Kerala

മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.

തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.

യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നുവത്രെ. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.

ചോദ്യം ചെയ്യലില്‍ ഷാജി കുറ്റം സമ്മതിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഷാജിയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നാണ് മനസ്സിലാവുന്നത്. സംഭവത്തില്‍ കോളേജ് അധികൃതരോട് വിശദീകരണം തേടും. വിനോദയാത്രയ്ക്കിടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം

ജര്‍മന്‍ കപ്പലില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടും പാന്‍ കാര്‍ഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് തിരികെയേല്‍പ്പിച്ച നന്മയ്ക്ക് പൊലീസ് വക ഉപഹാരവും നന്ദിയും.

അവ കണ്ടുകിട്ടിയപ്പോള്‍ തിരികെയേല്‍പ്പിച്ച തളിക്കുളം അയിനിച്ചുവട് തോപ്പില്‍ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടില്‍ ഇമ്രാന്‍ എന്നിവരെയാണ് റെയില്‍വേ പൊലീസ് ഉപഹാരം നല്‍കി അനുമോദിച്ചത്. എസ്‌ഐ എ.അജിത് കുമാര്‍ ഇരുവര്‍ക്കും ഉപഹാരം കൈമാറി.

പാസ്‌പോര്‍ട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പല്‍ ജീവനക്കാര്‍ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതില്‍പ്പെടുന്നു. ജര്‍മനിയിലെ ജോലിയില്‍ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ.തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 10, 12 ക്ലാസുകളിലെ മാര്‍ക് ലിസ്റ്റ്, ടിസി എന്നിവയാണ് ഇനി വിഷ്ണുപ്രസാദിനു തിരികെ ലഭിക്കാനുള്ളത്. ഗൂഡല്ലൂരില്‍ താമസമാക്കിയ വിഷ്ണുപ്രസാദിന് ഇവ വലിയ ബുദ്ധിമുട്ടില്ലാതെ ശരിയാക്കാനാവുമെന്ന വിശ്വാസമുണ്ട്.

10-ന് രാവിലെ 10-ന് ആണ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകള്‍ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതല്‍ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു. പലരും ഈ വാര്‍ത്ത സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു. വാര്‍ത്ത കണ്ട ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോള്‍ കാണപ്പെട്ട ഫയല്‍ സംശയം തോന്നി എടുത്തു പരിശോധിക്കുകയായിരുന്നു.

തൃശൂരില്‍ സ്വാദ് ഹോട്ടലില്‍ താല്‍ക്കാലികമായി ജോലിക്കു കയറിയ വിഷ്ണുപ്രസാദിന് അത്യാവശ്യമായി ഗൂഡല്ലൂരില്‍ വീട്ടിലേക്കു പോകേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നേര്‍ന്ന കുറെ വഴിപാടുകള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യ പരിപാടി. ജര്‍മനിയിലേക്കു പോകും വരെ തൃശൂരില്‍ തന്നെ ജോലി തുടരാനാണ് തീരുമാനം. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്.

പ്രണയം വീട്ടലറിഞ്ഞപ്പോള്‍ പൊട്ടിത്തെറിഉണ്ടായെന്ന് ജഗതിയുടെ മകൾ ശ്രീലക്ഷ്മി.ബിഗ് ബോസ് മലയാളത്തിലേക്കെത്തിയതിന് ശേഷമാണ് ശ്രീലക്ഷ്മി ശ്രീകുമാറിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ഈ താരപുത്രി.ഇപ്പോഴിതാ താൻ വിവാഹിതയാകുന്നുവെന്ന കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോൾ. അതിനു പിന്നാലെ തന്റെ പ്രണയ വിശേഷങ്ങളും പങ്കുവെക്കുകയായിരുന്നു താരം.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് കൊച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇതിന് പിന്നാലെയായി തിരുവനന്തപുരത്ത് വെച്ച്‌ വിരുന്ന് നടത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ മൂത്ത മരുമകളായാണ് ശ്രീലക്ഷ്മി എത്തുന്നതെന്ന് ജിജിന്‍ പറയുന്നു.

കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജിലായിരുന്നു ശ്രീലക്ഷ്മി പഠിച്ചത്. ആ സമയത്താണ് സൗകര്യത്തിനായി കൊച്ചിയില്‍ വീടെടുത്ത് താമസിച്ചത്. അയല്‍വട്ടത്തായിരുന്നു ജിജിനും കുടുംബവും. അമ്മമാരാണ് ആദ്യം സുഹൃത്തുക്കളായി മാറിയത്. അമ്മയില്‍ നിന്നുമാണ് താന്‍ ആദ്യമായി ശ്രീലക്ഷ്മിയെക്കുറിച്ച്‌ കേട്ടതെന്ന് ജിജിന്‍ പറയുന്നു. അതിന് ശേഷമാണ് പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ജിജിന്‍ ജനിച്ച്‌ വളര്‍ന്നത് ദുബായിലായിരുന്നു. സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നതിലൊക്കെ അമ്മ നിയന്ത്രണം വെച്ചിരുന്നു ജിജിന് .

കൃത്യസമയത്ത് വീട്ടില്‍ കയറിയിരിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. പരിചയപ്പെട്ടതിന് ശേഷമാണ് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ സാമ്യമുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഭക്ഷണം ഏറെയിഷ്ടപ്പെടുന്നവരായതിനാല്‍ കുറേ സ്ഥലങ്ങളില്‍ കറങ്ങിയിരുന്നു.

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതിനെക്കുറിച്ച്‌ ശ്രീലക്ഷ്മി ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജിജിന്‍ വിളിച്ച്‌ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ പ്രത്യേകിച്ച്‌ മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഇതോടെ ജിജിന് കൂടുതല്‍ ടെന്‍ഷനാവുകയായിരുന്നു. ശ്രീയുമായുള്ള സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു അലട്ടിയത്. പ്രണയത്തിലായി മാറിയതോടെ അത് രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു.

5 വര്‍ഷമാണ് പ്രണയം രഹസ്യമാക്കി കൊണ്ടുനടന്നത്, ശ്രീലഷ്മി പറയുന്നു. ജിജിന്റെ വീട്ടിലും തനിക്ക് പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. ആദ്യത്തെ ദുബായ് യാത്ര ജിജിന്‍റെ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു. മാത്രമല്ല പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും അന്യോന്യം താങ്ങായി നിന്നിരുന്നു. ജോലി നഷ്ടമായപ്പോള്‍ ശ്രീയായിരുന്നു പിന്തുണ. പിന്നീട് മികച്ച ജോലി തേടിയെത്തുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം. ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണമെന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടേയും കൈവശമാണ് നിര്‍ണായക തെളിവുകളുള്ളത്. ഈ തെളിവുകള്‍ കുടുംബം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.

ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് വാട്സ്ആപ്പ് വോയിസ് മെസേജ് അയച്ചിരുന്നു. ഇതില്‍ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്‍റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ഇതോടൊപ്പം തന്‍റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഭയപ്പെട്ട നിലയില്‍ ചില പ്രതികരണങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കള്‍ ആരോപണ വിധേയനായ അധ്യപകന്‍ സുദര്‍ശന്‍ പത്മനാഭനെയടക്കം സമീപിച്ചിരുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വോയ്സ് മെസേജും കുടുംബത്തിന്‍റെ കൈവശമുണ്ട്.

ഇതെല്ലാം പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഫാത്തിമയുടെ പിതാവ് ലത്തീഫിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷ്ണൽ കമ്മീഷ്ണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

ഫാത്തിമ ലത്തീഫിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ അസാധാരണമായ കാര്യങ്ങളാണ് ഐഐടിയില്‍ വെച്ചും ചെന്നൈ കോട്ടൂർപുരം സ്റ്റേഷനില്‍ വെച്ചും നേരിട്ടതെന്നും ഫാത്തിമയുടേത് ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്നും ഫാത്തിമയുടെ ബന്ധു ഷെമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

“ഐഐടിയിൽ നിന്ന് മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയത് ഏജൻസിയുടെ മേൽനോട്ടത്തിലാണ്. അലക്ഷ്യമായി ട്രക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്”. ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചെന്നൈയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ആളാണ് ഷമീർ.

“ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു. ഒരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്. ഒടുവില്‍ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞപ്പോള്‍ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. സിഐക്കാണ് പരാതി നല്‍കിയത്. അവിടെ വെച്ചാണ് അലക്ഷ്യമായി കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എന്നാല്‍ അത് തരാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ നിന്നും നമ്പര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ കൈയ്യില്‍ തന്നു.

മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sudharashana pathmanadhan എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടു. ഐഐടിയിലെ അധ്യാപകരോ മറ്റ് അധികൃതരോ മരണവിവരമറിഞ്ഞ് എത്തിയില്ല”. നേരത്തെ തന്നെ സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും മോശമായ സമീപനമാണെന്ന് ഫാത്തിമ പറഞ്ഞിരുന്നുവെന്നും ഷമീർ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന്‌ കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌ (ഡി.ആര്‍.ഐ) നടത്തിയ റെയ്‌ഡിലാണ്‌ ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴു മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ പിടിച്ചെടുത്തത്‌. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ ഡി.ആര്‍.ഐ കത്ത്‌ നല്‍കും. മാര്‍ക്ക്‌ ലിസ്‌റ്റ്‌ മനുഷ്യക്കടത്തിന്‌ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്‌.

കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു വിഷ്‌ണുവിന്റെ വീട്ടില്‍ ഡി.ആര്‍.ഐ. റെയ്‌ഡ്‌ നടത്തിയത്‌. ഇതുസംബന്ധിച്ച 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ്‌ മാര്‍ക്ക്‌ ലിസ്‌റ്റ്‌ കണ്ടെടുത്ത വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ വിഷ്‌ണുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കത്തു നല്‍കുക. വിഷയത്തില്‍ പോലീസും പ്രത്യേക അന്വേഷണം നടത്തും.

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പില്‍ അറസ്‌റ്റിലായ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ നസീമിന്റെയും ശിവരഞ്‌ജിത്തിന്റെയും വീടുകളില്‍ നടന്ന റെയ്‌ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തട്ടകമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമായി വിഷ്‌ണുവിനും അടുത്ത ബന്ധമുണ്ടെന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്‌തിയാണ്‌ വിഷ്‌ണു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലം മുതല്‍ ബാലഭാസ്‌കറിന്‌ വിഷ്‌ണുവുമായി അടുപ്പമുണ്ട്‌.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്‌ ഏകോപിപ്പിച്ചിരുന്നതു വിഷ്‌ണുവാണെന്നു ഡി.ആര്‍.ഐ. നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാളും സംഘവും 720 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്‌ വിവരം. മേയ്‌ 13 നു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍ സുനില്‍കുമാറും (45), സുഹൃത്ത്‌ കഴക്കൂട്ടം സ്വദേശിനി സെറീനയും (42) അറസ്‌റ്റിലായതോടെയാണു സ്വര്‍ണക്കടത്തില്‍ വിഷ്‌ണു സോമസുന്ദരത്തിന്റെ പങ്ക്‌ വ്യക്‌തമാകുന്നത്‌.

ഒമാന്‍ എയര്‍വേയ്‌സ്‌ വിമാനത്തിലാണ്‌ സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്‌. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്‌റ്റംസ്‌ സൂപ്രണ്ട്‌ രാധാകൃഷ്‌ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തി.

പിന്നാലെ കസ്‌റ്റംസ്‌ സൂപ്രണ്ട്‌ രാധാകൃഷ്‌ണന്‍, ബിജു, പ്രകാശ്‌ തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരെയും പിടികൂടുകയായിരുന്നു. മാര്‍ക്ക്‌ ലിസ്‌റ്റുകള്‍കൂടി കണ്ടെടുത്തതോടെ രാധാകൃഷ്‌ണനുമായി ചേര്‍ന്നു വിഷ്‌ണുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി മനുഷ്യക്കടത്തു നടത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുകയാണ്‌.

ഇന്നലെ മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പുതുപ്പള്ളി ഐഎച്ചആര്‍ഡി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകനാണ് അശ്വിന്‍ കെ. പ്രസാദ്. പുതുപ്പളളി ഐ.എച്ച് ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോമാത്്‌സ് വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന് കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്(17) എന്നിവരാണു മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്.

അപകടം പതിയിരിക്കുന്ന മണല്‍കുഴികള്‍

മണല്‍വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളം മണല്‍ വാരി കയങ്ങളായി തീര്‍ന്ന മൈലപ്പള്ളി കടവിലാണ്‌ വിദ്യാര്‍ഥികളെ മരണം വിഴുങ്ങിയത്‌.അപകത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കടവിലും സമീപത്തെ തൂക്കുപാലത്തിലുമായി ചുറ്റിത്തിരിയുന്നത്‌ നാട്ടകാര്‍ കണ്ടിരുന്നു.തൂക്കു പാലം നാശകരമായ അവസ്‌ഥയിലാണെങ്കിലും നിരവധി ആളുകള്‍ ഇപ്പോഴും പാലത്തില്‍ ചിത്രം എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുമായി എത്തുന്നുണ്ട്‌.അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ പാലത്തിലും ചുവട്ടിലുമായി നില്‍ക്കുന്നത്‌ കണ്ടിട്ടും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.

പാലം നിര്‍മ്മിച്ചതോടെ ആറ്റിലേക്ക്‌ നേരിട്ട്‌ ഇറങ്ങാന്‍ കഴിയില്ല.അതിനാല്‍ പാലത്തിന്റെ ചുവട്ടില്‍ നിന്നും പത്ത്‌ മീറ്ററോളം മാറിയാണ്‌ വിദ്യാര്‍ത്ഥികള്‍ ആറ്റിലേക്ക്‌ ഇറങ്ങിയത്‌.ഇവിടെ ഏകദേശം നാല്‍പതടിയോളം താഴ്‌ചയുണ്ടെന്നാണ്‌ കണക്ക്‌.മണല്‍വാരിയാണ്‌ ഈ ഭാഗം ഇത്രയും താഴാന്‍ ഇടയാക്കിയതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ പറ്റിയ ചെളി കഴുകിക്കളയാനുളള ശ്രമമാണ്‌ പുതുപ്പളളി ഐ.എച്ച്‌.ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോമാക്‌സ്‌ വിദ്യാര്‍ത്ഥികളായ അശ്വിന്‍ കെ. പ്രസാദിനെയും അലന്‍ കെ.സിയെയും ജിബിന്‍ ജേക്കബിനെയും ദുരന്തത്തിലേക്ക്‌ നയിച്ചത്‌.

കാലില്‍ പറ്റിയ ചെളി കഴുകാന്‍ ആദ്യം പദ്ധതിയിട്ട ഇവര്‍ പിന്നീട്‌ വസ്‌ത്രം മാറി കുളിച്ചുകയറാന്‍ തീരുമാനിക്കുകയായിരുന്നു. ആഴം കുറഞ്ഞ ഭാഗം നോക്കി അശ്വിനാണ്‌ ആദ്യം ഇറങ്ങിയത്‌.എന്നാല്‍ ഇതിനിടെ അശ്വിന്‍ പിടിവിട്ട്‌ ആഴത്തിലേക്ക്‌ പോയി.ഇതിനിടെ മുങ്ങിപ്പൊങ്ങിവന്ന അശ്വിനെ പിടിച്ചുകയറ്റാനുളള ശ്രമത്തിനിടെയാണ്‌ അലനും ഷിബിനും ആഴങ്ങളിലേക്ക്‌ പോയത്‌.കൂട്ടുകാര്‍ പിടിവിട്ട്‌ മുങ്ങിത്താഴുന്നത്‌ കണ്ട്‌ നിസഹായരായി നോക്കി നില്‍ക്കാനെ ഒപ്പമുളളവര്‍ക്ക്‌ കഴിഞ്ഞുളളൂ.

നിലവിളിയും ബഹളവും കേട്ട്‌ അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. നല്ലതുപോലെ നീന്തുന്നവര്‍പോലും മൈലപ്പളളി കടവില്‍ ഇറങ്ങാറില്ല. ആഴവും കയങ്ങളും ധാരാളമുള്ള ഇവിടെ അപകടം പതിയിരിക്കുന്നതിനാലാണ്‌ നാട്ടുകാര്‍ പോലും ഇവിടെ ഇറങ്ങാന്‍ ഭയപ്പെടുന്നത്‌.ഇതിനിടെ സമീപത്ത്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്‌മനം പുലിക്കുട്ടിശേരി പുത്തന്‍തോട്‌ കുന്നുമ്മാത്ര കെ.പി.റെജിയും അയല്‍വാസിയും പുഴയില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല.

പിന്നീട്‌ ഫയര്‍ഫോഴ്‌സ്‌ എത്തി തെരച്ചില്‍ നടത്തിയാണ്‌ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്‌.കാണായായ സ്‌ഥലത്ത്‌ തന്നെയാണ്‌ അലന്റെയും ഷിബിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.ഈ ഭാഗത്ത്‌ തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.രാത്രി വൈകി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതായതോടെ തെരച്ചില്‍ ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു.

കോഴിക്കോട് കുന്ദമംഗലത്ത് അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹയുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍ പോയി. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും മാതാപിതാക്കളും ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ പരാതി.

നിജിനയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സഹോദരന്‍ നിജേഷ് പറ‍ഞ്ഞതിന് പിന്നാലെയാണ് നിജിനയുടെ ഭര്‍ത്താവ് രഖിലേഷും മാതാപിതാക്കളും ഒളിവില്‍ പോയത്. ഇവര്‍ ഒളിവിലാണെന്ന് പൊലിസും സ്ഥിരീകരിച്ചു. ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കുന്ദമംഗലം വെള്ളൂരിലെ രഖിലേഷിന്‍റെ വീട്ടില്‍ ഇപ്പോള്‍ ആകെയുള്ളത് രണ്ട് ബന്ധുക്കള്‍ മാത്രം.

ഈ കിണറിലാണ് നിജിനയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനെങ്കിലും നിജിനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം തുടങ്ങിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് അയല്‍വാസികളുടെ മൊഴി.

കുവൈറ്റിൽ വിനോദയാത്രക്കിടെ മലയാളി യുവാവ്‌ കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്‌. കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെടുകയും കുട്ടികളെ രക്ഷിക്കാനായി ഉടനെ കടലിലിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെതിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകളിൽ പെട്ട്‌ കടലിലിൽ കുടുങ്ങുക്യുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു സനിൽ വിനോദ യാത്രക്ക്‌ എത്തിയത്‌.
ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത്‌ സനില്‍, അനയ മേരി സനില്‍

ചലച്ചിത്ര താരങ്ങളുടെയും സോഷ്യൽ മീഡിയയും ഒരുമിച്ചപ്പോൾ വിഷ്ണുവിന് നഷ്ടപ്പെട്ടത് നേടിയെടുക്കാനായി. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്‌പോര്‍ട്ട് അടക്കമുള്ള ഏതാനും രേഖകള്‍ ആണ് തിരിച്ചുകിട്ടിയത്. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ കണ്ടെത്തിയത്. കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഇവിടെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ഫയല്‍ കാണുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

വിഷ്ണുപ്രസാദ് എത്തി ഫയല്‍ ഏറ്റുവാങ്ങി. വിഷ്ണുപ്രസാദിന്റെ തിരിച്ചറിയല്‍ കാര്‍ഡും യോഗ്യത സര്‍ട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്. ഞായറാഴ്ച തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചാണ് വിഷ്ണുപ്രസാദിന്റെ ബാഗ് മോഷണം പോയത്. ഏഴു വര്‍ഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ നാല് ദിവസങ്ങളായി തൃശൂര്‍ നഗരത്തില്‍ അലയുകയാണെന്നും ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിന്‍ ബാഗ് നഷ്ടപ്പെട്ട വാര്‍ത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.

Copyright © . All rights reserved