Kerala

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവായതായി അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയിൽ കോവിഡ് ചികിൽസയിലായിരുന്ന വിദേശിയും ഇന്ന് സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്. 620 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഒരുലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

അഞ്ച് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സർക്കാർ പുറത്ത് വിടില്ലെന്നും വിശദീകരിച്ചിരുന്നു.

കോവിഡ് 19നുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി നൽകുമെന്ന് എം.എ യൂസഫലിയും അഞ്ചു കോടി നൽകുമെന്ന് പ്രഖ്യാപിച്ച് രവി പിള്ളയും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒട്ടേറേ പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടുകൊടുക്കാനും സന്നദ്ധനാണെന്ന് രവിപിള്ള അറിയിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രൂപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 69 കാരൻ മരിച്ചു. മരിച്ചത് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌ക്കാരം നടക്കുക. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്. കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാര്‍ച്ച് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇയാള്‍ക്കുണ്ടായിരുന്നു. രോഗി വന്ന വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടപഴകിയ ആളുകളുടെ നില തൃപ്തികരമാണെന്നാണ് പറയുന്നത്.മരണകാരണം ന്യുമോണിയ ആണെന്ന് നിഗമനം. ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

കൊച്ചി∙ സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്നു നടക്കും. ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.

തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.

നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.

അമിതവേഗത്തിലെത്തിയത് അപകടം മാത്രമായിരുന്നു, ചികിത്സ ലഭ്യമായത് അമിതമായി വൈകിയും. ഇന്നലെ ഹരിപ്പാട് നാരകത്തറയ്ക്കു സമീപം അപകടത്തിൽപ്പെട്ട താമല്ലാക്കൽ അമ്പീത്തറയിൽ അനീഷിനെ (26) അപകടം കഴിഞ്ഞ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വഴിയരികിൽ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. അപകടം നടന്നയുടൻ‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ വിലപ്പെട്ട ജീവൻ രക്ഷിക്കാനായേനെ.

അനീഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം 35 കിലോമീറ്ററോളം പിന്നിട്ട കാർ ആലപ്പുഴയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അപ്പോഴേക്കും അര മണിക്കൂറിലധികം നഷ്ടമായി.ആദ്യം പൊലീസിനോട് കള്ളം പറഞ്ഞു രക്ഷപ്പെടാനായിരുന്നു ഡ്രൈവർ ബാബുവിന്റെ ശ്രമമെന്നു പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടത് അനീഷ് ആണെന്നു കണ്ടെത്തിയെങ്കിലും എവിടെവച്ചാണ് അപകടമുണ്ടായതെന്ന് അറിയാൻ പിന്നെയും സമയം വേണ്ടി വന്നു. സൗത്ത് എസ്ഐ ശ്രീകുമാരക്കുറുപ്പ്,

സിവിൽ പൊലീസ് ഓഫിസർമാരായ സി.ജി.പ്രമോദ്, എസ്. സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹൈവേ പൊലീസും ഹരിപ്പാട് പൊലീസും താമല്ലാക്കൽ മുതൽ ദേശീയപാതയുടെ ഇരുവശവും പരിശോധന നടത്തിയാണ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് നാരകത്തറ ജംക്‌‍ഷനു സമീപം കുറ്റിക്കാട്ടിൽ നിന്ന് അനീഷിനെ കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തിനു സമീപം സ്വകാര്യ ആശുപത്രിയുണ്ടായിരുന്നു. പക്ഷേ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ ശ്രമിച്ചില്ല.

