തിരുവനന്തപുരം: കാലവർഷം കേരളത്തിൽ വീണ്ടും ശക്തമാകുന്നു. കേരളത്തിൽ പരക്കെ ഇന്നു മഴ ലഭിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 10 സെന്റിമീറ്റർ. പത്തനംതിട്ടയിലെ കുരുടമണ്ണിൽ 8 സെന്റിമീറ്റർ മഴ ലഭിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു.
ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തില് ബാണാസുര സാഗര് ഡാമില് നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന് കാരണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 23 മുതൽ 27 വരെയുളള 5 ദിവസവും കേരളത്തിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശത്ത് 3.0 മുതൽ 3.5 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങിയേക്കും. തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ (കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട്) വെളളം ഇരച്ചു കയറാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പുലർത്തണം. തീരപ്രദേശത്ത് ബോട്ടുകളും വളളങ്ങളും ഉണ്ടെങ്കിൽ അവിടെനിന്നും അകലേക്ക് മാറ്റണം. ശക്തമായ തിരമാലയിൽ ബോട്ടുകളും വളളങ്ങളും പരസ്പരം കൂട്ടിയിടിച്ച് തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേർന്നായിരിക്കും കൂടുതൽ അപകടസാധ്യത എന്നുള്ളതിനാൽ തീരത്തോട് ചേർന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടൽ/ ആഴക്കടൽ (open ocean) മേഖലകളിൽ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളിൽ മൽസ്യബന്ധനത്തിലേർപ്പെടുന്നതിൽ തടസമില്ല.
ഹാർബറിൽ കെട്ടിയിടുന്ന ബോട്ടുകൾ തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകൾ/വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും. കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുക. വള്ളങ്ങൾ/ബോട്ടുകൾ തീരങ്ങളിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലിൽ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കുക.
തമിഴ്നാട്ടിലേക്ക് കടല്മാര്ഗം ഭീകരര് എത്തിയെന്ന വാര്ത്തയെ തുടര്ന്ന് കേരളത്തിലും അതീവ ജാഗ്രതാനിര്ദേശം. ബസ് സ്റ്റാന്ഡ്, റയില്വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങി ജനങ്ങള് കൂടുന്ന എല്ലായിടങ്ങളിലും ജാഗ്രത പുലര്ത്താന് ജില്ലാ പൊലീസ് മേധാവികള്ക്ക് ഡിജിപി നിര്ദേശം നല്കി. ആരാധനാലയങ്ങള്ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.
തമിഴ്നാടുമായി അതിര്ത്തി പങ്കിടുന്ന ജില്ലകളില് പരിശോധന കര്ശനമാക്കും. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില് പെട്ടാല് ജനങ്ങള് 112 എന്നനമ്പരിലേക്ക് വിവരമറിയിക്കണം. സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോള് റൂമിലേക്ക് 0471–2722500 എന്ന നമ്പരിലും വിളിക്കാം.
ശ്രീലങ്കയില് നിന്നുള്ള ആറംഗ സംഘത്തിനു സൗകര്യമൊരുക്കിയ തൃശ്ശൂര് സ്വദേശിക്കായും തിരച്ചില് തുടങ്ങി. ഹിന്ദുവേഷങ്ങളിലെത്തി ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്ന്ന് തമിഴ്നാട്ടിലെങ്ങും വന്തോതില് പരിശോധനകള് നടക്കുകയാണ്.
ചെന്നൈ അടക്കമുള്ള ദക്ഷിണേന്ത്യന് നഗരങ്ങളില് ഹൈ അലര്ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന് തമിഴ്നാട്ടിലെ എട്ടുജില്ലകളിലായി ഏഴായിരം പൊലിസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്നുജില്ലകള് ഉള്പെടുന്ന ചെന്നൈ നഗരത്തില് മാത്രം ആയിരത്തിയഞ്ഞൂറ് പൊലീസുകാര് നിരത്തിലുണ്ട്. റയില്വേ സ്റ്റേഷന് വിമാനത്താവളം, ബസ് സ്റ്റാന്ഡുകള് ,ആരാധാനാലയങ്ങള് തുടങ്ങിയയിടങ്ങളില് കര്ശന പരിശോധനായാണ് നടക്കുന്നത്.
