ല.
അവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പിഡിഎസ്) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. തുറക്കുന്ന സ്ഥാപനങ്ങളിലും ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെ കോട്ടയത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രംഗത്തെത്തിയിരുന്നു.
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്കിയത്.
സൗദിയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മക്കക്കടുത്ത് ജുമൂമിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാര്‍ (49) ആണ് അപകടത്തില്‍ മരിച്ചത്.
അല്‍ശുഐബ റോഡില്‍ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ബിനോജ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിക്ക് തീപിടിക്കുകയും അതില്‍പെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ മറ്റു രണ്ട് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ച ബിനോജ് പതിമൂന്ന് വര്‍ഷമായി നാദക്ക് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. പിതാവ്: അയ്യപ്പന്‍, മാതാവ്: ദാക്ഷായണി, ഭാര്യ: ഷില്‍ജ, മക്കള്‍: മിലന്ദ് കുമാര്‍, വിഷ്ണു. മക്ക കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്നാണ് വിവരം.
തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളുടെ വക്കാലത്ത് പ്രതികൾ പോലും അറിയാതെ ഏറ്റെടുക്കാൻ ശ്രമിച്ച് സ്വയം മുന്നോട്ട് വന്ന വിവാദ അഭിഭാഷകൻ ബിഎ ആളൂരിനെ നാണംകെടുത്തി കോടതി. എൻഐഎ കോടതിയിലേക്ക് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ വന്ന അഭിഭാഷകൻ ആളൂരിന്റെ ജൂനിയേഴ്‌സിനെ എൻഐഎ കോടതിയാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കൊച്ചിയിലെ എൻഐഎ കോടതിയിലായിരുന്നു സംഭവം.
കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാനാണ് ആളൂരിന്റെ രണ്ട് ജൂനിയേഴ്‌സ് കോടതിയിലെത്തിയത്. കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു നാടകീയമായി ആളൂരിന്റെ ടീമിന്റെ എൻട്രി. കോടതിയിൽ സ്വപ്നക്കായി ആളൂരിന്റെ ആളുകൾ ഹാജരാവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വപ്നയെ വിളിച്ച് ഇവരെ അറിയുമോയെന്നും വക്കാലത്ത് നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു. എന്നാൽ, ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തന്റെ അഭിഭാഷകൻ ആരാണെന്ന് ഭർത്താവ് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
ഇതോടെ രോഷംപൂണ്ട ജഡ്ജ് രണ്ട് അഭിഭാഷകരേയും മുന്നിലേക്ക് വിളിച്ചുവരുത്തി ‘ഇത് എൻഐഎ കോടതിയാണ്, മറക്കരുത്…ഇനിയിത് ആവർത്തിക്കരുത്’ എന്ന് താക്കീത് നൽകുകയായിരുന്നു.
ഇതിനുമുമ്പ് യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻഐഎ കേസിലും വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികൾ അറിയില്ലെന്ന് പറഞ്ഞതോടെ അന്നും നാണംകെട്ട് മടങ്ങേണ്ടി വന്നിരുന്നു.
കേരളത്തിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവാക്കൾക്ക് എന്ന് റിപ്പോർട്ട്. രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ആരോഗ്യമുള്ളവരിൽ കൊവിഡ് രോഗം ഗുരുതരമാകില്ലെന്ന പൊതുധാരണയും കേരളത്തിൽ തെറ്റെന്ന് തെളിഞ്ഞു. കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ ഇതിനുദാഹരണമാണ്. മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആരോഗ്യവാനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം ആരോഗ്യമുള്ളവരിലും കൊറോണ ഗുരുതരമാകുമെന്ന് തെളിയിക്കുന്നതാണ്.
അതേസമയം, സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരിലും കൂടുതൽ യുവാക്കളാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്ദവ്യാപനവും നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രോഗമുക്തി നിരക്കിലും 20 നും 39 നും മധ്യേ പ്രായമുള്ളവരാണ് മുന്നിലെന്ന കണക്കും കൂട്ടിവായിക്കേണ്ടതാണ്.
