കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. ചില ചോദ്യങ്ങള്‍ക്കും അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായില്ല.
ഇവരുടെ ഉറ്റ ബന്ധുവും സയനൈഡ് ഉള്‍പ്പെടെ കൈമാറിയ മറ്റൊരാളുമാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് മാസത്തിനിടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍ ദുരൂഹമരണങ്ങളില്‍ വനിതയുടെ പങ്ക് വ്യക്തമാണ്. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. ആറുപേരുടെയും മരണമുണ്ടായ സമയത്തോ സ്ഥലത്തോ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.
ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും വനിത ഒഴിഞ്ഞുമാറി. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
താമരശ്ശേരി കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള 6 പേരുടെ മരണവും കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണസംഘം.പതിനേഴ് വർഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകൾക്കാണ് കൂടത്തായിയിൽ ഉത്തരം കിട്ടേണ്ടത്. 2002 ഓഗസ്റ്റ് 22ന് സംഭവിച്ച ആദ്യമരണത്തിൽ തുടങ്ങി തുടർച്ചയായി ആറ് മരണങ്ങൾ. ആറും അടുത്ത ബന്ധുക്കള്‍. സയനൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നാണു സംശയം. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണു മുഖ്യപ്രതിയെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി. മരിച്ചവരുടെ ബന്ധുവായ ഇയാൾ നേരത്തേ ജ്വല്ലറി ജീവനക്കാരനായിരുന്നു.
മരിച്ച 6 പേരെയും സംസ്കരിച്ച കല്ലറകൾ തുറന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്നലെ പൊലീസും ഫൊറൻസിക് വിദഗ്ധരും ശേഖരിച്ചു. ഇവ കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയും വിഷത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനയുമാണ് നടത്തുക. പരിശോധനഫലം വരുന്നതോടെ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കും.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.
ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് വായിൽ നിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം. ഇതിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു.
ടോം തോമസിന്റെ സ്വത്തുക്കൾ മകൻ റോയ് തോമസിന്റെ മരണശേഷം റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്കു മാറ്റിയതിനെതിരെ ടോം തോമസിന്റെ മറ്റു രണ്ടു മക്കൾ പരാതി നൽകിയിരുന്നു. ടോം തോമസ് മരണത്തിനു മുൻപേ എഴുതിവച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വത്തു കൈമാറ്റം എന്നായിരുന്നു വാദമെങ്കിലും ഒസ്യത്ത് സംശയകരം എന്ന പരാതി ഉയർന്നതോടെ സ്വത്തു കൈമാറ്റം റദ്ദാക്കി.
ഇതിനു പിന്നാലെയാണു ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവെഎസ്പി ആർ.ഹരിദാസൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളുടെയും ദുരൂഹതകൾ ചുരുളഴിഞ്ഞത്.
മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.
മരണം നടന്ന സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന ഇവരുടെ വാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. വിവിധ ഘട്ടങ്ങളിൽ ഇവരെ സഹായിച്ചവരെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റിലേക്കു നീങ്ങാനാണു അന്വേഷണസംഘത്തിന്റെ തീരുമാനം.
ഐഎസ്ആർഒ ശാസ്ത്രജ്ഞനെ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മലയാളിയായ എസ്.സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും സ്വവർഗ അനുരാഗികളായിരുന്നുവെന്നും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. സ്വവർഗ്ഗരതിക്കു ശേഷം 50,000 രൂപ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കൊലപാതകത്തിനുള്ള വിവരങ്ങൾ തേടി ഓൺലൈനിൽ നിന്ന് പ്രതി വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരിവാൾ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയിൽ പരുക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
അമീർപേട്ടിലെ അന്നപൂർണ അപ്പാർട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടർന്ന് സഹപ്രവർത്തകർ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വർഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വർണ മോതിരങ്ങളും സെൽഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്നോസ്റ്റിക് സെന്ററിൽ നിന്ന് കണ്ടെടുത്തു.
പാലക്കാട് ആലത്തൂരില്‍ പുരുഷന്റെയും സ്ത്രീയുടെയും ജഡം കാണപ്പെട്ടു. ഇരുവരും തൂങ്ങിമരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. ആലത്തൂര്‍ എരിമയൂരിലെ സ്വകാര്യഭൂമിയിലാണ് സ്ത്രീയുടെയും പുരുഷന്റയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്ത് ഉണ്ടായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. രണ്ടു മാസത്തേോളം പഴക്കമുണ്ടാകാം. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഇരുവരും മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കാണപ്പെട്ടത്. സ്ത്രീയുടെ വസ്ത്രമാണ് ഇരുവരുടെയും കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. പ്രദേശത്തു നിന്ന് ആരെയും കാണാതാവുകയോ പരാതിയുളള കേസുകളോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ ലഭിച്ച വിവരം.
ഏകദേശം നാല്‍പതു വയസ് പ്രായമുളളവരാണ് മരിച്ചതെന്നാണ് തോന്നുന്നത്. ശാസ്ത്രീയ അന്വേഷണ സംഘവും ആലത്തൂര്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരെക്കുറിച്ചുളള വിവരവും തുടര്‍ അന്വേഷണവും ഉണ്ടായാല്‍ മാത്രമേ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകു.
ആള്‍ക്കൂട്ട അക്രമങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രണ്ടാം പ്രതി. നടി രേവതി അഞ്ചാം പ്രതിയും രാമചന്ദ്രഗുഹ ഒന്‍പതാം പ്രതിയുമാണ്.
കത്തില്‍ ഒപ്പിട്ട അപര്‍ണസെനാണ് ഒന്നാം പ്രതി. ഗാന്ധി ജയന്തി ദിനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
കേസെടുത്തതിനെതിരെ കടുത്ത പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തയച്ചതില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നില്ല. സര്‍ക്കാരിന് എതിരുമല്ല. വളരെ വിനീതമായി എഴുതിയതാണ്. ജനാധ്യപത്യം നിലനിൽക്കുന്നെന്ന് വിശ്വസിച്ചെന്നും അടൂർ പറഞ്ഞു. ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിവച്ചവര്‍ പോലും ഇപ്പോള്‍ എംപിമാരാണെന്നും അടൂര്‍ തിരുവനന്തപുരത്തു പറഞ്ഞു.
രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തെഴുതിയതിനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ രാമചന്ദ്രഗുഹ, മണിരത്നം തുടങ്ങിയ അന്‍പത് പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ് എടുത്തത്. അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയുടെ പരാതിയില്‍ ബിഹാറിലെ മുസഫര്‍പുര്‍ സി.ജെ.എം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സദര്‍ പൊലീസ് കേസെടുത്തത്.
തുറന്ന കത്ത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതായും വിഘടനവാദപ്രവണതകളെ പിന്തുണയ്‍ക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. രാജ്യദ്രോഹം, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലിലാകുന്ന അവസ്ഥയാണെന്ന് രാഹുല്‍ഗാന്ധിയും കുറ്റപ്പെടുത്തി. ജയ്ശ്രീറാം കൊലവിളിയായി മാറിയെന്നും ന്യൂനപക്ഷങ്ങള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും അറിയിച്ച് ജൂലായ് 23നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് തുറന്നകത്തയച്ചു.
ഇത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതായും വിഘടനവാദപ്രവണതകളെ പിന്തുണയ്‍ക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവുപ്രകാരം മുസഫര്‍പുര്‍ പൊലീസ് കേസെടുത്തത്.
തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണ്ണവുമായി മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന നൗഷാദാണ് പിടിയിലായത്.
തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വെച്ച് സ്വർണ്ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.
മരടില്‍ ഒഴിപ്പിക്കാനിരിക്കുന്ന ഫ്‌ളാറ്റുകളില്‍ ഉടമസ്ഥര്‍ ആരെന്ന് അറിയാതെ അമ്പത് ഫ്‌ളാറ്റുകള്‍. ഇത്തരം ഫ്‌ളാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഫ്‌ളാറ്റ് കെയര്‍ ടേക്കര്‍മാര്‍ക്കും ഉടമസ്ഥരെക്കുറിച്ച് വ്യക്തതയില്ല.
അതേസമയം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഇനി ഒഴിയാന്‍ അവശേഷിക്കുന്നത് 83 കുടുംബങ്ങളാണ്. ഇന്നലെ രാത്രി 12 മണിക്ക് ഉള്ളില്‍ താമസക്കാരെല്ലാം ഫ്‌ളാറ്റ് വിട്ട് പോകണമെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ലാ കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെയും 326 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 243ലധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞതെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജില്ലാ ഭരണകൂടം ഉടമകള്‍ക്ക് സാവകാശം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ ഫ്‌ളാറ്റുകളില്‍ താമസിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.
കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണമാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.’
വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.
2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.
കൂടത്തായി തുടര്‍മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആറു പേരും മരണത്തിനുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണാണ് മരണങ്ങള്‍. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു. 2002 മുതൽ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തിൽ ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കല്ലറകള്‍ തുറന്ന് അന്വേഷണസംഘം ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ച് തുടങ്ങിയത് ഇന്ന് രാവിലെയാണ്.
10 മണിയോടെ എസ്.പിയും സംഘവുമെത്തി. ഫൊറൻസിക് വിദഗ്‌ധരും ഡോക്ടർമാരുൾപ്പെടെയുള്ള സംഘം കല്ലറകൾ തുറന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേരുടെയും ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങൾ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമായ മകൾ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്.
പതിനൊന്ന് നാൽപതോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂർദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തിൽ അന്നമ്മ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ സംസ്കരിച്ചിട്ടുള്ള കല്ലറയും തുറന്ന് ശരീരാവശിഷ്ടങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
ആരോഗ്യ നില വഷളായതിനെതുടർന്നു തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർച്ചു ബിഷപ്പ് ഡോ :സൂസൻ പാക്യത്തിനെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ഡോക്ടർമാരുടെ നാല്പത്തിയെട്ടു മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ മാസത്തെ റോം സന്നർശനത്തെ തുടർന്ന് മടങ്ങി എത്തിയ ശേഷം പനിബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിയിരുന്നു.
ഡോ. സൂസപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാർഥിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിനുവേണ്ടി ഇപ്പോൾ റോമിലായിരിക്കുന്ന സീറോ മലബാർ ബിഷപ്പുമാർ പ്രത്യേകം പ്രാർഥിച്ചു. ഡോ. സൂസപാക്യത്തിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫ്രാൻസിസ് മാർപാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീർവാദം നേടുകയും ചെയ്തു.