സംശയം തോന്നുവരെയും വാഹനങ്ങളെയും കസ്റ്റഡിയിലെടുക്കുന്നുണ്ട്. കോസ്റ്റല് പൊലീസിന്റെയും സുരക്ഷ ഏജന്സികളുടെയും കണ്ണുവെട്ടിച്ച് അനധികൃത ബോട്ടില് ആറുപേര് തമിഴ്നാട് തീരത്തിറങ്ങിയെന്നാണ് വിവരം. ഇവര് പിന്നീട് കോയമ്പത്തൂരിന്റെ വിവിധ കേന്ദ്രങ്ങളിലേക്കു പോയന്നും കേന്ദ്ര ഏജന്സികള്ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതില് ഒരാള് ഇല്യാസെന്ന പേരുള്ള പാക്ക് പൗരനാണ്. ഈ സംഘത്തിനു വേണ്ട സൗകര്യങ്ങള് ഒരുക്കിയത് തൃശ്ശൂര് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അബ്ദുള് കരീം എന്നയാളുടെ പാസ്പോര്ട്ട് വിവരങ്ങള് ഏജന്സികള് പരസ്യപെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഈസ്റ്റര് ദിനത്തില് ശ്രീലങ്കയില് നടന്ന ഭീകരാക്രമണത്തിന് തമിഴ്നാടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. കോയമ്പത്തൂര് നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില് നിന്നായി പത്തിലധികം പേരെ എന്.ഐ.എ പിടികൂടുകയും ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോയമ്പത്തൂര് അടക്കമുള്ള പടിഞ്ഞാറന് തമിഴ്നാട്ടില് അതീവ മുന്കരുതലെടുത്തിരിക്കുന്നത്.
ഇടവപ്പാതിയും കർക്കിടകവും കടന്നിട്ടും പേമാരി തകർത്തുപെയ്തിട്ടും ചൂട് കുറയാതെ കടൽ. കലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരാൻപോകുന്ന ചിലതിന്റെ സൂചനകൂടിയാണ് ഈ ചൂടെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദ്ദം ശക്തികുറഞ്ഞാണെങ്കിലും തുടരുന്നതിനാൽ രണ്ടുദിവസം കൂടി ഇടിയോടു കൂടി വ്യാപക മഴ ഉണ്ടാകുമെന്നാണ് നിഗമനം.
അതിൽ തെക്കൻകേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. 24ന് എറണാകുളത്തിന്റെ തെക്കൻപ്രദേശത്തും ആലപ്പുഴയുടെ ചില ഭാഗങ്ങളിലും 7 മുതൽ 11 സെന്റീമീറ്റർ വരെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. കടലിന്റെ ചൂടു കുറയാത്തത് ചുഴലിയുടെ ശക്തികുറയാതിരിക്കാൻ ഒരു കാരണമാണ് . സാധാരണ മഴക്കാലത്ത് ഈ സമയത്ത് ഉണ്ടാകുന്നതിനെക്കാൾ ചൂടിലാണ് ബംഗാൾ ഉൾക്കടലും( 29 ഡിഗ്രി), അറബിക്കടലും( 28.4 ഡിഗ്രി).
കടലിൽ ശരാശരി ഒരു ഡിഗ്രിയിലധികം ചൂട് കൂടുതലുള്ളത് സാധാരണ സ്ഥിതിയല്ലെന്നു കൊച്ചി റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി.മനോജ് വിലയിരുത്തുന്നു. ആഗോളതലത്തിൽ ഈ സീസണിൽ കടലിലും കരയിലും ശാരാശരി കൂടുതൽ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞമാസത്തിലാണെന്നതും ശ്രദ്ധേയമാണ്. ന്യൂനമർദ്ദം തുടരുന്നതിന് ഈ ഘടകങ്ങളും കാരണമാണ്. അറബിക്കടലിൽ ശക്തമായ ചുഴലി നിലവിലില്ലെങ്കിലും തീരത്തിനു സമാന്തരമായി കടലിൽ 100 മീറ്റർ പടിഞ്ഞാറുഭാഗത്ത് ഒരു ന്യൂനമർദ്ദമേഖല സജീവമാണ്.
അതിതീവ്രമഴയും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കരയിൽ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാക്കിയപ്പോഴും തീരമേഖല ഇത്തവണ താരതമ്യേന ശാന്തമായിരുന്നു. ശരാശരിമഴയാണ് പ്രദേശത്ത് ലഭിച്ചത്. ചൂടിലായ കടൽ ഈ മാസം ആദ്യം വരെ വെളളം എടുക്കാത്തതും കരയിൽ പ്രളയത്തിന് കാരണമായി. അതേസമയം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തീരദേശത്താണ് മഴ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. തുലാവർഷത്തിന്റെ സാധ്യതാ സൂചനകൾ സെപ്റ്റബർ രണ്ടാമത്തെ ആഴ്ചയോടെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ പ്രതീക്ഷ.
ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിയെ മനപൂർവ്വം കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി നേതാവുമായി വെള്ളപ്പള്ളി നടേശൻ. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്സ്ട്രക്ഷന്സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി.
ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. ഇന്ന് വ്യാഴാഴ്ച ആയതിനാൽ തന്നെ ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അവധി ആയ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.
കാട്ടാക്കട ക്രിസ്ത്യന് കോളേജ് അധ്യാപികയുടെ മരണത്തില് ദുരൂഹതയേറുന്നു. ഫിസിക്കല് എജ്യുക്കേഷന് വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
എന്സിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പില് അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മില് തര്ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്കര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പില് പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും. ട്രെയിന് തട്ടി മരിച്ച നിലയില് ഇന്നലെ കണ്ടെത്തിയ ഫിസിക്കല് എജുക്കേഷന് വിഭാഗം മേധാവി ആശ എല് സ്റ്റീഫന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണമുണ്ടായത്. ഭർത്താവ് കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോൺ. മക്കൾ: ആഷിം, ആഷ്ന.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില് ദുരിതം അനുഭവിച്ചവര്ക്ക് വേഗത്തില് സഹായം ലഭിച്ചില്ലെന്ന നടന് ധര്മജന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ധർമജനെ അനുകൂലിച്ച് ടിനി ടോം നടത്തിയ പ്രസ്ഥാവനയും ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല.
താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കിയതെന്നും എന്നാല് പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇതോടെ ടിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതൽ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില് ഞാന് ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന് ആഗ്രഹിക്കാത്ത ആളാണ് ഞാന്. നമ്മള് ആരുടേയും മനസ് വിഷമിപ്പിച്ചാല് നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു വിധി. കോട്ടയം സെഷൻസ് കോടതിയാണു വിധി പ്രഖ്യാപിക്കുക. ഈ മാസം പതിമൂന്നിന് വിധി പറയാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിന് ഇന്നത്തേക്കു വിധി മാറ്റുകയായിരുന്നു. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27നാണ് കെവിൻ ജോസഫ് കൊല്ലപ്പെട്ടത്.
ആലപ്പുഴ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. മദ്യപസംഘങ്ങള് തമ്മിലുണ്ടായ തര്ക്കമാണ് കൊലപാതകത്തിലെത്തിയത്. വിവാഹത്തിനായി നാട്ടിലെത്തിയ കരീലക്കുളങ്ങര സ്വദേശി ഷമീര്ഖാന് ആണ് കൊല്ലപ്പെട്ടത്. പ്രതികള് ഉപേക്ഷിച്ച കാര് കിളിമാനൂരില് കണ്ടെത്തി. നാലംഗ സംഘത്തില് കായംകുളം സ്വദേശിയായ ഷിയാസ് പൊലീസ് പിടിയിലായി.
കായംകുളം ഹൈവേ പാലസ് ബാറിന് സമീപം ഇന്നലെ അര്ധരാത്രിയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഷമീര്ഖാനും സംഘവും മദ്യം വാങ്ങാനായി ബാറിലെത്തി. ഇതേസമയം മറ്റൊരു സംഘം ഗേറ്റിന് പുറത്ത് കാത്തുനില്പ്പുണ്ടായിരുന്നു. പ്രവര്ത്തനസമയം കഴിഞ്ഞതിനാല് ഇരു കൂട്ടരുമായി തര്ക്കമായി. നേരത്തെ തന്നെ മദ്യപിച്ചിരുന്നു ഇരുസംഘവും. തര്ക്കം അടിയും ഇടിയുമായി. ഷമീറിനൊപ്പം നാലുപേരും കൊലയാളി സംഘത്തിലും അത്രതന്നെ പേരും ഉണ്ടായിരുന്നു.
ബീയര്ബോട്ടില് പൊട്ടിച്ച് തലയ്ക്കടിച്ച സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറില് കയറി. കാര് മുന്നോട്ട് എടുക്കാന് ഒരുങ്ങവെ ഷമീര് വാഹനം തടഞ്ഞു. മദ്യലഹരിയിലായിരുന്ന സംഘം ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാറോടിച്ചുപോയി. പിന്നീട് തിരുവനന്തപുരം കിളിമാനൂരിലാണ് കാര് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയത്. അടുത്തമാസം എട്ടിന് നടക്കാനിരുന്ന വിവാഹത്തിനാണ് ഷമീര്ഖാന് രണ്ടുദിവസം മുന്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അക്രമി സംഘത്തിലെ മുഴുവന്പേരും നേരത്തെയും ഒട്ടേറെ കേസുകളില് പ്രതികളാണ്.
മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
അജ്മാൻ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര് വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില് ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന് സെൻട്രൽ ജയിലിലാണ് പാര്പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടമായിരുന്നു