ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രൻ നിയമിതനായതോടെ പുതിയ ഉണർവുണ്ടാകുമെന്നാണ് സാധാരണ പാർട്ടിക്കാർ വിശ്വസിച്ചിരുന്നത്. പക്ഷേ അതിനു വിപരീതമായ സംഭവങ്ങളാണ് ഇപ്പോൾ ബിജെപിയിൽ അരങ്ങേറുന്നത്. പുതിയ സംസ്ഥാന അധ്യക്ഷനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഗ്രൂപ്പ് മാനേജർമാർ നടത്തുന്ന നീക്കങ്ങൾ സുരേന്ദ്രനെ ശരിക്കും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
സുരേന്ദ്രന്റെ കീഴിൽ പദവികൾ ഏറ്റെടുക്കാനില്ലെന്ന് ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ നിലപാട് സംസ്ഥാന ബിജെപിയിലെ ചേരിപ്പോരിന്റെ ആഴം കൂട്ടുന്നു. പി.കെ.കൃഷ്ണദാസ് പക്ഷത്തിലെ പ്രമുഖ നേതാവായ രാധാകൃഷ്ണൻ ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷുമായുള്ള ചർച്ചയിലും തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ സംഘടനയിൽ വലിയ പ്രതിസന്ധി തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ സുരേന്ദ്രന് പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പിന്റെ സ്വരമാണ് കേൾക്കേണ്ടി വന്നത്. അധ്യക്ഷനായി ചുമതലയേറ്റ ദിവസം പ്രമുഖ നേതാക്കളുടെ അഭാവം ഏറെ ചർച്ചയായി. പാർട്ടിയുടെ ജില്ലാ ഘടകങ്ങളിൽ നിന്ന് എതിർപ്പുകളും വന്നുതുടങ്ങി.
തിരുവനന്തപുരം ജില്ലയിൽ നിന്നായിരുന്നു ആദ്യ പൊട്ടിത്തെറി. യുവമോർച്ച സംസ്ഥാന സമിതി അംഗം കൂടിയായ എസ്.മഹേഷ്കുമാർ രാജിവച്ചതോടെ ജില്ലയിലെ പാർട്ടി ഘടകത്തിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നു. സുരേന്ദ്രൻ അധ്യക്ഷനായതിനു പിന്നാലെ മണ്ഡലം തലത്തിൽ നടത്തിയ അഴിച്ചുപണികളിൽ പ്രതിഷേധിച്ചായിരുന്നു രാജി. നാലു മണ്ഡലങ്ങളിൽ പുതുതായി നിയമിച്ച പ്രസിഡന്റുമാരെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകായിരുന്നു. പാർട്ടിക്ക് ഏറെ വേരുകളുള്ള കാസർഗോഡ് ജില്ലയിലും പൊട്ടിത്തറിയുണ്ടായി. ജില്ലയിലെ പ്രമുഖ നേതാവും സംസ്ഥാന സമിതിയംഗവുമായ രവീശതന്ത്രി കുണ്ടാർ രാജിവച്ചു. കാസർഗോഡ് ജില്ലാ പ്രസിഡന്റായി കെ.ശ്രീകുമാറിനെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാൻ പോകുകയാണെന്നും കുണ്ടാർ പറഞ്ഞിരുന്നു.
ഏറ്റവുമൊടുവിൽ മുതിർന്ന നേതാവ് എ.എൻ. രാധാകൃഷ്ണന്റെ നിസഹകരണവും സുരേന്ദ്രന് തിരിച്ചടിയായിരിക്കുകയാണ്. കെ.സുരേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ജനറൽസെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെയാണെന്നാണ് പ്രമുഖ നേതാക്കൾ പരാതിപ്പെടുന്നത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുരേന്ദ്രന് ഏറെ പ്രയത്നിക്കേണ്ടി വരും.
ദ് ഷാരൂഖ് ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ച വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്തറയില് ഭാസിയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിങ് ഖാന് സ്കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഷാരൂഖ് സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്കോളര്‍ഷിപ്പിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. അതോടെ ഈ പെണ്‍കുട്ടി ആകെ പ്രശ്നത്തിലായി. ഇതുകണ്ട ഷാരൂഖ് വെറുതെ നിന്നില്ല. ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.
രാജ്യത്തെ 800 പേരില്‍ നിന്നുമാണ് ഗോപികയെ 95 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്. നാല് വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന് പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേന്ന് നിതിനും ശരണ്യയും കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നല്‍കിയിരുന്നു.
കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്കിയ മൊഴി. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ശരണ്യയുടെ കാമുകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യപ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു.
കൊല്ലം, നെടുമണ്‍കാവ് ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി . വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് സംഭവം. ദേവനന്ദയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മയും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കാണാതാകുന്നതിന് തൊട്ട് മുന്‍പുവരെ അമ്മയുമായി കുട്ടി സംസാരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തി. വീടിനു നൂറുമീറ്റര്‍ അകലെ പുഴയില്‍ വീണിരിക്കാമെന്ന സംശയത്തില്‍ അഗ്നിശമന സേനയെത്തി തെരച്ചില്‍ നടത്തി.കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയവും നിലനില്ക്കുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി കാമറള് പോലീസ് പരിശോധിച്ചുവരികയാണ്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
കൊല്ലം നെടുമണ്‍കാവ് ഇളവൂരില്‍ ആറുവയസുകാരിയെ കാണാതായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ ആണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതാകുന്നത്. ഫോട്ടോയും സ്കൂള്‍ ഐഡി കാര്‍ഡും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
മാക്സിമം ഷെയര്‍ ചെയ്ത് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് അഭ്യര്‍ത്ഥന. വക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. പ്രദീപ് സിയുടെ മകളാണ്. കുടവറ്റൂര്‍ ദീപ സദനത്തിലെ മകളാണ്. വിവരം ലഭിക്കുകയാണെങ്കില്‍ 9946088413 എന്ന നമ്പറിലേക്ക് അറിയിക്കേണ്ടതാണ്.
സംശയാസ്പദമായി കാണുന്ന എല്ലാ വാഹനങ്ങളും ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുന്നതായി പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്നാണ് മുരാരി ലാല്‍ മരിച്ചതെന്ന് പറഞ്ഞ പൊലീസ് എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമായിട്ടില്ലെന്നും പറയുന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ ലഖ്നൗവിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പുഷ്പക് എക്സ്പ്രസ് ട്രെയിനില്‍ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു.മുരാരി ലാല്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയിൽ ജോലിക്കു ശേഷം 12ന് മുറിയിൽ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ വിഡിയോ കോളിൽ എത്തി താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടർന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ബാദുഷയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: മുംതാസ്.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ വീഡിയോയിട്ട യുവാവ് പോലീസ് അറസ്റ്റിൽ. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ(24)യാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ കേരള പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ ട്രോള്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.
നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ബെഹ്റ അറിയിച്ചിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ കോടതി ഹാളില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് കോടതി പ്രദര്‍ശിപ്പിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കോടതി നിര്‍ദേശ പ്രകാരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിനുവേണ്ടി സോളിസിറ്റര്‍ ജനറലിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്ര സര്‍ക്കാറിന് താല്പര്യമുള്ളത് കൊണ്ടാണ് കോടതിയില്‍ ഹാജരായതെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ജോളിയുടെ മൊഴിയെടുത്ത് പോലീസ്. കൈഞരമ്പ് കടിച്ച് മുറിച്ചതാണെന്നാണ് ജോളിയുടെ മാെഴി. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോളിയിപ്പോള്‍. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.