സുഹൃത്തുക്കളായ 4 യുവാക്കളുടെ മരണം താങ്ങാനാവാതെ കേഴുകയാണ് ഇരവിപേരൂർ ഗ്രാമം. ഇന്നലെ രാത്രി ഏട്ടരയോടെയാണു ഇരവിപേരൂർ സ്വദേശികളായ 5 പേർ സഞ്ചരിച്ചിരുന്ന കാർ ടികെ റോഡിൽ കല്ലുമാലിൽപടിയിൽ വച്ച് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കയറി. വലിയ ശബ്ദം കേട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും യുവാക്കളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ജോബി, ബെൻ, അനൂപ് എന്നിവർ മരിച്ചിരുന്നു. അനിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കോയിപ്രം പൊലീസ് എത്തി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി.ബി.നൂഹ്, പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ സ്ഥലത്ത് എത്തി. ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. രാത്രി 12 മണിക്കും അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ ആളുകൾ എത്തി. അപകടത്തിൽ മരിച്ച ബെന്നിന്റെ വിവാഹം ഒക്ടോബർ 31ന് നടക്കാനിരുന്നതായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലുള്ള അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.
തൊടുപുഴ ∙ മണക്കാട് ജംക്ഷനിൽ പി.ഡി. സന്തോഷ് കുമാർ വിഡിയോ ക്യാമറയുമായി എത്തിയില്ലായിരുന്നുവെങ്കിൽ എം.എം. മണി ഒരിക്കലും ജയിലിലാകുമായിരുന്നില്ല, ഒരു പക്ഷേ മന്ത്രിയും ആകുമായിരുന്നില്ല. വിവാദമായ എം.എം. മണിയുടെ ‘വൺ, ടു, ത്രീ..’ പ്രസംഗം ലോകം മുഴുവൻ അറിഞ്ഞത് സന്തോഷിന്റെ വിഡിയോ ക്യാമറയിൽ നിന്നായിരുന്നു. മേഖലയിലെ പ്രാദേശിക ചാനലിന്റെ ക്യാമറാമാനായിരുന്ന പ്ലാപ്പിള്ളിൽ പി.ഡി. സന്തോഷ്കുമാർ (ചന്തു-46 ) ഹൃദ്രോഗത്തെ തുടർന്നാണ് ഇന്നലെ മരിച്ചത്.
2012 മേയ് 25ന് തൊടുപുഴയ്ക്കു സമീപം മണക്കാട് ജംക്ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തോടനുബന്ധിച്ച് നടത്തിയ പ്രകടനം ചിത്രീകരിക്കാനാണു സന്തോഷ് എത്തിയത്. തുടർന്നു യോഗം ഉദ്ഘാടനം ചെയ്തു മണി നടത്തിയ 1, 2, 3 പ്രസംഗവും പകർത്തി. അന്ന് സിപിഎം അംഗമായിരുന്നു സന്തോഷ്. അടിയുറച്ച സിപിഎം പ്രവർത്തകനായിട്ടും, പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരായ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞില്ല. 40 മിനിറ്റോളം വരുന്ന മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മറ്റു മാധ്യമങ്ങൾക്കു കൈമാറി.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊന്നുവെന്ന മണിയുടെ പ്രസംഗം ഏറ്റവും വലിയ ന്യൂസ് ബ്രേക്കായി. ബിബിസിയിൽ വരെ മണിയുടെ പ്രസംഗം വാർത്തയായി. പാർട്ടി അംഗമായ വ്യക്തി, ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം പരസ്യമാക്കിയതിനെക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. മേഖലയിലുള്ള ചില നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണു പ്രസംഗം സന്തോഷ് പുറത്തു വിട്ടതെന്ന ആരോപണവും ഉയർന്നു. വിവാദങ്ങൾക്കിടെ, സിപിഎം നിയന്ത്രണത്തിലുള്ള മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡംഗവുമാക്കി. ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും സമ്മർദവും നേരിടേണ്ടി വന്നെങ്കിലും സന്തോഷ് ആരോടും പരാതിപ്പെട്ടില്ല.
