Kerala

ശബരിമല ബിജെപിയെ തുണച്ചില്ല. പാർട്ടികൾക്കെല്ലാം അതീതമായി പൂഞ്ഞാര്‍ പി.സി ജോർജിനൊപ്പമെന്ന ധാരണയും പൊളിച്ചടുക്കി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാറി മറിയുന്ന ലീഡ് നിലകളിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് സുരേന്ദ്രന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന ധാരണ ഉയർത്തിയെങ്കിലും സ്ഥിതി മാറി മറിയുകയായിരുന്നു. ആന്റോ ആന്റണിയുടെ കൃത്യമായ മുന്നേറ്റമാണ് പത്തനംതിട്ടയിൽ പ്രകടമാകുന്നത്. ഇതിനൊപ്പം വീണാ ജോർജിന് അപ്രതീക്ഷിത തിരിച്ചടിയായത് സ്വന്തം മണ്ഡലത്തിൽ പിന്നാലായതാണ്. പിന്നീട് അതും മറികടന്നു.

ശബരിമല വിഷയം മാത്രം ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രൻ പത്തനംതിട്ട മൽസരിക്കാൻ തിരഞ്ഞെടുത്തത്. മണ്ഡലങ്ങളിൽ അദ്ദേഹത്തിന് കിട്ടിയ ഗംഭീര സ്വീകരണം ഇരുമുന്നണികളെയും ഉറക്കം കെടുത്തിയിരുന്നു. പ്രചാരണത്തിനും വ്യക്തമായ മേൽക്കൈ നേടാൻ സുരേന്ദ്രനും ബിജെപിക്കും കഴിയുകയും ചെയ്തു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇൗ വികാരങ്ങളെല്ലാം ഗുണം ചെയ്തത് യുഡിഎഫിനാണ്. പത്തനംതിട്ടിയിൽ ബിജെപി ഇതാ വിജയിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച പി.സി ജോർജിനും തക്കതായ മറുപടിയാണ് പൂഞ്ഞാറിലെ ജനങ്ങൾ നൽകിയത്. ഇവിടെ മൂന്നാമതാകാനെ സുരേന്ദ്രന് കഴിഞ്ഞുള്ളൂ. എക്സിറ്റ്പോളുകളിൽ പോലും ബിജെപിക്ക് വ്യക്തമായ ആധിപത്യം ഇവിടെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ വിധിയെഴുത്തിൽ ഇതൊന്നും പ്രകടമായില്ല.

സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ.സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്.

വോട്ടെണ്ണല്‍ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ 24,000 വോട്ടുമായി തിരുവന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അമിതാവേശമില്ലെന്നും തു‌‌ടക്കം മുതല്‍ നേ‌ടിയ ലീഡ് തനിക്ക് നിലനിര്‍ത്താനാകുന്നുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു. എല്ലാ എക്സിറ്റ് പോളുകളിലും തരൂരിന് തോല്‍വിയായിരുന്നു പ്രവചിച്ചത്. തന്നെ എക്സിറ്റ് പോളുകളാകും ജയിപ്പിക്കുകയെന്ന് തരൂര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.

പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഈ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

കേരളത്തിൽ മതധ്രുവീകരണം നടന്നുവെന്ന് ഇപി ജയരാജൻ. പ്രത്യക്ഷത്തിൽ അങ്ങനെയാണ് തോന്നുന്നത്. കേരളത്തിൽ അത് യുഡിഎഫിന് അനുകൂലമായി ഭവിച്ചു. ശബരിമല മാത്രം പറയാൻ കഴിയില്ല. വടക്കേ ഇന്ത്യയിൽ കോൺഗ്രസ് വിരുദ്ധ വികാരമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളല്ല യുഡിഎഫിനെ മുന്നിലെത്തിച്ചത്. പാർട്ടി ഇതേക്കുറിച്ച് വിശദമായി പഠിക്കും. വിപുലമായ ജനകീയ ഐക്യം ഉണ്ടാക്കിയെടുത്ത് ഇടതുപക്ഷമുന്നണി മുന്നോട്ട് പോകുമെന്നും ഇപി ജയരാജൻ പറഞ്ഞു. തിരിഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച തെരഞ്ഞെടുപ്പാണ് ഇത്. ശക്തികേന്ദ്രങ്ങളായ വെസ്റ്റ് ബംഗാളിലും ത്രിപുരയിലും കേരളത്തിലും സിപിഎം കനത്ത തകർച്ചയാണ് ഏറ്റുവാങ്ങുന്നത്. ത്രിപുരയിലെ ഈസ്റ്റ്, വെസ്റ്റ് സീറ്റുകളിൽ തോൽവി മാത്രമല്ല, സിപിഎമ്മിന് രണ്ടാം സ്ഥാനം പോലും കിട്ടിയില്ല.

വെസ്റ്റ് സീറ്റിൽ ബിജെപിയുടെ പ്രതിമ ഭൗമികാണ് 2.74 ലക്ഷം വോട്ടോടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി സുബൽ ഭൗമിക് 1.42 ലക്ഷം വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിങ് എംപി കൂടിയായ സിപിഎമ്മിന്റെ ശങ്കർ പ്രസാദ് ദത്തയ്ക്ക് ഇതുവരെ കിട്ടിയത് 84000 വോട്ടാണ്.

ഈസ്റ്റ് സീറ്റിൽ ബിജെപിയുടെ രേബതി ത്രിപുര മൂന്ന് ലക്ഷം വോട്ടോടെ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. മഹാരാജ് കുമാരി പ്രാഗ്യ ദേബ്‌ബർമൻ 1.85 ലക്ഷം വോട്ട് നേടി. സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ജിതേന്ദ്ര ചൗധരിക്ക് 1.3 ലക്ഷം വോട്ടേ നേടാനായുള്ളൂ.

പതിവായി ഈ രണ്ട് സീറ്റിലും സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ച് വരുന്നത്. കഴിഞ്ഞ തവണ 60 ശതമാനത്തിലേറെയായിരുന്നു സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാകുമ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമായും വിലയിരുത്തപ്പെടും. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നതോടെ സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യമാണ് ഉണ്ടാകുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് അടിമുടി ശക്തമായ പ്രചാരണം കാഴ്ച വച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പിന് ശേഷവും വലിയ അത്മ വിശ്വസത്തിലായിരുന്നു. 2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്നാണ് പിണറായി അടക്കം പറഞ്ഞത്. എന്നാല്‍ 2004 പോയിട്ട് കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് പിന്നോട്ട് പോയി എല്‍ഡിഎഫ്. ഇതിന് സിപിഎം സിപിഐ നേതൃത്വങ്ങൾ പാർട്ടി വേദികളില്‍ സമാധാനം പറയേണ്ടിവരും.

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പെന്ന വലിയ പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചതിനെക്കാള്‍ ഭീകരമായ തോല്‍വി നേരിട്ടതൊടെ ഇതുവരെ പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടാത്ത ശബ്ദമായ പിണറായിക്ക് എതിര്‍ ശബ്ദം ഉയരാന്‍ കാരണമുണ്ട്. ശബരിമലയിലടക്കും എടുത്ത കർക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും.

ന്യൂനപക്ഷം വോട്ടുകളുടെ കേന്ദ്രീകരണം തിരിച്ചടിച്ചതായി എം ബി രാജേഷ്.തെരഞ്ഞെടുപ്പില്‍ ജയിക്കുക മാത്രമല്ല ചിലപ്പോള്‍ തോല്‍ക്കേണ്ടി വരുമെന്ന് എം ബി രാജേഷ്; പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടി പരിശോധിക്കുമെന്ന് പാലക്കാടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വിശ്വാസികള്‍ക്കൊപ്പം നിന്നതിന്റെ വിജയമാണിതെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. വര്‍ഗീയതയുടെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ നടക്കുന്നവര്‍ക്കോ നിരീശ്വരവാദികള്‍ക്കൊപ്പമോ അല്ല, ജനങ്ങള്‍ വിശ്വാസത്തിനൊപ്പം നില്‍ക്കുന്ന യുഡിഎഫിനൊപ്പമാണ്. അതിന്റെ തെളിവാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെയും ഇന്നും നാളെയും ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്; ആന്റോ ആന്‍ണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കാണാൻ എകെജി സെന്‍റിൽ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് മടങ്ങി. സംസ്ഥാനത്ത് ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും ഇടത് മുന്നണി കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ രാവിലെ തന്നെ എകെജി സെന്‍ററിൽ എത്തിയിരുന്നു. ഇപി ജയരാജൻ അടക്കമുള്ള നേതാക്കളും പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഏതാണ്ട് മുഴുവൻ സീറ്റിലും യുഡിഎഫ് മുന്നേറുകയു ശക്തികേന്ദ്രങ്ങളിലും സിറ്റിംഗ് സീറ്റിലും അടക്കം കനത്ത പ്രഹരം നേരിടുകയും ചെയ്ത സാഹചര്യം നേതാക്കൾ വിലയിരുത്തിയതായാണ് സൂചന.

തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും പാലക്കാട്ട് സംഘടനാ ദൗർബല്യം ഉണ്ടായിട്ടില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ വൻ തിരിച്ചടിയുണ്ടാവുകയാണെന്നും ഇപി ജയരാജൻ വിലയിരുത്തി.

മലപ്പുറത്ത് ലീഡ് നില  ഒരു ലക്ഷം കടന്ന്  യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി. 123727 വോട്ടിന്‍റെ ലീഡുമായാണ് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്. അതേസമയം, തനിക്ക് രാഹുല്‍ ഗാന്ധിയുടെ തൊട്ടുപിന്നിലായി പോയാല്‍ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്.വളരെയധികം സന്തോഷവുമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 143570 വോട്ടിന് മുന്നിലാണ്. അതേസമയം രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയ്ക്ക് പിന്നിലാണുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ആലപ്പുഴയിലും കാസര്‍കോട്ടും മാത്രമാണ് ലീഡ് നില ആടി ഉലഞ്ഞത്. ആലപ്പുഴയിൽ എഎം ആരിഫും ഷാനിമോൾ ഉസ്മാനും ലീഡിൽ മാറിമാറി വരികയാണ്. കാസര്‍കോട്ട് ആദ്യ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വൻ ലീഡുണ്ടാക്കിയെങ്കിലും പിന്നീട് എൽഡിഎഫ് തിരിച്ച് പിടിച്ചു. വോട്ടെണ്ണെൽ പുരോഗമിക്കുന്പോൾ കാസര്‍കോട്ടെ ലീഡ് നില മാറിമറിയുകയാണ്.

പ്രതീക്ഷ തെറ്റിക്കാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും ലീഡ് ഒരു ലക്ഷം കടത്തി. ബിജെപി വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് ഒരിടയ്ക്ക് കുമ്മനം രാജശേഖരൻ ഒന്നാം സ്ഥാനത്ത് വന്നെങ്കിലും പിന്നീടൊരിക്കലും ശശി തരൂരിന്റെ കുത്തക തകര്‍ക്കാനായില്ല. ഇടത് കോട്ടയായ ആറ്റിങ്ങലിലും പാലക്കാട്ടും ആലത്തൂരും സിറ്റിംഗ് എംപിമാര്‍ നിലം തൊട്ടില്ല. ആദ്യം മുതൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും പാലക്കാട്ട് വികെ ശ്രീകണ്ഠനും ആലത്തൂരിൽ രമ്യ ഹരിദാസും ആധിപത്യം നില നിര്‍ത്തി.

കണ്ണൂരിൽ പികെ ശ്രീമതി തുടക്കത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും പിന്നീട് ഇടത് മുന്നണി പുറകിൽ പോയി. കെ സുധാകരന്റെ പടയോട്ടമാണ് പിന്നെ കണ്ടത്. അഭിമാന പോരാട്ടം നടന്ന വടകരയിൽ ആദ്യം ഉണ്ടായിരുന്ന ലീഡ് നിലനിര്‍ത്താൻ പി ജയരാജന് കഴിഞ്ഞില്ല. കെ മുരളീധരൻ വടകര പിടിക്കുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്.

ഇടുക്കിയിലും കോട്ടയത്തും യുഡിഎഫിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്‍റെ ലീഡും ലക്ഷം കടന്നു. ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും കടന്ന് കയറി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട്ട് എംകെ രാഘവനെ മറികടക്കാൻ ഒരു ഘട്ടത്തിലും എ പ്രദീപ് കുമാറിന് കഴിഞ്ഞില്ല. എറണാകുളത്ത് ഹൈബി ഈഡൻ സുരക്ഷിത ലീഡ് എപ്പോഴും നിലനിര്‍ത്തി.

