തനിക്കെതിരെ പരിഹാസം ചൊരിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളെ അതേ രീതിയിൽ തേച്ചൊട്ടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നതൊക്കെ ആരു കേൾക്കാൻ രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കിൽ കേൾക്കാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോൺഗ്രസിന്റെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
‘കോൺഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണ്, പ്രതിപക്ഷത്തിനെതിരേ താൻ ഉന്നയിച്ച ആരോപണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളി രാമചന്ദ്രനോ എന്തെങ്കിലും പറയുകയാണെങ്കിൽ കേൾക്കാം. അതല്ലാതെ കോൺഗ്രസിന്റെ യുവനേതാക്കളെ ആരാണ് കേൾക്കുക’- കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.
കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെ കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രാഹുൽ ഗാന്ധി ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.
ഇതിനെതിരേയാണ് ട്രോളുമായി കോൺഗ്രസ് യുവനേതാക്കളായ ടി സിദ്ധീഖ്, ജോതികുമാർചാമക്കാല, പിസി വിഷ്ണുനാഥ് തുടങ്ങിയവർ രംഗത്തെത്തിയത്. ‘സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. പിആർ വർക്കല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആർ വർക്ക് ചെയ്യിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്’ എന്നൊക്കെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുട വിമർശനം.
ഏപ്രില്‍ 13ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റത്തിന് സാധ്യത. ഇതുമൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചു.
തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പതിനെട്ടാമത്തെ അടവും പയറ്റുകയാണ് കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി വീട്ടിലേക്കോടിക്കാന്‍ ഇപ്പോള്‍ ഡ്രോണുകളാണ് പോലീസ് ഉപയോഗിക്കുന്ന്.
ഡ്രോണ്‍ കാണുമ്പോഴേ തങ്ങളുടെ മുഖം അതില്‍ പതിയാതിരിക്കാന്‍ മുഖവും മറച്ചുകൊണ്ട് ആളുകള്‍ ഓടാന്‍ തുടങ്ങും. ഡ്രോണ്‍ വീഡിയോകള്‍ കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ മുന്‍പും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൊലീസിന്റെ ഡ്രോണ്‍ ചരിതം രണ്ടാം ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
ഡ്രോണ്‍ ക്യാമറയില്‍നിന്ന് രക്ഷപെടാന്‍ ശരവേഗത്തിലാണ് പലരുടേയും ഓട്ടം. ഇതെല്ലാം ചേര്‍ത്തുവച്ച് ഒരു ട്രോള്‍ വീഡിയോ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.
അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേരാണ് ദിവസവും പുറത്തിറങ്ങുന്നത്. വലിയൊരു വിഭാഗം ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നുമാത്രം 2431 പേര്‍ക്കെതിരെ കേസെടുത്തു. 2236 പേരെ പൊലീസ് വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തു. 1634 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
”ഈസ്റ്റര്‍ ആയതിനാല്‍ ആരും നിയന്ത്രണങ്ങള്‍ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. കൈവിട്ടുപോയാല്‍ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയന്‍ പറഞ്ഞു.
Drone sightings..😃
Part 2…✌️ pic.twitter.com/AE9y8W3lsN— Kerala Police (@TheKeralaPolice) April 11, 2020
കൊല്ലം ഇത്തിക്കരയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിനുപിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും. മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം സിഐയുടെ നേതൃത്വത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. മകളുടെ മരണത്തിന്‍റെ ആരോപണം അമ്മയിലേക്ക് സമൂഹമാധ്യമങ്ങള്‍ തിരിച്ചുവിട്ടതിന്‍റെ തീരാവേദനയിലാണ് ദേവനന്ദയുടെ കുടുംബം.
കേരളം ഒന്നായി പ്രാര്‍ഥിച്ച് കൈകോര്‍ത്ത ആ ഏഴുവയസുകാരി മരിച്ചെന്ന യാഥാര്‍ഥ്യം കേരളം ഉള്‍ക്കൊണ്ടിട്ട് ഇന്ന് 45 ദിവസം പിന്നിട്ടു. പക്ഷേ ഇപ്പോഴും ആ ചോദ്യം ബാക്കിയാകുകയാണ്…ദേവനന്ദ എങ്ങനെ ആറിന്‍റെ കരയിലെത്തി.
ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിന്‍റെ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദീകരണം.. ഇതിനകം 68 ലേറെ പേരെ ചോദ്യം ചെയ്തു. പ്രദേശത്തെ നൂറുകണക്കിന് മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചു..ഫോറന്‍സിക് വിദഗ്ദര്‍ ഘട്ടം ഘട്ടമായി വിവധസമയങ്ങളില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. എന്നിട്ടും ദേവനന്ദയുടെ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടോ എന്ന് തെളിയിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമകള്‍ ദേവനന്ദ വീടിന് ഏറെദുരത്തായുള്ള ആറിലേക്ക് തനിയെ പോകില്ലെന്ന നിലപാടില്‍ ഉറച്ച് നിലപാടില്‍ വീട്ടുകാര്‍ ഉറച്ചുനിന്നതോടെ അന്വേഷണം തുടരുകയാണ് പൊലീസ്
അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവം നടന്നത് കൊല്ലം കുണ്ടറ ശ്രീശിവൻ ജംഗ്ഷനിലാണ്. കവിതാ ഭവനിൽ കവിത (28) യെയാണ് ബംഗാൾ സ്വദേശിയായ ഭർത്താവ് വെട്ടികൊലപ്പെടിത്തിയത്. ഭർത്താവ് ദീപക് കൊലപാതകത്തിന് ശേഷം ചെറുമൂട് ലക്ഷ്മി സ്റ്റാർച് ഫാക്ടറിക്ക് സമീപത്തുള്ള കാട്ടിനുള്ളിൽ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പന്ത്രണ്ടു വർഷം മുൻപാണ് ദീപക് കുണ്ടറയിൽ എത്തിയത്. ശേഷം കവിതയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് ലക്ഷ്മി (9) കാശിനാഥൻ (7) എന്നി രണ്ട് കുട്ടുകളുമുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന ദീപക്കിന്റെ ശ്രദ്ധയിൽ കവിത നിരന്തരമായി ഫോൺ വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് കവിതയുടെ മാതാവ് വാർഡ് മെമ്പറെ വിളിച്ചു ചര്ച്ച നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പ് ആക്കിയിരുന്നു.
ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് കവിത പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയും ഇത് തുടർന്നതിനെ ചൊല്ലി വീണ്ടും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും കോടാലി കൊണ്ട് കവിതയെ വെട്ടികൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കഴുത്തിലായി ആഴത്തിലുള്ള ആറോളം മുറിവുകൾ ഉണ്ടായിരുന്നു. കവിത തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.
കോവിഡ്-19 വൈറസ് രോഗബാധയ്ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച് അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമായി വിശദീകരിക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
മൂന്നാറിലെ കൊട്ടാക്കമ്പൂരില്‍ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തിയ നടപടി അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ, ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയത്. ജലസംഭരണിയിലെ പൈപ്പില്‍ നിന്നും വന്ന വെള്ളം കുടിച്ച് നായ ചത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു.
കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്.
കേരളത്തിൽ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മഹറൂഫിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല.പള്ളിയില്‍ പോയിരുന്ന ഇദ്ദേഹം മതചടങ്ങുകളിലും വിവാഹ നിശ്ചയചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നതായാണ് സൂചന. ഇയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പന്ന്യന്നൂരില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഈ ധന്യ മുഹൂര്‍ത്തം. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തന്നെ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവരുടെ പരിശോധന ഫലം ഇപ്പോള്‍ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. അങ്ങനെയെങ്കില്‍ കുടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രി വിടാനും കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൊവിഡ് ചികിത്സയിലായിരുന്ന യുവതിയുടെ പ്രസവം അഭിമാന നിമിഷമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര് അറിയിക്കുന്നത്. കുഞ്ഞിന്റെ സ്രവം പരിശോധനക്കയക്കും. ശേഷം മാത്രമെ ഇവര്‍ക്ക് ആശുപത്രി വിടാനാവൂ
ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താത്‌കാലിക നഴ്സായിരുന്ന ആഷിഫ് (23) അപകടത്തില്‍ മരിച്ചു. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്തതിന് ലഭിച്ച ആദ്യ പ്രതിഫലം വാങ്ങി മടങ്ങവെയാണ് അപകടമുണ്ടായത്. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്. ഏകസഹോദരി അജു നഴ്സിങ് വിദ്യാര്‍ഥിനിയാണ്.
സ്ഥിരം ജീവനക്കാരേക്കാള്‍ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഷിഫിന്റെ സേവനമെന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്റെ വാക്കുകള്‍. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ രോഗിയെ മെഡിക്കല്‍ കോളജിലേക്കെത്തിക്കാന്‍ ആഷിഫാണ് മുന്നില്‍ നിന്നത്. ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചപ്പോള്‍ അതിനും തയ്യാറാവുകയും ചെയ്തു. മറ്റുള്ളവര്‍ പേടിച്ചുനിന്നപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ രീതി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്.