നിയന്ത്രണങ്ങൾ ഉള്ളതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായതിനാൽ അപകടം ആരും കാണാൻ സാധ്യതയില്ലെന്ന വിചാരമാണ് കാർ നിർത്താതെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അപകട സ്ഥലത്തു നിന്നു കാറിന്റെ ഭാഗങ്ങളും കാറിന്റെ ഇടതു ഭാഗത്തു നിന്നു മുടിയും രക്തത്തിന്റെ അംശവും ശേഖരിച്ചു. ഇടിയുടെ ആഘാതത്തിൽ അനീഷ് തെറിച്ച് കാറിന്റെ മുന്നിലെ ചില്ലിലേക്കും തുടർന്നു റോഡരികിലെ കുറ്റിക്കാട്ടിലേക്കും വീഴുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

ഇന്ത്യയിൽ 873 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 19 പേർ മരിച്ചു. 79 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗബാധിതർ, 177 പേർ. കേരളമാണ് തൊട്ടുപിന്നിൽ. ലോക് ഡൗണിന്റെ നാലാം ദിവസമായ ഇന്നും രാജ്യം നിശ്ചലമാണ്. മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു.

വിദേശത്ത് നിന്നെത്തിയ മകൾക്ക് രോഗലക്ഷണങ്ങളുണ്ടായിട്ടും ക്വാറൻ്റീനിൽ കഴിയാതെ പൊതുപരിപാടികളിൽ പങ്കെടുത്തതിനാണ് നടപടി.ഡോക്ടർക്ക് വൈറസ് ബാധയുണ്ടെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് യുവതിയെ ബംഗാളിൽ അറസ്റ്റ് ചെയ്തു. വൈറസ് പടർത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുന്നതായും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഡൽഹി പൊലീസ് മാർഗനിർദ്ദേശം പുറത്തിറക്കി

അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരന്‍ കമ്പി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.

അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടികള്‍ കുളിക്കുമ്പോൾ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്‍ട്ടന്‍ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്. കണ്ണില്‍ ആഴത്തില്‍ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

കൊറോണ വൈറസ് ഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. ഈ അവസരത്തില്‍ നിരന്തരം പുറത്തിറങ്ങുന്നത് അവസാനിപ്പിച്ച്‌ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുരേഷ് ഗോപി എംപി. പ്രാധനമന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞത് കൊണ്ട് എടുക്കേണ്ടതല്ല ജാഗ്രത. ഇത് ഓരോ വ്യക്തിയും സാഹചര്യം മനസിലാക്കി ചിന്തിച്ച്‌ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയാണ് .

സുരേഷ് ഗോപിയുടെ വാക്കുകളിലൂടെ…

‘ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്‌ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീട്ടില്‍ വരാതെ മറ്റൊരു ഫഌറ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന്‍ ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. മൂന്ന് പേര്‍ക്കമുള്ള ഭക്ഷണം മാത്രമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഡ്രൈവര്‍ സത്യവാങ്മൂലവുമായി ദിവസവും ഓട്ടോയില്‍ ഭക്ഷണമെത്തിക്കുകയാണ്. ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കിയതോടെ ഇപ്പോള്‍ ഡ്രൈവര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് സ്‌കൂട്ടര്‍ എടുത്താണ് ഭക്ഷണം കൊണ്ടു പോകുന്നത്’- സുരേഷ് ഗോപി പറഞ്ഞു. അച്ചടക്കമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായി നാം പാലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എടത്വാ: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുമാനം നിലച്ച് ആവശ്യ സാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് സൗഹൃദ വേദി.

ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വൻപയർ, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉൾപെടെ 10 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്യുന്നത്.എടത്വാ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിസിൽ ക്രിസ്ത്യൻരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എസ്.ഐ: സിസിൽ ക്രിസ്ത്യൻരാജ് പറഞ്ഞു.

ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, ട്രഷറാർ സുരേഷ് പരുത്തിക്കൽ, ബാബു വാഴക്കൂട്ടത്തിൽ, പി.ഡി കലേശൻ എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്. ഇവിടെ പൊതു ടാപ്പ് ഉണ്ടെങ്കിലും അതിലൂടെ ശുദ്ധജലം എത്തിയിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. പല തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ സമിതി സ്വന്തം ചിലവിൽ കിയോസ്ക് സ്ഥാപിക്കുകയായിരുന്നു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ മനുഷ്യ ജീവന് വില കൊടുത്തു കൊണ്ടുള്ള പദ്ധതികൾ ആണെന്നും രാഷ്ട്രം ഈ യുദ്ധത്തിൽ പൂർണ്ണമായും ജയിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അർഹരായ കുടുംബങ്ങളിലേക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിക്കുമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.എടത്വാ പപ്പാസ് ഫാമിലി മാർട്ടിലെ ജീവനക്കാർ ആണ് കൂടുതൽ മുൻകരുതൽ സജജീകരണങ്ങളോടുകൂടി കിറ്റുകൾ തയ്യാറാക്കുന്നത്.

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ് : ലോക ജനത മരണ ഭീതിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു . കൊറോണ വൈറസ് ബാധിച്ച് ആയിരങ്ങൾ ദിനംപ്രതി മരിക്കുന്നു . ലക്ഷക്കണക്കിനാളുകൾ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവനും മരണത്തിനും ഇടയിൽ കഴിഞ്ഞു കൂടുന്നു . ഓരോ രാജ്യത്തിന്റെ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും രോഗികളായവരെ രക്ഷിക്കാനും , വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തികൊണ്ടിരിക്കുന്നു.

ഭയാനകമായ ഈ അവസരത്തിൽ  ” ലോകത്തിന് മുഴുവനും സുഖം പകരാനായി ദൈവങ്ങളെ നിങ്ങൾ മിഴി തുറക്കൂ ” എന്ന ഗാനം ആലപിച്ച് ലോക ജനതയ്ക്ക് ആശ്വാസമായി മാറുകയാണ് മസ്ക്കറ്റിലുള്ള മലയാളി കുരുന്നുകൾ . മരണ ഭീതിയിൽ കഴിയുന്ന ലോക ജനതയ്ക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനാഗാനമായി മാറുകയാണ് ഈ സഹോദരങ്ങൾ യൂ ട്യുബ്ബിൽ പോസ്റ്റ് ചെയ്ത മനോഹരമായ ഗാനം. ഒരു കാലത്ത് മലയാളികൾ ആസ്വദിച്ചിരുന്ന അതിസുന്ദരമായ ഗാനമാണ് അവർ ഇപ്പോൾ ലോകം മുഴുവനിലുമുള്ള കൊറോണ ബാധിതർക്കായി ആലപിച്ചിരിക്കുന്നത് .

മസ്‌ക്കറ്റിൽ ജോലി ചെയ്യുന്ന കുട്ടനാട്ടുകാരായ ജോജി – ജയ ദമ്പതികളുടെ മക്കളായ 16 വയസ്സുള്ള അലൻ ജോജിയും 14 വയസ്സുള്ള മരിയ ട്രീസ്സ ജോജിയും കൂടിയാണ് യൂ ട്യൂബിൽ ഈ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത് . ടാർസൈറ്റിലെ ഇന്ത്യൻ സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ . അതിമനോഹരമായി മരിയ ആലപിച്ച ഗാനത്തിനൊപ്പം കീബോർഡ് വായിച്ചിരിക്കുന്നത് മരിയയുടെ മൂത്ത സഹോദരനായ അലനാണ് . മരിയ ആലപിച്ചിട്ടുള്ള അനേകം നല്ല ഗാനങ്ങൾ ഇവർ ഇതിനോടകം യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . കൊറോണ വൈറസ് ഭയത്തിൽ കഴിയുന്ന ലോകത്തിന് ആശ്വാസമേകുവാൻ വേണ്ടിയാണ് ഇപ്പോൾ ഞങ്ങൾ ഇങ്ങനെ ഒരു ഗാനം തെരഞ്ഞെടുത്തതെന്ന് ഈ കുരുന്നുകൾ പറയുന്നു .

ഇവരുടെ മനോഹരമായ ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved