അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് കോവിഡ്-19 ടെസ്റ്റ് പൊസിറ്റീവായതായി റിപ്പോര്‍ട്ട്. പൈലറ്റുമാരിലൊരാള്‍ ചൈനയിലെ ഗുവാങ്ഷോവുവിലേക്ക് ഒരു ചരക്കുവിമാനം പറത്തിയിരുന്നു. ലോക്ക്ഡൗണിനു ശേഷം നടന്ന മിക്ക പറക്കലുകളിലും എയര്‍ഇന്ത്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ചരക്ക് നീക്കത്തിനും ആളുകളെ കൊണ്ടുവരാനും കൊണ്ടുപോകാനുമെല്ലാം എയര്‍ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.

ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും പൈലറ്റുമാര്‍ പോയിട്ടുണ്ട്. ചൈനയില്‍ നിന്നായിരിക്കാം കൊറോണ പകര്‍ന്നു കിട്ടിയതെന്നാണ് പ്രാഥമിക അനുമാനം. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരെ ഈ വാര്‍ത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

കോവിഡ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്ക് നഗരത്തിലേക്കുൾപ്പെടെ എയർ ഇന്ത്യ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പോകുന്നുണ്ട്. ഇത്തരം യാത്രകള്‍ക്കു ശേഷം സ്രവ പരിശോധന നിര്‍ബന്ധമാണ് എല്ലാ വിമാനജീവനക്കാര്‍ക്കും. ഇത്തരമൊരു പരിശോധനയില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജോലിക്കു ശേഷം പരിശോധനാ ഫലം വരുന്നതുവരെ ഇവർ ഹോട്ടലിലാണു താമസിക്കുക. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ഇവരെ വീട്ടിലെത്തിക്കും. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഇതും നെഗറ്റീവ് ആയി രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ ഇവർക്കു വീണ്ടും ജോലിയുടെ ഭാഗമാകാം.