ഭക്തകോടികൾക്ക് ദർശനസായൂജ്യമായി മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.ശരണമന്ത്രങ്ങളാല്‍ മുഖരിതമായ സന്നിധാനത്തും ശരണവഴികളിലും നിറഞ്ഞ അയ്യപ്പഭക്തര്‍ മകരജ്യോതിയുടെ ദര്‍ശനസായൂജ്യം നേടി.  പന്തളത്തുനിന്ന് ഇക്കഴിഞ്ഞ 13 ന് പുറപ്പെട്ട ശബരീശന്റെ തിരുവാഭരണങ്ങൾ വൈകുന്നേരം 6.30 ഓടെയാണ് സന്നിധാനത്തെത്തിയത്. മേൽശാന്തി എകെ സുധീർ നമ്പൂതിരി തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തിയുള്ള കലിയുഗവരദനെ കണ്ട് തൊഴാൻ ഭക്തജനലക്ഷങ്ങളാണ് ശബരിമലയിലെത്തിയത്.

ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ച് ആനയിച്ച തിരുവാഭരണത്തെ സന്നിധാനത്ത് ദേവസ്വം മന്ത്രി സ്വീകരിച്ചു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നത് നിയന്ത്രിച്ചിരുന്നു. പുല്ലുമേട്ടിലും മകജ്യോതി ദര്‍ശനത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.