അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ
ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.
ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.
ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .
ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.
നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.
വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.
മിസോറാം ഗവർണറായി അഡ്വ .പി . എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയുന്നു .
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍.
ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.
സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്‌നേഹം കാപട്യമാണെന്നും അവര്‍ക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.
”നിങ്ങള്‍ സിനിമയിലൊക്കെ അഭിനയിക്കും. ഇപ്പോള്‍ കുറേ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് പ്രകടനം നടത്തിയ വലിയ വലിയ സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും ഒക്കെയുണ്ട്. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ ഈ നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാക്കുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലേ? അതുകൊണ്ട് വസ്തുനിഷ്ഠാപരമായ സമീപനമാണ് ആവശ്യം. ”- എന്നായിരുന്നു കുമ്മനം പറഞ്ഞത്.
എന്നാല്‍ കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കമല്‍ നടത്തിയത്. ബി.ജെ.പി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നാണ് കുമ്മനത്തോട് പറയാനുള്ളതെന്ന് കമല്‍ വിശദീകരിച്ചു.
”ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരും തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറൊരു രാജ്യത്തെ ആള്‍ക്കാരായി കണക്കാക്കുന്നത് ശരിയല്ല.
കുറേനാളായി പാക്കിസ്ഥാനിലേക്ക് പോ ചന്ദ്രനിലേക്ക് പോ എന്നൊക്കെ പറഞ്ഞ് ഇവര്‍ തുടങ്ങിയിട്ട്. ഇതൊക്കെ കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ അടുത്ത് പറയണ്ട. കലാകാരന്‍മാരുടെ അടുത്ത് കളിക്കണ്ട. അതാണ് പറയാനുള്ളത്.
ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയപകപോക്കലായി കണീരൊഴുക്കുക്കരുതെന്ന് ഭീഷണിമുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെയും കമല്‍ രംഗത്തെത്തി.
സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്‌സ് കമ്മീഷണറോ അല്ലല്ലോയെന്നും ഞങ്ങള്‍ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നതെന്നുമായിരുന്നു കമലിന്റെ മറുപടി. ഇത്തരം രീതിയിലുള്ള ഭീഷണികളാണല്ലോ കുറേകാലമായി അവര്‍ നടത്തുന്നത്. ഞങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണ് നികുതി വെട്ടിപ്പിക്കുന്നതാണ് എന്നെല്ലാമാണ് പറയുന്നത്.
ഇന്ത്യ മുഴുവന്‍ പ്രതിഷേധം നടക്കുന്നു. വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുംഎല്ലാം പ്രതിഷേധിക്കുന്നു. പിന്നെ കലാകാരന്‍മാരും സിനിമാക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം ഇവര്‍ക്കെന്താണ് ഇത്രയും കലിപ്പ്.
ഇവര്‍ ഭയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണ്. അതാണ് സത്യം. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞത്. അതുകൊണ്ടാണ് രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നത്.
അര്‍ബന്‍ നക്‌സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്താന്‍ ഇവര്‍ക്ക് എളുപ്പമാണല്ലോ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി- കമല്‍ പറഞ്ഞു.
ബിസിനസുകള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്നും ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകള്‍ പരിഹരിക്കാനുള്ളതാണെന്നും ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി പറഞ്ഞു. ഭക്തിഗ്ന രംഗത്ത് രണ്ട് പതിറ്റാണ്ട് മുമ്ബ് നടത്തിയ സംഗീത പരീക്ഷണങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1992ലെ ക്രിസ്മസ് കാലത്താണ് കെ ജെ യേശുദാസ് പാടി അഭിനയിച്ച സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. പിന്നീട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണം നല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകള്‍ വിപണിയിലെത്തി. ചിത്ര, സുജാത, എംജി ശ്രീകുമാര്‍, എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയ നിരവധി പ്രകല്‍ഭ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഈ പരീക്ഷണങ്ങള്‍ക്ക് പിന്നിലെ ആരോടും പറയാത്ത കഥകള്‍ ടോമിന്‍ തച്ചങ്കരി പറയുന്നു. ഇക്കാലമത്രയും നിഴല്‍പോലെ ഒപ്പം നിന്ന ഭാര്യ അനിതയുടെ ഓര്‍മകളിലേക്ക് എത്തിയത് അങ്ങനെയാണ്. അനിതയുടെ വേര്‍പാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു അദ്ദേഹം പറഞ്ഞു.
[ot-video][/ot-video]
ആലപ്പുഴ: അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎ യുമായ തോമസ് ചാണ്ടിക്ക് ആലപ്പുഴയുടെ ആദരാഞ്ജലി. ഇഎംഎസ് സ്റ്റേഡിയത്തിൽ തോമസ് ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. വൈകുന്നേരം 4.30ഓടെ മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനെത്തിച്ചു.
