Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.

മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി പങ്കെടുത്തിരുന്നില്ല. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യർത്ഥിക്കും. പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം, മഴക്കെടുതിയിൽ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.

സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ സ്തംഭിച്ചസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കാനിടയുണ്ട്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളി യുവാവ് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തില്‍ സാജു ശാമുവല്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോര്‍ജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം.

മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സാജു ഇന്‍സ്‌പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കില്‍ എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അപായമണി മുഴക്കാന്‍ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവര്‍ച്ചക്കാര്‍ പിന്നില്‍ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.

രണ്ടരവര്‍ഷം മുമ്പ് അഹമ്മദാബാദില്‍ ജോലിക്ക് കയറിയ സാജു ഒരു വര്‍ഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ ഇന്‍സ്‌പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്‌സി. മകന്‍: ജര്‍മി (9 മാസം)

 

കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തേക്കായുള്ള തർക്കം മുറുകുന്നതിനിടെ പി.ജെ ജോസഫിന് പാർട്ടിയിൽ പിന്തുണയേറുന്നു. ജോസഫ് വിഭാഗം യോഗത്തില്‍ കൂടുതല്‍ മാണിപക്ഷനേതാക്കള്‍ പങ്കെടുത്തു.

ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി. തോമസ് , കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിനെത്തിയത്.

സി.എഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള പി.ജെ ജോസഫിന്റ ഒത്തുതീര്‍പ്പ് നിര്‍ദേശം ജോസ് കെ മാണി വിഭാഗം നേരത്തെ തള്ളിയിരുന്നു. പുറത്ത് പറഞ്ഞിട്ടല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണ് സമവായമുണ്ടാക്കേണ്ടെതെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ നിര്‍ദേശം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍,പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വര്‍ക്കിങ് ചെയര്‍മാനും പി.ജെ ജോസഫ്. ഇതായിരുന്നു ജോസഫിന്റ ഒത്ത് തീര്‍പ്പ് നിര്‍ദേശം. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഒരുതീര്‍പ്പ് നിര്‍ദേശവും അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയാണ് സമവായമുണ്ടാക്കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളോടല്ല സമവായ നിര്‍ദേശം പറയേണ്ടതെന്നും റോഷി അഗസ്റ്റിനും എന്‍ ജയരാജും പറഞ്ഞു.

നിര്‍ദേശം എതിര്‍വിഭാഗം പൂര്‍ണമായും തള്ളിയതോടയാണ് ജോസഫ് വിഭാഗം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ അടിയന്തരയോഗം ചേര്‍ന്നത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണിവിഭാഗത്തിന് കുറെ കാര്യങ്ങള്‍ കൂടി ബാക്കി കൂടി ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു യോഗശേഷം പി.ജെ ജോസഫിന്റ പ്രതികരണം . പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മിറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാനകമ്മിറ്റി ഉടനില്ലെന്നും ജോസഫ് വ്യക്തമാക്കി.

കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേലുദ്യോഗസ്ഥനുമായി വയർ‌ലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.

ആദില ഹുസൈൻ | മലയാളം കവിത

ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്

 

ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ

 

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.

നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.

ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. രണ്ടാമത്തേതും കൂടുതൽ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.

 

മച്ചാനെ ആ മെനകെട്ടവന്റെ പരിപാടിക്കൊന്നും പോയേക്കല്ലേ… ആസിഫ് അലിയോട് ആരാധകര്‍ പറയുന്നു. പൂഞ്ഞാര്‍മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അനുമോദന ചടങ്ങില്‍ ആസിഫ് അലിയോട് പങ്കെടുക്കരുതെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.

മണ്ഡലത്തിലെ എംഎല്‍എ പിസി ജോര്‍ജാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. പിസിയോടുള്ള വെറുപ്പാണ് പുറത്തുവരുന്നത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങള്‍ എന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

ഫോണ്‍ സംഭാഷണം വൈറലായപ്പോള്‍ പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, പിസിയോടുള്ള കലിപ്പ് മാറിയില്ല. പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെയാകെ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി, ദയവായി അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.. എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക.. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്നും പറയുന്നുണ്ട്.

ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’. ഇതാണ് വി.എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ വി.എസ്. നവാസ് ഇന്നലെ മുതലാണ് ഒളിവിൽ പോയത്.

സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തന്റെ ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. നാവസിന്റെ മേലുദ്യോഗസ്ഥൻ എസിപി പി.എസ്. സുരേഷ് കുമാർ വയർലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.

അദ്ദേഹത്തെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.

നേരത്തെ നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കൽ തുടങ്ങി അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കൽ‍ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായി വയർലസിലൂടെ വിഷയമാണെന്നും പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞ‍ത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.

പൊലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും ബാച്ച് മേറ്റ്സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാം മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയർലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.

24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലെസെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍‌ക്കാത്ത പൊലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസില്‍ ഉണ്ടായത്. സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.

പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈ‌ല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡ‍ില്‍ വച്ച് കണ്ടുമുട്ടിയ പൊലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.

സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

കേരള കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് സമയവായ ഫോര്‍മുലയുമായി പി.ജെ.ജോസഫ്. സി.എഫ്.തോമസിനെ ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ.മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയും പി.ജെ. ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ലഭിക്കും വിധമാണ് ഫോര്‍മുല.നിര്‍ദേശം തളളിയ ജോസ് കെ മാണി തര്‍ക്കപരിഹാരം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് മറുപടി നല്‍കി. ആദ്യം സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷ് അഗസ്റ്റിൻ എംഎൽഎയും പ്രതികരിച്ചു.

മധ്യസ്ഥ ചര്‍ച്ചകളിലും ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് ജോസ്.കെ. മാണി പക്ഷം. പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവും, വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം. ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാന്‍ പി.ജെ. ജോസഫ് തയ്യാറായെങ്കിലും ജോസ്.കെ. മാണിയെ ചെയര്‍മാനാക്കരുതെന്ന് നിലപാടെടുത്തു.
രണ്ടാംഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിനായി രൂപപ്പെട്ടത് രണ്ട് സമവാക്യങ്ങള്‍.

സി.എഫ്. തോമസ് ചെയര്‍മാന്‍, പി.ജെ. ജോസഫ് നിയമസഭാകക്ഷിനേതാവ്, ജോസ്.കെ. മാണി വര്‍ക്കിങ് ചെയര്‍മാന്‍ എന്നതാണ് സമവാക്യങ്ങളില്‍ ഒന്ന്. ജോസ്.കെ. മാണി ചെയര്‍മാനും പിജെ നിയമസഭ കക്ഷി നേതാവും എന്നതാണ് രണ്ടാമത്തേത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കുന്നതില്‍ പിജെയ്ക്ക് എതിര്‍പ്പില്ല പക്ഷെ നിയമസഭാകക്ഷിനേതാവിന് പുറമെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും വേണം. ഇരട്ടപദവി വഹിക്കില്ലെന്ന് പിജെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇത് അനിവാര്യമാകും. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ സംഘടന തലത്തില്‍ ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നഷ്ടപ്പെടുമെന്നാണ് വിശദീകരണം.

ജോസഫിന് ഇരട്ടപദവി നല്‍കുന്നതില്‍ ജോസ് പക്ഷത്തിന് എതിര്‍പ്പില്ല പക്ഷെ ചെയര്‍മാന്‍ ജോസ്.കെ. മാണിയാകണം. ഗ്രൂപ്പിന്‍റെ നിലനില്‍പ്പിന് ചെയർമാൻ സ്ഥാനം അനിവാര്യമാണെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. ആദ്യ ആറു മാസം സി.എഫ്. തോമസിനെ ചെയർമാനാക്കി പിന്നീട് ജോസ് കെ. മാണിയെ ചെയർമാനാക്കാമെന്ന ജോസഫ് വിഭാഗം തയ്യാറാണ്. പക്ഷെ തീരുമാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയെന്ന് ജോസ് പക്ഷം വിലയിരുത്തുന്നു. ചെയർമാൻ സ്ഥാനമില്ലെങ്കില്‍ പിളരാന്‍ തന്നെയാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ജോസഫിനെ അനുകൂലിച്ച നേതാക്കളുടെ പിന്തുണ നേടിയെടുക്കാനായതിന്‍റെ ആത്മവിശ്വാസവും ജോസ് പക്ഷത്തിനുണ്ട്. ഇത്തവണയും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്നതാണ് മധ്യസ്ഥരുടെ അവസാന നിര്‍ദേശം.

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

Copyright © . All rights reserved