തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.
ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.. റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല.
പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.
ഇന്ത്യക്കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി. ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 34 കാരി സുറീല്‍ ദബാവാല എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
യുവതിയെ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ കാണാനില്ലായിരുന്നു. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ചിക്കാഗോയിലെ ഗാര്‍ഫീല്‍ഡ് പാര്‍ക്കിലാണ് കാറുണ്ടായിരുന്നത്. താമസിച്ചിരുന്ന വീടിന്റെ സമീപത്താണ് ഈ പാര്‍ക്ക്.
കൊല ചെയ്യപ്പെട്ട പരിക്കുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണോ മരണകാരണമെന്ന് സംശയമുണ്ട്. എന്നാല്‍, എങ്ങനെ കാറിന്റെ ഡിക്കിയിലെത്തി എന്നത് സംശയകരമാണ്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു.
റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതൻ. കോന്നി ആനക്കല്ലുക്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതൻ ഫാ മാത്യൂ കുത്തിവരച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്. പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്‍റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ കാറിൽ കുത്തിവരച്ചെന്നാണ് കരുതുന്നത്.
നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടു.
ദുബൈ: മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ. മനോജ് എസ്.വർഗ്ഗീസ് ,അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ,മക്കളായ കരുണും ക്യപയും ചേർന്ന് അഞ്ചര മാസം കൊണ്ട് പകർത്തി എഴുതി തയ്യാറാക്കിയ ബൈബിൾ ആണ് നിലവിലുള്ള റിക്കോർഡ് തകർത്ത് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിന് അർഹമായത്. മനോജും ഭാര്യയും ചേർന്ന് നല്കിയ രേഖകൾ യു.ആർ.എഫ് അധികൃതർ പൂർണ്ണമായും പരിശോധിക്കുകയും വീഡിയോ കോൺഫ്രൻസിലൂടെ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ഔദ്യോഗിക അറിയിപ്പ് നല്കുകയും ചെയ്തു.
സർട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫലകവും യു.ആർ.എഫ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും. പ്രഖ്യാപന ചടങ്ങിന്റെ ഒരുക്കങ്ങൾ ദുബൈയിൽ ആരംഭിച്ചു.
85.5 സെ.മി നീളവും 60.7 സെ.മി വീതിയും 46.3 സെ.മി ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവും ഉള്ള ബൈബിൾ പകർത്തി എഴുതുവാൻ തുടങ്ങിയത് മനോജിന്റ ഭാര്യ സൂസൻ ആയിരുന്നു.ഒപ്പം ദുബൈ ഇന്ത്യൻ ഹൈസ്സ്‌കൂൾ വിദ്യാർത്ഥിയായ മകൻ കരുണും അൽ-വർഖ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ ക്യപയും പഠന തിരക്കുകൾക്കിടയിലും ബൈബിൾ പകർത്തിയെഴുതുന്നതിൽ അതിയായ താത്പര്യം കാണിച്ചു. സ്‌കൂൾവിട്ട് വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങൾ വേഗത്തിൽ ചെയ്തുതീർക്കും. ബാക്കിവരുന്ന സമയം ബൈബിൾ എഴുത്തിൽ മുഴുകും.അതിനിടയിൽ വീടിന്റെ അന്തരീക്ഷമാകെ ബൈബിൾ എഴുത്തിനായി മാറിയിരുന്നു.ഏകദേശം 60 പേനകൾ ഇതിനായി ഉപയോഗിച്ചു.
യാത്രകൾ, ഷോപ്പിങ് അങ്ങനെ പ്രിയപ്പെട്ടതെല്ലാം എഴുത്തിനായി കുടുംബം മാറ്റിവെച്ചു.ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂർവരെ നീണ്ടുപോയിരുന്നു. വിചാരിച്ചതിലും വേഗത്തിലാണ് എഴുത്ത് യായത്.ബൈബിളിന്റെ ചില പേജുകളിൽ ചിത്രങ്ങളാണ്. ബൈബിൾ വചനവുമായി ബന്ധപ്പെട്ട ഈ ചിത്രങ്ങൾ ഇവർതന്നെ വരച്ചുചേർത്തു.ബൈബിൾ എഴുതുന്നത് ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റെക്കോഡിനായി അധികൃതർക്ക് അയച്ചു കൊടുത്തത്.