എം.എം. മണിക്ക് രാഷ്ട്രീയമായി ഗുണവും ദോഷവും ചെയ്ത പ്രസംഗമായിരുന്നു മണക്കാട്ടേത്. പ്രസംഗത്തെ തുടർന്നു സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനം മണിക്കു നഷ്ടമായി. അറസ്റ്റും ജയിൽവാസവും കോടതി കയറ്റവുമെല്ലാം തേടിയെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ മണിക്ക് പ്രത്യേക ഇടം ലഭിച്ചു. ഇടുക്കിയിൽ ഒതുങ്ങി നിന്ന എം.എം. മണി, സിപിഎമ്മിന്റെ തിരക്കുള്ള പ്രാസംഗികനായി. ഉടുമ്പൻചോലയിലൂടെ നിയമസഭയിലുമെത്തി. പിന്നീട് മന്ത്രിയുമായി. സന്തോഷിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി എം.എം. മണി വരുമെന്നു അഭ്യൂഹമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരിലായിരുന്നു എന്നാണു മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
പത്തനംതിട്ട ഇരവിപേരൂരിൽ കെഎസ്ആര്ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില് മരണം നാല് ആയി. കാറിൽ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത് രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആര്ടിസി ബസ്സും കോഴഞ്ചേരിയിൽ നിന്നും വന്നകാറും കുട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇരവിപേരൂർ സ്വദേശികളായ ബെൻ തോമസ്, ജോബി വർഗ്ഗിസ്, അനൂപ്, അനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സി സി റ്റി വി ദ്യശ്യങ്ങള് പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മൂതദേഹങ്ങൾ തിരവല്ലയിലെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില് കാര് പൂര്ണമായും തകര്ന്നിരുന്നു. അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ അനിഷ് കുമാറിന് പൊള്ളലേറ്റു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുള്ള മരുഭൂമി യാത്രയുടെ വൈറലായ വീഡിയോ ദൃശ്യങ്ങള് സംബന്ധിച്ച് മറുപടിയുമായി ടി സിദ്ദിഖ്. ഇങ്ങനെ ഒരു വിശദീകരണം നല്കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ആലോചിക്കുമ്പോള് ചിരിയാണ് തോന്നുന്നത്. കഴിഞ്ഞ 20ാം തിയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്കാസ് കമ്മിറ്റിയുടേത് ഉള്പ്പെടെ നിരവധി പരിപാടികള്ക്ക് വേണ്ടിയായിരുന്നു സന്ദര്ശനം. മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്ക്ക് വശപ്പെട്ട് പോവില്ല.
കുടുംബം തനിക്ക് മുന്നേ ദുബായില് എത്തിയിരുന്നു. അവരുമൊത്തുള്ള ചില നിമിഷങ്ങള് ഉപയോഗിച്ച് ഇങ്ങനെ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില് പരാതി നല്കുമെന്നും ടി സിദ്ധിഖ് വീഡിയോയില് പറയുന്നു. മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്ക്ക് തെളിയിക്കാന് സാധിക്കുമോയെന്നും ടി സിദ്ധിഖ് ചോദിക്കുന്നു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാര് ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല് അതിനു വഴങ്ങാന് എന്നെ കിട്ടില്ല സഘാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടി സിദ്ദഖിന്റെ ഭാര്യ തന്നെയാണ് ഫെയ്സ്ബുക്കില് മരുഭൂമി യാത്ര ലൈവായി നല്കിയത്. ലൈവില് സിദ്ദിഖ് കഴിച്ച ബ്രാന്ഡ് ഏതാണെന്ന് കമന്റായി ചോദിക്കുകയും ഭാര്യ ബ്രാന്ഡിന്റെ പേരും നല്കുന്നുണ്ട്.
കാളികാവ് ചിങ്കക്കല് വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചില് ഒഴുക്കില്പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് കാളികാവില് അപകടമുണ്ടായത്.
മലവെള്ളപ്പാച്ചിലില് അഞ്ച് പേരാണ് അപകടത്തില് പെട്ടത്. ഇതില് ഒഴുക്കില്പ്പെട്ട രണ്ടുപേര് മരിച്ചിരുന്നു. വേങ്ങര മണ്ടാടന് യൂസഫ് (28) യൂസഫിന്റെ ജേഷ്ഠന് അവറാന് കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്.
അപകടത്തില് സംഘത്തിലുണ്ടായിരുന്ന യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരന് മുഹമ്മദ് അഖ്മല് എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. കല്ലാമൂലയിലെ ബന്ധുവീട്ടില് വിരുന്നുവന്നവരാണെന്നു സൂചനയുണ്ട്. മൃതദേഹങ്ങള് നിലമ്പൂര് ജില്ലാ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പില് മല്സരിക്കാനില്ലെന്ന നിലപാട് തള്ളി കുമ്മനം രാജശേഖരനെയും ഉള്പ്പെടുത്തി ബി.ജെ.പിയുടെ സ്ഥാനാര്ഥിസാധ്യതപ്പട്ടിക. സ്ഥാനാര്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്ഹിയില് പ്രഖ്യാപിക്കും.
കുമ്മനം മല്സരിക്കണമോയെന്നതില് അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന് ഇന്ന് കൊച്ചിയില് ചേര്ന്ന ബി.ജെ.പി കോര്ഗ്രൂപ്പ് യോഗത്തില് തീരുമാനമായിരുന്നു.
തന്റെ ബുദ്ധിമുട്ട് പാര്ട്ടിയെ അറിയിച്ചിട്ടുണ്ട്, ആര് മത്സരിക്കണമെന്ന് പാര്ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പുതിയ ആളുകള് വരട്ടെയെന്നുമാണ് കുമ്മനം രാജശേഖരന് കൊച്ചിയിലെ കോര് ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള് മാധ്യമങ്ങളോട് പറഞ്ഞത്.
കുമ്മനം രാജശേഖരന് സ്ഥാനാര്ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല് ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്ക്കായിരിക്കും സാധ്യത കൂടുതല്.
മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്ഗണനയിലുള്ളത്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസിന്റെ പേരും സജീവമാണ്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകള്ക്കാണ് പ്രാമുഖ്യം നല്കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള് കേന്ദ്രകമ്മറ്റിക്ക് നല്കുമെന്നും എന്നാല് ഇപ്പോള് പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറല് സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
ഇന്ത്യാരവം’ മുഴങ്ങിയ മണിക്കൂറുകൾ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികൾ വിശിഷ്ടാതിഥികൾക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതുമുതൽ തന്നെ ഇന്ത്യൻ സമൂഹം ആഘോഷത്തിലായിരുന്നു.
മോദി വിമാനമിറങ്ങിയതുതന്നെ ‘ഹൗഡി ഹൂസ്റ്റൺ’ (ഹലോ ഹൂസ്റ്റൺ) എന്ന ട്വിറ്റർ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ ‘ഹൗഡി മോദി’യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കൻ ശൈലിയിലുള്ള ‘ഹലോ’യാണ് ‘ഹൗഡി’. വാഷിങ്ടൻ ഡിസിയിൽ നിന്നു വിമാനം കയറിയെന്നും ‘ഹൂസ്റ്റണിൽ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു’മെന്നും തൽസമയം ട്വിറ്റർ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീർച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റർ, യുഎസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷവർധൻ ഷ്റിഗ്ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്.
90 മിനിറ്റ് സാംസ്കാരിക പരിപാടികളോടെയായിരുന്നു ‘ഹൗഡി മോദി’ തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ സിൽവസ്റ്റർ ടേണറാണു സ്വാഗതം പറഞ്ഞത്. ഒൻപതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂർ ട്രംപിന്റെ പ്രസംഗം. തുടർന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും ‘മോദി മോദി’ വിളികളുമായി എൻആർജി സ്റ്റേഡിയത്തിൽ ആവേശം അലതല്ലി.
ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ, നഗരത്തിന്റെ ആലങ്കാരിക താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതോപഹാരമായി നൽകുന്നു.
ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).’ പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. ‘എല്ലാം സൗഖ്യം’ എന്നു മലയാളത്തിലും പറഞ്ഞു.
മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ്സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിർദേശമനുസരിച്ചു കാര്യങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം.
വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകൾ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ– അതാണ് ഡിജിറ്റൽ ഇന്ത്യയുടെ സവിശേഷത.
പാസ്പോർട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോൾ 1 ആഴ്ചയ്ക്കുള്ളിൽ കിട്ടും. ഇ–വീസ സേവനം, കമ്പനികൾക്ക് റജിസ്ട്രേഷൻ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാൾ മുൻപ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തിൽനിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോൾ തുല്യ അധികാരം എല്ലാവർക്കും. ഭീകരതയെ ഊട്ടിവളർത്തുന്നവരെ ലോകം മുഴുവൻ അറിയും.
ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തിൽ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ ‘ടഫ് നെഗോഷ്യേറ്റർ’ എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, ‘ആർട് ഓഫ് ദ് ഡീലിൽ’ വളരെ മിടുക്കനാണ്. ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു.
വേങ്ങര • മരിച്ച യൂസുഫിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേയാണ് വേങ്ങര പറമ്പിൽപടി മങ്ങാടൻ യൂസുഫിനെയും ചേറൂർ കിളിനക്കോട് തടത്തിൽപാറ സ്വദേശി ഷഹീദയെയും മലവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ വിധി വേർപിരിച്ചത് . വിദേശത്ത് ജോലിയുള്ള യൂസുഫിന്റെ വിവാഹം കഴിഞ്ഞമാസം 25ന് ആയിരുന്നു . വിവാഹത്തിന് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത് . യൂസുഫിന്റെ പിതൃസഹോദരന്റെ മകനാണ് മരിച്ച ജുവൈരിയയുടെ ഭർത്താവ് മങ്ങാടൻ അവറാൻകുട്ടി , യുസുഫും അവറാൻകൂട്ടിയും അബുദാബിയിൽ ഒരുമിച്ചു ജോലിചെയ്യുന്നവരാണ് . യുസുഫിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം അബുദാബിയിലേക്കു മടങ്ങിയതാണ് അവറാൻകുട്ടി .
നവദമ്പതികളെയും കൂട്ടി മാതാവിന്റെ സഹോദരിയുടെ പുല്ലങ്കോട്ടുള്ള വീട്ടിൽ സൽക്കാരത്തിനെത്തിയതായിരുന്നു ജുവൈരിയ . 4 മക്കളും അവറാൻകുട്ടിയുടെ മാതാവ് ഖദീജയും ബന്ധു മുതുകാട്ടിൽ അലിയും കൂടെയുണ്ടായിരുന്നു . ഇന്നലെ രാവിലെയാണ് ഇവർ കാളികാവിലെത്തിയത് . 5 പേരാണ് കുളിക്കാൻ പോയത് . മരിച്ച അബീഹയെയും രക്ഷപ്പെട്ട അക്മലിനെയും കൂടാതെ തൻഹ , സിനാൻ എന്നീ മക്കളും കൂടെണ്ടായിരുന്നെങ്കിലും ഇവർ വെള്ളത്തിൽ ഇറങ്ങിയിരുന്നില്ല .
പഴയന്നൂർ: ബാറിൽ കയറി മദ്യപിച്ചതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് തർക്കമുണ്ടായതിന് പിന്നാലെ നായ്ക്കളുമായെത്തിയ രണ്ട് യുവാക്കൾ ബാർ അടിച്ചുതകർത്തു. പഴയന്നൂരിലെ രാജ് റെസിഡൻസി ബാറാണ് വെള്ളിയാഴ്ച രാത്രി തകർത്തത്. മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. രാത്രി പത്തേമുക്കാലോടെ നാല് ജർമ്മൻ ഷെപ്പേർഡ് നായ്ക്കളുമായെത്തിയ യുവാക്കളാണ് വടിവാളുകൊണ്ട് ചില്ലുഡോറും കൗണ്ടറുകളും കമ്പ്യൂട്ടറുകളും തകർത്തത്. ആക്രമണം കണ്ട് ഭയന്ന പോയ ബാർ ജീവനക്കാരും ബാറിലെത്തിയവരും ഇത് കണ്ട് ഭയന്നോടി. അഞ്ച് മിനിറ്റ് കൊണ്ട് ഇവർ ബാർ മുഴുവൻ അടിച്ച് തകർക്കുകയും ചെയ്തു. പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇവർ സ്ഥലം വിട്ടിരുന്നു. ആക്രമണത്തിൽ ബാറിലെ ജീവനക്കാരായ ഇ.ടി. കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ, ഒഡീഷ സ്വദേശിയായ സുഭാഷ് എന്നിവർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ബാറിലെത്തിയ യുവാക്കൾ മദ്യവും ഭക്ഷണവും കഴിച്ചു. ഏകദേശം നാലുമണിക്കൂറോളം ബാറിൽ ചെലവഴിക്കുകയും ചെയ്തു. ഭക്ഷണവും കഴിച്ച് മദ്യപിച്ചതിനും ശേഷം കൈയിൽ പണമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ജീവനക്കാർ വിഷയത്തിൽ ഇടപെട്ടു. 950 രൂപയായിരുന്നു ബില്ലായി നൽകേണ്ടിയിരുന്നത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമായി. തുടർന്ന് യുവാക്കളുടെ കൈവശമുള്ള മൊബൈൽ ഫോൺ വാങ്ങിവെച്ചശേഷം പണം കൊണ്ടുവരുമ്പോൾ തിരിച്ചുനൽകാമെന്ന് അറിയിച്ചു. ഇതേത്തുടർന്ന് യുവാക്കൾ ബാറിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ രാത്രിയോടെ ഇവർ തിരിച്ചെത്തി. ഏകദേശം പത്തേമുക്കാലോടെ ആയിരുന്നു ഇവർ തിരിച്ചെത്തിയത്.
