ഇന്നലെ മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പുതുപ്പള്ളി ഐഎച്ചആര്‍ഡി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകനാണ് അശ്വിന്‍ കെ. പ്രസാദ്. പുതുപ്പളളി ഐ.എച്ച് ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോമാത്്‌സ് വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന് കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്(17) എന്നിവരാണു മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്.

അപകടം പതിയിരിക്കുന്ന മണല്‍കുഴികള്‍

മണല്‍വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളം മണല്‍ വാരി കയങ്ങളായി തീര്‍ന്ന മൈലപ്പള്ളി കടവിലാണ്‌ വിദ്യാര്‍ഥികളെ മരണം വിഴുങ്ങിയത്‌.അപകത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കടവിലും സമീപത്തെ തൂക്കുപാലത്തിലുമായി ചുറ്റിത്തിരിയുന്നത്‌ നാട്ടകാര്‍ കണ്ടിരുന്നു.തൂക്കു പാലം നാശകരമായ അവസ്‌ഥയിലാണെങ്കിലും നിരവധി ആളുകള്‍ ഇപ്പോഴും പാലത്തില്‍ ചിത്രം എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുമായി എത്തുന്നുണ്ട്‌.അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ പാലത്തിലും ചുവട്ടിലുമായി നില്‍ക്കുന്നത്‌ കണ്ടിട്ടും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.

പാലം നിര്‍മ്മിച്ചതോടെ ആറ്റിലേക്ക്‌ നേരിട്ട്‌ ഇറങ്ങാന്‍ കഴിയില്ല.അതിനാല്‍ പാലത്തിന്റെ ചുവട്ടില്‍ നിന്നും പത്ത്‌ മീറ്ററോളം മാറിയാണ്‌ വിദ്യാര്‍ത്ഥികള്‍ ആറ്റിലേക്ക്‌ ഇറങ്ങിയത്‌.ഇവിടെ ഏകദേശം നാല്‍പതടിയോളം താഴ്‌ചയുണ്ടെന്നാണ്‌ കണക്ക്‌.മണല്‍വാരിയാണ്‌ ഈ ഭാഗം ഇത്രയും താഴാന്‍ ഇടയാക്കിയതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ പറ്റിയ ചെളി കഴുകിക്കളയാനുളള ശ്രമമാണ്‌ പുതുപ്പളളി ഐ.എച്ച്‌.ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോമാക്‌സ്‌ വിദ്യാര്‍ത്ഥികളായ അശ്വിന്‍ കെ. പ്രസാദിനെയും അലന്‍ കെ.സിയെയും ജിബിന്‍ ജേക്കബിനെയും ദുരന്തത്തിലേക്ക്‌ നയിച്ചത്‌.

കാലില്‍ പറ്റിയ ചെളി കഴുകാന്‍ ആദ്യം പദ്ധതിയിട്ട ഇവര്‍ പിന്നീട്‌ വസ്‌ത്രം മാറി കുളിച്ചുകയറാന്‍ തീരുമാനിക്കുകയായിരുന്നു. ആഴം കുറഞ്ഞ ഭാഗം നോക്കി അശ്വിനാണ്‌ ആദ്യം ഇറങ്ങിയത്‌.എന്നാല്‍ ഇതിനിടെ അശ്വിന്‍ പിടിവിട്ട്‌ ആഴത്തിലേക്ക്‌ പോയി.ഇതിനിടെ മുങ്ങിപ്പൊങ്ങിവന്ന അശ്വിനെ പിടിച്ചുകയറ്റാനുളള ശ്രമത്തിനിടെയാണ്‌ അലനും ഷിബിനും ആഴങ്ങളിലേക്ക്‌ പോയത്‌.കൂട്ടുകാര്‍ പിടിവിട്ട്‌ മുങ്ങിത്താഴുന്നത്‌ കണ്ട്‌ നിസഹായരായി നോക്കി നില്‍ക്കാനെ ഒപ്പമുളളവര്‍ക്ക്‌ കഴിഞ്ഞുളളൂ.

നിലവിളിയും ബഹളവും കേട്ട്‌ അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. നല്ലതുപോലെ നീന്തുന്നവര്‍പോലും മൈലപ്പളളി കടവില്‍ ഇറങ്ങാറില്ല. ആഴവും കയങ്ങളും ധാരാളമുള്ള ഇവിടെ അപകടം പതിയിരിക്കുന്നതിനാലാണ്‌ നാട്ടുകാര്‍ പോലും ഇവിടെ ഇറങ്ങാന്‍ ഭയപ്പെടുന്നത്‌.ഇതിനിടെ സമീപത്ത്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്‌മനം പുലിക്കുട്ടിശേരി പുത്തന്‍തോട്‌ കുന്നുമ്മാത്ര കെ.പി.റെജിയും അയല്‍വാസിയും പുഴയില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല.

പിന്നീട്‌ ഫയര്‍ഫോഴ്‌സ്‌ എത്തി തെരച്ചില്‍ നടത്തിയാണ്‌ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്‌.കാണായായ സ്‌ഥലത്ത്‌ തന്നെയാണ്‌ അലന്റെയും ഷിബിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.ഈ ഭാഗത്ത്‌ തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.രാത്രി വൈകി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതായതോടെ തെരച്ചില്‍ ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു.