India

മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ യുവാവ് വീട്ടിൽ മടങ്ങിയെത്തി ജീവനൊടുക്കി. വിവരം അറിഞ്ഞ് ഇയാളുമായി അടുപ്പമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ആൽത്തറ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് തൂങ്ങിമരിച്ചത്.

ഭർത്താവിന് മറ്റൊരു യുവതിയുമായുള്ള അടുപ്പം സംബന്ധിച്ച് ഭാര്യയുടെ പരാതിയിൽ മൂവരെയും ഇന്നലെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽനിന്നു ഭാര്യയെ കൂട്ടാതെ ബൈക്കിൽ മടങ്ങിയ യുവാവ് വീട്ടിലെത്തി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ യുവതി മിത്രപ്പുഴക്കടവ് പാലത്തിൽ നിന്നു പമ്പയാറ്റിലേക്കു ചാടി. എന്നാൽ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗൾഫിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കുകൊണ്ടുപോകുന്നതിനു വിലക്ക് തുടരുന്നതിൽ ആശങ്കയോടെ പ്രവാസികൾ. യുഎഇയിൽ മാത്രം ഇരുപതിലധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിൽ മൃതദേഹം സ്വീകരിക്കുന്നതിനു കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.

ഇന്ത്യയിലേക്കു യാത്രാവിമാനങ്ങൾക്കു പ്രവേശനവിലക്കേർപ്പെടുത്തിയതു മുതൽ കാർഗോ വിമാനത്തിലാണ് ഗൾഫിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുതെന്ന് വിമാന കമ്പനികൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയതായാണ് കാർഗോയെ സമീപിക്കുന്ന പ്രവാസികൾക്കു ലഭിക്കുന്ന മറുപടി. ഇന്ത്യൻ എംബസിയുടേയും ഗൾഫിലെ പൊലീസ് വകുപ്പിൻറേയുമെല്ലാം അനുമതി ലഭിച്ച് എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ വരെ അധികൃതരുടെ കനിവ് കാത്തു കിടക്കുകയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ വിശദീകരണം പോലും നൽകിയിട്ടില്ലെന്നാണ് പ്രവാസിസംഘടനകളുടെ പരാതി. നിലവിൽ കോവിഡ് ബാധിതരുടേയോ സംശയിക്കുന്നവരുടേയോ മൃതദേഹങ്ങൾ നാട്ടിലേക്കു അയക്കാതെ ഗൾഫിൽ അതാത് വിശ്വാസപ്രകാരം സംസ്കരിക്കുകയാണ് പതിവ്. ഒപ്പം നാട്ടിലേക്കയക്കുന്ന മൃതദേഹങ്ങൾ കോവിഡ് ഫലം നെഗറ്റീവായവരുടേതാണെന്നു ഉറപ്പുവരുത്തുന്നുമുണ്ട്. അതിനാൽ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യാത്രാവിമാനസർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മൃതദേഹമെങ്കിലും കയറ്റിഅയക്കാൻ അനുമതി നൽകണമെന്നാണ പ്രവാസികളുടെ അഭ്യർഥന.

കോഴിക്കോട് കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുഞ്ഞിന്റെ നില കഴിഞ്ഞ ദിവസം മുതൽ ഗുരുതരമായിരുന്നു. ജൻമനാ ഹൃദ്രോഗിയാണ് കുട്ടി.

കുട്ടിക്ക് രോഗം പടർന്നത് എങ്ങനെയെന്ന് ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു. പക്ഷേ ഇയാൾ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം ഇന്ന് വരും.അതേസമയം കുഞ്ഞിനെ ചികിൽസിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി.

സ്വന്തം ലേഖകൻ

ഇന്ത്യ :- ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ, കോവിഡ് കേസുകളെ സംബന്ധിച്ചുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ പുറത്തു വിട്ടിരിക്കുകയാണ്. നാല് ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ, ഐഐടി ബോംബെ, പൂനെയിലെ ആർമ്ഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ് എന്നിവ ചേർന്നാണ് ഈ കണക്കുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് ഇന്ത്യയിലെ കോവിഡ്- 19 മരണങ്ങളുടെ എണ്ണം മെയ് പകുതിയോടെ 38, 220 ലേക്ക് എത്തും. രോഗികളുടെ എണ്ണം 5.35 ലക്ഷത്തിലധികം ഉണ്ടാകുമെന്നും, ഇവരുടെ ചികിത്സയ്ക്കായി നിലവിലുള്ളതിനേക്കാൾ 76, 000 അധികം ഐസിയു ബെഡ്ഡുകൾ ആവശ്യം വരുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഈ മോഡൽ അനുസരിച്ച് രൂപപ്പെടുത്തിയ കണക്കുകൾ, ന്യൂയോർക്കിലും ഇറ്റലിയിലും ശരിയായി വന്നിരിക്കുകയാണ് എന്ന് ഗവേഷകർ പറയുന്നു. അതിനാൽ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യമാണ് ഈ കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന് ജെഎൻ സി എ എസ് ആർ അസോസിയേറ്റ് പ്രൊഫസർ സന്തോഷ് അൻസുമാലി മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരമാണ് ഈ മോഡൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചു ഏപ്രിൽ ഇരുപത്തിയെട്ടോടെ മരണ നിരക്ക് 1, 012 ആകും. മെയ് അഞ്ചോടെ 3, 258, മെയ്‌ പന്ത്രണ്ടോടെ 10, 924, നാലാമത്തെ ആഴ്ചയായ മെയ് പത്തൊൻമ്പതോടെ 38, 220 എന്ന രീതിയിൽ മരണനിരക്ക് ഉയരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മെയ് മൂന്നോടുകൂടി ലോക് ഡൗൺ മാറ്റിയാൽ മരണ നിരക്ക് കൂടുതൽ ഉയരുമെന്നാണ് നിഗമനം. ലോക ഡൗൺ നീട്ടുന്നത് മരണ നിരക്ക് കുറയ്ക്കുവാൻ സഹായിക്കുമെന്നും അൻസുമാലി പറയുന്നു.

അപൂർവമായ കാഴ്ചകൾക്കാണ് നവി മുംബൈ സാക്ഷ്യം വഹിക്കുന്നത്. ലോക്സൗണിന് പിന്നാലെ ദേശാടന പക്ഷികളുടെ വരവിൽ വൻ കുതിച്ചുചാട്ടമാണ്. പിങ്ക് നിറത്തിൽ കുളിച്ച് നിൽക്കുകയാണ് നവി മുംബൈ. അരയന്നകൊക്കുകളുടെ വലിയ കൂട്ടമാണ് മനോഹരക്കാഴ്ചയ്ക്ക് പിന്നിൽ.എല്ലാ വര്‍ഷവും മുംബൈയില്‍ എത്താറുണ്ട് ഫ്ലമിംഗോസ് എന്ന ദേശാടനപക്ഷികള്‍. എന്നാൽ ഇത്തവണ ഇതിന്റെ എണ്ണം വളരെ കൂടുതലാണ്. കുളങ്ങളും റോഡുകളിലും ഇവ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ബോംബേ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ‌ വര്‍ഷത്തേതില്‍ നിന്ന് 25 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് മുംബൈയില്‍ എത്തിയ ഈ പക്ഷികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നും രാജസ്ഥാനിലെ സാമ്പാര്‍ തടാകത്തില്‍നിന്നുമാണ് ഇവ മുംബൈയിലെത്തുന്നത്.

 

 

കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേരാണ് രോഗമുക്തി നേടിയത്. കാസറഗോഡ് പുതിയ കേസുകളില്ല. ഇടുക്കിയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒന്ന് വീതവും കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. 129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21334 സാമ്പിളുകൾ പരിശോധിച്ചതിൽ 20336 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയവും ഇടുക്കിയും ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ച് സോണിലാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് നിലവിൽ റെഡ് സോണിലുള്ളത്. ബാക്കി 10 ജില്ലകൾ ഓറഞ്ച് സോണിലാണ്. ഓറഞ്ച് എ, ബി വിഭജനം ഒഴിവാക്കി ഒറ്റ സോണാക്കി. റെഡ് സോണിൽ പരിശോധന കൂടുതൽ കർശനമാക്കും.

23876 പേർ നിരീക്ഷണത്തിലാണ്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം (സമൂഹവ്യാപനം) ഉണ്ടായില്ല. അതേസമയം സമൂഹവ്യാപന ഭീഷണി ഇല്ലാതായിട്ടില്ല.

രോഗപരിശോധന വേഗത്തിലാക്കാൻ നടപടി – 10 ആർടി പിസിആർ മെഷിനുകൾ വാങ്ങും. നിലവിൽ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലും സംസ്ഥാനത്ത് കോവിഡ് പരിശോധന നടക്കുന്നു.

അതിർത്തികളിൽ പരിശോധന കർശനമാക്കും. ആളുകളെ കടത്താൻ ശ്രമിക്കുന്നത് തടയും. അതിർത്തികടന്നുവന്ന ഡോക്ടറേയും ഭർത്താവിനേയും ക്വാറൻ്റൈൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.

