Kerala

കേരളത്തിൽ പുതിയതായി 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 78 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കും സമ്പർക്കത്തിലൂടെ 5 പേർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂർ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂർ – 14
കാസർഗോഡ് – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂർ-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂർ-13
കാസർഗോഡ്-2

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് തീരുമാനം. പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് സ്ഥാനം രാജിവയ്ക്കാന്‍ ജോസ് കെ. മാണി വിഭാഗം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു ധാരണയില്ലെന്നാണ് ​ജോസ് വിഭാഗത്തി​ന്റെ വാദം.

പുറത്താക്കല്‍ തീരുമാനം നീതികരിക്കാനാകില്ലെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. തീരുമാനം സങ്കടകരമാണെന്നും ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം മാണി നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ കഴിയാത്തവര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് റോഷി അഗസ്റ്റിന്‍ കുറ്റപ്പെടുത്തി. ജോസ് വിഭാഗത്തെ ആവശ്യമുള്ളവരും ഉണ്ട്. കെ.എം മാണിയുടെ പാര്‍ട്ടിയെ ഇല്ലാതാക്കാനാകില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസ് കെ. മാണി തന്നെ അല്‍പ്പസമയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും.

അതേസമയം യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നതായും ജോസഫ് പറഞ്ഞു.

കോട്ടയം: പ്രേമത്തിന് കണ്ണും കാതുമില്ല, അത് ലോക്ക്ഡൗണ്‍ കാലമായാലും ശരി. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയം ഗാന്ധി നഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കാമുകിയെ കാണാന്‍ യുവാവ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുതിച്ചുപാഞ്ഞെത്തി. ഒടുവില്‍ കാമുകന് എതിരെ കേസ് എടുത്ത് ക്വാറന്റീനിലേക്ക് അയച്ചു.

ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകി ഇന്നലെ രാവിലെ ആയിരുന്നു നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനിലായി. വീട്ടില്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കാമുകി നാട്ടില്‍ എത്തിയെന്ന് അറിഞ്ഞതോടെ കാമുകന് യുവതിയെ കാണാന്‍ തിടുക്കമായി. ഇതോടെ ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പാഞ്ഞു. അവിടെയെത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. യുവതിയും ഇതേ മറുപടിയാണ് നല്‍കിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കി. ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

കോട്ടയം: സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കിൽ നാല് ശതമാനം പലിശ എന്ന ആനുകൂല്യം കിട്ടില്ല. വായ്പ കൂടിയ പലിശനിരക്കിലേക്ക് പോകും. സർക്കാർ നിശ്ചയിച്ച താഴെ പറയുന്ന മൂന്നിനം കാർഷികവായ്പകളിലേക്ക് പോയവർക്ക് ജൂൺ 30-ന്റെ മാനദണ്ഡം ബാധകമല്ല.

നിലവിൽ കാർഷിക വായ്പകൾ മൂന്ന് തരമാണ്. അത് ഇങ്ങനെ:

• 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടാൻ കെ.സി.സി. മാത്രം മതിയാകും. ഈ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ.

• 1.60 ലക്ഷത്തിനു മുകളിൽ മൂന്ന് ലക്ഷം വരെ വായ്പ കിട്ടാൻ സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. ഇതിന് കെ.സി.സി. നിർബന്ധമല്ല. നാല് ശതമാനം പലിശ.

• മൂന്ന് ലക്ഷത്തിനു മുകളിൽ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിൽ വായ്പ. സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം.

മുമ്പ് സ്വർണവും സ്വന്തമായി ഭൂമിയും ഉള്ളവർക്ക് കരമടച്ച രസീത് ഹാജരാക്കി പണയസ്വർണവും നൽകി വായ്പയെടുക്കാമായിരുന്നു. 2019 ഒക്ടോബർ ഒന്ന് മുതൽ ഈ രീതി മാറ്റാൻ റിസർവ് ബാങ്ക് നിർദേശിച്ചു. എല്ലാ സ്വർണപ്പണയവായ്പകളും പൂർണമായും കൃഷിക്ക് മാത്രമാക്കി.

കെ.സി.സി. നിർബന്ധമാക്കി. 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ നൽകാനുള്ള തീരുമാനമായിരുന്നു പ്രധാനം. കെ.സി.സി. മാത്രം ഇതിന് മതിയാകും. ചെറുകിട കൃഷിക്കാർക്ക് പണമില്ലാത്തതുമൂലം പണികൾ മുടങ്ങാതിരിക്കാനായിരുന്നു ഇത്. ഇതിൽ കൂടിയ തുക വേണ്ടവർക്ക് സ്വർണം ഈടോടെ രണ്ടു തരം വായ്പകളും നൽകാൻ നിർദേശിച്ചു.

ഈ മൂന്നിനം വായ്പയും നിലവിൽ വന്ന സ്ഥിതിക്ക് ഇതിനു മുമ്പ് പരമ്പരാഗത രീതിയിൽ സ്വർണപ്പണയവായ്പയെടുത്തവരുടെ ഇടപാട് ക്രമവൽക്കരിക്കുക എന്നതാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. പരമ്പരാഗത സ്വർണവായ്പകൾ അടച്ച് അവസാനിപ്പിക്കുന്നവർക്ക് പണത്തിന്റെ ആവശ്യം അനുസരിച്ച് മേൽപ്പറഞ്ഞ മൂന്നിലൊരുരീതിയിലുള്ള വായ്പ തിരഞ്ഞെടുക്കാം.

