മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന്‌ ഇന്ന്‌ അറുപതു വയസ്‌ തികയുന്നു.

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക്‌ ആഹ്ലാദദിവസവുമാണിന്ന്‌. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച്‌ താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍.

1960 മേയ്‌ 21-ന്‌ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ്‌ മോഹന്‍ലാലിന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തേക്ക്‌ കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.

1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ്‌ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട്‌ മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.

രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിയും തേടിയെത്തി.