കോവിഡ് ബാധിതനായ ബ്രിട്ടിഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് ലഭിക്കുന്നത് വിമാനം ടേക്ക് ഓഫിനെടുക്കുന്നതിന് 15 മിനിറ്റ് മുമ്പ്. അതിവേഗമായിരുന്നു തുടർന്നുള്ള നീക്കങ്ങൾ. വിമാനം പിടിച്ചിടാൻ കളക്ടറുടെ നിർദേശമെത്തുമ്പോൾ മുഴുവൻ ജീവനക്കാരുടെയും ബോർഡിങ് പൂർത്തിയായിരുന്നു. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ അതിനിർണായകമായിരുന്നു 8.45ന് ഇടുക്കി ജില്ലാ ഭരണകൂടത്തിൽ നിന്നും എറണാകുളം കലക്ടർക്കെത്തിയ ആ സന്ദേശം. കോവിഡ് പൊസിറ്റീവായ വിദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും 9 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്കു പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം.
ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇടപെടലിന് കലക്ടർ മുതിരുകയായിരുന്നു. കൊച്ചി നഗരത്തിലെ ക്യാംപ് ഓഫിസിൽ നിന്നും നെടുമ്പാശേരിയിലേക്കു കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കാനും നിർദേശം നൽകി. ഭാര്യാസമേതനായെത്തിയ ബ്രിട്ടിഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്കു കയറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ തിരക്കിട്ട കൂടിയാലോചന. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കമുള്ളവരുമായി ഫോണിൽ ആശയവിനിമയം.
ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, എസ്.പി കെ.കാർത്തിക്, സിഐഎസ്എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച. വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്കു വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ബാക്കി 270 യാത്രക്കാരുമായി വിമാനം പറന്നുയരുമ്പോൾ സമയം 12.47. പരിശോധന വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം അവിടെ തീർന്നില്ല. വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപഴകിയവരെ കണ്ടെത്തലായിരുന്നു അടുത്ത നടപടി. വിമാനത്താവള ജീവനക്കാരും സിഐഎസ്എഫ് സുരക്ഷാഭടൻമാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി വാസസ്ഥലങ്ങളിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ അകത്തളവും എയ്റോ ബ്രിഡ്ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കാൻ നടപടി. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി. സിസിടിവി നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കലക്ടർ നിർദേശം നൽകി. ഇവർക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണമുണ്ടാകും.
കേരളത്തില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അതില്‍ മൂന്നു പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച യുകെ സ്വദേശിയാണ് ഒന്നാമത്തെയാള്‍. ഇദ്ദേഹം കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ്-19 സ്ഥിരീകരിച്ചത്. സ്പെയിനില്‍ പഠനാവശ്യത്തിനുപോയി മടങ്ങിവന്ന ഒരു ഡോക്ടറാണ് ഇയാള്‍. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. 141 ലോക രാജ്യങ്ങളിലാണ് കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുള്ളത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര് വീടുകളിലും, 289 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ്സിനെ നേരിടാൻ മുൻകരുതലുകളെടുക്കണമെന്ന് ഭീകരർക്ക് നിർദ്ദേശം നൽകി ഇസ്ലാമിക് സ്റ്റേറ്റ്. ആഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന അൽ നാബ ന്യൂസ് ലെറ്ററിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കണമെന്ന് പറഞ്ഞു തുടങ്ങുന്ന ന്യൂസ് ലെറ്റർ എങ്ങനെയാണ് വൃത്തി പാലിച്ച് കൊറോണയെ അകറ്റേണ്ടതെന്നും വിശദീകരിക്കുന്നു. കൈകൾ കഴുകണമെന്നും മറ്റുമാണ് നിർദ്ദേശം. വായ മൂടണമെന്നും യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.
രോഗം വരുന്നത് ദൈവത്തിന്റെ ആജ്ഞ പ്രകാരമാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു. ദൈവത്തിൽ അഭയം തേടുകയാണ് ഈ സന്ദർഭത്തിൽ വേണ്ടതെന്നും ന്യൂസ് ലെറ്റർചൂണ്ടിക്കാട്ടി.
ഓരോരുത്തര്‍ക്കും സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം അനുയായികളോട് പറയുന്നു.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാത്തതിന് ദൈവത്തിന് നന്ദിയെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം നീല്‍. ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചതുപോലെ ഇന്ത്യയിലാണ് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നില്ലെന്നും നീല്‍ അഭിപ്രായപ്പെട്ടു.