പത്തനംതിട്ടയിലായിരുന്നു വോട്ടെടുപ്പിന്റെ മറ്റൊരു കൗതുകം. സ്കോര്‍ ബോര്‍ഡിൽ വന്നും പോയുമിരുന്ന കെ സുരേന്ദ്രനെയും വീണ ജോര്‍ജ്ജിനെയും പിന്തള്ളി ആന്‍റോ ആന്‍റണി ആധിപത്യം നേടി. വിശ്വാസ സംരക്ഷണം വിഷയമാക്കി ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രനെ പിസി ജോര്‍ജ്ജ് പിന്തുച്ചെങ്കിലും ജോര്‍ജ്ജിന്‍റെ തട്ടകത്തിൽ പോലും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയി.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക്. 25 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 1,12,064 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീര്‍ രണ്ടാം സ്ഥാനത്താണ്. 68,246 വോട്ടുകള്‍ മാത്രമാണ് സുനീര്‍ നേടിയിട്ടുള്ളത്. വോട്ടെണ്ണല്‍ തുടരുകയാണ്.

അതേസമയം, കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അമേഠിയില്‍ രാഹുലിന് തിരിച്ചടി ലഭിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏഴായിരത്തോളം വോട്ടുകള്‍ക്ക് രാഹുല്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അമേഠിയില്‍ ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ ലീഡ് ചെയ്യുന്ന രാഹുലിന് സ്വന്തം മണ്ഡലമായ അമേഠിയില്‍ അടിതെറ്റുന്നത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്.

രാജ്യത്ത് വീണ്ടും മോദി തരംഗമെന്ന സൂചന നല്‍കി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സൂചനകള്‍. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനും സാധ്യത തെളിയുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിക്ക് തനിച്ച് 285 ഓളം സീറ്റില്‍ വിജയപ്രതീക്ഷ ഉണ്ട്. എന്‍ഡിഎ സഖ്യം 310 സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചാല്‍ തന്നെ എന്‍ഡിഎക്കൊപ്പം എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. യുപിഎ ഇതുവരെ ലീഡ് ചെയ്തിരിക്കുന്നത് 107 സീറ്റുകളാണ്. മറ്റുള്ളവര്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജനവിധി തേടുന്ന വാരണാസിയിൽ മികച്ച ലീഡോഡെയാണ് മോദി മുന്നോട്ട് പോകുന്നത്.

രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

2014ല്‍ കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്‍റ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫിന് അനുകൂലമാകുകയാണ്. 18.26 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 24271 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫിന്‍റെ ബെന്നി ബെഹനാന്‍. 60276 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് നേടിയിരിക്കുന്നത്. 90046 വോട്ടുകളാണ് ഇതുവരെ ബെന്നി ബെഹനാന് ലഭിച്ചിരിക്കുന്നത്.

ചാലക്കുടിയിൽ വോട്ടിനെ സ്വാധീനിച്ചത് പ്രളയവും പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമാണ്. മണ്ഡലത്തിലെ പ്രളയ ബാധിത മേഖലകൾ ഇടതിനെ കൈവിട്ടു. പ്രചാരണത്തിൽ ഇന്നസെന്‍റിനെതിരെ യുഡിഎഫിന്‍റെ ഏറ്റവും ശക്തമായ ആരോപണം പ്രളയത്തിൽ മണ്ഡലത്തിൽ എത്തിയില്ല എന്നതായിരുന്നു. കൊടുങ്ങല്ലൂർ, ആലുവ, കുന്നത്തുനാട്, അങ്കമാലി, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ബെന്നി ബെഹനാന് അനുകൂലമായി വിധിയെഴുതി. ഇനി എണ്ണാൻ ഉള്ളതും പ്രളയ ബാധിത മേഖലകളാണ് എന്നിരിക്കെ യുഡിഎഫിന്‍റെ വിജയവും എല്‍ഡിഎഫിന്‍റെ പരാജയവും ഏകദേശം ഉറപ്പായിരിക്കുകയാണ്.

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി പോരുകയാണ് ബെന്നി ബെഹനാന്‍. ലീഡ് മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമായതോടെ വീട്ടിൽ പ്രവർത്തകരോടൊപ്പം ആഹ്ളാദത്തിലാണ് ബെന്നി ബെഹനാന്‍. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ലോക്സഭാ മണ്ഡലം പരിധി.

പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. മുന്നണി രാഷ്ട്രീയത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Copyright © . All rights reserved