ഇതിനോടകം നിരവധി പ്രമുഖർ ആണ് ജെബൽ അലിയിലെ മാർത്തോമ പള്ളിയിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണുന്നതിന് എത്തി കൊണ്ടിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വേങ്ങൽ കുഴിക്കാട്ട് വർഗ്ഗീസ് കെ.മാത്യു-സാറാമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനായ മനോജ് കഴിഞ്ഞ 2 പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളം നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഭാര്യ സൂസൻ ഇപ്പോൾ മനോജിന്റെ ബിസിനസിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.
മനോജിനും കുടുംബത്തിനും നാട്ടിൽ അനുമോദനം നല്കുന്നതിന് ഉള്ള തിരക്കിലാണ് പ്രദേശവാസികളും, സുഹൃത്തുക്കളും.
മൂന്ന് ദിവസം മുമ്പ് കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകകനായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അധ്യാപികയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നു. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതി മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കടപ്പുറത്ത് നിന്നും മത്സ്യതൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നില്‍ ബെല്ലടിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുങ്ങിമരണമെന്നാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്ക ആരോപിക്കുന്നത്. രൂപശ്രീയുടെ മൃതദേഹം സംസ്കരിച്ചു.
കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.
വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.
എന്നാൽ, ലൗ ജിഹാദ് പരാമർശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാർ സഭയിലെ തന്നെ ഒരു വിഭാഗം വെെദികർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.
സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.
ഹൈക്കോടതി ഇടപെട്ട് 2010ൽ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014ൽ ഉത്തർപ്രദേശ് കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്ലിം, ഹിന്ദു മതങ്ങളിൽനിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
അവതാരകയും മോഡലുമായ ജാഗി ജോണിന്റെ (45) മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം തേടി പൊലീസ് കത്തു നല്‍കി. പത്ത് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മകനും ഭര്‍ത്താവും മരിച്ചശേഷം അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മനഃശാസ്ത്രജ്ഞരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.
മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകള്‍ വരാന്‍ സാധ്യത കുറവായതിനാല്‍ അമ്മയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറയുന്നു. അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ മുറിവുകളില്ലായിരുന്നു. കുഴഞ്ഞു വീണതാണോ ബല പ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജാഗിയുടെ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുറവന്‍കോണം ഹില്‍ ഗാര്‍ഡന്‍സിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്.
മഞ്ചേശ്വരത്ത് മൂന്നു ദിവസം മുന്‍പു കാണാതായ അധ്യാപികയെ ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ചന്ദ്രകൃപയിലെ എ ചന്ദ്രശേഖരന്റെ ഭാര്യ ബി കെ രൂപശ്രീയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്തു കിടന്നിരുന്ന മൃതദേഹത്തിന്റെ തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാള്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
മിയാപദവ് എസ്വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ജനുവരി 16നാണ് കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. പരേതനായ കൃഷ്ണ ഭണ്ഡാരിയുടെയും എല്‍ഐസി ഏജന്റ് ലീലാവതിയുടെയും മകളാണ് രൂപശ്രീ. മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനാണു ഭര്‍ത്താവ് ചന്ദ്രശേഖരന്‍. മക്കള്‍: കൃതിക്, കൃപ. സഹോദരങ്ങള്‍: ദീപ, ശില്‍പ.
മലപ്പുറം വളാഞ്ചേരിയിൽ നാല് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്ത്, പതിമൂന്ന്, പതിനഞ്ച്, പതിനേഴ് വയസ് പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ കൗൺസിലിങിനിടെയാണ് പീഡനവിവരം ഇവർ വെളിപ്പെടുത്തിയത്.
10 വയസ് പ്രായമുള്ള ഇളയകുട്ടിയാണ് സ്കൂളിലെ കൗൺസിലിംങ് ക്ലാസിനിടെ പീഡനവിവരം അധ്യാപകരോട് ആദ്യം വെളിപ്പെടുത്തുന്നത്. തനിക്ക് മാത്രമല്ല തന്റെ മൂന്ന് സഹോദരിമാർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. തുടർന്ന് നാല് പേരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു.
പോക്സോ കേസ് ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇവർ ജോലിക്ക് പോയിരുന്ന സമയങ്ങളിലാണ് പീഡനം നടന്നിരിക്കുന്നത് എന്നാണ് വിവരം. പ്രതി പലപ്പോഴും മദ്യപിച്ചായിരുന്നു വീട്ടിലെത്തിയിരുന്നതെന്നും അമ്മ മൊഴിനൽകിയിട്ടുണ്ട്.