ചൈനീസ് മോഡല്‍ മികച്ചതാണെന്നും ഇന്ത്യയിലായിരുന്നു കൊറോണ ആദ്യം വന്നിരുന്നതെങ്കില്‍ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ടാകുമായിരുന്നില്ലെന്നും ജിം നീല്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ അനുകരിക്കണമെന്നും ജിം പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തി. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിശ്വേഷ് നേഗി പ്രതികരിച്ചു.
ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവാനന്ദയുടെ മരണത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും വാദങ്ങൾ തള്ളി ശാസ്ത്രീയ പരിശോധനാഫലം പുറത്ത്. ദേവനന്ദയെ അപായപ്പെടുത്തിയതാണെനന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും വാദം. എന്നാൽ ദേവനന്ദ കാല് തെന്നിയാണ് ആറ്റിൽ വീണതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി കൂടാതെ സ്വാഭാവിക മുങ്ങി മരണമാണെന്നും ശാസ്ത്രീയ പരിശോധന സംഘം വ്യക്തമാക്കി.
ദേവനന്ദ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നും. സ്വാഭാവികമായി മുങ്ങി മരിച്ചാലുണ്ടാകുന്ന സ്വാഭാവികത മാത്രമേ ശരീരത്തിലുണ്ടായിരുന്നുള്ളു എന്നും വിദഗ്ദ്ധ സംഘം പറയുന്നു. ശരീരത്തിലോ ആന്തരീക അവയവങ്ങളിലോ പരിക്കുകൾ ഒന്നും ഇല്ലാത്തതും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതും മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കുന്നതായി വിദഗ്ധ സംഘം.
ദേവനന്ദയുടെ മരണത്തിൽ നേരത്തെ അച്ഛനും അമ്മയും നാട്ടുകാരുമുൾപ്പടെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് നിരീക്ഷിച്ചിരുന്നു. കുട്ടി എങ്ങനെ ആറിന്റെ അവിടെ വരെ ഒറ്റയ്ക്ക് പോയെന്നുള്ള സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും ദേവനന്ദയുടെ അച്ഛൻ പ്രതീപ് പ്രതികരിച്ചു.
പൂച്ചാക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം ഇരുട്ടു വീഴ്ത്തിയത് അഞ്ച് കുടുംബങ്ങളിലാണ്. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ നാല് പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. രണ്ട് കാലിനും ഒടിവുമായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന സാഗിയുടെ പിതാവ് സാബുവിന് പെയിന്റിങ് ജോലിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. സാഗിയുടെ സഹോദരി അഞ്ജന നഴ്സിങ് കോഴ്സ് പൂർത്തിയാക്കി 3 മാസമായി ഹൈദരാബാദിൽ പരിശീലനത്തിലാണ്. സാഗിയുടെ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷത്തോളം രൂപ കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞു സാഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സാബുവിന്റെ കുടുംബം വീടുവയ്ക്കാനും അഞ്ജനയുടെ പഠനത്തിനും എടുത്ത വായ്പകൾ ബാധ്യതയായി നിൽക്കുകയാണ്. 10 സെന്റ് സ്ഥലം ചേർത്തല കാർഡ് ബാങ്കിൽ 15 വർഷത്തേക്ക് ഇൗടുവച്ചാണ് 2013ൽ വീടുപണിക്ക് 6 ലക്ഷം വായ്പയെടുത്തത്. മാസം 11,000 രൂപ തിരിച്ചടവുണ്ട്. അഞ്ജനയുടെ പഠനത്തിന് പൂച്ചാക്കൽ എസ്ബിഐയിൽനിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത് അടുത്തമാസം മുതൽ അടയ്ക്കണം.
എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചന്ദന ചികിത്സയിലുള്ളത്. പിതാവ് പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു തയ്യൽ തൊഴിലാളിയാണ്. ചന്ദനയുടെ ഇടതു തുടയെല്ലിനു തിങ്കളാഴ്ച ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാതാവ് ഷീല വീട്ടമ്മയാണ്.
ചികിത്സാച്ചെലവു വഹിക്കാമെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാലിന് ഇടാനുള്ള സ്റ്റീൽ റോഡ് നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും ചന്ദ്രബാബു പറഞ്ഞു. വീടു വയ്ക്കാനും മൂത്ത 2 പെൺമക്കളുടെ വിവാഹത്തിനുമായി പൂച്ചാക്കൽ സഹകരണ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 4 ലക്ഷം രൂപ പലിശ ഉൾപ്പെടെ ഇപ്പോൾ 8 ലക്ഷത്തിന്റെ ബാധ്യതയായി. മാസം 11,000 രൂപ തിരിച്ചടയ്ക്കണം. അതിനു പോലും കുടുംബം പ്രയാസത്തിലാണ്. അതിനിടെയാണ് അപകടം.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന അനഘയ്ക്ക് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2 ലക്ഷത്തോളം രൂപയാണ് ഇതുവരെയുള്ള ചെലവ്. അതിൽ 40,000 രൂപ അടച്ചു. ചെത്തുതൊഴിലാളിയാണ് അച്ഛൻ ചന്ദ്രൻ. ഭാര്യ വൽസല എരമല്ലൂർ ഖാദി സ്പിന്നിങ് മിൽ തൊഴിലാളി. വീടു വയ്ക്കാൻ കടം വാങ്ങിയ 3 ലക്ഷത്തോളം രൂപ ഇപ്പോഴും ബാധ്യതയായി നിൽക്കുന്നു. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ആശുപത്രി ചെലവുകൾ നടത്തുന്നത്. അനഘയ്ക്ക് ഡോക്ടർമാർ ഒന്നര മാസം വിശ്രമം നിർദേശിച്ചിട്ടുണ്ട്.
കാർ ആദ്യം ഇടിച്ചു വീഴ്ത്തിയ അനീഷും പ്രതിസന്ധിയിലാണ്. വലതുകൈ ഒടിഞ്ഞു. കൽപ്പണിക്കാരനാണ് അനീഷ്. ഇനി മാസങ്ങളോളം ജോലി ചെയ്യാൻ കഴിയില്ല. ഭാര്യ ബിനി പൂച്ചാക്കലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണജോലി തീർന്നിട്ടില്ല. 4 വയസ്സുള്ള മകൻ വേദവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. അനീഷിന്റെ തണലിലാണ് മാതാവ് ഉൾപ്പെടെയുള്ള കുടുംബം.
മൂന്ന് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം പാഞ്ഞെത്തിയ കാറാണ് തൈക്കാട്ടുശേരി മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ പി.എസ്.അർച്ചനയെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ചു റോഡിൽ തലയിടിച്ചുവീണു.കാർ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടിരുന്നതായി അർച്ചന പറയുന്നു. കാൽമുട്ടിന്റെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയ ശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അർച്ചന തൈക്കാട്ടുശേരിയിലെ വീട്ടിലെത്തിയത്.
തലയിടിച്ച് റോഡിൽ വീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിനും ഇപ്പോഴും വേദനയുണ്ട്. തുടർ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ച ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്.3 മാസം വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചത്. സർക്കാൻ നിർദേശമുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ ചെലവുണ്ടായില്ലെന്ന് അനിരുദ്ധൻ പറഞ്ഞു. അനിരുദ്ധന് മേസ്തിരിപ്പണിയാണ്. ഭാര്യ ഷിനിമോൾ കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലിക്കാരി. കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കടമുണ്ട്.
അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച വിദ്യാർഥിനികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ചികിത്സയ്ക്കു ചെലവായ തുക കുടുംബങ്ങൾക്കു തിരികെ നൽകുമെന്ന് ആശുപത്രികളുടെ അധികൃതർ കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു.
ഫെയ്‌സ്ബുക്കിലൂടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദ് (35) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ‘അൻഷാദ് മലബാറി’യിലൂടെ മറ്റൊരു പോസ്റ്റിന് നൽകി കമന്റിലായിരുന്നു മന്ത്രിക്കെതിരായ അശ്ലീല പരാമർശം.
സംഭവത്തിൽ പ്രതിക്കെതിരെ സ്വമേധയാ കേസെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മേലാറ്റൂർ എസ്.ഐ പി.എം. ഷമീറും സംഘവുമാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള സ്മാർട്ട്ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. അറസ്റ്റിലായ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പ്രവാസിയായിരുന്ന അൻഷാദ് നിലവിൽ നാട്ടിൽ ചെറിയ ബിസിനസ് ചെയ്യുകയാണ്. അതേസമയം, സംഭവത്തിന് പിന്നാലെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ചും യുവാവ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ ഖേദപ്രകടനം.
എറണാകുളം പെരുമ്പാവൂരില എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ ഗർഭിണി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടിൽ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (25) എന്നിവരാണ് മരിച്ചത്. സുമയ്യ ഗർഭിണിയാണ്.