എടപ്പാൾ ∙ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനെ‍ാടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.

വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ലത്രെ. തെ‍ാട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവിൽ എടപ്പാൾ സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ച് മണിക്കൂറുകൾക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല.ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.

ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്.

പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.

നടി സാനിയ അയ്യപ്പനുനേരെ സൈബര്‍ ആക്രമണം. മോഡേണ്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് ഉയര്‍ന്നത്. തനിക്ക് നേരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ കേസിനു പോകുമെന്ന് സാനിയ അറിയിച്ചു.

സാധാരണ മോശം കമെന്റുകള്‍ കണ്ടാല്‍ അത് മൈന്‍ഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടില്‍ ആര്‍ക്കും പരാതിയില്ലന്നും എന്നാല്‍ ചില മോശം കമന്റുകള്‍ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡല്‍ഹിയിലെ ബസില്‍ കൊണ്ട് ഇടണം ഇവള്‍ക്കും ആ അവസ്ഥ വരണമെന്നുള്ള കമന്റ് വരെ വന്നുവെന്നും സാനിയ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ് വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങില്‍ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ് ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും താരം പറയുന്നു.

ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.

അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.

എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണമെന്നും താരം പറയുന്നു.

ലണ്ടൻ: “ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ഹീറോകൾ” കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവർത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ജൂൺ 27 ശനിയാഴ്ച്ച യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്‌ബുക്ക് ലൈവിലാണ് ടീച്ചർ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.

ചേതന യുകെ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചർ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികൾ നടത്തുന്ന കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവൻ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലൈവിൽ വിവരിച്ച ടീച്ചർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയും വിവരിച്ചു.

കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

ഏറെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയ ടീച്ചർക്ക് ചേതന യുകെയ്ക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോൾ നന്ദി പറഞ്ഞു.

നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ ബിബിസി ന്യൂസും ഗാർഡിയനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി എയർ ഇന്ത്യയുടെ 21 വിമാനസർവീസുകളുണ്ടാവും.

ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും.

കേരളത്തിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. 12 വിമാന സർവീസുകളാണ് കൊച്ചിയിലേക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാന സർവീസുകളാണുള്ളത്.

റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസുകളാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. കൊച്ചിയിലേക്ക് റിയാദിൽ നിന്നും ദമാമിൽ നിന്നും ഓരോ സർവീസുകളുണ്ടാവും. ജിദ്ദയിൽ നിന്ന് സർവീസുകളുണ്ടാവില്ല. ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള 10 സർവീസുകൾ. മുംബൈ, ഡെൽഹി വിമാനത്താവളങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ് ഇവ. യുഎസിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവിസ് നടത്തും.

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് നടത്തുക. ഇതിൽ സൗദിക്കും യുഎസിനും പുറമേ റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നാണ് കൊച്ചിയിലേക്കുള്ള സർവീസുകൾ.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുഎസ്, ബ്രിട്ടീഷ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് യഥാക്രമം 38 വിമാനങ്ങളും 32 വിമാനങ്ങളും സർവീസ് നടത്തും. മുഴുവൻ വിമാനങ്ങളുടെയും സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ് (airindia.in/images/pdf/New-format-VBM-Phase-4-updated-27Jun-20-1400-Hrs-converted.pdf).

കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം

ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി

ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്

ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ

ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ

താൻ പൂർണ രോഗമുക്‌തനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വീണ്ടും പൂർണ സമയ രാഷ്‌ട്രീയത്തിൽ സജീവമാകുമെന്ന് കോടിയേരി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തിൽ നിന്ന് രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് വിദഗ്‌ധ ഡോക്‌ടർമാർ അറിയിച്ചെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്‌തേ കേരളം’ പരിപാടിയിലാണ് തന്റെ ആരോഗ്യവിവരം കോടിയേരി പങ്കുവച്ചത്.

വീണ്ടും സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമാകുമെന്ന് കോടിയേരി വ്യക്തമാക്കി. ചികിത്സാസമയത്ത് പാർട്ടി തനിക്കു പൂർണ പിന്തുണ നൽകിയിരുന്നു. വിശ്രമത്തിലായിരുന്നെങ്കിലും പാർട്ടിയുടെ ദെെനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി നേതാക്കളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യം വേണം. അതുകൊണ്ടാണ് വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായതെന്നും കോടിയേരി പറഞ്ഞു.

ക്യാൻസർ ബാധിതനായിരുന്ന കോടിയേരി അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായിരുന്നു. അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു പോയ കോടിയേരി ഫെബ്രുവരി ആദ്യ ആഴ്‌ചയിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോടിയേരി ചികിത്സ തുടർന്നു.

വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി കാര്യങ്ങളിലെല്ലാം കോടിയേരി സജീവമായി ഇടപെടുന്നുണ്ട്. ഓൺലെെനായി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം പഴയപോലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ കോടിയേരിക്കു കീഴിൽ പാർട്ടി പ്രചാരണം ശക്തമാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.

RECENT POSTS
Copyright © . All rights reserved