സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.

രോഗം സ്ഥിരീകരിച്ച 24വയസുകാരന്‍ അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.

വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.