എടത്വ: ആർപ്പുവിളികളുകളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നൂറ് കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ പുതുക്കി പണിത മാമ്മൂടന്‍ കളിവളളം നീരണിയല്‍ നടത്തി.
വള്ളംകളി പ്രേമികളുടെ മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടന്‍ കളിവള്ളം ആണ് വീണ്ടും തിരികെയെത്തിയിരിക്കുന്നത്.
മിസ്സോറാം മുന്‍ ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍ നീരണിയ്ക്കല്‍ നിര്‍വഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീനാ എലിസബത്ത്, കേരള ബോട്ട് റേസ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി കെ.പി. ഫിലിപ്പ്, മാമൂട്ടില്‍ കുടുംബയോഗം പ്രസിഡന്റ് കുര്യന്‍ ജോര്‍ജ്, അഡ്വ. ഉമ്മന്‍ എം. മാത്യു, ജേക്കബ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
വള്ളത്തിന്റെ പിടിപ്പ് കൂട്ടിയും അമര ചുരുളിന്റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്റെ വില്ല് പൂര്‍ണ്ണമായും പുതുക്കി മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഇപ്പോള്‍ പുതിക്കിയിരിക്കുന്നത്. മുപ്പത്തി ഒന്നേകാല്‍ കോല്‍ നീളവും, 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും മൂന്ന് അമരക്കാരും, മൂന്ന് നിലയാളുകളും ഉണ്ടാകും. മുഖ്യശില്പി കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയെ ആദരിച്ചു.
മത്സര രംഗത്ത് ഉള്ള എല്ലാ കളിവള്ളങ്ങളെയും സി.ബി.എല്ലിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജലോത്സവ പ്രേമികൾ നിവേദനം നല്കി.
ചടങ്ങിൽ കളിവള്ള ഉടമകൾ ഉൾപ്പെടെ സാമൂഹ്യ, സാംസ്ക്കാരിക ,രാഷ്ട്രീയ, പൊതുപ്രവത്തന രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.
മഴക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് എച്ച്‌വണ്‍എന്‍വണ്‍ പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ മാസത്തിനിടെ എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം ആണ് നല്‍കിയിരിക്കുന്നത്.
പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്‌വണ്‍എന്‍വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ പരിശോധന നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.
കോട്ടയം: ആർപ്പൂക്കരയിൽ പാടത്ത് മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇവ പാടത്ത് തള്ളിയ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്‍കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.
ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെന്‍കുമാര്‍ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
പുതിയ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാറും എന്റോള്‍ ചെയ്തത്. 94 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നില്ല.
സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുവഭവും സെന്‍കുമാറിനുണ്ട്. പൊതു പരിപാടികളും വക്കീല്‍ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെന്‍കുമാര്‍.
തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തു മരണ സംഖ്യ 121 ആയി ഉയർന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്. മണ്ണിനടയിൽ പെട്ട 21 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറത്തു 13 പേരെയും വയനാട്ടിൽ ഏഴു പേരെയും ഇനിയും കണ്ടെത്താനുണ്ട്. കോട്ടയത്തു നേരത്തെ തന്നെ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മഴ മാറിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു മാറിക്കഴിഞ്ഞു. വീടുകൾ തകർന്നവർ മാത്രമാണ് ഇനി ദുരുതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 14,916 കുടുംബങ്ങളിലായി 47,622 പേർ മാത്രമാണ് ക്യാന്പുകളിൽ അവശേഷിക്കുന്നത്. സംസ്ഥാനത്താകെ 14,542 വീടുകളാണു തകർന്നത്. ഇതിൽ 1789 എണ്ണം പൂർണമായി തകർന്നിരുന്നു.
വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.
ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.
കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള്‍ കൈകോര്‍ത്തു. 5 പവന്‍ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്‌കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.
മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും എത്തിയ മഴ ഏറ്റവും നാശം വിതച്ചത് വയനാട്ടിലും മലപ്പുറത്തുമാണ്. മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി. എന്നാൽ അവയ്ക്കിടയിൽ പ്രതീക്ഷ നൽകുന്ന ചില കാഴ്ചകളുമുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന, ഉർവി ഫൗണ്ടേഷനുമായി കൈകോർത്ത്, വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി. ആദ്യമൊക്കെ പലർക്കും ഇത്തരം വീടുകളുടെ കെട്ടും മട്ടും ഇഷ്ടമായില്ല. പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്…
10, 12 ക്ലാസുകളിലെ പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ. പട്ടികവിഭാഗക്കാർക്ക് 50 രൂപയായിരുന്നത് 1200 രൂപയാക്കി ഉയർത്തിയപ്പോൾ, പൊതുവിഭാഗത്തിൽ ഫീസ് ഇരട്ടിയാക്കി– 1500 രൂപ. നേരത്തേ ഇത് 750 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് അധിക വിഷയം എഴുതുന്ന പട്ടികവിഭാഗ വിദ്യാർഥികൾ മുൻപ് ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് ഇനി മുതൽ 300 രൂപ അടയ്ക്കണം.
അധികവിഷയം തിരഞ്ഞെടുക്കുന്ന പൊതുവിഭാഗക്കാർ 150 രൂപയ്ക്കു പകരം 300 രൂപ അടയ്ക്കണം. മൈഗ്രേഷൻ ഫീസ് 150 രൂപയിൽ നിന്ന് 350 രൂപയാക്കി.
വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന 10, 12 ക്ലാസ് വിദ്യാർഥികൾ 5 വിഷയങ്ങൾക്കായി 10,000 രൂപ ഫീസടയ്ക്കണം. മുൻപ് ഇത് 5,000 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ അധികവിഷയത്തിന് ഈ വിദ്യാർഥികൾ 2,000 രൂപ ഫീസടയ്ക്കണം. നേരത്തേ ഇത് 10,000 രൂപയായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയില്‍ മടുപ്പ് തോന്നി ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ദേഷ്യത്തോടെ ചോദിച്ച യാത്രക്കാരന്‍ പുലിവാലുപിടിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്തവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
സ്വാതന്ത്ര്യദിനത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പിൽ രവി നാരായണൻ (61) ആണ് ജീവനക്കാരോട് ബോംബെന്ന് ഉച്ചരിച്ച് പുലിവാലു പിടിച്ചത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ സാധാരണ പരിശോധന കൂടാതെ പരിശോധന ശക്തമാക്കിയിരുന്നു. പതിവു പരിശോധനക്ക് പുറമേ വിമാനത്തിൽ കയറുന്നതിനു മുൻപും പരിശോധനയുണ്ടായി.
ഇതില്‍ പ്രതിഷേധിച്ചതാണ് യാത്രികന് വിനയായത്. വിമാനത്തിൽ കയറാനെത്തിയ രവി നാരായണന്‍റെ കൈവശമുള്ള ബാഗ് ശ്രീലങ്കൻ എയർലൈൻസിലെ ജീവനക്കാർ പരിശോധിച്ചു. തുടർച്ചയായ പരിശോധനയിൽ ദേഷ്യം വന്ന യാത്രികന്‍ ഇവരോടാണ് ഈ ചോദ്യം ചോദിക്കുകയായിരുന്നു.
ചോദ്യം കേട്ടയുടൻ ജീവനക്കാർ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യാത്രകന്‍റെ ബാഗ് വിശദമായി പരിശോധിച്ചു. പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി. ബാഗിൽ ബോംബ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രികന്റെ ചെക്കിൻ ബാഗും ആവശ്യപ്പെട്ടു.
എന്നാല്‍ ചെക്കിൻ ബാഗ് ഇല്ലാതെയായിരുന്നു രവി നാരായണൻ എത്തിയത്. പിന്നാലെ ഇദ്ദേഹത്തിന്‍റെ യാത്ര വിമാനക്കമ്പനി തടഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ നെടുമ്പാശേരി പൊലീസിനു കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‍തു.
അടുത്തിടെ ചെന്നൈ വിമാനത്താവളത്തില്‍ കടുത്ത സുരക്ഷാ പരിശോധനക്കിടയിലും ഇത്തരം സംഭവം നടന്നിരുന്നു. അന്ന് ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്ന് ചോദിച്ച പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യു എന്ന യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൊലീസിന് കൈമാറുകയായിരുന്നു.
ശബരിമല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി. കെട്ടു നിറച്ചാണ് ബിനോയ് കോടിയേരി ദർശനത്തിനെത്തിയത്. മാളികപ്പുറത്തും ദർശനത്തിനെത്തി. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് വൈകുന്നേരം നട തുറന്നപ്പോഴാണ് ദർശനത്തിനെത്തിയത്.