ഓസ്ട്രേലിയയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിക്കിടെ നടത്തിയ ‘നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്’ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയസ് ശ്രേഷിന് നന്ദി പറയുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ബെംഗളൂരു സ്വദേശിയും ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ശ്രേയസ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്നന്നത് ചൂണ്ടി കാണിച്ചാണ് വാര്‍ണര്‍ വീഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ഥിയെ അഭിനന്ദിച്ചത്.

‘നല്ല ദിവസം, നമസ്തേ. കോവിഡ് 19-ല്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ശ്രേയസ് ശ്രേഷിന് നന്ദി പറയാന്‍ ഞാന്‍ ഇവിടെയുണ്ട്. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ശ്രേയസ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കൊറോണ കാലത്ത് ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന യൂണിവേഴ്‌സിറ്റിയുടെ പ്രോഗ്രാമിന്റെ ഭാഗമാണ് , ”വാര്‍ണര്‍ വീഡിയോയില്‍ പറഞ്ഞു. നിങ്ങളുടെ അമ്മയും അച്ഛനും ഇന്ത്യയും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. മഹത്തായ പ്രവര്‍ത്തനം തുടരുക, കാരണം നാമെല്ലാവരും ഇതില്‍ ഒന്നാണ്, ”വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സിനോട് നന്ദി പറഞ്ഞ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും രംഗത്തെത്തിയിരുന്നു. 23കാരിയായ കോട്ടയം സ്വദേശി നഴ്‌സ് ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലിയുടെ പ്രശംസ. ഒരു വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് താരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ‘ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ഷാരോണ്‍ വര്‍ഗീസിന് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഷാരോണ്‍ കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്.