കൊവിഡ് ബാധിച്ചവരിൽ കൂടുതലായി പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്. പിന്നീടുള്ളത് പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക് തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു.
സംസ്ഥാനത്ത് സ്ത്രീകളിൽ കൊവിഡ് രോഗബാധ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്. 21.4 ശതമാനമാണ് സ്ത്രീകളായ രോഗികൾ. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്ത്രീകളാണ്. 70 വയസ്സിന് മുകളിലുള്ള രോഗബാധിതരിൽ സ്ത്രീ-പുരുഷ വിഭാഗങ്ങൾ ഒപ്പത്തിനൊപ്പമാണ്. 70-79 പ്രായവിഭാഗത്തിൽ 25 സ്ത്രീകളും 26 പുരുഷന്മാരുമാണ് രോഗബാധിതരായുള്ളത്. 8089 വിഭാഗത്തിൽ 11 സ്ത്രീകളും 12 പുരുഷന്മാരും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയെ കീഴടക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു കേരളം ; ഒരു മാസം മുമ്പ് വരെ. എന്നാൽ ഇന്ന് ഓരോ ദിനവും 400റിലേറെ പുതിയ രോഗികളാണ് കൊച്ചുകേരളത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിപെടുന്നു. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന വാർത്തയാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാക്ഷര കേരളത്തിന് അടുത്തിടെ എന്താണ് സംഭവിച്ചത്? സ്വർണത്തിന്റെ പത്തരമാറ്റിന് പിറകെ മാധ്യമങ്ങൾ പാഞ്ഞപ്പോൾ ജാഗ്രതയും മുൻകരുതലുകളും കാറ്റിൽ പാറിപോയോ?
ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 7872. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 1200ൽ ഏറെ രോഗികൾ. സംസ്ഥാനത്ത് കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലേക്ക് എന്തു നന്മയാണ് പങ്കുവയ്ക്കുന്നത്.
മഹാമാരി സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി രാഷ്ട്രീയപാർട്ടികൾ നിരത്തിലിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച ആണ്. കോവിഡ് പ്രതിരോധ നിർദേശങ്ങളും ചട്ടങ്ങളും പരസ്യമായി ലംഘിച്ചു. ശരിയായി മാസ്‌ക്കിടാതെ, ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി പലയിടത്തും പൊലീസിനെ ആക്രമിച്ചു. കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ കൈവിട്ട കളിക്കെതിരെ ആരോഗ്യവിദഗ്‌ധർ രംഗത്തു വന്നിരുന്നു. പ്രതിഷേധങ്ങളിലും ചടങ്ങുകളിലും അഞ്ചുപേർക്കു മാത്രമാണ് അനുമതിയെന്നിരിക്കെ ഈ അനാവശ്യ ഒത്തുചേരലുകൾ വലിയ വിപത്തിന് വഴിയൊരുക്കും. പൊലീസിനുമേൽ രോഗവ്യാപനമുണ്ടാകുംവിധം ഇടപെടലുണ്ടായാൽ, ഭാവി ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങൾ പാടെ താളംതെറ്റും. സമരവും ആൾക്കൂട്ടവും തുടരുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പുനൽകിയിരുന്നു. ഇംഗ്ലണ്ടിൽ പബ്ബുകൾ തുറന്ന രാത്രി ജനം തടിച്ചുകൂടിയെങ്കിലും അതൊരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വത്തിൽ ആയിരുന്നില്ല എന്നതും ചിന്തിക്കണം. ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്തടക്കം റിപ്പോർട്ട് ചെയ്യുന്ന നിർണായക സമയത്താണ് സമരപ്രഹസനങ്ങൾ കേരളത്തിന്റെ തെരുവുകളിൽ നിറഞ്ഞാടുന്നത്.