അടിയന്തര സാഹചര്യങ്ങളിൽ ജില്ല കടന്നുള്ള യാത്രകൾക്ക് പൊലീസിൻ്റെ എമർജൻസി പാസ് വാങ്ങണം.

ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചിടും.

ക്വാറികൾക്ക് പ്രവർത്തിക്കാം. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം.

മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ചെന്ന പരാതി പരിശോധിക്കും.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി.

പൊലിസുകാരേയും ഹോം ഡെലിവറി നടത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

3,30,216 പേർ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തു.

നോമ്പുകാലത്ത് പാഴ്സൽ, ഹോം ഡെലിവറി എന്നിവയ്ക്കായി റസ്റ്റോറൻ്റുകൾക്ക് രാത്രി 10 മണി വരെ സമയം നീട്ടി നൽകും.

ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.

കേരളത്തിലെ വ്യവസായികൾ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും നിർമ്മിക്കുന്നുണ്ട്.

വിദേശത്തേയ്ക്ക് മരുന്ന് പാഴ്സലായി അയയ്ക്കാം.

അവശ്യസാധനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഡെലിവറി ചെയ്യാനെത്തിയ യുവാവിനോട് വിദ്വേഷപരമായി പെരുമാറിയ ഉപഭോക്താവിനെ അറസ്റ്റ് ചെയ്തു. ഡെലിവറി ബോയി മുസ്ലിം സമുദായത്തിൽപ്പെട്ടതിനാൽ ഡെലിവറി സ്വീകരിക്കാൻ വിസമ്മതിച്ച ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ഡെലിവറി ബോയിയുടെ പരാതിയെ തുടർന്ന് ഗജനൻ ചതുർവേദി എന്ന ആളെ കാശിമിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 295(എ) പ്രകാരമാണ് ഗജനൻ ചതുർവേദിക്കെതിരെ കേസെടുത്തതെന്ന് കാശിമിറ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് ഹസാരെ പറഞ്ഞു.

പ്രതിയെ താനെ സെഷൻസ് കോടതിയിൽ ഹാജരാക്കി 15,000 രൂപ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സാധനങ്ങൾ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി എത്തിയത്. സാധനങ്ങൾ വാങ്ങിക്കാൻ ഗേറ്റിനടുത്തെത്തിയ ചതുർവേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങൾ വാങ്ങിക്കാൻ ചതുർവേദി തയ്യാറായില്ല. താൻ മുസ്‌ലിങ്ങളുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാറില്ലെന്നായിരുന്നു ചതുർവേദി പറഞ്ഞത്.

അതേസമയം, ലോക്ക്ഡൗൺ കാലത്ത് കൊവിഡ് പടരാനുള്ള സാധ്യതപോലും തള്ളി കളഞ്ഞ് താൻ ജീവൻ പണയം വെച്ചാണ് അവർക്ക് സാധനം എത്തിച്ചത്. പക്ഷേ ഈ ആപത്ഘട്ടത്തിൽ അവർക്ക് തന്റെ മതമാണ് വിഷയം. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും എന്നെ ഞെട്ടിച്ചെന്ന് ഡെലിവറി ബോയി പ്രതികരിച്ചു.

 

നോയിഡയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ 14 ദിവസം മാത്രം പ്രായമായ കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ല.

സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് ആദ്യം കൊവിഡ് ബാധയുണ്ടായത്. പിന്നാലെ ഇവരുടെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. സഹോദരിയുടെ കുഞ്ഞിനാണ് വൈറസ് ബാധയേല്‍ക്കാതെയിരുന്നത്.

കൊവിഡ് ബാധിതരായവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 20471 പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 1486 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 92 പുതിയ കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ് 10 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്.

328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. അതേസമയം, സമ്മാനവിവരം അറിയിക്കാൻ ജോർജ് വർഗീസിനെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. നറുക്കെടുപ്പിൽ മറ്റ് മൂന്നുപേർക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു.

ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് മാഗ്‌നി ആഢംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.

പ്രമേഹരോഗിയായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നതിനു ശേഷമാണ് ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. നിരീക്ഷണ കേന്ദ്രത്തില്‍ ഒപ്പമുള്ള ഒരു സംഘം ആളുകളാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്നാല്‍, അധികൃതര്‍ ഈ ആരോപണം പാടെ തള്ളി കളഞ്ഞിട്ടുണ്ട്. മരിച്ചയാള്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാറുണ്ട്. എന്നാല്‍, മരിച്ചയാള്‍ പ്രമേഹമുണ്ടെന്ന് പറഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.

Copyright © . All rights reserved