കെഎസ്ആർടിസിയുടെ ലോഫ്ളോർ വാഹനത്തിലാണ് മൃതദേഹം എറണാകുളത്തുനിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. വിവിധയിടങ്ങളിൽനിന്നായി ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിൽനിന്നുള്ളവരും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ഇഎംഎസ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടിയും ചീഫ് സെക്രട്ടറിക്കുവേണ്ടിയും ജില്ലാ ഭരണകൂടത്തിനുവേണ്ടിയും ജില്ലാ കളക്ടർ എം. അഞ്ജന പുഷ്പചക്രം അർപ്പിച്ചു.
മുൻമന്ത്രി എസ്. ശർമ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, എ.എൻ. ഷംസീർ, മുൻ എംഎൽഎമാരായ സി.എസ്. സുജാത, ഡോ. കെ.സി. ജോസഫ്, ഡി. സുഗതൻ, ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഷേക്ക് പി. ഹാരിസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ മുൻ ചെയർമാൻ തോമസ് ജോസഫ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. ആലപ്പുഴ പ്രസ്ക്ലബിനുവേണ്ടി സെക്രട്ടറി ആർ. രാജേഷ്, പ്രസിഡന്റ് യു. ഗോപകുമാർ, ട്രഷറർ ജെ. ജോജിമോൻ എന്നിവർ ചേർന്ന് അന്തിമോപചാരം അർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം കുട്ടനാട്ടിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടിലെ പ്രാർഥനകൾക്കുശേഷം രണ്ടിന് ആലപ്പുഴ ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ സംസ്ക്കരിച്ചു
ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തുന്ന സിനിമാക്കാർക്കെതിരെ ആദായനികുതി വകുപ്പിന്റെയോ എൻഫോഴ്സ്മെന്റിന്റെയോ നടപടിസാധ്യത ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. നികുതിയടച്ച് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും വാര്യർ ആരോപിച്ചു. നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാൽ നാളെ രാഷ്ട്രീയ പ്രതികാരമെന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ചാനൽ ചർച്ചകളിലൂടെ ജനശ്രദ്ധ നേടിയ നേതാവാണ് സന്ദീപ് വാര്യർ.
കഴിഞ്ഞദിവസം കൊച്ചിയിൽ പൗരത്വ ബില്ലിനെതിരെ നടന്ന ലോങ് മാർച്ചിൽ നിരവധി നടീനടന്മാർ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വാര്യർ പോസ്റ്റിട്ടിരിക്കുന്നത്. നടിമാർ പ്രത്യേകമായി സൂക്ഷിക്കണമെന്നും വാര്യർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
സിനിമാക്കാരുടെ അച്ഛൻ, സഹോദരൻ, സെക്രട്ടറി എന്നിവരെയാണ് പോസ്റ്റിൽ പ്രധാനമായും സന്ദീപ് വാര്യർ ഉൾപ്പെടുത്തിയിരിക്കുന്നത്. നടിമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും പറയുന്നു.
വാര്യരുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്ക് പോസ്റ്റിനടിൽ കമന്റുകൾ വരുന്നുണ്ട്. രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ള ചില നടന്മാരുടെ പേരുകളും കമന്റുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർ വാങ്ങിയപ്പോൾ നികുതി വെട്ടിപ്പ് നടത്തിയ ഒരു നടൻ, വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച മറ്റൊരു നടൻ എന്നിവരെയാകണം സന്ദീപ് വാര്യർ ഉദ്ദേശിച്ചതെന്നും മറ്റും കമന്റുകളുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.
ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുള്‍പ്പെടെ പതിമൂന്നു പേരെ പ്രതികളാക്കി തിരുവനന്തപുരം പോക്സോ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലും രശ്മിയുമുള്‍പ്പെടെയുള്ള പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗലുരുവില്‍ നിന്ന് എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തെ ഇളക്കിമറിച്ച ചുംബനസമര നേതാക്കളെന്ന നിലയില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും പിടിയിലാകുന്നത്. 2015 ലായിരുന്നിത്. മോഡലായ രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ഇടപാടുകാര്‍ക്കായി എത്തിച്ചു നല്കിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഒാപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിട്ട് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് രാഹുലും രശ്മിയും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. നെടുമ്പാശേരിയിലെ ഹോട്ടലിലില്‍ നിന്നായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 13 പ്രതികളാണുള്ളത്. ബംഗലുരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് വാണിഭം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒാണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയായിരുന്നു പെണ്‍വാണിഭമെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. നാലു വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കൊല്ലം പരവൂരിലെ പോളച്ചിറ ഏലയില്‍ നിന്നു കഴിഞ്ഞ ദിവസം ലഭിച്ച അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മേഖലയില്‍ നിന്നു കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കാണാതായവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
പോളച്ചിറ ഏലയിലെ നടുതോട്ടില്‍ നിന്നു കഴിഞ്ഞ ശനിയാഴ്ച്ചയാണ് മൃതദേഹം ലഭിച്ചത്. തോട് വൃത്തിയാക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഫയര്‍ഫോഴ്സ് എത്തി കരയിലെത്തിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് സര്‍ജന്റെ സാനിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.രണ്ടു മാസം മുന്‍പ് പരവൂര്‍ കോട്ടപ്പുറത്ത് നിന്നും കാണാതായ അനില്‍കുമാറിനെയും ഒന്നര മാസം മുന്‍പ് പോളച്ചിറയില്‍ നിന്നും കാണാതായ മഹേഷിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇരുവരുടെയും ബന്ധുക്കൾ നിന്നു അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു.