മലപ്പുറത്തു നിന്നും പുഞ്ചവയലിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട ലോറിയിൽ ഇവർ സഞ്ചരിച്ച മാരുതി കാർ ഇടിച്ച് കയറിയാണ് അപകടമെന്നാണ് വിവരം. സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ സക്കീന ദമ്പതികളുടെ മകളാണ് സുമയ്യ. നിലമ്പൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി ചെറു കൊക്കുവായില്‍ പ്രവീണ (20 ), മേത്തല തൃപുണത്ത് സജിത്ത് (24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്. രണ്ടു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സജിത്തിന്റെ പ്രേരണയാല്‍ ഒന്നേകാല്‍ വയസ്സ് പ്രായമായ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു യുവതി പോകുകയായിരുന്നു. പരാതി പ്രകാരം ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.
അതേസമയം നെടുമങ്ങാട് രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് പാങ്ങോട് പോലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പോലീസ് കേസെടുത്തു. പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. ജെ.അജയന്‍, എ.എസ്.ഐ. സക്കീര്‍ ഹുസൈന്‍, സി.പി.ഒ.മാരായ അരുണ്‍, ഗീത എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. പട്ടത്തെ ഒക്സല്‍ സൂപ്പര്‍ ഷോപ്പിയില്‍ ജീവനക്കാരിയായിരുന്നു സിന്ധു. കുളത്തൂര്‍ മണ്‍വിള കുന്നുംപുറത്ത് ബാലന്‍ - സുന്ദരി ദമ്പതികളുടെ മകളാണ്. കാര്യവട്ടം സി.എസ്.ഐ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍.
നാടിനെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നിൽ പരപുരുഷ ബന്ധമാണെന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നതായും, വിളിക്കുമ്പോളൊക്കെ അയാള്‍ക്കൊപ്പം പോയിരുന്നതായും സിന്ധുവിന്റെ അച്ഛന്‍ ബാലന്‍ പറയുന്നു. “അവള്‍ക്കൊരു കൂട്ടുകാരനുണ്ട്. ജോണി എന്നാണ് പേര്.അവന്‍ എവിടെ വിളിച്ചാലും ഇവള്‍ പോകും. ഉള്ള സത്യമാണ് പറയുന്നത്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല”- അദ്ദേഹം പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനൊടുവില്‍ ഭാര്യയെയും മകനെയും കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും ഷാരോണിന്റേത് കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടത്.
കിടപ്പുമുറിയിലെ ജനലിന് സമീപത്തെ തടിയില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീടുവയ്ക്കാനായി സുരേഷ് കൊഞ്ചിറയില്‍ വാങ്ങിയ സ്ഥലത്ത് സംസ്കരിക്കും. കന്യാകുളങ്ങര കൊഞ്ചിറ സിയോന്‍കുന്ന് തടത്തരികത്ത് വീട്ടില്‍ ജോണ്സണ് -ഓമന ദമ്പതികളുടെ മകനായ സുരേഷ് ഒരുവര്‍ഷം മുന്‍പാണ് ഭാര്യയും മകനുമൊപ്പം കുളത്തൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മുന്‍പ് കന്യാകുളങ്ങരയില്‍ ആട്ടോ ഡ്രൈവറായിരുന്ന സുരേഷ് പിന്നീട് ഗള്‍ഫില്‍ പോയി ഫെബ്രുവരി 20ന് തിരിച്ചെത്തി. മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ച് രണ്ടാഴ്ച മുമ്ബ് ആട്ടോറിക്ഷ വാങ്ങി ഓട്ടം തുടങ്ങി. വ്യാഴാഴ്ച രാത്രി സുരേഷ് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി.
അടുക്കളയില്‍ പാത്രം കഴുകുകയായിരുന്ന സിന്ധുവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മകന് ഷാരോണിനെയും അതേ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ആറരയ്ക്ക് സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സുരേഷിന്റെ വോയിസ് കാള്‍ വന്നു. എട്ടു മണിക്ക് വീട്ടില്‍ എത്തണമെന്നായിരുന്നു സന്ദേശം. പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ മെസേജ് ശ്രദ്ധയില്‍പ്പെട്ട അനുജത്തിയുടെ ഭര്‍ത്താവ് പലവട്ടം തിരികെ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കതക് തുറന്നിട്ടിരിക്കുകയായിരുന്നു. അവര്‍ ഉടനെ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് സിന്ധുവിന്റെയും ഷാരോണിന്റെയും മൃതദേഹം കണ്ടത്.