ഷർട്ട് ധരിക്കാതെ കൈയിൽ നായയെ പിടിച്ച് കൊണ്ടായിരുന്നു ഇവർ എത്തിയത്. അക്രമം തുടങ്ങിയതിന് ശേഷം ഇവർ നായയെ അഴിച്ച് വിടുകയും ചെയ്തു. ഇവ കുരച്ച് ചാടിയതോടെ ബാക്കിയുള്ളവർ ഇറങ്ങിയോടി. വടിവാൾ ഉപയോഗിച്ച് കംപ്യൂട്ടർ, നൂറു കണക്കിനു ഗ്ലാസുകൾ, ബീയർസോഡാക്കുപ്പികൾ, ഫർണിച്ചർ എന്നിവ വെട്ടിനശിപ്പിച്ചു. രാജ് റീജൻസി ഹോട്ടലിലാണ് സംഭവം നടന്നത്. ജീവനക്കാരുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടതോടെ ഇവരുടെ അക്രമം തടയാൻ ആരും ഉണ്ടായിരുന്നില്ല. ഇരുവരും നിമിഷ നേരം കൊണ്ട് ബാർ അടിച്ച് തകർത്തപ്പോൾ വൻ നഷ്ടം ബാറുടമയ്ക്കും. ഇരുവരുടേയും ഫോൺ വാങ്ങി വെച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
റോഡിലൂടെ നടന്നെത്തിയ ഇവർ ബാറിലേക്ക് കയറുകയും പെട്ടെന്ന് വടിവാൾ ചുഴറ്റി എല്ലാം അടിച്ചുതകർക്കുകയുമായിരുന്നു.നായ്ക്കളെ പരിശീലിപ്പിക്കാൻ പഴയന്നൂരിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. ഇവർ പരിശീലകരായി പ്രവർത്തിക്കുന്ന വെള്ളപ്പാറയിലെ കേന്ദ്രത്തിൽ പൊലീസ് അന്വേഷണം നടത്തി. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതായി ബാർ ഉടമ സായി രാജേഷ് പറഞ്ഞു. അക്രമദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസിന് കൈമാറിയ യുവാക്കളിലൊരാളുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണെന്നും അക്രമികൾ തൃശ്ശൂർ സ്വദേശികളാണെന്നും പഴയന്നൂർ സിഐ. എം. മഹേന്ദ്രസിംഹൻ പറഞ്ഞു.
നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) ഡവലപ്മെന്റ് അസിസ്റ്റന്റ്, ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിൽ അവസരം. 91 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.
സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകൾ. കേരളത്തിൽ ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ ഒരൊഴിവ് (ജനറൽ) മാത്രമാണുള്ളത്. ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ കേരളത്തിൽ ഒഴിവില്ല. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക.
ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം: 13150 –34990 രൂപ
യോഗ്യത (2019 സെപ്റ്റംബർ ഒന്നിന്):
ഡവലപ്മെന്റ് അസിസ്റ്റന്റ്: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി): ഹിന്ദിയും ഇംഗ്ലിഷും കംപൽസറി/ ഇലക്ടീവ് വിഷയമായി പഠിച്ചു കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ഇംഗ്ലിഷ്/ ഹിന്ദി മീഡിയത്തിലുള്ള ബിരുദം (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി)
അല്ലെങ്കിൽ
ഹിന്ദിയും ഇംഗ്ലിഷും മെയിൻ വിഷയമായി കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ബിരുദം (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി)
അപേക്ഷകർക്ക് ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും ട്രാൻസ്ലേറ്റ് ചെയ്യാനുള്ള പരിജ്ഞാനം വേണം.
പ്രായം: 2019 സെപ്റ്റംബർ ഒന്നിന് 18 നും 35 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് ഉൾപ്പെടെയുള്ള മറ്റിളവുകൾ ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രാഥമിക എഴുത്തുപരീക്ഷ ഒക്ടോബർ 20നു നടത്തും.
പരീക്ഷാ കേന്ദ്രം, സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷാഫീസ്: ഇന്റിമേഷൻ ചാർജ് ഉൾപ്പെടെ 450 രൂപ.പട്ടികവിഭാഗം/വികലാംഗർ/ വിമുക്തഭടൻമാർക്കു ഇന്റിമേഷൻ ചാർജായ 50 രൂപ മാത്രം മതി. ഡെബിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.
അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്ക്കുക.
അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം.അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.