മുൻ സ്കൂൾ പ്രിൻസിപ്പലും, അധ്യാപകനും, ജീവനക്കാരനും ചേർന്ന് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് ആക്രമിച്ചു. മുംബൈയിലെ കഞ്ജുർമാർഗിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ 15–കാരിയായ പെൺകുട്ടിയെ ആണ് ആക്രമിച്ചത്. നഷേമാൻ ഉർദു സ്കൂളിലെ മുൻ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടി 9–ാം ക്ലാസ് വരെ ഈ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക് എഞ്ചിനിയറിങിൽ ഡിപ്ലോമ ചെയ്യുകയാണ്.സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരയായ പെൺകുട്ടി പൊലീസിനോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:
‘ആ സ്കൂളിൽ അവസാന വർഷം പഠിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ സ്കൂളിലെ ജീവനക്കാരും ടീച്ചർമാരും ചേർന്ന് തന്നെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് താൻ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ അവർക്കെതിരെ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. ഈ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതാണ്. സമയം ആറേകാലായിട്ടുണ്ടാകും. തന്റെ മുൻ സ്കൂൾ പ്രിൻസിപ്പലായ ഹൻസ് ആറ, അധ്യാപകനായി ജാവേദ്, ജീവനക്കാരായ അമാൻ, ഹാഷിം എന്നിവർ വഴിയിൽ നിൽക്കുന്നു. അവർ എന്റെ വഴി തടഞ്ഞു.
ജാവേദ് സറും ഹാഷിമും അമാനും ചേർന്ന് എന്റെ കൈകൾ ബന്ധിപ്പിച്ചു. പ്രിൻസിപ്പൽ ആ സമയത്ത് എന്തോ ദ്രാവകം എന്റെ മുഖത്തേക്ക് ഒഴിച്ചു. എനിക്ക് മുഖം വെന്തു നീറുന്നതായി തോന്നി. എന്റെ നെഞ്ചത്തും കാലുകളിലുമാണ് അത് തെറിച്ചത്. പിന്നീടാണ് അത് ആസിഡ് ആണെന്ന് മനസ്സിലായത്. പ്രിൻസിപ്പൽ തന്നെ ഭിഷണിപ്പെടുത്തുകയും ചെയ്തു. എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഇതേപോലെ ആസിഡ് ഒഴിച്ച് ആക്രമിക്കുമെന്ന് പറഞ്ഞു. ഇതിനുശേഷം എല്ലാവരും ഒരു വെള്ളക്കാറിൽ കയറി പോയി. ഞാൻ എങ്ങനൊക്കെയോ ഇക്കാര്യം അച്ഛനെ അറിയിച്ചു. അച്ഛൻ അവിടെ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു’.
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു.
അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍ തലയടിച്ച് രക്തം വാര്‍ന്നിരുന്നു. കഴുത്തിലെ മുറിവാണ് കൊലപാതകത്തിന്റെ സംശയം ഉയര്‍ത്തുന്നത്.
ജീവിതത്തെ പ്രതീക്ഷയോടെ മാത്രം ചര്‍ച്ചയാക്കി ജാഗി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മാനസികാസ്ഥ്യമുള്ള അമ്മയോടൊപ്പമാണ് താമസിച്ചിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായോ, അയല്‍പക്കകാരുമായോ ബന്ധമില്ല.ഒരു വീട്ടില്‍ താമസിച്ചിട്ടും ജാഗിയുടെ മാതാവിന് മകള്‍ മരിച്ചതായി ഇപ്പോഴും അറിവ് ലഭിച്ചിട്ടില്ല. ഫ്രിഡ്ജിന് സമീപത്ത് മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖത്ത് ഫേഷ്യല്‍ ക്രീം പുരട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു
ഇന്നു രാവിലെ ഇവരുടെ പുരുഷ സുഹൃത്ത് എത്തിയതിനു ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കൂവെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കവടിയാര്‍ മരപ്പാലത്തിന് സമീപത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടം മരപാലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം ഉണ്ട്.
ഇവരോടൊപ്പം കഴിയുന്ന പുരുഷ സുഹൃത്തുമായി ഞായറാഴ്‌ച്ച രാവിലെ 11.30ന് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചക്ക് ശേഷം പലയാവര്‍ത്തി ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ ഇരുവരുടെയും പൊതു സുഹൃത്തായ വനിതാ ഡോക്ടറെ പുരുഷ സുഹൃത്ത് ബന്ധപ്പെട്ടു. അവര്‍ അവതാരക താമസിക്കുന്ന വീട്ടിലെത്തി നോക്കിയപ്പോഴാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചുറ്റുപാടുളളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുളളുവെന്നാണ് പൊലിസ് പറയുന്നത്.
ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പൊലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.