ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സഹപാഠിക്കുവേണ്ടി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.
നിദയുടെ ധീരതയെയും പ്രതികരണശേഷിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി, ഉശിരോടെ മുദ്രാവാക്യം വിളിച്ചു നടന്ന നിദയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.
നിദയിലൂടെയാണ് ബത്തേരി സര്‍വ്വജന സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്‌ല പറഞ്ഞിട്ടും അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് നിദയുടെ ആഗ്രഹം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശിയാണ് നിദ.
ഗോപിക. എസ്
സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന് ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??
ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.
ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.
ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….
ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നതിനിടെയില്‍ ബാറ്റ് തലയില്‍ കൊണ്ട് മരിച്ച പന്ത്രണ്ടുകാരന്‍ നവനീത് ചുനക്കര ഗവ. വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി സ്‌കൂളിനും നാടിനും വേദനയായി. പുതുതായി കിട്ടിയ സൈക്കിളായിരുന്നു നവനീതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ കൂട്ട്. സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡില്‍ വയ്ക്കുന്ന സൈക്കിള്‍ അവിടെയുണ്ടോയെന്ന് നോക്കാനും തൊട്ടുതലോടാനും എല്ലാ ഇന്റര്‍വെല്ലിനും അവന്‍ ഓടിയിരുന്നു. ഇന്നലെ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കും നവനീത് ഇത്തരത്തില്‍ സൈക്കിളിനടുത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്.
നൂറനാട് പുതുപ്പള്ളി കുന്നം വിനോദ് ഭവനില്‍ വിനോദിന്റെയും ധന്യയുടെയും മകന്‍ നവനീത് ആണ് ദാരുണമായി മരിച്ചത്. ചുനക്കര സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ ഷെഡിനടുത്തുള്ള മരച്ചുവട്ടില്‍ പോയി മടങ്ങിവരികയായിരുന്നു നവനീത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് മുതിര്‍ന്ന കുട്ടികള്‍ ഡെസ്‌കിന്റെ രണ്ട് കാലുകള്‍ക്കിടയില്‍ വയ്ക്കുന്ന പട്ടികക്കഷണവും പേപ്പര്‍ ചുരുട്ടിയുണ്ടാക്കിയ പന്തും കൊണ്ട് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.
സ്‌കൂളില്‍ ഓഡിറ്റ് തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സിവില്‍ കണ്‍സ്ട്രക്ഷന്‍ ലാബിന്റെയും മധ്യഭാഗത്ത് കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും നവനീത് മുകളിലെ ഓഫീസ് കെട്ടിടത്തിന് പിന്നിലെ സൈക്കിള്‍ ഷെഡ്ഡില്‍ എത്തിയത്. വഴിയില്‍ മരക്കഷണങ്ങള്‍ മുറിച്ചിട്ടിരിക്കുന്നതിന്റെയും മരത്തിന്റെ വേരുകളിലുമായി കുട്ടികള്‍ കൂട്ടംകൂടിയിരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്തിലാണ് കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സൈക്കിളിനടുത്ത് പോയി മടങ്ങുമ്പോള്‍ ഇറക്കത്തിലൂടെ ഓടി വന്ന നവീന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ബാറ്റ് ചെയ്ത കുട്ടിയും നവീനെ കണ്ടില്ല.
ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ സമയത്തായിരുന്നു. ബാറ്റ് തെറിച്ച് നവനീതിന്റെ തലയില്‍ കൊണ്ടുവെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് നവനീത് മുന്നോട്ട് നടക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചുവട് നടന്ന നവീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പിടിഎ അധികൃതരും അധ്യാപകരും കുട്ടിയെ എടുത്ത് കാറില്‍ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ യാത്രക്കിടെ നവനീതിന്റെ മരണം സംഭവിക്കുകയും ചെയ്തു.
ആന്തരിക ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കുറത്തിക്കാട് പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു.
ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കിയതിലൂദ്‌ർ മിസ്റ്റര്‍ കേരള പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു .കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ തൃശൂര്‍ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ യെ വധുവായി സ്വീകരിച്ചത്…….
ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ പ്രവീണ്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്.
ഓഗസ്റ്റ് 13ന് ആദ്യമായി പരസ്പരം കണ്ടു. പിറ്റേന്ന് തൃശൂർ മാരിയമ്മൻ കോവിലിൽവെച്ച് താലികെട്ടി. ഇതിനുശേഷം വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ശിഖയെ കൂടെ താമസിപ്പിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം
ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ തന്നെ , ജോത്സ്യൻ കുറിച്ച മുഹൂർത്തത്തില്‍ തൃശൂർ കണ്ണൻകുളങ്ങര വിഷ്ണു ക്ഷേത്രത്തിൽ െവച്ച് ഇവർ വീണ്ടും വിവാഹിതരായി. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു..വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് ഇരുവരും അറിയിച്ചത്.
പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.2019ലെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ പടിയൂര്‍ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീണ്‍. അടുത്തിടെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുത്ത് ശിഖ ശ്രദ്ധ നേടിയിരുന്നു
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.
ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.
സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:
‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’
സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും അദ്ഭുതം രേഖപ്പെടുത്തി.
‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.
പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സിലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ എഴുതി.
Very disappointed to see @IamSanjuSamson dropped without a chance. He carried the drinks for three T20Is & has been promptly discarded. Are they testing his batting or his heart? https://t.co/ydXgwOylBi
— Shashi Tharoor (@ShashiTharoor) November 21, 2019
Hard on Sanju Samson but I guess he is much better off playing games rather than just travelling around. Big vote of confidence in Rishabh Pant but the team will expect more from him.
— Harsha Bhogle (@bhogleharsha) November 21, 2019
Sanju Samson not in the squad against the West Indies. How do you drop a player without giving him a single chance? And what do you think it’s doing to the confidence of the cricketer?
— Joy Bhattacharjya (@joybhattacharj) November 21, 2019
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിൽ .പനി ബാധിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിയിരുന്നില്ല. അദ്ദേഹം പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. പനി കടുത്തപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്ന് ടെസ്റ്റുകള്‍ നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും മകന്‍ ചാണ്ടി ഉമ്മനും വ്യക്തമാക്കി.
മകളെ കൊലപ്പെടുത്താൻ 4 ദിവസമായി അവസരം കാത്തിരിക്കുകയായിരുന്നെന്ന് മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പൊലീസിനോടു പറഞ്ഞു.ഉഴവൂർ അരീക്കര ശ്രീനാരായണ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂർ കരുനെച്ചി വൃന്ദാവൻ ബിൽഡിങ്സ് വാടക മുറിയിൽ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പൻ) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാലി മാനസിക ദൗർബല്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.
സൂര്യയുടെ മൃതദേഹം കണ്ടെത്തി ഉടൻ തന്നെ സാലിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണു പൊലീസ്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലീസ്. മകൾ ഇനി ജീവിക്കേണ്ടതില്ല എന്നു സാലി ചോദ്യം ചെയ്യലിൽ പറഞ്ഞതായി സൂചനയുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് സാലി ആദ്യം നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കൊച്ചുരാമൻ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നൽകി.ബുധനാഴ്ച സൂര്യ സ്കൂളിൽ പോയിരുന്നില്ല. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞു സാലി സൂര്യയെ സ്കൂളിൽ പോകാൻ അനുവദിക്കാതെ വീട്ടിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ടിവി കണ്ടിരിക്കുമ്പോൾ 3.30ന് പിന്നിൽ നിന്ന് സൂര്യയുടെ കഴുത്തിൽ ഷാൾ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി. വൈക്കം എഎസ്പി അർവിന്ദ് സുകുമാരൻ, കുറവിലങ്ങാട് എസ്എച്ച്ഒ ആർ.കുമാർ,
എസ്ഐ ടി.ആർ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. അരീക്കരയിലെ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ് രാമൻ.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂര്യയുടെ മൃതദേഹം സംസ്കരിച്ചു. സൂര്യ പഠിച്ച അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഷഹ്‌ല ഫാത്തിമയെന്ന കുഞ്ഞുമോള്‍ക്ക് സംഭവിച്ച ദാരുണ മരണത്തിൽ കേഴുകയാണ് കേരളം. അതിനിടെ കണ്ണീർ നോവായി ഷഹ്‌ലയുടെ ഉമ്മയുടെ അുജത്തി ഫസ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ന്റെ മോളെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും എന്ന് ചോദിച്ച് കൊണ്ടാണ് ഷഹ്‌ലയെക്കുറിച്ച് ചന്ദ്രികയിൽ പത്രപ്രവര്‍ത്തകയായ ഫസ്ന എഴുതുന്നത്.
എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള നര്‍ത്തകിയും അഭിനേത്രിയുമൊക്കെയായ സാമർത്ഥ്യക്കാരി. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം– കുറിപ്പില്‍ ഫസ്ന പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.
എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ… അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.
അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ…
ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് യോഗം േചരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.
അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ഥികള്‍. ഇതു പറഞ്ഞപ്പോള്‍ അധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ഥികൾ പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ട്. അതേസമയം അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.
അതേസമയം പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍.
ക്ലാസില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി.
ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്‍റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടര്‍. ക്ലാസില്‍ പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.
ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നു സൂസന്‍ ആവര്‍ത്തിക്കുന്നു.
മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ് വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി.
ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു ഈ അനുഭവമെന്നാണ് സൂസന്‍ പറയുന്നത്. ദുബായിലെ മാര്‍ തോമാ സഭയുടെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ തലവന്‍ റവ. ഡോ. ജോസഫിന്റെ സാന്നിധ്യത്തില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിന് ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.