കേരളത്തിന്റെ മാധ്യമങ്ങളിൽ ഇന്ന് സ്വർണം നിറയുകയാണ്. കൊറോണയെന്നത് വെറും അക്കങ്ങൾ മാത്രമായി മാറ്റപ്പെട്ടുകഴിഞ്ഞു. സ്വപ്നയും സ്വർണകടത്തുമാണ് വാർത്താകോളങ്ങളിൽ നിറയെ. സ്വപ്‍ന സുരേഷും സന്ദീപും പത്രമാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പി നിൽക്കുകയാണ്. കൊറോണപിടിയിൽ നിന്നും മാധ്യമങ്ങളെ രക്ഷിച്ചയാളാണ് സ്വപ്‍ന എന്നുപറഞ്ഞാലും തെറ്റില്ല. കാരണം ഈ ദിനങ്ങളെല്ലാം സാക്ഷ്യം വഹിച്ചതും ‘സ്വപ്ന’ സംഭവങ്ങൾക്കായിരുന്നു !
കേരളത്തിലേക്കുള്ള സ്വർണത്തിന്റെ കുത്തൊഴുക്കും ഉന്നത ഉദ്യോഗങ്ങളിലേക്കുള്ള നിയമനങ്ങളും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഒപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്നുള്ള സ്വപ്നയുടെ പലായനവും. പട്ടിണിയും കഷ്ടപാടുകളുമായി ജീവിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികൾ ഒരുവശത്ത്. പണത്തിന്റെ പ്രസരിപ്പിലും വ്യാജ സർട്ടിഫിക്കേറ്റുകളുടെ പിൻബലത്തിലും ജോലിയിൽ കയറിപ്പറ്റുന്നവർ മറുവശത്ത്. പൊതുജനങ്ങൾക്ക് എവിടെയാണ് തുല്യനീതി? കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജീവനും ജീവിതവും നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസിക്ക് ഏതു രാഷ്ട്രീയ പാർട്ടികളാണ്കൈത്താങ്ങാകുക. അന്വേഷണവലയിൽ ചെറുമീനുകൾ മാത്രം കുരുങ്ങുമ്പോൾ ഉന്നത തലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നവർ ചിരിക്കുന്നുണ്ടാവും. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അനീതികൊണ്ടുനേടിയ സമ്പത്തിന്റെ പട്ടുമെത്തയിൽ സുഖിക്കുന്നവർ കേരളത്തിലെ സാധാരണ ജനങ്ങളുടെ മോഹങ്ങളെയും പ്രയത്നങ്ങളെയുമാണ് തല്ലികെടുത്തുന്നത്.
വാർത്തകൾ ഉണ്ടായികൊണ്ടേയിരിക്കും. കേരളം ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് എവിടെയാണ്? സ്വർണത്തിലോ കോറോണയിലോ? പരസ്പരം പഴിചാരുകയും തെരുവിലിറങ്ങി ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നോർക്കുക. നിങ്ങൾ പോരാടുന്നത് ന്യായത്തിനുവേണ്ടിയാണോ പേരിനുവേണ്ടിയാണോ? എന്തിനായാലും കൊറോണയ്ക്ക് ഇതൊന്നും അറിവുള്ളതല്ല. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലത്ത് മറ്റുള്ളവരുടെ ജീവിതം കൂടി താറുമാറാക്കരുത്.
ചലച്ചിത്രനടനും സംവിധായകനുമായ ജോയി മാത്യുവിന്റെ വാക്കുകളാണിത് ; “കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടക വണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചും അന്യരാജ്യത്ത് ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാരസ്ഥാനത്തുളളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പി എസ് സി പരീക്ഷയെഴുതി നേരാം വഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്?.” ഈ ചോദ്യം ഉന്നതവിദ്യാഭ്യാസം നേടിയ എല്ലാ അഭ്യസ്തവിദ്യരുടെ മനസ്സിൽ എന്നും ഉയരുന്നതാണ്.
വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്നവർക്കും നാട്ടിലേക്ക് വരണം. അവരുടെ മാതാപിതാക്കളെ കാണണം. അതിന് ആരോഗ്യപൂർണമായ ഒരു നാട് ഉണ്ടാവണം. കൊറോണയെ തുടച്ചുനീക്കുവാൻ വേണ്ടിയാണ് കേരളം ഇപ്പോൾ ഒറ്റകെട്ടായി നിന്ന് പ്രയത്നിക്കേണ്ടത്. ഓർമിക്കുക….